ഇരിങ്ങോള്‍കാവിനെക്കുറിച്ച് ഏറെ പറയാനുമുണ്ട്. തൊടുപുഴയില്‍ ഒരു യാത്ര കഴിഞ്ഞുവരുമ്പോഴാണ് ഇരിങ്ങോള്‍കാവില്‍ ഇറങ്ങാമെന്ന് തോന്നിയത്. കാടിനു നടുവിലെ ഈ ദുര്‍ഗാക്ഷേത്രത്തെക്കുറിച്ച് നേരത്തെ കേട്ടിട്ടുണ്ട്. 

പെരുമ്പാവൂരില്‍ ബസിറങ്ങി ഒരു ഓട്ടോപിടിച്ചാല്‍ 40 രൂപ. നേരെ അമ്പലമുറ്റത്തെത്തും. വന്‍മരങ്ങളും വള്ളികളും അടിക്കാടും പടര്‍ന്ന് പന്തലിച്ച ഹരിതാഭയ്ക്കു കീഴെ പ്രകൃതിയെ ദേവതയായി കണ്ടാരാധിക്കുന്ന കോവില്‍. കാവിലെ മരങ്ങളാണിവിടെ ഉപദേവതമാര്‍. ഇഴജന്തുക്കളും വന്യമൃഗങ്ങളുമില്ലാത്ത കാടാണിത്. പക്ഷികള്‍ ധാരാളം.

Iringole Kavu Perumbavoor

കാവിലൂടെ ക്ഷേത്രത്തിലേക്ക് മൂന്നു പ്രധാന വഴികളും കൊച്ചു നടപ്പാതകളും ഉണ്ട്. ക്ഷേത്രോപദേശക സമിതിയുടെ മുന്‍ഭാരവാഹിയായ ബാബുവും കാവിലെ ജൈവവൈവിധ്യങ്ങളെപ്പറ്റി പഠിച്ചിട്ടുള്ള അജിത്തും അവിടെയുണ്ടായിരുന്നു. കാവിനെപ്പറ്റി അവര്‍ സംസാരിച്ചു. ചരിത്രവും ഐതിഹ്യവും ജൈവവൈവിധ്യവും ഇടകലര്‍ന്ന വലിയൊരു കലവറയാണീ ക്ഷേത്രമാഹാത്മ്യം.

ദേവകീവാസുദേവന്‍മാരുടെ എട്ടാമത്തെ പുത്രന്‍ കംസനെ വധിക്കുമെന്ന അരുളപ്പാടിനുശേഷം കംസന്‍ അവരെ കാരാഗൃഹത്തിലടച്ചു. എട്ടാമത്തെ പുത്രന്റെ സ്ഥാനത്ത് പെണ്‍കുഞ്ഞിനെ കണ്ട കംസന്‍ പെണ്‍കുഞ്ഞായിട്ടും അവളെ കൊല്ലാന്‍ തുനിഞ്ഞു. പക്ഷേ, കംസന്റെ കയ്യില്‍നിന്ന് രക്ഷപ്പെട്ട കുഞ്ഞ് ആകാശത്ത് അഭൗമതേജസ്സോടെ ജ്വലിച്ചുനിന്നു. ആ തേജസ്സ് ഭൂമിയില്‍ ആദ്യമായി സ്പര്‍ശിച്ച സ്ഥലം ഇരുന്നോള്‍ എന്നായെന്നും കാലക്രമേണ അത് ഇരിങ്ങോളായെന്നുമാണ് സ്ഥലനാമ ചരിത്രം. പരാശക്തിയായ ദേവിയെ ദര്‍ശിച്ച് അനുഗ്രഹം വാങ്ങാനെത്തിയ ദേവഗണങ്ങളാണ് ഇവിടുത്തെ വൃക്ഷലതാദികള്‍ എന്നും വിശ്വാസം. അതുകൊണ്ടുതന്നെ മരങ്ങള്‍ മുറിക്കുകയോ വള്ളികള്‍ അറുത്തുമാറ്റുകയോ വീണുകിടക്കുന്ന മരങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യാറില്ല.

Iringole Kavu Perumbavoor

തൃണബിന്ദു മഹര്‍ഷി ഇവിടെ പര്‍ണശാല കെട്ടി വേദാഭ്യസനം നടത്തിയിരുന്നു. അത് മറഞ്ഞുനിന്നു കണ്ട ഹനുമാനെ ആളറിയാതെ ആട്ടിയോടിച്ചു. ഹനുമാന്‍ മഹര്‍ഷിയെ പേടിപ്പിക്കാന്‍ കൊമ്പനാനയെയും സിംഹത്തെയും കാവല്‍ നിര്‍ത്തി. ഇതുകണ്ട് രസിക്കാനായി ഇലവിന്റെ മുകളില്‍ കയറിയിരിക്കുകയും ചെയ്തു. ജ്ഞാനദൃഷ്ടിയില്‍ കാര്യം മനസ്സിലാക്കിയ മഹര്‍ഷി ഹനുമാന്റെ അഹന്ത കുറയ്ക്കാനായി നിനക്ക് നിന്റെ ശക്തിയെക്കുറിച്ച് മറവിയുണ്ടാവട്ടെ എന്നു ശപിച്ചു. ശാപവാര്‍ത്തയറിഞ്ഞ് വായുഭഗവാന്‍ മകനായ ഹനുമാനെ കാടു മുഴുവന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മരങ്ങളുടെയെല്ലാം ചുവട് പിടിച്ചിളക്കിനോക്കിയപ്പോള്‍ ഒരു മരം മാത്രം ഇളകുന്നില്ല. അതിലായിരുന്നു ഹനുമാന്‍ ഇരുന്നത്. വലിയ ഇലവ് എന്ന പേരില്‍ ആ മരം അറിയപ്പെട്ടു.

Iringole Kavu Perumbavoor

ഹനുമാനെ വിളിച്ചിറക്കി ശാപവാര്‍ത്തയറിയിച്ച വായുഭഗവാന്‍ മഹര്‍ഷിയെ സാഷ്ടാംഗം പ്രണമിച്ച് ശാപമോക്ഷം നല്‍കണമെന്ന് അപേക്ഷിച്ചു. എന്നാല്‍ തന്റെ വാക്ക് വീണ്‍വാക്ക് ആവില്ലെന്ന് പറഞ്ഞ മഹര്‍ഷി ഈ വനത്തില്‍ അഹന്തയോടുകൂടി ആരും വര്‍ത്തിക്കരുത്. വായുദേവന്‍പോലും മൃദുവായി വീശണം. ഇവിടം പുണ്യഭൂമിയാണ്, വിഷജന്തുക്കള്‍ ഭക്തരെ ഉപദ്രവിക്കില്ല. വന്‍വൃക്ഷങ്ങള്‍ ആരും വെട്ടിനശിപ്പിക്കില്ല. ദുഷ്ടമൃഗാദികള്‍ ഇവിടെ ഉണ്ടാവുകയില്ല എന്നിങ്ങനെയും ഓര്‍മപ്പെടുത്തി. ഹനുമാന്റെ ശക്തി വൈഭവത്തെപറ്റി ശ്രീരാമാവതാരകാലത്ത് അവനെ ജാംബവാന്‍ ഓര്‍മിപ്പിക്കുമെന്നും അതില്‍ പിന്നെ ശക്തഹനുമാനായി ലോകം ആരാധിക്കുമെന്നും രാമനാമമുള്ള കാലം വരെ അവന്‍ ചിരഞ്ജീവിയായിരിക്കുമെന്നും ശാപമോക്ഷം കൊടുത്തു എന്നാണ് ഐതിഹ്യം.

യാഥാര്‍ഥ്യമായാലും കഥയായാലും ഐതിഹ്യമായാലും വിശ്വാസമായാലും മരം ഒരു വരമാണെന്ന് തിരിച്ചറിഞ്ഞ ഒരു നാടിന്റെ നന്‍മ ഈ കാവ് സംരക്ഷണത്തിന് പിന്നിലുണ്ടെന്നു തീര്‍ച്ച. ഏകദേശം 50 ഏക്കര്‍ വനത്തിനു നടുവിലാണ് ക്ഷേത്രം. തമ്പകം, വെള്ളപ്പൈന്‍, തേക്ക്, ആഞ്ഞിലി, തുടങ്ങിയ വന്‍മരങ്ങളും തിപ്പലി, കാട്ടുകുരുമുളക്, പാതാരി, തുടങ്ങിയ ഔഷധസസ്യങ്ങളും തത്ത, കുയില്‍, പരുന്ത്, കാലന്‍കോഴി, പുള്ള്, നത്ത്, തുടങ്ങിയ 44 ഓളം ഇനം പക്ഷികളും വിവിധ ഇനം ചെറുജന്തുക്കളും അടങ്ങിയതാണീ വനത്തിന്റെ ജൈവവൈവിധ്യം. 49 ഇനം മരങ്ങള്‍, 19 ഇനം ചിലന്തികള്‍, നാലിനം ഉഭയജീവികള്‍, ഏഴിനം ഉരഗങ്ങള്‍, 42 തരം പ്രാണികള്‍, അഞ്ചുതരം സസ്തനികള്‍ എന്നിങ്ങനെയാണ് കാവിലെ ജൈവവൈവിധ്യത്തെക്കുറിച്ച് പഠിച്ചവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന സസ്യജന്തുജാലങ്ങളില്‍പെട്ടവയാണ് പലതും.

Iringole Kavu Perumbavoor

വേരുകളുടെ വലതീര്‍ക്കുന്ന ജലസംഭരണിയാണ് കാവിനെ എന്നും ഹരിതാഭമായി നിര്‍ത്തുന്നത്. ചിലയിടത്ത് ചെറിയ ചതുപ്പുകള്‍പോലുള്ള ജലസംഭരണി കാണാം. തീര്‍ഥക്കുളത്തിലും ഏതു കടുത്ത വേനലിലും വെള്ളമുണ്ടാവും. ജാതിമതഭേദമന്യേ ഏതു വിശ്വാസിക്കും ശുദ്ധിയോടെ അമ്പലത്തില്‍ വരാം എന്നതാണ് മറ്റൊരു പ്രത്യേകത. 

രാവിലെ സരസ്വതിയായും ഉച്ചയ്ക്ക് വനദുര്‍ഗയായും രാത്രി ഭദ്രകാളിയായും മൂന്നു ഭാവങ്ങളില്‍ കുടികൊള്ളുന്ന ദേവിക്ക് ശര്‍ക്കരനിവേദ്യവും കടുംപായസവും നെയ്പ്പായസവും ചതുശ്ശതവും കാര്‍ത്തിക ഊട്ടും തുലാഭാരവും കൂട്ടുപായസവും ആണ് പ്രധാന വഴിപാടുകള്‍. മീനത്തിലെ പൂരം പ്രസിദ്ധമാണ്. പിടിയാനകള്‍ മാത്രം അണിനിരക്കുന്ന പൂരമാണിവിടെ. മീനം രണ്ടുമുതല്‍ 10 വരെയാണ് പൂരം കൊണ്ടാടുന്നത്. പൂരത്തിന് പുറമെ പുനഃപ്രതിഷ്ഠാദിനവും നവരാത്രി മഹോത്സവവും തൃക്കാര്‍ത്തികയും പ്രധാനമാണ്.

Iringole Kavu Perumbavoor

ഈ ക്ഷേത്രത്തിലെ വിത്തിടല്‍ ചടങ്ങും പ്രസിദ്ധമാണ്. പുരാതനകാലത്ത് ഈ വനത്തിനുള്ളിലെ ദേവീചൈതന്യം കല്ലില്‍ ദര്‍ശിച്ച പുലയസമുദായത്തില്‍പെട്ട സ്ത്രീയുടെ പിന്‍മുറക്കാരായ കുടുംബക്കാരാണ് ഇത് നടത്തുന്നത്. മകരം 30-ന് തുടികൊട്ടിപ്പാട്ടും കുടതുള്ളലുമായി ഇവര്‍ ഉച്ചപ്പൂജയോടെ കിഴക്കേ നടയിലെത്തും. തിരുമുറ്റം വലംവെച്ച് ഒരുകെട്ട് കറ്റയും നെല്‍പറയും ദേവിക്കു സമര്‍പ്പിച്ചശേഷമാണ് നട അടയ്ക്കുക. ഇതാണ് ചടങ്ങ്.

ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ക്ഷേത്രം. പണ്ട് 32 ഇല്ലങ്ങള്‍ക്കായിരുന്നു ക്ഷേത്രനടത്തിപ്പിന്റെ ചുമതല. അതില്‍ നാഗഞ്ചേരി മന തൊട്ടടുത്താണ്. അവിടം ഇപ്പോള്‍ ടൂറിസം വകുപ്പ് ഏറ്റെടുത്ത് മ്യൂസിയവും പാര്‍ക്കും നിര്‍മിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് കളിക്കാം, മ്യൂസിയത്തിലെ കാഴ്ചകളും കാണാം. മനയോട് ചേര്‍ന്നും ഒരു കുളമുണ്ട്. തൊട്ടടുത്തൊരു നക്ഷത്രവനവും തയ്യാറാക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശന ചാര്‍ജ്.

Iringole Kavu Perumbavoor

കാടും ക്ഷേത്രവും മനയും ചുറ്റിനടന്ന് ചരിത്രവും ഐതിഹ്യവും കേട്ട് മനംനിറഞ്ഞ് പുറത്തുകടക്കുമ്പോള്‍ ബാബുവും അജിത്തും ചായകുടിക്കാന്‍ വിളിച്ചു. അവരോടൊപ്പം പെരുമ്പാവൂരിലെത്തിയപ്പോള്‍ ശരിക്കും അദ്ഭുതപ്പെട്ടുപോയി. അത് മറ്റൊരു ലോകമാണ്. പാന്‍പരാഗുമുതല്‍ ജീന്‍സും ഷര്‍ട്ടും മൊബൈലുംവരെയായി വലിയൊരു സണ്‍ഡേ മാര്‍ക്കറ്റ്. എങ്ങും ഹിന്ദിയും ബംഗാളിയും. തൊട്ടടുത്തുള്ള ലക്കി തിയേറ്ററില്‍ ഓടുന്നത് ബംഗാളിപ്പടം. കേരളത്തിലെ അന്യസംസ്ഥാനത്തൊഴിലാളികളുടെ തലസ്ഥാനമായി മാറിയിരിക്കുകയാണ് പെരുമ്പാവൂര്‍. അതും ഒന്നു കാണേണ്ടതുതന്നെ.

Iringol Kavu

Iringol Kavu is a famous Hindu temple dedicated to Goddess Durga, situated in Kunnathunad Taluk of Ernakulam district, 4 km from Perumbavoor. This temple is located in the village 'Pattal' 35 kilometers away from Kochi. 

Get There: 

 By Bus:  Kavu is located 4 km away from Perumbavoor town between Perumbavoor and Kothamangalam on Aluva - Munnar Road. buses are available from Aluva, Angamaly. Get down at Perumbavoor, and take an Auto to Kavu (40 Rs-50 Rs)

By Rail: Aluva (20 km)
By Air: Nedumbassery (17 km)

Stay: 
Temple Office, Perumbavoor.
Kunnathan Residency 2200-3000 Ph: 0484-2594787   
PWD Rest House.  Ph: 0484-2523127

Contact
Temple: 9388869608, 9048747447, 9495559330