പറശ്ശിനിക്കടവിൽ സ്ഥിരം പോകാറുള്ളതാണ് നാം. പക്ഷേ, മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂർപാടിയിൽ എത്ര പേർ പോയിട്ടുണ്ടാവും. കുന്നത്തൂർപാടിയിൽ പോവാൻ ഇതാണ് സമയം. ഇക്കൊല്ലത്തെ ഉത്സവം ജനുവരി 15-ന് സമാപിക്കും.


കണ്ണൂർ ജില്ലയിൽ കർണാടക അതിർത്തിയിൽ വനത്തിനുള്ളിലാണ് കുന്നത്തൂർപാടി. കാട്ടിൽ നിന്നുകൊണ്ടുവരുന്ന ഓടകൾകൊണ്ടു തീർക്കുന്ന ചൂട്ടുകളുടെ ചുവന്ന വെളിച്ചത്തിൽ തിരുവപ്പന, മുത്തപ്പന് കൊടുക്കാൻ ശുദ്ധമായ കള്ളുമായെത്തുന്ന ഭക്തജനസഹസ്രങ്ങൾ,  വനത്തിലെ വെള്ളച്ചാട്ടങ്ങളുടെയും ചീവീടുകളുടെയും താളത്തിനൊപ്പം പെരുകുന്ന വാദ്യഘോഷങ്ങൾ, ഉണക്കിലകൾ കൂട്ടിയിട്ട് തീകാഞ്ഞ് തിരുവപ്പനയും കണ്ട് പുലരുമ്പോൾ പടിയിറങ്ങുന്ന ഭക്തർ-കുന്നത്തൂർ പാടി ഉത്സവാനുഭവമാണ്. 

Kunnathoor Padi


ഡിസംബർ 17-ന് കൊടിയേറിയ ഉത്സവം ജനുവരി 15-ന് സമാപിക്കും. ഉത്സവത്തിന് ഒരാഴ്ച മുമ്പ് കാട്ടിലെ പാടിയും പരിസരവും ശുദ്ധിയാക്കി ഉത്സവത്തിനൊരുക്കും. ഈ സമയത്തും ഉത്സകാലത്തും മാത്രമേ ഇവിടെ ആളുകൾ പ്രവേശിക്കാറുള്ളൂ.  

പയ്യാവൂർ കാഞ്ഞിരക്കൊല്ലിയിലാണ് കുന്നത്തൂർ പാടി. കോഴിക്കോട്ടുനിന്നും പോവുമ്പോൾ കുഞ്ഞിപ്പള്ളിയിൽനിന്ന്‌ വലത്തോട്ട് തിരിഞ്ഞ് കൂത്തുപറമ്പ് ഇരിട്ടി ഉളിക്കൽ വഴി പയ്യാവൂരിൽ എത്താം. 117 കിലോമീറ്ററാണ് ദൂരം. അവിടെനിന്ന് എട്ടുകിലോമീറ്ററാണ് ഇവിടേക്ക്. ദേവസ്ഥാനത്തിനു താഴെ പൊടിക്കളത്ത് എത്തിയാൽ അവിടെനിന്ന് 100 മീറ്റർ കിഴക്കുമാറിയാണ് കാട്ടിലേക്കുള്ള പടവുകൾ തുടങ്ങുന്നത്. കയറ്റംകയറി മുകളിലെത്തിയാൽ കലശസ്ഥാനം കാണാം. 

Kunnathoor Padi

പയ്യാവൂരിൽ 3000 അടി ഉയരത്തിലുള്ള ഉടുമ്പമലയിലെ ഏറ്റവും ഉയരംകൂടിയ ഭാഗമാണ് കുന്നത്തൂർപാടി. മുത്തപ്പന്റെ പൂങ്കാവനമായും ഇതറിയപ്പെടുന്നു. പാടിയുടെ ഇപ്പോഴത്തെ പാരമ്പര്യട്രസ്റ്റി എസ്.കെ. കുഞ്ഞിരാമൻ നായനാരാണ്. 

ഉത്സവത്തിന്റെ ആദ്യദിനം മുത്തപ്പന്റെ ജീവിതത്തിലെ ബാല്യ, കൗമാര, യൗവ്വന, വാർധക്യഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന നാടുവാഴീശൻ ദൈവം, പുതിയമുത്തപ്പൻ, പുറങ്കാല മുത്തപ്പൻ, തിരുവപ്പന എന്നിവ ഉണ്ടാവും. തുടർന്നുള്ള ദിവസങ്ങളിൽ തിരുവപ്പനയും വെള്ളാട്ടവും ആണ് ഉണ്ടാവുക. ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റഭഗവതിയും കെട്ടിയാടും. മുത്തപ്പന്റെ മാതാവാണ് മൂലംപെറ്റ ഭഗവതി. 

Kunnathoor Padi

നാടുകൾ കീഴടക്കി പാടിയിൽ മടങ്ങിയെത്തിയ മുത്തപ്പൻ പിൽക്കാലത്ത് വന്നുചേർന്ന സ്ഥലമാണ് പറശ്ശിനിക്കടവ്. പാടിയിൽ നിന്ന്‌ മുത്തപ്പൻ തൊടുത്തുവിട്ട അമ്പ് വളപട്ടണം പുഴയുടെ ഭാഗമായ പറശ്ശിനി പുഴയുടെ മറുകരയിൽ പറച്ചീനി ചെടികൾക്കിടയിൽ ഒരു കാഞ്ഞിരക്കുറ്റിയിൽ ചെന്നു തറച്ചു. കടവിൽ മീൻ പിടിച്ചുകൊണ്ടിരുന്ന തളിപെരുവണ്ണാന് അന്നു മുതൽ ധാരാളം മീൻ കിട്ടിത്തുടങ്ങി. അദ്ദേഹം പ്രഭുവായ കരക്കാട്ടിടം നായനാരെ വിവരമറിയിച്ചു. ഇത് ശ്രീമുത്തപ്പന്റെ സാന്നിധ്യമാണെന്ന് ജ്യോതിഷി പ്രവചിച്ചു. അങ്ങനെയാണവിടെ മടപ്പുര സ്ഥാപിച്ചതെന്നാണ് ഐതിഹ്യം.

ഒരു ദിവ്യഋഷീശ്വരൻ കുന്നത്തൂർ പാടിയിലെത്തി ദേവനെ തന്നോടൊപ്പം ക്ഷണിച്ചുകൊണ്ടുപോയി പറശ്ശിനിക്കടവിൽ പ്രതിഷ്ഠിക്കുകയായിരുന്നെന്ന് മറ്റൊരു ഐതിഹ്യവും ഉണ്ട്. കുന്നത്തൂർ പാടിയിൽ പോവുന്നവർ പറശ്ശിനിക്കടവിലും തൊഴുതു തിരിച്ചുവരുന്ന പതിവുണ്ട്. പാടിയിൽനിന്ന് പറശ്ശിനിക്കടവിലേക്ക് 36 കിലോമീറ്ററാണ് ദൂരം. ശ്രീകണ്ഠാപുരം വഴി വന്നാൽ മതി. പാരമ്പര്യട്രസ്റ്റിയുടെ ഫോൺനമ്പർ-9400106119.


 പാടിയിൽനിന്ന്‌ ഒന്നരകിലോമീറ്റർ മാറി പാടിക്കുന്നിലെ ഗുഹകളും സഞ്ചാരികളെ ആകർഷിക്കുന്നവയാണ്. 200 മീറ്റർ നീളവും 20 മീറ്റർ വീതിയും ഉള്ള ഗുഹയ്ക്ക് 11 മീറ്റർ ഉയരമുണ്ട്. ഒരേ സമയം ആയിരത്തോളം പേർക്ക് ഇരിക്കാം. കോൺഫറൻസ് ഹാൾ പോലെ വിശാലമായ മറ്റൊരുഗുഹയും ഇവിടെയുണ്ട്. സമുദ്രനിരപ്പിൽനിന്ന് 2500 അടി ഉയരത്തിൽ കാഞ്ഞിരക്കൊല്ലി മലനിരകളുടെ പാർശ്വത്തിൽ കുഞ്ഞിപ്പറമ്പ് പാടിക്കുന്നിലാണ് ഇൗ ഗുഹകൾ. മുത്തപ്പനുമായി ബന്ധപ്പെട്ടതാണ് ഈ ഗുഹകളെന്നും വിശ്വാസമുണ്ട്. എരുവശ്ശേരിയിലെ മൂത്തേടത്ത് അരമനയിൽ നിന്ന് പാടിക്കുറ്റി അമ്മയോട് യാത്രപറഞ്ഞ് കുന്നത്തൂരിലേക്ക് പുറപ്പെട്ട ശ്രീമുത്തപ്പന്റെ സഞ്ചാരപാതയിൽ ഈ ഗുഹകളും പെടുമെന്നും വിശ്വസിക്കപ്പെടുന്നു.