നല്ല ചൂടുള്ള ഈ സമയത്ത് കാട്ടിലെ കുളിര്‍മയുള്ള അന്തരീക്ഷത്തിലേക്കൊന്ന് പോയാലോ? കാട്ടില്‍ പോകുന്നതിനൊപ്പം ഒരു ഉത്സവവും കൂടാനായാല്‍ ആനന്ദലബ്ധിക്ക് മറ്റെന്തുവേണം? എങ്കില്‍ അത്തരമൊരു അവസരം മുതലാക്കാന്‍ ഒരുങ്ങിക്കോളൂ.
കാസര്‍കോട് ജില്ലയിലെ നെട്ടണിഗെയില്‍ നടക്കുന്ന ജാംബ്രി മഹോത്സവമാണ് രസകരമായ ഈ അനുഭവം നല്‍കുക. കേരളത്തിന്റെ അതിര്‍ത്തിഗ്രാമങ്ങളിലൊന്നാണ് നെട്ടണിഗെ. അവിടെ 12 വര്‍ഷത്തിലൊരിക്കലാണ് ജാംബ്രി മഹോത്സവം നടക്കാറുള്ളത്. ഈ വര്‍ഷം മേയ് രണ്ടിന് ഉത്സവം നടക്കുന്നുണ്ട്.
ഉത്സവത്തിന്റെ വിശേഷങ്ങളറിയാന്‍ ക്ഷേത്രംവരെയൊരു യാത്ര പോയി. കാഞ്ഞങ്ങാട്ടുനിന്ന് ചെര്‍ക്കള വഴി മുള്ളേരിയ കടന്നപ്പോഴേക്കും വലിയ അങ്ങാടികള്‍ കാണാതായി. പിന്നീട് കുറച്ച് മരങ്ങളും നാലോ അഞ്ചോ കടകളുമുള്ള ചെറിയ അങ്ങാടികളായി. എതിരെവരുന്ന വാഹനങ്ങളുടെ എണ്ണവും കുറഞ്ഞുതുടങ്ങി. മുള്ളേരിയയില്‍നിന്ന് ബെള്ളൂര്‍ കിന്നിങ്കാര്‍ റോഡിലൂടെ നെട്ടണിഗെയിലെത്താം. കര്‍ണാടകയില്‍നിന്നാണെങ്കില്‍ സുള്ള്യപദവ് വഴി ക്ഷേത്രത്തിലെത്താം.
മഹതോബാര ശ്രീ മഹാലിംഗേശ്വരക്ഷേത്രമെന്നാണ് നെട്ടണിഗെയിലെ ക്ഷേത്രത്തിന്റെ പേര്. കാണുമ്പോള്‍ കര്‍ണാടകയിലെ ഒരു സാധാരണ ക്ഷേത്രം പോലെ തോന്നും. എന്നാല്‍ ക്ഷേത്രത്തിലെ ഐതിഹ്യവും ആചാരങ്ങളുമെല്ലാം കൗതുകമുള്ളതാണ്. അതെല്ലാം ക്ഷേത്രത്തിലെ മാനേജിങ് ട്രസ്റ്റി എന്‍. ദാമോദരന്‍ മണിയാണി നാക്കൂര്‍ വിവരിച്ചു. ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഗുളികന്റെ പ്രതിഷ്ഠ ക്ഷേത്രത്തിന് തൊട്ടടുത്തായുണ്ട്. ക്ഷേത്രത്തിന് വടക്കുഭാഗത്തായി സ്വയംഭൂ ഗുഹയുണ്ട്. ക്ഷേത്രത്തിന്റെ കഥ തുടങ്ങുന്നത് ഈ ഗുഹയില്‍നിന്നാണ്. കാട്ടിലൂടെ ആറുകിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാലാണ് ഗുഹയിലെത്താനാകുക. ജാംബ്രി ഉത്സവദിവസം മാത്രമാണ് ഗുഹയ്ക്കുള്ളില്‍ പൂജ. ആ സമയം കാട്ടിലൂടെ കാല്‍നടയാത്രക്കുള്ള വഴിവെട്ടും. അരലക്ഷത്തോളം പേര്‍ കാട്ടിലൂടെയുള്ള ഈ യാത്രക്കെത്താറുണ്ട്. കൂടുതല്‍പേരും വരുന്നത് കര്‍ണാടകയില്‍നിന്നാണ്.
സാധാരണ ദിവസങ്ങളില്‍ ഗുഹയ്ക്കടുത്തേക്ക് പോകണമെങ്കില്‍ ജീപ്പ് തന്നെ ശരണം. ദാമോദരന്‍ മണിയാണി നാക്കൂര്‍ വിളിച്ചുപറഞ്ഞയുടന്‍ മകന്‍ ശിവപ്രസാദ് ജീപ്പുമായെത്തി. ജീപ്പില്‍ ഞങ്ങള്‍ക്കൊപ്പം ക്ഷേത്രം ഭരണസമിതിയംഗം അഡ്വ. പത്മനാഭ കുളദപ്പാറെയും ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരന്‍ കുഞ്ഞിക്കണ്ണനും കയറി.
ആദ്യ ഒരുകിലോമീറ്റര്‍ പോയപ്പോഴേക്കും റോഡ് ഇടവഴിയായി മാറി. കുണ്ടും കുഴിയും നിറഞ്ഞ ചെമ്മണല്‍പാത. സാധാരണ ഡ്രൈവര്‍മാര്‍ക്കൊന്നും ആ വഴി വണ്ടിയോടിക്കാനാകില്ല. ശിവപ്രസാദിന് പരിചയം വേണ്ടുവോളമുണ്ടായിരുന്നു. പത്തു മിനിറ്റ് കഴിഞ്ഞതോടെ ജീപ്പ് യാത്ര കാട്ടിന് നടുവിലൂടെയായി. അപ്പുറം കര്‍ണാടകത്തിന്റെ കാടും ഇപ്പുറം കേരളത്തിന്റെ കാടും. അതിര്‍ത്തിറോഡിലൂടെയാണ് ഞങ്ങളുടെ സഞ്ചാരം. അര്‍ളാപ്പടവിലേക്ക് നീളുന്ന റോഡ്. പുറത്തെ ചൂടൊന്നും കാട്ടിനുള്ളില്‍ അറിയുന്നേയില്ല. നല്ല കുളിര്‍മ. വള്ളിപ്പടര്‍പ്പ് നിറഞ്ഞ കാട്ടിനുള്ളില്‍ പന്നിയും കാട്ടുപോത്തുമൊക്കെയുണ്ടാകാറുണ്ടെന്ന് കൂടെയുള്ളവര്‍ പറഞ്ഞു.
അരമണിക്കൂറോളം നീണ്ട യാത്ര അവസാനിച്ചത് പുല്ലുനിറഞ്ഞ ഒരു പാറപ്പുറത്താണ്. തലയ്ക്ക് മുകളില്‍ ഉച്ചവെയില്‍ കത്തിയെരിയുന്നു. ചെണ്ടത്തടുക്ക എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ജാംബ്രിഗുഹയുള്ളതിനാല്‍ ജാംബ്രിത്തടുക്ക എന്നൊരു പ്രാദേശികനാമം കൂടി സ്ഥലത്തിനുണ്ട്. ബന്‍താജെ വനത്തിന്റെ ഭാഗമാണിത്. ചെരിപ്പഴിച്ചിട്ട് ഗുഹയ്ക്കടുത്തേക്ക് നടന്നു. പാറയ്ക്കുള്ളിലേക്ക് നീളുന്ന ചെറിയൊരു ഗുഹയാണിത്. ഉള്ളില്‍നിന്ന് ഒരു കല്ലാല്‍മരം പുറത്തേക്ക് വളര്‍ന്നുനില്‍ക്കുന്നുണ്ട്. ഗുഹയില്‍ ഒരാള്‍ക്ക് പ്രയാസപ്പെട്ട് ഇറങ്ങാം. എന്നാല്‍ എല്ലാവര്‍ക്കും ഗുഹയ്ക്കുള്ളില്‍ പ്രവേശിക്കാന്‍ ആനുമതിയില്ല. ഉത്സവദിവസം കാപ്പാടന്‍മാര്‍ എന്നറിയപ്പെടുന്ന വഴികാട്ടികളാണ് ആദ്യം ഗുഹയ്ക്കുള്ളില്‍ ഇറങ്ങുക. 48 ദിവസം പുറംലോകം കാണാതെ വ്രതമെടുത്താണ് ഇവര്‍ ഗുഹാപ്രവേശനത്തിന് തയ്യാറെടുക്കുന്നത്. ഗുഹാപ്രവേശയാത്രയില്‍ കാപ്പാടന്‍മാര്‍ക്ക് പിന്നാലെ സ്ഥാനിക ബ്രാഹ്മണന്‍മാരും പ്രധാന തന്ത്രിയുമുണ്ടാകും. ഗുഹയ്ക്കുള്ളിലെ പൂജയ്ക്കുശേഷം ഒന്നരമണിക്കൂറോളം കഴിഞ്ഞാണ് ഇവര്‍ തിരിച്ചെത്തുക. ഗുഹ കണ്ടാല്‍ ഇത്രയും പേര്‍ക്ക് അതിലേക്ക് ഇറങ്ങാനാകുമെന്ന് തോന്നില്ല. ഗുഹയ്ക്കുള്ളിലെ പൂജ കഴിഞ്ഞെത്തുമ്പോള്‍ പ്രസാദമായി അവിടുത്തെ മണ്ണാണ് നല്‍കുക. നാട്ടുകാര്‍ ഇത് സൂക്ഷിച്ചുവെക്കും. ഗുഹയ്ക്കുള്ളിലെ കാഴ്ചകളെക്കുറിച്ച് ആരോടും വിവരിക്കരുതെന്നാണ് വിശ്വാസം.