ഗ്‌നിയില്‍നിന്ന് ഉയിര്‍കൊണ്ട അന്നപൂര്‍ണേശ്വരിയുടെ താലികെട്ടുകല്യാണത്തിനായി ഒരുസമൂഹം ഒരുങ്ങിക്കഴിഞ്ഞു. ആദി മുച്ചിലോട്ടായ കരിവെള്ളൂര്‍ മുച്ചിലോട്ട്  ഭഗവതിക്ഷേത്രത്തില്‍ 14 വര്‍ഷത്തിനുശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ ഒരുക്കങ്ങളുടെ അവസാന മിനുക്കുപണിയിലാണ് ഗ്രാമം.

ജനുവരി 7 മുതല്‍ 12 വരെയാണ് പെരുങ്കളിയാട്ടമെങ്കിലു വരച്ചു വെക്കല്‍ നടക്കുന്ന ഡിസംബര്‍ 28 മുതല്‍ എല്ലാദിവസവും വൈകുന്നേരം കലാ സാംസ്‌കാരിക പരിപാടികള്‍ നടക്കും. 12ന് ഉച്ചയ്ക്ക് ഒരുമണിക്ക് സര്‍വാഭരണ വിഭൂഷിതയായി അരങ്ങിലെത്തുന്ന മുച്ചിലോട്ടമ്മയുടെ അനുഗ്രഹാശ്ശിസ്സുകള്‍ ഏറ്റുവാങ്ങാനുള്ള ഒരുക്കത്തിലാണ് നാടും നാട്ടുകൂട്ടരും.

  രണ്ടുവര്‍ഷത്തോളമായി ഒരു ക്ഷേത്രസമൂഹം നടത്തുന്ന കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സാക്ഷാത്കാരമാണ് പെരുങ്കളിയാട്ടത്തിലൂടെ നടക്കുന്നത്. രണ്ടുവര്‍ഷം മുമ്പാണ് പ്രശ്‌നചിന്തയിലൂടെ പെരുങ്കളിയാട്ടം നടത്താന്‍ തീരുമാനിച്ചത്.

ഒരുക്കങ്ങള്‍ക്കായി 24 അംഗ ദേവസ്വം കമ്മിറ്റിയെയും 15 അംഗ ഉപദേശക കമ്മിറ്റിയെയും ചുമതലപ്പെടുത്തി . കഴിഞ്ഞ മേയ്മാസം 2001 അംഗങ്ങള്‍ അടങ്ങിയ സംഘാടകസമിതി രൂപവത്കരിച്ചു.ഡോ. സി.കെ.ജയകൃഷ്ണന്‍ നമ്പ്യാര്‍ ചെയര്‍മാനും കെ.നാരായണന്‍ വര്‍ക്കിങ് ചെയര്‍മാനും ജി.കെ.ഗിരീഷ് ജനറല്‍ കണ്‍വീനറും കെ.രഘുരാമന്‍ ട്രഷററുമായ കമ്മിറ്റിയാണ് നിലവില്‍ വന്നത്.

 ക്ഷേത്രത്തിനു കീഴില്‍ 957 വാല്യക്കാരുണ്ട്. കഴിഞ്ഞ ഒരുമാസത്തോളമായി ഇവരില്‍ ഭൂരിഭാഗം പേരും ഒരുക്കങ്ങളില്‍ പങ്കുചേരാനായി ക്ഷേത്രത്തിലെത്തുന്നു. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ വലിയച്ഛന്‍ വി.പ്രമോദ് കോമരവും ഇ.വി.കൃഷ്ണന്‍ അന്തിത്തിരിയനും മറ്റ് ആചാരക്കാരുമുണ്ട്. യു.വി.ഗോവിന്ദന്‍ കോമരം, പി.വി.നാരായണന്‍ കോമരം, എം.സുധീഷ് കോമരം, കണ്ണന്‍ കാരണവര്‍, ബാലകൃഷ്ണന്‍ കാരണവര്‍, യു.വി.കൃഷ്ണന്‍ (ഉപകര്‍മി) എന്നിവരാണ് മറ്റ് സ്ഥാനികര്‍.

പെരുങ്കളിയാട്ടത്തിനെത്തുന്ന ആറ്ുലക്ഷത്തോളം പേര്‍ക്ക് വിഷരഹിത പച്ചക്കറി ഉപയോഗിച്ചുള്ള ഭക്ഷണം നല്‍കാനുള്ള ക്ഷേത്രക്കമ്മിറ്റിയുടെ തീരുമാനമാണ് സംഘാടനത്തില്‍ മികച്ചു നില്‍ക്കുന്നത്. ഇതിനായി പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തില്‍ 13 കേന്ദ്രങ്ങളില്‍ മൂന്നുമാസംമുമ്പ് പച്ചക്കറിക്കൃഷി ആരംഭിച്ചു. വെള്ളരിക്ക, മത്തന്‍, കുമ്പളം തുടങ്ങിയവയാണ് കൃഷി ചെയ്തത്. 13 കേന്ദ്രങ്ങളിലും വിളവെടുപ്പ് പൂര്‍ത്തിയായി. പെരുങ്കളിയാട്ടത്തിനാവശ്യമായ നേന്ത്രക്കായകളും ഇതേ രീതിയില്‍ തന്നെയാണ് ഉത്പാദിപ്പിച്ചത്. ക്ഷേത്രത്തിനു കീഴിലുള്ള എല്ലാ വീടുകളിലും രണ്ട് നേന്ത്രവാഴക്കന്ന് നല്‍കിയിരുന്നു. ഇതിന്റെ കുല ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കണം' വീടുകളില്‍ ഉല്പാദിപ്പിച്ച വാഴക്കുലകളും പ്രാദേശിക കമ്മിറ്റികള്‍ ഉത്പാദിപ്പിച്ച പച്ചക്കറികളും ഉള്‍പ്പെടുത്തി ജനുവരി നാലിന് കലവറ നിറയ്ക്കല്‍ ഘോഷയാത്രയും തീരുമാനിച്ചിട്ടുണ്ട്.

 പെരുങ്കളിയാട്ടത്തിന്റെ വിഭവങ്ങള്‍ സൂക്ഷിക്കുന്ന കന്നിക്കലവറ, ആചാരക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള നാലിലപ്പന്തല്‍, കന്നിക്കലവറയിലേക്ക് പ്രവേശിക്കുന്നതിനുള്ള ആനപ്പന്തല്‍ എന്നിവ നിര്‍മിച്ചുകഴിഞ്ഞു.

q

 ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്താണ് സ്ത്രീകള്‍ക്ക് മാത്രമുള്ള ഭക്ഷണശാല. തെക്കുഭാഗത്ത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള ഭക്ഷണശാല ഒരുക്കിയിട്ടുണ്ട്. ഒരേസമയം നാലായിരത്തോളം പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത് .കവുങ്ങിന്‍പാളികളും പലകയും ഉപയോഗിച്ചാണ് ഇരിപ്പിടം ഒരുക്കിയിട്ടുള്ളത്.
  പെരുങ്കളിയാട്ടത്തിെന്റെ ഭാഗമായി ജനുവരി 15 വരെ കാര്‍ണിവലും ഒരുക്കിയിട്ടുണ്ട്. 11ന് വൈകീട്ടാണ് സുപ്രധാന ചടങ്ങായ പന്തല്‍മംഗലം നടക്കുക. ഋതുമതികളാകാത്ത പെണ്‍കുട്ടികളെ ഒരുക്കി അച്ഛനോ അമ്മാമനോ ചുമലിലെടുത്ത് ഉച്ചത്തോറ്റത്തോടൊപ്പം ക്ഷേത്രം വലംവയ്ക്കുന്ന ചടങ്ങാണിത്. ഒരു ഗ്രാമം മുഴുവന്‍ ജാതിമതരാഷ്ട്രീയ ചിന്തകള്‍ മാറ്റിവെച്ച് പെരുങ്കളിയാട്ട വിജയത്തിനായി കൈകോര്‍ക്കുന്ന കാഴ്ചയാണ് കരിവെള്ളൂര്‍ മുച്ചിലോട്ട് ക്ഷേത്രത്തില്‍ കാണാന്‍ കഴിയുന്നത്.

പ്രധാന ചടങ്ങുകള്‍

ഡിസംബര്‍ 27ന് ഒന്‍പതുമണിക്ക് ക്ഷേത്രത്തിനു കീഴിലുള്ള വീടുകളില്‍ വച്ച ഭണ്ഡാരങ്ങളുടെസമര്‍പ്പണം. 28ന് രാവിലെ 10 മണിക്ക് വരച്ചുവരയ്ക്കല്‍. തുടര്‍ന്ന് പ്ലാവിന് കുറിയിടല്‍. 31ന് വൈകീട്ട് നാലുമണിക്ക് തലയില്ലത്ത് മുസ്‌ലിം തറവാട്ടുകാരുടെ 'ഉപ്പുകലം' സമര്‍പ്പണം. ജനുവരി നാലിന് 14 പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തില്‍ കലവറ ഘോഷയാത്ര.
ജനുവരി ഏഴിന് രാവിലെ 6 മണിക്ക് പിലിക്കോട് രയരമംഗലം ക്ഷേത്രത്തില്‍നിന്നും കരിവെള്ളൂര്‍ ശിവക്ഷേത്രത്തില്‍നിന്നും ദീപവും തിരിയും കൊണ്ടുവരല്‍. ഏഴിന് ഉച്ചയ്ക്ക് രണ്ടുമണിക്കും രാത്രി ഒന്‍പതുമണിക്കും മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം അരങ്ങിലെത്തും. എട്ടുമുതല്‍ 11 വരെ ഉച്ചയ്ക്ക്  മൂന്നുമണിക്കും രാത്രി ഒന്‍പതുമണിക്കും മുച്ചിലോട്ട്ഭഗവതിയുടെ തോറ്റം അരങ്ങിലെത്തും.

 എട്ടുമുതല്‍ 12 വരെ എല്ലാ ദിവസവും രാവിലെ കണ്ണങ്ങാട് ഭഗവതി, പുള്ളൂര്‍ കാളി, പുലികണ്ഠന്‍, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, മടയില്‍ ചാമുണ്ഡി എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. 10ന് പുലര്‍ച്ചെ കോലസ്വരൂപത്തിങ്കല്‍ തായ്പരദേവതയും വേട്ടക്കൊരുമകന്‍ ഈശ്വരനും അരങ്ങിലെത്തും.

11ന് ഉച്ചയ്ക്ക് ഒരുമണിക്ക് കൂത്തും ചങ്ങന്നും പൊങ്ങനും അരങ്ങേറും. മൂന്നുമണിക്കുള്ള മുച്ചിലോട്ട് ഭഗവതിയുടെ തോറ്റത്തോടൊപ്പം മംഗലക്കുഞ്ഞുങ്ങളും ക്ഷേത്രമുറ്റത്തെത്തും. എല്ലാ ദിവസവും തോറ്റത്തിനൊപ്പം നെയ്യാട്ടവുമുണ്ടാകും. 11ന് രാത്രി തല്‍സ്വരൂപവും 12ന് രാവിലെ നരമ്പില്‍ഭഗവതിയും ഭക്തരെ അനുഗ്രഹിക്കും. 12ന് ഉച്ചയ്ക്ക് ഒരുമണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും.

കലാ സാംസ്‌കാരികപരിപാടികള്‍ഡിസംബര്‍ 30ന് നാലുമണിക്ക് സമീപക്ഷേത്രങ്ങളിലെ ആചാരസ്ഥാനികരെ ആദരിക്കല്‍ ചടങ്ങ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.


31ന് അഞ്ചുമണിക്ക് മതസൗഹാര്‍ദസമ്മേളനം തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. ജനുവരി നാലിന് അഞ്ചുമണിക്ക് കവിസമ്മേളനം സന്തോഷ് വര്‍മ ഉദ്ഘാടനം ചെയ്യും. ആറിന് അഞ്ചുമണിക്ക് മാധ്യമസെമിനാര്‍ മുന്‍ എം.പി. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അഞ്ഞൂറോളം പേര്‍ അണിനിരക്കുന്ന മെഗാ തിരുവാതിര. ഏഴിന് ആറുമണിക്ക് സാംസ്‌കാരിക സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സുരേഷ്‌ഗോപി എം.പി. മുഖ്യാതിഥിയാകും. എട്ടിന് ആറുമണിക്ക് സാംസ്‌കാരിക സമ്മേളനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കെ.സി.വേണുഗോപാല്‍ എം.പി. മുഖ്യാതിഥിയാകും. ഒന്‍പതിന് ആറുമണിക്ക് സാംസ്‌കാരിക സമ്മേളനം   മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. പി.കെ.ശ്രീമതി എം.പി. മുഖ്യാതിഥിയാകും. എട്ടുമണിക്ക് സിനിമാതാരം ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ നൈറ്റ്. 10ന് രാത്രി ഏഴുമണിക്ക് കെ.എസ്. ചിത്രനൈറ്റ് അരങ്ങേറും.

11ന് ആറുമണിക്ക് സമാപനസേമ്മളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പി.കരുണാകരന്‍ എം.പി., മുകേഷ് എം.എല്‍.എ. എന്നിവര്‍ അതിഥികളാകും. തുടര്‍ന്ന് മെഗാഷോ നടക്കും.

ഐതിഹ്യപ്പെരുമയില്‍കരിവെള്ളൂര്‍ മുച്ചിലോട്ട് ക്ഷേത്രം

ui

മുച്ചിലോട്ട് ഭഗവതിയുടെ പ്രഥമ ആരൂഢമായി പരിലസിക്കുന്ന ക്ഷേത്രമാണ് കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രം. 108 മുച്ചിലോട്ട് കാവുകളുണ്ടെങ്കിലും ഇവയുടെ സിരാകേന്ദ്രമായി നിലകൊള്ളുന്നത് 2000 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന കരിവെള്ളൂര്‍ മുച്ചിലോട്ട് ക്ഷേത്രമാണ്. മുച്ചിലോട്ടമ്മയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നടന്നത് കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രപരിസരത്താണ്.

വാണിയസമുദായക്കാരുടെ ആരാധനാലയമായ മുച്ചിലോടുകള്‍ക്ക് ആ പേര് കൈവന്നതുതന്നെ കരിവെള്ളൂരില്‍ നിന്നാണ്.കരിവെള്ളൂര്‍ മുച്ചിലോട് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം പണ്ട് കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശമായിരുന്നു. ഇവിടെ ഔഷധച്ചെടിയായ മൂവില വളര്‍ന്നിരുന്നു. മൂവിലക്കാട് മുച്ചിലക്കാടായും പിന്നീട് മുച്ചിലോടായും രൂപാന്തരപ്പെട്ടിരിക്കുമെന്നാണ് വിശ്വാസം. കാമരസത്തെക്കുറിച്ച് സംസാരിച്ചതുമൂലം ഭ്രഷ്ട് കല്പിക്കപ്പെട്ട പെരിഞ്ചെല്ലൂരിലെ (തളിപ്പറമ്പ്) ബ്രാഹ്മണകന്യക ഒറ്റപ്പെട്ട് പലയിടങ്ങളിലും അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ കരിവെള്ളൂര്‍ ശിവക്ഷേത്രത്തിലും രയരമംഗലത്ത് ഭഗവതിക്ഷേത്രത്തിലുംദര്‍ശനം നടത്തി.

അസഹനീയമായ ദുഃഖത്തോടെ തീക്കുഴിയില്‍ ചാടി ആത്മാഹുതി ചെയ്യാന്‍ ഒരുങ്ങി. വെളിച്ചെണ്ണ നിറച്ച തന്റെ തുത്തികയുമായി അതുവഴി വന്ന മുച്ചിലോടന്‍ പടനായരോട് തീക്കുഴിയില്‍ എണ്ണ ഒഴിക്കാനാവശ്യപ്പെട്ടു. ''തമ്പുരാട്ടീ നിന്‍ തിരുമേനിയില്‍പരം വമ്പു വരില്ലയെണ്ണയ്ക്ക് നിര്‍ണയം'' (പൂരക്കളി പാട്ട്)എന്നുപറഞ്ഞ് അദ്ദേഹം തുത്തികയിലെ എണ്ണമുഴുവന്‍ തീക്കുഴിയില്‍ ഒഴിച്ചുകൊടുത്തു. കരിവെള്ളൂര്‍ ഓണക്കുന്നിലെ വീട്ടിലെത്തിയ മുച്ചിലോടന്‍ പടനായര്‍ തുത്തിക പടിഞ്ഞാറ്റയില്‍ കൊണ്ടു വച്ചു.

വെള്ളമെടുക്കാന്‍ പോയ മുച്ചിലോടന്‍ പടനായരുടെ ഭാര്യ മണിക്കിണറില്‍ അത്ഭുതതേജോരൂപം കണ്ടു. ''നമ്മളെന്നും കോരിക്കുടിക്കും മണിക്കിണറ്റില്‍ പണ്ടില്ലാത്തോരു വിശേഷം കാണുന്നു''. അതേസമയം പടിഞ്ഞാറ്റയില്‍വച്ച തുത്തിക എണ്ണനിറഞ്ഞ് തുള്ളാന്‍ തുടങ്ങിയിരുന്നു.

 തീക്കുഴിയില്‍ ചാടി ആത്മാഹുതി ചെയ്ത കന്യക കൈലാസം പ്രാപിച്ചുവെന്നും ലോകരക്ഷാര്‍ഥം മുച്ചിലോടന്‍ പടനായരുടെ കൂടെ വന്നതാണെന്നും മനസ്സിലായി അദ്ദേഹം ഭുവനേശ്വരിയെ പടിഞ്ഞാറ്റയില്‍വച്ച് ആരാധിച്ചു. പിന്നീട് ക്ഷേത്രം പണികഴിപ്പിച്ച് ദേവിയെ കുടിയിരുത്തി.

പനക്കാശ്ശേരി നമ്പിയാണ് ക്ഷേത്ര നിര്‍മാണത്തിനാവശ്യമായ സ്ഥലം നല്‍കിയതത്രെ. ഈ ക്ഷേത്രമാണ് ആദി മുച്ചിലോട് എന്നറിയപ്പെടുന്ന കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിലെ മുച്ചിലോട്ട് ഭഗവതിയുടെ പ്രതിപുരുഷന്‍ വലിയച്ഛന്‍ എന്നാണറിയപ്പെടുന്നത്. ഐതിഹ്യത്തിലെ മുച്ചിലോടന്‍ പടനായരുടെ വീട് നിന്നിരുന്ന സ്ഥലം ഇപ്പോഴത്തെ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായിരുന്നുവെന്ന് കരുതുന്നു.

മുച്ചിലോട്ടമ്മ ദര്‍ശനം നല്‍കിയ മണിക്കിണര്‍ ക്ഷേത്രത്തിന്റെ കന്നിരാശിയില്‍ കാണാം. മുച്ചിലോട്ട് ഭഗവതിയുടെ സാന്നിധ്യമുണ്ടായെന്ന് കരുതുന്ന പൂവം എന്ന വൃക്ഷം കരിവെള്ളൂര്‍ മുച്ചിലോട്ട് ക്ഷേത്രമതില്‍ക്കെട്ടിനകത്തുണ്ട്. ഈ മരം പൂക്കുകയോ കായ്ക്കുകയോ ചെയ്യാറില്ല. ഒരിക്കല്‍ നശിച്ചുപോയെങ്കിലും പിന്നീട് തനിയെ മുളച്ചുവന്നതാണ് ഇപ്പോള്‍ കാണുന്ന മരം. ഇതേപോലെ ഐതിഹ്യകഥയിലെ നിരവധി സൂചകങ്ങള്‍ ഇപ്പോഴും കരിവെള്ളൂര്‍ മുച്ചിലോട്ട് ക്ഷേത്രത്തില്‍ കാണാന്‍ കഴിയും.