വള്ളിയൂര്‍ക്കാവ്

ആദിവാസി ജനവിഭാഗങ്ങള്‍ ഒത്തുചേരുന്ന വള്ളിയൂര്‍ക്കാവ് ഉത്സവം അപൂര്‍വതകളുടെ സംഗമസ്ഥാനംകൂടിയാണ്. മറ്റു ക്ഷേത്രങ്ങളിലെപ്പോലെ കൊടിയേറ്റ് ഇവിടെ ഉത്സവത്തിന്റെ ആദ്യദിനമല്ല. പകരം ഏഴാംദിവസമാണ് കൊടിയേറ്റ് നടക്കുന്നത്. പതിനാലു ദിവസമാണ് ഉത്സവം. ഉത്സവത്തിന് ഏഴാംനാള്‍ നാലുമണിക്ക് താഴെക്കാവില്‍ ആദിവാസിമൂപ്പന്‍ കൊടിയേറ്റും. കോലംകൊറയോടെയാണ് ഉത്സവം സമാപിക്കുക. ആദിവാസികള്‍ ഏറ്റവുമധികം പങ്കെടുക്കുന്ന കേരളത്തിലെ ഉത്സവമെന്ന സവിശേഷതയുള്ള കാവിലേക്ക് ശനിയാഴ്ച പുലര്‍ച്ചെമുതല്‍ ജില്ലയിലെ ആദിവാസിക്കോളനികളില്‍നിന്ന് ഭക്തര്‍ യാത്രയാരംഭിക്കും. ഉത്സവത്തിന് സമാപനംകുറിച്ച് കരിമരുന്നുപ്രയോഗം ഉണ്ടാവാറുണ്ട്. പുലര്‍ച്ചവരെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് വള്ളിയൂര്‍ക്കാവിലേക്ക് കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസ് നടത്താറുണ്ട്. 

പുല്‍പ്പള്ളി റോഡില്‍ മാനന്തവാടിക്കു തെക്കുകിഴക്കായി ആറാട്ടുതറയിലാണ് വള്ളിയൂര്‍ക്കാവ് ഭഗവതിക്ഷേത്രം. വടക്കന്‍കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുകൂടി കബനി നദിയൊഴുകുന്നു. മീനൂട്ടാണ് ക്ഷേത്രത്തിലെ പ്രധാന ആചാരം. കീഴ്ക്കാവും മേലേക്കാവും ഉള്ള ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കീഴ്കാവിലെ വനദുര്‍ഗയുടെ രൂപത്തിലുള്ള സ്വയംഭൂവാണ്. ഇത് കൊടുങ്ങല്ലൂര്‍ ഭഗവതിയാണെന്നാണ് വിശ്വാസം. മേലേക്കാവില്‍ ശിലാവിഗ്രഹമാണ്.

2

ക്ഷേത്രത്തിന്റെ ഐതിഹ്യം കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഭരണിയുത്സവത്തിന് കാണിക്ക സ്വീകരിക്കാന്‍ വയനാട്ടില്‍ വന്ന കൊടുങ്ങല്ലൂര്‍ കോമരമായ വട്ടക്കോല നമ്പ്യാര്‍, കബനീതീരത്ത് കിടന്നുറങ്ങി. ഉണര്‍ന്നപ്പോള്‍ വാളും ചിലമ്പും കാണാനില്ല. പരിഭ്രമിച്ച നമ്പ്യാര്‍ ദേവിയെ മനമുരുകി പ്രാര്‍ത്ഥിച്ചു. അപ്പോള്‍ അതുവഴിവന്ന ആദിവാസി ദൂരെ കുന്നിന്‍മുകളിലെ മരത്തിലെ വള്ളിയില്‍ വാളും ചിലമ്പും തൂങ്ങിക്കിടക്കുന്നത് കാണിച്ചുകൊടുത്തു. 

പ്രാര്‍ത്ഥനയുടെ ഫലമായി വാളും ചിലമ്പും മരത്തില്‍നിന്ന് താഴെ പതിച്ചു. ഒപ്പം ഒരു അശരീരിയും: 'വനദുര്‍ഗയായും ജലദുര്‍ഗയായും ഭദ്രകാളിയായും ഞാനിവിടെയുണ്ട്്'. തുടര്‍ന്ന് നടത്തിയ ദേവപ്രശ്‌നത്തില്‍ ദേവീസാന്നിധ്യം തെളിയുകയും മാനന്തവാടിയിലുണ്ടായിരുന്ന കോട്ടയംരാജാവ് പൂജാദികര്‍മങ്ങള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ദേവപ്രശ്‌നം നടത്തുന്ന സമയത്ത് വാളും ചിലമ്പും പൈങ്ങാട്ടിരി പോര്‍ക്കലി ഭഗവതിക്ഷേത്രത്തിലെ പള്ളിയറയിലാണ് സൂക്ഷിച്ചിരുന്നത്. അന്നത്തെ സ്മരണാര്‍ത്ഥം ക്ഷേത്രോത്സവത്തിനു മുന്‍പായി പൈങ്ങാട്ടിരി ഭഗവതിയുടെ വാള്‍ വള്ളിയൂര്‍ക്കാവിലേക്ക് കൊണ്ടുവരുന്ന ചടങ്ങുമുണ്ട്. 

ദിവസം: മാര്‍ച്ച് 27

വഴി: മാനന്തവാടിയില്‍നിന്ന് മൂന്നുകിലോമീറ്റര്‍ അകലെയാണീ ക്ഷേത്രം. പുല്‍പ്പള്ളി റോഡില്‍ ആറാട്ടുത്തറയിലാണ് ഇറങ്ങേണ്ടത്. കല്‍പ്പറ്റയില്‍നിന്ന് 24 കി.മീ.യും. കോഴിക്കോടാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ 106 കി.മീ. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 129 കി.മീ. ദൂരം. 

താമസം: മാനന്തവാടിയാണ് താമസസൗകര്യമുള്ള ഏറ്റവും അടുത്തുള്ള പ്രധാനപ്പെട്ട സ്ഥലം. 

Valliyoorkkavu

Location: 3.6 k.k. from Mananthavady
Date: March 27
How to Reach
By road: Buses available from Mananthavady bus station.
Stay: Mananthavady

ഉത്രാളിക്കാവ് പൂരം

വിശാലമായ വയല്‍പ്പരപ്പിനു നടുവിലാണ് ഉത്രാളിക്കാവ്. പതിനെട്ടരകാവ് വേല ഉത്സവങ്ങളില്‍ ഏറ്റവും പ്രധാനമാണ് ഇവിടുത്തെ പൂരം. കുംഭമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് ഉത്രാളിക്കാവില്‍ കൊടിയേറ്റം. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ സമാപനദിവസമാണ് പൂരവും അതിനോടനുബന്ധിച്ച മറ്റു ചടങ്ങുകളും.

3
 
പ്രത്യേകത: മലകള്‍ക്കു കീഴിലുള്ള ഈ ക്ഷേത്രത്തിലെ വെടിക്കെട്ടാണ് പ്രധാനം. നിലകളായി കത്തി ഉയരുന്ന വെടിക്കെട്ടിന്റെ ശബ്ദം മലനിരകളില്‍ തട്ടി പ്രതിധ്വനിക്കുമ്പോള്‍ അതിന്റെ ഗാംഭീര്യം ഇരട്ടിക്കുന്നു. 'നടപ്പുര' പഞ്ചവാദ്യം ആണ് പൂരത്തിലെ മറ്റൊരു പ്രശസ്ത ഇനം

ദിവസം: മാര്‍ച്ച് 1

വഴി: വടക്കഞ്ചേരിയില്‍ നിന്ന് 5 കിലോമീറ്റര്‍ ദൂരമേയുള്ളൂ ക്ഷേത്രത്തിലേക്ക്. 
തൃശ്ശൂര്‍, ഷോര്‍ണൂര്‍, പട്ടാമ്പി എന്നിവിടങ്ങളില്‍ നിന്നെല്ലാം ബസ് സര്‍വീസുകളുണ്ട്. 
വടക്കഞ്ചേരിയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍.

Uthralikavu Pooram

Location: Uthralikavu temple, near Wadakanchery, 20 km from Thrissur
Date: March 1
How to reach
By road: Wadakanchery is well connected to Thrissur by bus. Buses are available from Pattambi, Shornur and Chelakkara
By rail: Wadakanchery (5 km)
Stay: Wadakanchery

പെരുവനം പൂരം


കേരളത്തെ അറുപത്തിനാലു ഗ്രാമങ്ങളായി വിഭജിച്ചതില്‍ ഏറ്റവും ശ്രേഷ്ഠമെന്ന വിശേഷണം ചാര്‍ത്തിക്കിട്ടിയ ഇടമാണ് പെരുവനം. കിഴക്ക് വിഷ്ണുക്ഷേത്രവും പടിഞ്ഞാറ് ഭദ്രകാളി-സുബ്രഹ്മണ്യ ക്ഷേത്രങ്ങളും വടക്ക് ശാസ്താ ക്ഷേത്രവും തെക്ക് ദുര്‍ഗാ ക്ഷേത്രവുമായി നിലകൊള്ളുന്ന പെരുവനം മഹാദേവക്ഷേത്രത്തിലാണ് പൂരം നടക്കുന്നത്. മേളത്തിന്റെ നാടാണ് പെരുവനം. 

4

കുട്ടന്‍മാരാരെപ്പോലുള്ള മേളവിദഗ്ധരുടെ കൈകളില്‍ നിന്ന് എത്തുന്ന നാദവിസ്മയമാണ് പെരുവനം പൂരത്തിന്റെ പ്രത്യേകത. തലയെടുപ്പുള്ള കൊമ്പന്‍മാരുടെ എഴുന്നള്ളത്തും പുലര്‍ച്ചെ വരെ നീണ്ടുനില്‍ക്കുന്ന പാണ്ടി, പാഞ്ചാരി മേളങ്ങളും ആസ്വദിക്കാന്‍ പൂരപ്രേമികള്‍ പെരുവനത്തെത്തുന്നു. 18 ദേവീദേവന്മാര്‍ പങ്കെടുക്കുന്ന പൂരമാണിത്. ആറാട്ടുപുഴ ശാസ്താവ്, ചേര്‍പ്പ് ഭഗവതി, ഊരകത്തമ്മതിരുവടി, ചാത്തക്കുടം ശാസ്താവ്, പിഷാരിക്കല്‍ ഭഗവതി എന്നിവരാണ് പൂരത്തില്‍ പങ്കെടുക്കുന്ന മുഖ്യര്‍. ആനകളുടെ അകമ്പടിയോടെ ഇവര്‍ കിഴക്കേ നടയിലേക്ക് എഴുന്നള്ളുന്നു. ശേഷിക്കുന്ന ദേവീദേവന്മാര്‍ ക്ഷേത്രത്തിനകത്താണ് പൂരം നടത്തുന്നത്. തലയെടുപ്പുള്ള ഏഴ് ആനകളെയാണ് പെരുവനം പൂരത്തിന് എഴുന്നള്ളിക്കുക. 

ദിവസം: മാര്‍ച്ച് 18

പ്രത്യേകത: വടക്കുന്നാഥ ക്ഷേത്രംപോലെ തന്നെ ഇവിടേയും പ്രതിഷ്ഠയായ ശിവന്‍ പൂരത്തില്‍ പങ്കെടുക്കുന്നില്ല. പുറത്തു നിന്നു വരുന്ന ദേവീദേവന്‍മാര്‍ നടത്തുന്ന പൂരമാണിത്. 
വഴി: തൃശ്ശൂര്‍ നഗരത്തില്‍ നിന്നും വെളിയന്നൂര്‍ -കൊക്കാല വഴി 12 കിലോമീറ്റര്‍ ദൂരമുണ്ട് പെരുവനം ക്ഷേത്രത്തിലേക്ക്. നഗരത്തില്‍ നിന്നും ചേര്‍പ്പ് ഭാഗത്തേക്ക് പോകുന്ന ബസില്‍ കയറിയാല്‍ പെരുവനത്ത് ഇറങ്ങാം. 

5

Peruvanam Pooram
Location: Peruvanam 
Mahadeva Temple, 
Cherpu- 12 km from 
Thrissur
Date: March 18
How to reach 
By road: Busses run to 
Cherpu from Thrissur, 
Irinjalakuda
By rail: Thrissur (12 km), Irinjalakuda (11 km)
Stay: 
Thrissur /Irinjalakuda

ആറാട്ടുപുഴ പൂരം


പെരുവനം പൂരം കഴിയുന്നതോടെ ആറാട്ടുപുഴ പൂരത്തിന് കൊടിയേറുകയായി. വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് എത്തുന്ന പൂരങ്ങള്‍ ആറാട്ടുപുഴ ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള വിശാലമായ പാടത്ത് അണിനിരക്കുന്നു. ആറാട്ടുപുഴ ശാസ്താവ് ആതിഥ്യം വഹിക്കുന്ന പൂരത്തില്‍ മുഖ്യാതിഥിയായി പരിഗണിക്കുന്നത് തൃപ്രയാര്‍ തേവരെയാണ്. അമ്പതില്‍പരം ആനകളുടെ എഴുന്നള്ളിപ്പും മന്ദാരക്കടവില്‍ നടക്കുന്ന ആറാട്ടുമെല്ലാമാണ് ഈ പൂരത്തിലെ പ്രധാന കാഴ്ചകള്‍. വിവിധദേശങ്ങളില്‍ നിന്ന് പൂരത്തിനെത്തിയ ദേവന്‍മാര്‍ ആറാട്ടുപുഴശാസ്താവിനോട് ഉപചാരം ചൊല്ലി പിരിഞ്ഞു പോകുന്നതോടെ ആറാട്ടുപുഴ പൂരത്തിന് കൊടിയിറങ്ങുകയായി. 

6

ദിവസം: മാര്‍ച്ച് 21

പ്രത്യേകത: തൃശ്ശൂര്‍ പൂരത്തിനേക്കാള്‍ പഴക്കമേറിയ പൂരമാണിത്.
വഴി: തൃശ്ശൂര്‍ നിന്നും ഊരകം വഴി 16 കിലോമീറ്റര്‍ ദൂരമുണ്ട് ആറാട്ടുപുഴയിലേക്ക്.

7

Arattupuzha Pooram

Location: Arattupuzha Sree Sastha Temple, Arattupuzha 16 km from Thrissur. 
Date: March 21
How to reach
By road: Busses run frequently from Thrissur and Irinjalakuda 
By rail: Thrissur (16 km), Irinjalakuda (9 km)
Stay: Thrissur /Irinjalakuda

പട്ടാമ്പി നേര്‍ച്ച

പാലക്കാടന്‍ മണ്ണിലെ വര്‍ണശബളമായ ആഘോഷങ്ങളിലൊന്നാണ് പട്ടാമ്പി നേര്‍ച്ച. മലബാറിലെ മുസ്ലീം പുണ്യ പുരുഷനായ ആളൂര്‍ വലിയ പൂക്കുഞ്ഞി കോയ തങ്ങളുടെ സ്മരണാര്‍ത്ഥമാണ് പട്ടാമ്പി നേര്‍ച്ച നടത്തുന്നത്. നിളയുടെ തീരത്ത് ആഘോഷത്തിന്റെ ദൃശ്യവിസ്മയമൊരുക്കുന്ന ഈ ആഘോഷത്തിന് ഒരുനൂറ്റാണ്ടിനപ്പുറം പഴക്കമുണ്ട്. 

8

ദിവസം: മാര്‍ച്ച് 6


വേദി: പട്ടാമ്പി പള്ളി
ചടങ്ങുകള്‍: പഞ്ചവാദ്യം, തായമ്പക, ആനകള്‍ സഹിതം ഘോഷയാത്ര.
വഴി: പാലക്കാട് ജില്ലയിലാണ് പട്ടാമ്പി. പട്ടാമ്പി റെയില്‍വേ സ്്‌റ്റേഷനില്‍ നിന്നും വളരെ അടുത്താണ് പള്ളി.
താമസം: പട്ടാമ്പിയില്‍ ചെറിയ ലോഡ്ജുകള്‍ ഉണ്ട്. 

Pattambi Nercha
Date: March 6
District: Palakkad
Venue: The Pattambi Mosque, Palakkad district.
Getting there
By rail: Pattambi, walking distance to the mosque.
By air: Coimbatore, in the neighbouring state of Tamil Nadu, about 55 km from Palakkad.

കൊങ്ങന്‍ പട

ചിറ്റൂര്‍, പഴയന്നൂര്‍ ഭഗവതിക്ഷേത്രങ്ങളിലായാണ് കൊങ്ങന്‍പട ആഘോഷിക്കുന്നത്. ചിറ്റൂരില്‍നിന്ന് ഒരുകിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണ് ഈ ക്ഷേത്രങ്ങള്‍. ചേരചക്രവര്‍ത്തി കോതരവിയുടെ ഭരണകാലത്ത് എ.ഡി. 918-ല്‍ കൊങ്ങരുടെ ഒരു പട ചിറ്റൂരില്‍ വന്നു. നെടുംപൊറൈയൂര്‍ മന്നന്‍ ഏറനാടിന്റെയും വള്ളുവനാടിന്റെയും പെരുമ്പടപ്പിന്റെയും സഹായത്താല്‍ കൊങ്ങന്‍പടയെ തിരിച്ചോടിച്ചു. 

9

ഇതിന്റെ ഓര്‍മയ്ക്കായാണ് കൊങ്ങന്‍പട. ചിറ്റൂരിനെ ആക്രമിക്കാന്‍ തുനിഞ്ഞ ചോളരാജാവിനെ ചിറ്റൂര്‍ ഭഗവതി മുടിച്ചതിന്റെ ഓര്‍മയായാണ് വിശ്വാസികള്‍ കൊങ്ങന്‍പട കൊണ്ടാടുന്നത്. കുംഭമാസത്തിലാണ് ഈ മഹോത്സവം. പ്രമാണക്കാര്‍ എന്നറിയപ്പെടുന്ന നാലു വീട്ടുകാരാണ് ഇത് നടത്തുന്നത്. കുംഭത്തിലെ കറുത്തവാവ് കഴിഞ്ഞ ബുധനാഴ്ച കണ്യാര്‍, വെള്ളിയാഴ്ച കുമ്മാട്ടി, തിങ്കളാഴ്ച കൊങ്ങന്‍പട എന്നീ ക്രമത്തിലാണ് ഉത്സവം. രാജാവാകുന്നത് ചെമ്പോട്ട് കുടുംബക്കാരാണ്. അച്ചോത്ത് കുടുംബക്കാര്‍ മന്ത്രിയാവുന്നു. കൊങ്ങനാവാനുള്ള അവകാശം ചിറ്റോത്ത് വീട്ടുകാര്‍ക്കാണ്. യുദ്ധം കഴിഞ്ഞ് ദേവി വാളു കഴുകിവെച്ച പാറ, വാളുവെച്ചപാറ എന്നറിയപ്പെടുന്നു. വാളുവെച്ച അടയാളം പാറയിലുണ്ട്. ഉത്സവത്തിന് ഈ സ്ഥലങ്ങളെല്ലാം പങ്കെടുക്കുന്നു. കഥയും ചരിത്രവും ആചാരങ്ങളുമെല്ലാം മേളിക്കുന്ന ഉത്സവമാണിത്. 

10

ദിവസം: മാര്‍ച്ച് 21


വഴി: ചിറ്റൂര്‍ക്കാവിലും പഴയന്നൂര്‍കാവിലുമായാണ് കൊങ്ങന്‍പട നടക്കുന്നത്. പാലക്കാട്ടുനിന്ന് 18 കിലോമീറ്റര്‍ അകലെയാണ് ഇവ. പാലക്കാട് ടൗണില്‍നിന്ന് ചിറ്റൂരിലേക്ക് ബസ് മാര്‍ഗം എത്താം. 

11

Konganpada


Location: 18 km from Palakkad 
Date: March 21
How to Reach
By bus: Buses run to Chittur from Palakkad town
By rail: Palakkad Junction (20km)
By air: Coimbatore (66 km)
Stay: Palakkad

ആലുവ ശിവരാത്രി

വര്‍ഷംതോറും മണപ്പുറം മഹാദേവക്ഷേത്രത്തിലാണ് ശിവരാത്രി ആഘോഷം നടക്കുക. ശിവരാത്രി ദിനത്തില്‍ ആലുവ മണപ്പുറത്ത് ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരും. വ്രതാനുഷ്ഠാനത്തോടെ പഞ്ചാക്ഷരിമന്ത്രംകൊണ്ട് ഭക്തിസാന്ദ്രമായ മണപ്പുറത്ത് പുലരുവോളം ഉറക്കമിളച്ച് ബലിതര്‍പ്പണം നടത്തി അവര്‍ തിരിച്ചു പോകും. പെരിയാറിന്റെ തീരത്ത് ഒരുക്കിയ ബലിത്തറകളിലാണ് തര്‍പ്പണച്ചടങ്ങുകള്‍ നടക്കുക. 

12

ദിവസം: മാര്‍ച്ച് 7
വഴി: ആലുവയില്‍ നിന്ന് 3 കിലോമീറ്റര്‍ ദൂരമേയുള്ളൂ ശിവരാത്രി ആഘോഷം നടക്കുന്ന മണപ്പുറം മഹാദേവക്ഷേത്രത്തിലേക്ക്. 

Aluva Sivarathri
Location: 3 k.m. from Aluva
Date: March 7
How to Reach
By Bus: Aluva is well connected to all major cities by road. Manappuram Mahadeva temple is located near to the town (3 km)
By rail: Aluva (4 km)
By air: Cochin International Airport (10 km)
Stay: Aluva, Hotel Periyar -0484 262 5024, Hotel Sunny’s -0484 262 2025

ചെട്ടികുളങ്ങര

കെട്ടുകാഴ്ച എന്ന ശൈലി, ഉള്‍ക്കാമ്പില്ലാത്ത പ്രകടനം എന്ന അര്‍ഥത്തില്‍ മലയാളത്തില്‍ ധാരാളം ഉപയോഗിക്കാറുണ്ട്. ഐതിഹ്യകഥകള്‍ക്കുമപ്പുറം ചരിത്രത്തിന്റെ ഏടുകളിലേക്കുകൂടി പടര്‍ന്നുകിടക്കുന്ന ഉള്‍ക്കാമ്പുള്ള ആഘോഷമാണ് കെട്ടുകാഴ്ചകള്‍.

കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ ഒരുക്കുന്ന ഉത്സവച്ചമയങ്ങളാണ് കെട്ടുകാഴ്ച. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് പ്രധാനമായും ഈ ആഘോഷം. കൃഷിയിടങ്ങളെല്ലാം ഉണങ്ങിക്കിടക്കുന്ന മകരം, കുഭം, മീനം മാസങ്ങളാണ് കെട്ടുകാഴ്ചക്കാലം.

13

കെട്ടുകാഴ്ചയിലെ പ്രധാന ആകര്‍ഷണം കുതിരകള്‍ എന്നറിയപ്പെടുന്ന വലിയ രൂപങ്ങള്‍ തന്നെ. കുതിര എന്നുപേരുണ്ടെങ്കിലും ഇത് നേപ്പാളിലെ ക്ഷേത്രങ്ങളെ ഓര്‍മിപ്പിക്കുന്ന വലിയ 'പഗോഡ'കളാണ്. മധ്യകേരളത്തില്‍ ഉണ്ടായിരുന്ന ബുദ്ധമത സ്വാധീനത്തില്‍ നിന്നാണ് ഈ ആഘോഷം ഉണ്ടായതെന്ന് കരുതാം. വലുപ്പത്തില്‍ ഉണ്ടാക്കുന്ന കാളകളുടെ രൂപങ്ങളും കെട്ടുകാഴ്ചകളില്‍ കാണാം. പുരാണ കഥാപാത്രങ്ങളുടെ രൂപങ്ങളും ഒരുക്കാറുണ്ട്.

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഭരണിയുത്സവത്തോടനുബന്ധിച്ചാണ് കേരളത്തില്‍ ഏറ്റവും വലിയ കെട്ടുകാഴ്ച ഒരുക്കുന്നത്. 15 മീറ്ററിലധികം ഉയരമുണ്ടാവും ഇവിടെ ഒരുക്കുന്ന രൂപങ്ങള്‍ക്ക്. ദേശത്തെ പതിമ്മൂന്ന് കരക്കാരും ഒരുക്കുന്ന രൂപങ്ങള്‍ ഒരുമിച്ച് അണിനിരത്തുമ്പോള്‍ അത് കേരളക്കരയ്ക്ക് അത്യപൂര്‍വമായ ഒരു ദൃശ്യവിരുന്നാണ് സമ്മാനിക്കുക. യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ചെട്ടികുളങ്ങരയിലെ കെട്ടുകാഴ്ചയുടെ പ്രാഥമിക വിവരങ്ങള്‍ അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. 

ചെട്ടികുളങ്ങര

പ്രത്യേകത: കൂറ്റന്‍ കെട്ടുകാഴ്ചകള്‍
ദിവസം: മാര്‍ച്ച് 13
വഴി: കായംകുളത്തു നിന്നും മാവേലിക്കരയില്‍ നിന്നും ചെട്ടികുളങ്ങരയ്ക്കുള്ള ബസ്സുകള്‍ കിട്ടും. പ്രധാന റെയില്‍വേ സ്റ്റേഷനുകളും കായംകുളവും മാവേലിക്കരയുമാണ്. കായംകുളത്തു നിന്നും 7 കി.മി. ദൂരം. മാവേലിക്കരയില്‍ നിന്നും 5 കി.മി. 

Chettikulangara Bharani

Location: Chettikulangara temple, Mavelikkara  5km from Mavelikkara
Date: March 13
How to reach 
By road: Buses are available from Mavelikkara and Kayamkulam 
By rail: Mavelikkra (05Km) Kayamkulam(07km) 
Stay: Mavelikkara/Kayamkulam

കൊറ്റംകുളങ്ങര ചമയവിളക്ക്

മീനത്തിലെ പത്തും പതിനൊന്നും. കൊറ്റംകുളങ്ങര ദേവീക്ഷേത്രസന്നിധി മറ്റൊരുലോകമാവുന്നു. വാലിട്ട് കണ്ണെഴുതി, പൊട്ടുതൊട്ട്, ആടയാഭരണവിഭൂഷിതരായി സുന്ദരികളെ നാണിപ്പിക്കുന്ന സുന്ദരാംഗനമാരെക്കൊണ്ട് ക്ഷേത്രമുറ്റം നിറയുന്നു. എല്ലാ സഞ്ചാരപഥങ്ങളും കൊറ്റംകുളങ്ങരയിലേക്ക് നീളുന്നു. വിദേശികള്‍ വേറെയും. ഈ ഉത്സവം പുരുഷാംഗനമാരുടെതാണ്.

അപൂര്‍വമായ ആചാരവൈവിധ്യംകൊണ്ട് ലോകശ്രദ്ധയിലെത്തിയ കൊറ്റംകുളങ്ങര ദേവീക്ഷേത്രം കൊല്ലം ആലപ്പുഴ ദേശീയപാതയോരത്ത് ചവറയ്ക്കടുത്താണ്. അരയാലും ഇലഞ്ഞിയും കാഞ്ഞിരവും തണലൊരുക്കുന്ന അമ്പലപരിസരം. ഉത്സവ വിഭവങ്ങള്‍ക്കു പുറമെ മേക്കപ്പ് റൂമുകളും സ്റ്റുഡിയോകളും കൂണുപോലെ മുളച്ചുപൊന്തുന്നു. എത്രയോ ചമയക്കാരിരുന്ന് ആണുടലുകളില്‍ പെണ്ണഴക് വിടര്‍ത്തുന്നു. വേഷം കെട്ടിയാല്‍ അതിന്റെ ഓര്‍മ നിലനിര്‍ത്താന്‍ ഫോട്ടോ വേണം. എടുത്താല്‍ ഉടന്‍ കിട്ടുന്ന ഫോട്ടോയുമായി താത്കാലിക സ്റ്റുഡിയോകള്‍ നിരന്നിരിക്കുന്നത് അതിനാണ്. 

12

ഈ ക്ഷേത്രാചാരത്തിന് പിന്നിലൊരു കഥയുണ്ട്. ക്ഷേത്രം നിന്നിരുന്ന ഇവിടം പണ്ട് കാടുപിടിച്ച് കിടക്കുകയായിരുന്നു. സമീപവാസികളായ കുട്ടികള്‍ കാലിമേയ്ക്കുമ്പോള്‍ ഒരു തേങ്ങ വീണുകിട്ടി. ഭൂതക്കുളത്തിനു തെക്ക് കിഴക്ക് ഉയര്‍ന്നിരുന്ന കല്ലില്‍വെച്ച് അത് പൊതിക്കുമ്പോള്‍ ലോഹകഷണം കല്ലില്‍ തട്ടി. കല്ലില്‍ നിന്ന് ചോര പൊടിഞ്ഞു. പരിഭ്രാന്തരായ കുട്ടികള്‍ മുതിര്‍ന്നവരെ വിവരം അറിയിച്ചു.

നാട്ടുപ്രമാണിയുടെ നേതൃത്വത്തില്‍ പ്രശ്‌നം വെച്ചപ്പോള്‍ ശിലയില്‍ സ്വാത്വിക ഭാവത്തിലുള്ള വനദുര്‍ഗ കുടികൊള്ളുന്നുവെന്നും നാടിന്റെയും നാട്ടാരുടെയും ഐശ്വര്യത്തിനുവേണ്ടി ക്ഷേത്രംനിര്‍മിക്കണമെന്നും കാണാന്‍ കഴിഞ്ഞു. അന്നേ ദിവസം മുതല്‍ നാളികേരം ഇടിച്ചുപിഴിഞ്ഞ് ദേവിക്ക് നിവേദ്യമായി നല്‍കി. കാനനപ്രദേശമായതിനാല്‍ പെണ്‍കുട്ടികള്‍ ഈ വഴി പോകാന്‍ ഭയപ്പെട്ടിരുന്നു. അതിനാലാണ് കുമാരന്മാര്‍ ബാലികമാരായി വേഷമണിഞ്ഞ് ദേവിയുടെ മുന്നില്‍ വിളക്കെടുത്തത്. അതിന്റെ തുടര്‍ച്ചയാണ് ഈ ചമയവിളക്ക്. 

13

മറ്റ് നാടുകളില്‍ ജോലി ചെയ്യുന്ന കൊറ്റംകുളങ്ങരക്കാര്‍ ഓണത്തിന് വന്നില്ലെങ്കിലും ചമയവിളക്കിന് വരാന്‍ മറക്കാറില്ല. കൗതുകകാഴ്ചകളില്‍ പ്രിയം കണ്ടെത്തുന്ന സഞ്ചാരികളും അമ്മയുടെ ശക്തിയില്‍ എല്ലാം അര്‍പ്പിക്കുന്ന വിശ്വാസികളുമാണ് ഇവിടെയെത്തുന്നത്.

ദിവസം: മീനം പത്തും പതിനൊന്നും (മാര്‍ച്ച് 23, 24).

പ്രധാന ചടങ്ങുകള്‍: പെണ്‍വേഷം കെട്ടി ചമയവിളക്കുമെടുത്ത് കുഞ്ഞാലുംമൂട്ടില്‍നിന്ന് ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ വിളക്കുമായി നിന്ന്, എഴുന്നള്ളി വരുന്ന ദേവിയില്‍നിന്ന് അനുഗ്രഹം വാങ്ങുക. 
കുരുത്തോല പന്തലൊരുക്കുക. ദിവ്യശിലയ്ക്കു ചുറ്റും കുരുത്തോല പന്തല്‍കെട്ടി വിളക്കുവെച്ചതിന്റെ ഓര്‍മയ്ക്കായാണ് ഇന്നും ഉത്സവകാലത്ത് കുരുത്തോല പന്തലൊരുക്കുന്നത്. അതും കാണേണ്ടൊരു കാഴ്ചയാണ്. നാലുകരക്കാരുടെയും കെട്ടുകാഴ്ചകള്‍ ഉണ്ടാവാറുണ്ട്. വിളക്കിനു മുന്നോടിയായി കാര്‍ഷിക വിഭവങ്ങള്‍ ദേവിക്ക് സമര്‍പ്പിക്കുന്ന അന്‍പൊലിപ്പറയുമുണ്ട്.

വഴി: തിരുവനന്തപുരം-കൊല്ലം ദേശീയപാതയോരത്ത് ചവറയ്ക്കടുത്ത് കൊറ്റംകുളങ്ങര. കൊല്ലത്തുനിന്ന് 17 കി.മീ. കരുനാഗപ്പളളിയില്‍നിന്ന് 10കി.മി. കൊല്ലം റെയില്‍വേ സ്റ്റേഷനിലോ കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനിലോ ഇറങ്ങി ബസ്സ് മാര്‍ഗം പോവാം. തിരുവനന്തപുരം, കൊല്ലം, കരുനാഗപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളില്‍നിന്നെല്ലാം നേരിട്ട് ബസ്സിനു പോവാം. സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളാണെങ്കില്‍ ചവറ ഇറങ്ങി ലോക്കല്‍ ബസ്സുകള്‍ക്ക് ക്ഷേത്രത്തിനടുത്തിറങ്ങാം. ചവറയില്‍നിന്ന് ഒരു കിലോമീറ്ററില്‍ താഴെയേ ദൂരമുള്ളൂ. 

താമസം: കൊല്ലത്തോ കരുനാഗപ്പളളിയിലോ താമസിക്കാം. ചവറയില്‍ കുറഞ്ഞ ചെലവില്‍ താമസിക്കാവുന്ന ഒന്നു രണ്ടു ഹോട്ടലുകളേയുള്ളൂ. തട്ടാശ്ശേരിയിലെ വിജയ പാലസ് ത്രീസ്റ്റാര്‍ സൗകര്യമുള്ളതാണ്. കരുനാഗപ്പള്ളിയാണ് താമസിക്കാന്‍ പറ്റിയ മറ്റൊരു സ്ഥലം. 

Kottankulangara


Location: 18 k.m. from Kollam
Date: March 23, 24
How to Reach
By road: Buses are available from Kollam/Karunagappalli. Get down at Kottankulangara on NH 47.
By rail: Kollam (17 k.m.) 
By air: Thiruvananthapuram International Airport, (85 km). 
Stay: Kollam/Karunagappalli/Chavara. 
Kollam STD: 0474
Karunagappalli STD: 0476
Hotel Comfort Regency Knpy  2625088 œ Hotel New Excellency  2620749 œ Hotel Khans Tower  2620348, 2620849 œ Club Mahindra Resorts  0476-2882310 œ Regant Lake Palce  0476 3045555 œ Regant Lake Village  0476 3045555, 3045500 œ Adithya Lakeside Resort  0476-3252190 œ Valiyavila Family Estate  9847132449 œ The Raviz Kollam Resort  2751111 œ Kodiyil Residency  3018030 œ Hotel Sha International  2742362 œ Beach Orchid  0474-2769999 œ KTDC Tamarind Easy Hotel  2745538 œ Fragrant Nature Retreat &Resort  2518020 œ Nani Hotels & Resorts  2751141 œ Hotel Sudarsan  2744322 œ Nila Palace Luxury Hotel  2529301 œ Kollam Beach Retreat  2763793 œ Hotel Railview  2741225 œ Hotel Ramakamal Residency Kollam `525-850  2768101 œ Govt. Guest House Asramam  2743620 œ Royal Palace Parimanom  0476-2682626 
Nearby attractions: Kollam Ashtamudi Backwater œ Vallikkavu Amruthanandamayi madom œ Mantro Thuruthu œ Sasthamkotta Lake