ങ്ങള്‍ 12 പേര്‍ ബദ്രിനാഥിലേക്കുള്ള യാത്ര തുടങ്ങി. ഹരിദ്വാറില്‍നിന്ന് ബദ്രിനാഥിലേക്കുള്ള 320 കിലോമീറ്ററോളം ദൂരം താണ്ടാന്‍ ഏകദേശം 15 മണിക്കൂറില്‍ കൂടുതല്‍ എടുക്കും. ടെമ്പോട്രാവലറിന്റെ മുന്‍സീറ്റില്‍ തന്നെ ഇടംപിടിച്ചു. ചിരിക്കാന്‍ വളരെ മടിയുള്ള അല്പം മുന്നോട്ടാഞ്ഞ് സ്റ്റിയറിങ്ങില്‍ അള്ളിപ്പിടിച്ച് മുന്നിലെ റോഡില്‍ മാത്രം ശ്രദ്ധിച്ചിരുന്ന് വണ്ടിയോടിക്കുന്ന ശേഖര്‍ജിയുമായി സൗഹൃദം പങ്കിടാന്‍ ഉള്ള ശ്രമങ്ങള്‍ തുടക്കത്തിലെ പരാജയപ്പെട്ടു. ഹരിദ്വാറില്‍നിന്ന് ഏകദേശം 25 കിലോമീറ്റര്‍ പിന്നിട്ട് ഋഷികേശില്‍ എത്തി.

വെളുപ്പിനുള്ള മഞ്ഞില്‍ മുങ്ങിനില്‍ക്കുന്ന രാം ത്ധൂലെയും ലക്ഷ്മണ്‍ ത്ധൂലെയും കടന്ന് മുന്നോട്ടു പോകുന്തോറും വഴിയില്‍ തിരക്ക് കുറഞ്ഞുതുടങ്ങി. ഒരു മലയില്‍നിന്ന് അടുത്ത മലയിലേക്ക് പിന്നെ മറ്റൊന്നിലേക്ക് അങ്ങനെ വളഞ്ഞുപുളഞ്ഞ് പോകുന്ന വഴികള്‍. കൂട്ടായി ഗംഗാനദിയും, ചിലപ്പോള്‍ അടുത്ത്, ചിലപ്പോള്‍ വളരെ അടിയില്‍ ചിലപ്പോള്‍ അങ്ങകെല മലകള്‍ക്ക് വലംവെച്ച് കടുംപച്ച നിറത്തില്‍ ഒഴുകികൊണ്ടിരിക്കുന്നു. ചെറിയൊരു പ്രഭാതഭക്ഷണത്തിനുശേഷം ശിവപുരിയില്‍ സപ്തര്‍ഷികളില്‍ ഒരാളായ വസിഷ്ഠമുനി ധ്യാനിച്ചിരുന്ന വസിഷ്ഠകേവ് കാണാനിറങ്ങി.

റോഡില്‍നിന്ന് ചെറിയ വഴിയിലൂടെ താഴേക്കിറങ്ങി ഇടതുവശത്തായി കുറച്ച് പശുക്കളും അവയ്ക്കുള്ള ഷെഡ്ഡുകളും അവിടത്തെ അന്തേവാസികള്‍ക്ക് താമസിക്കാനുള്ള വീടുകളും ഉണ്ട്. കുറച്ചുകൂടി മുന്നോട്ട് നടന്നാല്‍ ഗുഹാകവാടത്തില് എത്താം. കുത്തനെ ഉയര്‍ന്നുനില്‍ക്കുന്ന പാറക്കെട്ടുകള്‍ക്ക് കീഴെ പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന അത്തിമരത്തിന് ചുവട്ടിലായി ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ ചെറിയ ഒരു മണ്ഡപം. മണ്ഡപത്തിന്റെ ഉള്ളിലേക്ക് കടന്നാല്‍ ഒരു ഭാഗം ഗ്രില്‍ ഇട്ട് അടച്ചിരിക്കുന്നു, ചെറിയൊരു വാതിലും കാണാം. ഉച്ചവരെയെ ഗുഹയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

വാതിലിലൂടെ അകത്തേക്ക് കയറിയാല്‍ മുന്നില്‍ ഇരുട്ടു മാത്രം. മുന്നോട്ട് സൂക്ഷിച്ച് നടന്നില്ലെങ്കില്‍ തല മുകളില്‍ ഇടിക്കും അകത്തേക്ക് കടന്നാല്‍ ഇരുട്ടിന്റെ അറ്റത്ത് എണ്ണവിളക്കിന്റെ പ്രകാശത്തില്‍ ശിവലിംഗം കാണാം. എണ്ണയുടെയും പുഷ്പങ്ങളുടെയും ചെറിയ സുഗന്ധം പരക്കുന്ന ശാന്തമായ അന്തരീക്ഷം നമ്മുടെ മനസ്സിനെയും ശരീരത്തെയും വിവരണാതീതമായ ഒരു അനുഭൂതിയില്‍ എത്തിക്കും. 

തിരക്കില്ലെങ്കില്‍ സന്ദര്‍ശകര്‍ക്ക് കുറച്ചുനേരം ഗുഹയിലിരുന്ന് ധ്യാനിക്കാം. ശിവലിംഗത്തിന് പുറകില്‍ ഗുഹയ്ക്ക് ഇനിയും നീളമുണ്ടെന്ന് പറയപ്പെടുന്നു. ഗുഹയില്‍നിന്ന് പുറത്തിറങ്ങി ഗംഗാതീരത്തേക്ക് നടക്കാം, ഉരുളന്‍കല്ലുകള്‍ നിറഞ്ഞ തീരത്ത് കൂടെ നടന്ന് അരുന്ധതി ഗുഹയും കണ്ട് ഞങ്ങള്‍ ഗംഗയിലേക്ക് ഇറങ്ങി. അകലെനിന്ന് നോക്കുമ്പോള്‍ പച്ചനിറമാണെങ്കിലും അടുത്തെത്തിയപ്പോള്‍ നല്ല തെളിഞ്ഞവെള്ളം. ആ തണുപ്പിലും ഒന്ന് മുങ്ങിക്കുളിക്കാതിരിക്കാന്‍ ആ തെളിനീരുവെള്ളം ഞങ്ങളെ അനുവദിച്ചില്ല. നല്ലൊരു കുളിയും കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചുകയറി യാത്ര തുടങ്ങി.

കുറച്ചുകഴിഞ്ഞപ്പോള്‍ വണ്ടികള്‍ നിരനിരയായി കിടക്കുന്നു. റോഡ് ബ്ലോക്ക് ആണ്. ഹരിദ്വാര്‍ബദരിനാഥ് റൂട്ടില്‍ ഉടനീളം പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏകദേശം 30 മിനിറ്റോളം അവിടെ കിടന്നു. പിന്നീടങ്ങോട്ട് പല സ്ഥലങ്ങളിലും ഇതുപോലെ ബ്ലോക്കുണ്ടായിരുന്നു. ഹിറ്റാച്ചികളും ജെ.സി.ബി.കളും ഉപയോഗിച്ച് മലയിടിച്ച് റോഡിന് വീതി കൂട്ടുന്ന പണിയാണ് എങ്ങും.  ചിതറിക്കിടക്കുന്ന പാറകളും തകര്‍ന്ന റോഡും രൂക്ഷമായ പൊടിയും തുടര്‍ന്നുള്ള യാത്രയുടെ വേഗം കുറച്ചു. പിന്നീട് എത്തിയത് ദേവപ്രയാഗിലാണ്. രണ്ട് പുഴകള്‍ സംഗമിക്കുന്ന സ്ഥലമാണ് പ്രയാഗ് എന്നറിയപ്പെടുന്നത്. ബദ്രിനാഥ് യാത്രയില്‍ അത്തരം അഞ്ച് പ്രധാനപ്പെട്ട പ്രയാഗുകള്‍ നമുക്ക് കാണാന്‍ കഴിയും ഇവ പഞ്ചപ്രയാഗ് എന്നറിയപ്പെടുന്നു. ദേവപ്രയാഗ്, രുദ്രപ്രയാഗ്, കര്‍ണപ്രയാഗ്, നന്ദപ്രയാഗ്, വിഷ്ണുപ്രയാഗ്, എന്നിവയാണവ.

ദേവപ്രയാഗില്‍വെച്ചാണ് അളകനന്ദയും ഭഗീരഥിയും ഒന്നിച്ച് ഗംഗയായി ഒഴുകിത്തുടങ്ങുന്നത്. റോഡരികില്‍നിന്ന് ദേവപ്രയാഗിന്റെ ഏരിയല്‍ വ്യൂ കാണാന്‍ സാധിക്കുന്ന ഒരു വ്യൂ പോയിന്റ് ഉണ്ട്. റോഡില്‍നിന്ന് അല്പം താഴോട്ടിറങ്ങി അളകനന്ദയ്ക്ക് കുറുകെയുള്ള തൂക്കുപാലത്തിലൂടെ മറുകര കടന്ന് വീണ്ടും താഴേക്കിറങ്ങി നദീസംഗമസ്ഥാനത്ത് ദേഹശുദ്ധി വരുത്തി അവിടത്തെ കല്‍പ്പടവുകളില്‍ തണുത്ത കാറ്റേറ്റ് അല്പനേരം ഇരുന്നു. പിന്നീട് മുകളിലേക്കുള്ള പടവുകള്‍ കയറി രഘുനാഥ്ജി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ആദിശങ്കരനാണ് ഈ ക്ഷേത്രവും നിര്‍മിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു.

മുന്നോട്ടു പോകുന്തോറും യാത്ര കൂടുതല്‍ ദുഷ്‌കരമാവുകയായിരുന്നു ബ്ലോക്കുകളും റോഡിന്റെ അവസ്ഥയും യാത്രയുടെ ദൈര്‍ഘ്യം കൂട്ടിക്കൊണ്ടിരുന്നു ബദ്രിനാഥ് റൂട്ടിലുള്ള നല്ലൊരു ടൗണ്‍ഷിപ്പായ ശ്രീനഗറും കടന്ന് വൈകീട്ടോടെ രുദ്രപ്രയാഗില്‍ എത്തി. വൈകീട്ട് കോട്ടേശ്വര്‍ മഹാദേവക്ഷേത്രത്തില്‍ തൊഴുത് കുറച്ചുനേരം അളകനന്ദയുടെ തീരത്ത് വിശ്രമിക്കാം. ഹരിദ്വാറില്‍നിന്ന് 170 കിലോമീറ്ററാണ് അന്ന് യാത്ര ചെയ്തത്. രാത്രിയാകും തോറും തണുപ്പ് കൂടിവരുന്നു. പിറ്റേന്ന് അതിരാവിലെ യാത്ര തുടങ്ങേണ്ടതുണ്ട് എന്നതുകൊണ്ടും യാത്രയുടെ ക്ഷീണം കാരണവും എല്ലാവരും പെട്ടെന്നുതന്നെ അവനവന്റെ ബ്ലാങ്കറ്റിനുള്ളിലേക്ക് വലിഞ്ഞു.

മാതൃഭൂമി യാത്രയില്‍ ബിനോയ് മാരിക്കല്‍ എഴുതിയ യാത്രാ വിവരണത്തില്‍ നിന്നും. കൂടുതല്‍ വായനയ്ക്കും ഫോട്ടോകള്‍ക്കും യാത്രയുടെ പുതുവത്സരപ്പതിപ്പ് ഇന്നു തന്നെ സ്വന്തമാക്കൂ.

cover
യാത്ര ഓണ്‍ലൈനായി വായിക്കാം

Content Highlights: Badrinath Temple, Mathrubhumi Yathra