ദക്ഷയാഗഭൂമിയാണ് കൊട്ടിയൂര്‍, ഭഗവാന്‍ പരമശിവനെ അപമാനിക്കാന്‍ ദക്ഷന്‍ നടത്തിയ യാഗം വീരഭദ്രനും പരിവാരങ്ങളും ചേര്‍ന്ന് തടസ്സപ്പെടുത്തിയത് ഈ യാഗഭൂമിയിലാണ്. യാഗംമുടങ്ങിയ മണ്ണില്‍ സ്വയംഭൂവായി ഒരു ശിവലിംഗം ഉയര്‍ന്നുവെന്നും അത് ശിവസാന്നിധ്യമാണെന്നും ഭക്തര്‍ വിശ്വസിക്കുന്നു. മണ്ണുമായി ഇഴുകിച്ചേര്‍ന്നതാണ് ഇവിടത്തെ ഉത്സവാഘോഷച്ചടങ്ങുകളും ആചാരാനുഷ്ടാനങ്ങളും. മഴയും പുഴയും മലയും കാടുമാണിവിടത്തെ ഉത്സവാന്തരീക്ഷം.
കൊട്ടിയൂരിലെ കാട് നല്‍കുന്ന കമ്പും കോലും നാരും കൊണ്ട് താത്കാലികമായി കെട്ടിയുയര്‍ത്തുന്ന ക്ഷേത്രം പര്‍ണശാലകളെ അനുസ്മരിപ്പിക്കും. ഭഗവാന്റെ പ്രിയപ്പെട്ട കാഴ്ചവസ്തുക്കള്‍ നെയ്യും ഇളനീരുമാണ്. ചക്കയും വെള്ളരിയും മാങ്ങയുമാണ് വ്രതക്കാരുടെ ഇഷ്ടഭക്ഷണം. കുംഭാരന്മാര്‍ തീര്‍ക്കുന്ന മണ്‍കലങ്ങാവണം ഉത്സവത്തിന് സമാപനം കുറിക്കാന്‍. ഉത്സവംകൂടി തിരിച്ചുപോരുന്ന ഭക്തരുടെ കൈയില്‍ ഓടപ്പൂവ് ഉണ്ടാവും. മുളകള്‍ ചീകിയെടുത്ത് നിര്‍മ്മിക്കുന്നതാണീ ഓടപ്പൂവ്. വീരഭദ്രന്‍ പിഴുതെറിഞ്ഞ ദക്ഷന്റെ വെള്ളത്താടിയാണിതെന്ന സങ്കല്പത്തിലാണ് വിശ്വാസികള്‍ ഇതുകൊണ്ടുപോവുന്നത്. കൊട്ടിയൂരില്‍ പോയതിന്റെ അടയാളമായി ഇത് വീട്ടിനുമ്മറത്ത് ഉണ്ടാവും.
കണ്ണൂര്‍ ജില്ലയുടെ കിഴക്ക് വയനാട് ജില്ലയോടുചേര്‍ന്നു കിടക്കുന്ന ഗ്രാമമാണ് കൊട്ടിയൂര്‍. വയനാട് പേര്യയില്‍ നിന്നും ഉത്ഭവിക്കുന്ന ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായിപ്പകുക്കുന്നു. പുഴയുടെ തെക്കുഭാഗത്ത് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. പുഴയുടെ വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂര്‍. വൈശാഖോത്സവം ഇവിടെയാണ് നടക്കുന്നത്. ഈ സമയത്ത് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പൂജകളുണ്ടാവില്ല. വെള്ളത്താല്‍ ചുറ്റപ്പെട്ട മണിത്ത റയും വെള്ളത്തിലും കരയിലുമായി കെട്ടിപ്പൊക്കിയ പര്‍ണശാലകളും ചേര്‍ന്നാല്‍ അക്കരെ കൊട്ടിയൂര്‍ ക്ഷേത്രമായി.
ബാവലിയില്‍നിന്ന് കിഴക്കുഭാഗത്തുകൂടെ ഒഴുകിയെത്തുന്ന വെള്ളം ക്ഷേത്രമുറ്റമായ തിരുവന്‍ ചിറയെ വലംവെച്ച് പടിഞ്ഞാറുഭാഗത്തുകൂടി ബാവലിയിലേക്കുതന്നെ തിരിച്ചുപോകുന്നു. ബാവലിയിലെ ഉരുളന്‍കല്ലുകളും ചെളിയുംകൊണ്ടാണ് മണിത്തറ ഉണ്ടാക്കുന്നത്. ഓടകളും ഞെട്ടി പ്പനയോലയും കാട്ടുമരങ്ങളുടെ കമ്പുകളും കവുള്‍ച്ചെടിയുടെ നാരും ഉപേയാഗിച്ചാണ് പര്‍ണശാലകള്‍. തെങ്ങോലയും വാഴപ്പോളയും കൊണ്ട് തീര്‍ക്കുന്ന കയ്യാലകള്‍, മണിത്തറയുടെ മുകളിലെ കുടയ്ക്ക് ഞട്ടിപ്പനയോലയും ഓടക്കമ്പും. പ്രസാദംനല്‍കാന്‍ കൂവയിലയും മലവാഴയിലയും.
ഉത്സവത്തിന്റെ ആദ്യചടങ്ങായ നീരെഴുന്നള്ളത്തിന് ക്ഷേത്രത്തിലേക്ക് ജലം കൊണ്ടുവരുന്നതും കൂവയിലയിലാണ്. നെയ്യാട്ടക്കിണ്ടിയുടെ പിടിയുണ്ടാക്കുന്നത് ചകിരിനാരും കൈതനാരും കവുള്‍ നാരും പിരിച്ചാണ്. മുളന്തണ്ടിലാണ് പഞ്ചഗവ്യത്തിന്റെ സൂക്ഷിപ്പ്. തൃക്കലശാട്ടിനുള്ള കലങ്ങള്‍ പനയോലകൊണ്ടാണ് പൊതിയുന്നത്. കലവുമായി വരുന്ന വ്രതക്കാര്‍ ക്ഷേത്രത്തിലേക്കു പ്രവേശിക്കും മുമ്പ് ആലത്തുംപടിയില്‍വച്ച് വസ്ത്രമുപേക്ഷിച്ച് ഇലകള്‍കാണ്ടുള്ള വസ്ത്രം ധരിക്കുന്നു. ചൂരല്‍വടിയും ചൂരല്‍വളയവുമാണ് സ്ഥാനികരുടെ അധികാരചിഹ്നങ്ങള്‍. അങ്ങനെ എല്ലാംകൊണ്ടും പ്രകൃ തിയുമായി ഇണങ്ങുന്നു ഈ ഉത്സവവിശേഷങ്ങള്‍.
പലപ്പോഴും തകര്‍ത്തു പെയ്യുന്ന മഴയും ഉരുളന്‍കല്ലുകളില്‍ ഒഴുകുന്ന പുഴയും അന്തരീക്ഷത്തെ പ്രകൃതിസാന്ദ്രമാക്കും. ഉത്സവംസമാപിക്കുമ്പോള്‍ പര്‍ണശാലകളെയും ഉത്സവശേഷിപ്പുകളെയും കരകവിയുന്ന ബാവലി ഒഴുക്കിക്കൊണ്ടുപോവും. മഴയും പുഴയും കൊട്ടിയൂരിനെ ശുദ്ധിയാക്കും. അടുത്ത ഉത്സവ നാള്‍വരെ അക്കരെ കൊട്ടിയൂരില്‍ ആളനക്കമുണ്ടാകില്ല. കാടിന്റെ ശാന്തതയില്‍ ഒരാണ്ടുകാലം ഭഗവാന് പള്ളിയുറക്കം.
28 ദിവസം നീണ്ടുനില്‍ക്കുന്നതാണ് വൈശാഖമഹോത്സവം. ഉത്സവനടത്തിപ്പിനെക്കുറിച്ചുള്ള കൂടിയാലോചന പാക്കൂഴം എന്ന ചടങ്ങോടെയാണ് തുടങ്ങുന്നത്. നീരെഴുന്നള്ളത്തോടെ ഉത്സവം ആരംഭിക്കും. നെയ്യാട്ടം, ഭണ്ഡാരം എഴുന്നള്ളത്ത്, തിരുവോണം ആരാധന, ഇളനീര്‍വെപ്പ് (മെയ് 28 ) അഷ്ടമി ആരാധന, ഇളനീരാട്ടം (മെയ് 29) രേവതി ആരാധന (ജൂണ്‍ ഒന്ന്), രോഹിണി ആരാധന (ജൂണ്‍ അഞ്ച്) മകം, കലംവരവ് (ജൂണ്‍ 11) തൃക്കലശാട്ട് (ജൂണ്‍ 15) എന്നിവയാണ് പ്രധാനചടങ്ങുകള്‍. ജൂണ്‍ 11 മകനാള്‍ ഉച്ചശീവേലിക്കുശേഷം സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശനമില്ല. ജൂണ്‍ പതിനഞ്ചിനാണ് ഈ വര്‍ഷത്തെ വൈവശാഖോത്സവം സമാപിക്കുക.
എങ്ങനെ എത്തിച്ചേരാം?
കോഴിക്കോട്ടുനിന്ന് വടകര - കുഞ്ഞിപ്പള്ളി - കൂത്തുപറമ്പ് വഴി 122 കി.മീറ്ററാണ് ദൂരം. ബസ്സിലാണെങ്കില്‍ തലശ്ശേരി ചെന്നു പോവുകയാണ് സൗകര്യം. ഇതുവഴി 126 കി.മീറ്ററാണ് ദൂരം.
കോഴിക്കോട് - ബാലുശ്ശേരി - പേരാമ്പ്ര - കുറ്റ്യാടി വഴി പക്രംതളം ചുരത്തിലൂടെ ബോയ്ക്ക് ടൗണ്‍ വഴിയും പോവാം. പ്രകൃതിഭംഗിനിറഞ്ഞ വഴിയാണെങ്കിലും വീതികുറഞ്ഞ റോഡായതിനാല്‍ ബോയ്‌സ് ടൗണില്‍ ഗതാഗതകുരുക്കിന് സാധ്യതയുണ്ട്.
തലേശ്ശരിയില്‍നിന്ന് 64 കി. മീറ്ററാണ് ദൂരം. തലേശ്ശരിയില്‍നിന്ന് കൂത്തുപറമ്പ് എത്തണം. അവിടെനിന്നും ഒരു കി. മീറ്റര്‍ പിന്നിട്ട്
തൊക്കിലങ്ങാടിനിന്നും വലത്തോട്ടു തിരിഞ്ഞാല്‍ വയനാട് റോഡ്. 30 കി. മീറ്റര്‍ പോയാല്‍ നിടുംപൊയില്‍. നേരെയുള്ള റോഡില്‍ രണ്ട് കി. മീറ്റര്‍ പോയാല്‍ വാരപ്പീടിക. അവിടെനിന്നും വലത്തോട്ടു തിരിയുക. കൊളക്കാട്-കേളകം വഴി കൊട്ടിയൂ രിലേക്ക് എത്താം.
വാരപ്പീടികയില്‍ നിന്നും നേരേപോയാല്‍ തെറ്റുവഴി -തുണ്ടി-മണത്തണ-കേളകം വഴിയും കൊട്ടിയൂരിലെത്താം.
ഉത്സവകാലത്ത് വാഹനത്തിരക്ക് വളരെക്കൂടുതലായതിനാല്‍ ഈ വഴിയും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ബോയ്‌സ് ടൗണിലെ ചുരം റോഡില്‍ തിരക്കാണെങ്കില്‍ 30 കി. മീറ്റര്‍ നേരെ നിടുംപൊയിലില്‍ വന്ന് കേളകം റോഡിലേക്കുകയറി പോവാം. ട്രെയിനില്‍ വരുന്നവര്‍ തലശ്ശേരി ഇറങ്ങി ബസ്സില്‍ പോവുന്നതാണ് നല്ലത്. ഉത്സവകാലത്ത് സ്‌പെഷല്‍ ബസ്സുകള്‍ ധാരാളമുണ്ടാവും.
ഭക്ഷണം, വിശ്രമം, എ.ടി.എം തുടങ്ങിയവ
കൊട്ടിയൂരില്‍ എ.ടി.എം. സൗകര്യമില്ല. ഒമ്പതുകിലോമീറ്റര്‍ ഇപ്പുറം കേളകത്താണ് എ.ടി.എം. ഉള്ളത്. ഏഴു കി. മീറ്റര്‍ മാറി ചുങ്കത്തറയിലാണ് പെട്രോള്‍ പമ്പ്. തലശ്ശേരിവഴി പോവുമ്പോള്‍ മാഹിയില്‍നിന്ന് പെട്രോള്‍ അടിക്കുന്നതാണ് ലാഭം.
ദൂരെദിക്കില്‍ നിന്നെത്തുന്നവര്‍ക്ക് വിശ്രമിക്കാനും താമസിക്കാനും മൂന്നു റെസ്റ്റ് ഹൗസുകളും മൂന്ന് ഹാളുകളും ദേവസ്വം സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഇതിന് ബുക്കിങ്ങില്ല. എസ്.എന്‍.ഡി. പി.യും പെരുമാള്‍ സേവാസംഘവും ഇതുപോലെ സൗകര്യം ചെയ്യ്തുകൊടുക്കാറുണ്ട്. ഇതിനുപുറമേ കയ്യാലകളിലും ഭക്തര്‍ക്ക് വിശ്രമിക്കാം. ഉത്സവത്തിനെത്തുന്നവര്‍ക്ക് ദേവസ്വംവക ഉച്ചഭക്ഷണം സൗജന്യമാണ്.
ഈ നമ്പറുകള്‍ കുറിച്ചിട്ടോളൂ...
- ദേവസ്വവുമായി ബന്ധപ്പെടാനുള്ള നമ്പര്‍ 0490 2480234, 2480484
- തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ 0490 284413
- കണ്ണൂര്‍ 0497 2706585.
- കേളകം പോലീസ് സ്റ്റേഷന്‍ 0490 2412048
- പേരാവൂര്‍ സ്റ്റേഷന്‍ 0490 2444458