ധുരയ്ക്ക് പോവാതെടീ എന്നാണ് സിനിമാപാട്ട്. എന്നാല്‍ പോകാതിരിക്കാന്‍ കഴിയുമോ. തമിഴ് കലാസാംസ്‌കാരിക മഹത്ത്വത്തിന്റെയും ചരിത്ര വിജ്ഞാനത്തിന്റെയും ക്ഷേത്രമണ്ഡപങ്ങളും വൈഗാനദിക്കരയില്‍ ജീവിതം നിറയുന്ന തെരുവോര, വഴിയോര കാഴ്ചകളും മാടിവിളിച്ചു   കൊണ്ടിരിക്കുന്ന മധുരയ്ക്ക് ഒരു സഞ്ചാരിക്ക് പോയല്ലേ പറ്റൂ. അതിനി ഭക്തിമാര്‍ഗമായാലും യാത്രയ്ക്കുവേണ്ടിയുള്ള യാത്രകളായാലും. 

അല്പം ഐതിഹ്യംപറഞ്ഞ് തുടങ്ങാം. ദേവദേവനായ ഇന്ദ്രന് പണ്ട് ബ്രഹ്മഹത്യാപാപം ഏല്‍ക്കേണ്ടിവന്നു. പാപമോചനത്തിനായി പലയിടത്തും തപസ്സ് ചെയ്‌തെങ്കിലും പ്രയോജനമുണ്ടായില്ല. അങ്ങനെയിരിക്കെ മധുരയിലെ കദംബവനത്തിലൂടെ പോവുമ്പോള്‍ പെട്ടെന്ന് പാപമോചനം ലഭിച്ചതായി തോന്നി. അടുത്തുള്ള കദംബവൃക്ഷച്ചുവട്ടില്‍ ഒരു സ്വയംഭൂ വിഗ്രഹവും കാണപ്പെട്ടു. ഇന്ദ്രന്‍ ആ വിഗ്രഹത്തെ സുവര്‍ണകമലങ്ങള്‍ കൊണ്ട് അര്‍ച്ചിക്കുകയും അവിടെയൊരു മകുടം പണിയുകയുംചെയ്തു. പിന്നീട് ദേവലോകത്തേക്ക് മടങ്ങി. 

പിന്നീട് ഒരു യാത്രാമധ്യേ ധനഞ്ജയന്‍ എന്ന വ്യാപാരി കാട്ടില്‍ വിശ്രമിക്കുമ്പോള്‍ രാത്രിയില്‍ അപൂര്‍വമായ ചില വാദ്യഘോഷങ്ങള്‍ കേട്ടു. ഉണര്‍ന്നു നോക്കിയപ്പോള്‍ കദംബവൃക്ഷച്ചുവട്ടില്‍ ദീപാലങ്കാരങ്ങള്‍ കണ്ടു. അദ്ദേഹം ഈ വിവരം കുലശേഖര പാണ്ഡ്യരാജാവിനെ അറിയിച്ചു. അദ്ദേഹമാണിവിടെ ക്ഷേത്രവും നഗരവും സ്ഥാപിച്ചതെന്നാണ് ഐതിഹ്യം.

23

ഈ രാജാവിന്റെ പിന്‍ഗാമിയായ വന്ന മാവവ്യധ്വജന് കുട്ടികളുണ്ടായരുന്നില്ല. കുട്ടികള്‍ ഉണ്ടാവാനുള്ള യജ്ഞത്തിനിടെ യജ്ഞകുണ്ഡത്തില്‍നിന്ന് മൂന്നു മുലകളുള്ളതും മൂന്നു വയസ്സ് തോന്നിക്കുന്നതുമായ കുട്ടി പ്രത്യക്ഷപ്പെട്ടു. ഒരു അശരീരിയും ഉണ്ടായി. ഭര്‍ത്താവാകാന്‍ പോവുന്ന ആളെ കാണുന്നതോടു കൂടി ഈ കുട്ടിയുടെ മൂന്നാമത്തെ മുല അപ്രത്യക്ഷമാവുമെന്നായിരുന്നു അത്. തടാതകൈ എന്ന ആ കുട്ടി ആയോധമനകലയിലും ഭരണകാര്യത്തിലും നിപുണയായി വളര്‍ന്നു.

അയല്‍രാജ്യങ്ങള്‍ കീഴടക്കിയ അവള്‍ കൈലാസം വരെ എത്തി. ശിവനെ കണ്ടതോടെ അവളുടെ മൂന്നാംമുല അപ്രത്യക്ഷമായി.  തടാതകൈയ്‌ക്കൊപ്പം ശിവന്‍ മധുരയിലെത്തി അവിടെ ഭരിച്ചശേഷം ശ്രീമുരുകന്റെ അവതാരമായ ഉഗ്രപാണ്ഡ്യനെ ഭരണഭാരമേല്പിച്ച് ശിവനും തടാതകൈയും സുന്ദരേശന്‍ മീനാക്ഷി എന്നിങ്ങനെ ദേവരൂപങ്ങളായി മാറി.

 ഏഴാംനൂറ്റാണ്ടില്‍ ചുറ്റുമതിലുള്ള ശിവക്ഷേത്രം മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. മീനാക്ഷിക്ഷേത്രം 12ാം നൂറ്റാണ്ടിലാണ് നിര്‍മിക്കപ്പെട്ടത്. ഒമ്പതുനിലകളുള്ള ഗോപുരം 1316 നൂറ്റാണ്ടുകള്‍ക്കിടയിലാണ് നിര്‍മിച്ചത്. ആയിരംകാല്‍മണ്ഡപം, അഷ്ടശക്തി മണ്ഡപം, പുതുമണ്ഡപം, തെപ്പക്കുളം നായക്കര്‍ മഹല്‍ എന്നിവ നായ്ക്കര്‍ ഭരണകാലത്തും നിര്‍മിച്ചു.

 കര്‍പ്പൂരഗന്ധം പടരുന്ന അന്തരീക്ഷത്തില്‍ ദീപപ്രഭയില്‍ ശില്പാലംകൃതമായ ക്ഷേത്രത്തിന് ഒരു അഭൗമപ്രഭാവം തന്നെയാണ്. മല്ലിക ചൂടിയ നാട്ടുപെണ്ണുങ്ങളും തീര്‍ഥാടകരും വിദേശികളും നിറയുന്ന നഗരം തമിഴ്‌നാട്ടില്‍ ചെന്നൈ കഴിഞ്ഞാല്‍ വലിയ നഗരമാണ്. 

കിഴക്കെഗോപുരം കടന്ന്് അഷ്ടശക്തി മണ്ഡപത്തിലൂടെയാണ് ക്ഷേത്രത്തിലേക്കു കടക്കേണ്ടത്. അതിന്റെ കവാടത്തില്‍ മീനാക്ഷി കല്യാണം കൊത്തിവെച്ചിട്ടുണ്ട്. ചുറ്റുവട്ടത്തെവിടെയും ശില്പങ്ങളും ചിത്രങ്ങളും ചിത്രത്തൂണുകള്‍ നിറഞ്ഞ മണ്ഡപങ്ങളും. 985 കടഞ്ഞ തൂണുകളുള്ള ആയിരംകാല്‍മണ്ഡപം ഒരു കാഴ്ചയാ ണ്. പല കാലങ്ങളില്‍ പല രാജാക്കാന്മാരാല്‍ പണിതതാണെങ്കിലും ക്ഷേത്രശൈലിയില്‍  അവ പൂര്‍ണമായും ലയിച്ചുനില്‍ക്കുന്നു. ദ്രാവിഡ ശില്പകലയുടെ ഒരു നല്ല മാതൃക.

ലോകാദ്ഭുതങ്ങളിലൊന്ന്.  ക്ഷേത്ര ഇടനാഴിയുടെ പുരോഭാഗത്തുള്ള മീനാക്ഷിയുടെ കിരീടധാരണ ചിത്രത്തിന് ഒരു കൗതുകവര്‍ത്തമാനം പറയാനുണ്ട്. മീനാക്ഷി കല്യാണം കാണാനെത്തിയവരുടെ കൂട്ടത്തില്‍ മഹാത്മാഗാന്ധിയുടെ ചിത്രവും വരച്ചുവെച്ചു കലാകാരന്‍. അധികാരികള്‍ ചിത്രം മാറ്റാന്‍ അവശ്യപ്പെട്ടു. സുബ്ബ നായിഡു എന്ന ചിത്രകാരന്‍ ഗാന്ധിജിയെ ജട വരച്ച് മഹര്‍ഷിയാക്കി. മൂന്നു മാസത്തിനുള്ളില്‍ എണ്ണ ചിത്രത്തിനുമേല്‍ ചെയ്ത ജലച്ചായ ജടകള്‍ കൊഴിഞ്ഞുവീണു ഗാന്ധിജി വീണ്ടും തെളിഞ്ഞു.  

 മഹാദേവനായ സുന്ദരേശ്വരനെ വണങ്ങുന്നതിനു മുമ്പ് അമ്മന്‍ കോവിലില്‍ ദര്‍ശനം നടത്തണം. സ്വര്‍ണത്താമര വിരിഞ്ഞു നില്‍ക്കുന്ന പൊന്‍താമരക്കുളത്തിന്റെ ഇടതുഭാഗത്തായാണ് മീനാക്ഷിസന്നിധി. ക്ഷേത്രക്കുളത്തിനു ചുറ്റുമുള്ള അറുപത്തിനാലു തിരുവിളയാടലുകളുടെ ചിത്രങ്ങളും കാണേണ്ടതാണ്. പിന്നെ ഊഞ്ഞാല്‍ മണ്ഡപവും കിളിക്കൂട്ടു മണ്ഡപവും.  

  ശ്രീകോവിലില്‍ കേശഭാരത്തെ ഇടതുവശത്തേക്ക് കെട്ടിയൊരുക്കി മന്ദസ്മിതവുമായി മരുവുന്ന ദേവിയെ ദര്‍ശിക്കാം. വലംകൈയില്‍ മലരും പച്ചക്കിളിയുമേന്തി ഇടംകൈ നൃത്തവടിവില്‍ തൂക്കിയിട്ട്  ലാസ്യഭാവത്തില്‍ നില്‍ക്കുന്ന മധുര മീനാക്ഷി. സുന്ദരമിഴികളില്‍ കാരുണ്യം. എട്ടടി വലിപ്പമുള്ള മുക്കുര്‍ണി വിനായകനെ വണങ്ങി വേണം സുന്ദരേശ്വരസവിധത്തിലേക്ക് പ്രവേശിക്കാന്‍. ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ദേവന്‍തന്നെ.

അധികാര നന്ദിയെയും ചാമുണ്ടിയെയും വണങ്ങി വെള്ളിയമ്പലത്തില്‍ നൃത്തം ചെയ്യുന്ന നടരാജനെ വണങ്ങാം. എട്ടാനകളും മുപ്പത്തിരണ്ട് സിംഹങ്ങളും അറുപത്തിനാല് ഭൂതഗണങ്ങളുമുള്ള ഇന്ദ്രവിമാനമാണ് ഗര്‍ഭഗൃഹം. അവിടെ സ്വയംഭൂലിംഗരൂപത്തില്‍ ചൊക്കനാഥ സ്വാമി.

വടക്കേ ഗോപുരത്തിനരികിലുള്ള സംഗീതസ്തൂപങ്ങളാണ് മറ്റൊരു അദ്ഭുതം. മുഴുവന്‍ ചുറ്റിക്കാണാന്‍  നാലു മണിക്കൂറെങ്കിലും വേണം. ശില്പവൈഭവങ്ങള്‍ ആസ്വദിക്കാന്‍ അത്രനേരമെങ്കിലും വേണം. വൈകുന്നേരമാണ് ക്ഷേത്രാന്തരീക്ഷത്തിന്റെ സകലഭംഗികളും ആസ്വദിക്കാന്‍ നല്ലത്.

രാവിലെ അഞ്ചിന് പൂജകള്‍ തുടങ്ങും, 6.307.15, 10.3011.15,  4.305.15, 7.308.15, 9.3010 എന്നിങ്ങനെയാണ് വിവിധ പൂജകള്‍ നടക്കുന്ന സമയം. എല്ലാ മാസവും ഉത്സവങ്ങള്‍ ഉണ്ടെന്നതും ഇവിടത്തെ പ്രത്യേകതയാണ്.
 സമയമുണ്ടെങ്കില്‍ നഗരത്തില്‍ നിന്ന് അല്പം മാറി സ്ഥിതിചെയ്യുന്ന വണ്ടിയൂര്‍ തെപ്പക്കുളവും 10 കിലോമീറ്റര്‍ മാറിയുള്ള തിരുപ്പരകുണ്‍ഡ്രവും 19 കിലോമീറ്റര്‍ മാറിയുള്ള അഴകര്‍ കോവിലും കാണാം.
 ഇനി വഴി പറയാം. ബസ്സില്‍ പാലക്കാട് പൊള്ളാച്ചി ദിണ്ടിഗല്‍ വഴി പോവാം.

ട്രെയിനിനാണെങ്കില്‍ കോയമ്പത്തൂര്‍ പോയി മാറി കയറേണ്ടി വരും. അല്ലെങ്കില്‍ ഗുരുവായൂരില്‍നിന്ന് മധുരയ്ക്ക് ഒരു ട്രെയിനുണ്ട്. രാത്രി 9.25ന്  പുറപ്പെടുന്ന ട്രെയിന്‍ 11.05നാണ് മധുരയിലെത്തുന്നത്. കോയമ്പത്തൂരില്‍നിന്ന് രാത്രി എട്ടരയ്ക്കാണ് വണ്ടി. പുലര്‍ച്ചെ രണ്ടു മണിക്കവിടെയെത്തും. ക്ഷേത്രത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ മാറിയാണ് റെയില്‍വേ സ്റ്റേഷന്‍. ബസ് സര്‍വീസും വളരെ കാര്യക്ഷമമാണ്. 

വിവരങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന വിലാസം 

Joint Commissioner/ Executive Officer Arulmigu Meenakshi Sundareshwarar Thirukkoil, Chithirai tSreet,
Madurai. Pincode : 625 001. Phone:  04522344360, 2349868. EMail : maduraimeenakshiamman@tnhrce.org webhttp://www.maduraimeenakshi.tnhrce.in/