മാസങ്ങള്‍ നീണ്ട ദേവപൂജയ്ക്കു ശേഷം മെയ് ആറിന് ബദരിനാഥ് ക്ഷേത്ര നട ഭക്തജനങ്ങള്‍ക്കായി തുറക്കും. വൃശ്ചികമാസത്തിലെ ആദ്യ പൂജയോടെ, മാസങ്ങളോളം കെടാതെ കത്തിനില്‍ക്കുന്ന അഖണ്ഡജ്യോതി തെളിയിച്ച ശേഷം നടയടച്ച ക്ഷേത്രം, അക്ഷയത്രിദീയ കഴിഞ്ഞുള്ള ശുഭദിനത്തിലാണ് തുറക്കുക. മാസങ്ങളോളം ഇന്ത്യന്‍ സൈന്യത്തിന്റെ കാവലിലായിരുന്ന ക്ഷേത്രത്തിലേക്ക് ഇനി ലോകമെമ്പാടു നിന്നുള്ള ഭക്തജനങ്ങള്‍ ഒഴുകിയെത്തും.

പുലര്‍ച്ചെ 4.15-ന് വിപുലമായ ചടങ്ങുകളോടെയാവും നട തുറക്കുകയെന്ന് ബദരിനാഥ്-കേദാര്‍നാഥ് ക്ഷേത്ര സമിതി അറിയിച്ചു. അതിശൈത്യത്തിന് മുന്നോടിയായി എല്ലാവര്‍ഷവും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ക്ഷേത്രം അടയ്ക്കുക. 

Badrinath temple
മഞ്ഞുമൂടിയ ബദരിനാഥ്
Badrinath temple
മഞ്ഞുമൂടിയ ബദരിനാഥ്

പ്രത്യേക ഔഷധ കൂട്ടുകളോടുള്ള നെയ്യാണ് ആറ് മാസം കെടാതെ കത്തിനില്‍ക്കുന്ന അഖണ്ഡജ്യോതിക്കായി ഉപയോഗിക്കുന്നത്. ബദരിനാഥിനടുത്തുള്ള മന ഗ്രാമത്തിലെ പാരമ്പര്യ അവകാശമുള്ള കുടുംബമാണ് ഔഷധകൂട്ടുകള്‍ ഒരുക്കുന്നത്.

Badrinath Temple Uttarakhand
ഫോട്ടോ ആര്‍.വി. മധു

ബദരി പ്രതിഷ്ഠയെ ആറുമാസം കമ്പിളികൊണ്ട് മൂടിയാണ് പിന്നീട് കാക്കുന്നത്. മന ഗ്രാമത്തിലെ നെയ്ത്തുകാര്‍ കൈ കൊണ്ട് തുന്നിയ കമ്പളിയാണ് ഇതിനായി ഉപയോഗിക്കുന്നത്. അടയ്ക്കുന്ന ശ്രീകോവിലിനുള്ളില്‍ പൂജാ സാമഗ്രികളും ഒരുക്കിവെയ്ക്കും. ആറ് മാസം പൂജനടത്താനെത്തുന്ന നാരദ മഹര്‍ഷിക്ക് വേണ്ടി സൗകര്യമൊരുക്കുന്നു എന്നതാണ് ഇതിന്റെ സങ്കല്പം.

Badrinath Temple Uttarakhand
 ബദരിനാഥിലെ റാവല്‍ ഈശ്വര പ്രസാദ് നമ്പൂതിരി ഫോട്ടോ ആര്‍.വി. മധു

ക്ഷേത്രം അടക്കുന്നതിന്റെ മുന്നോടിയായി ക്ഷേത്രത്തിനകത്തെ ഉദ്ധവന്റേയും കുബേരന്റേയും പ്രതിഷ്ഠകള്‍ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുവരും. ഇനിയുള്ള ആറു മാസം ബദരിയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെയുള്ള പാണ്ഡുവേശ്വര ഗ്രാമത്തിലാകും ഇരുപ്രതിഷ്ഠകള്‍ക്കും പൂജ നടക്കുക.

ക്ഷേത്രം തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് വസന്തപഞ്ചമി ദിനത്തിലാണ്. അക്ഷയത്രിദീയ കഴിഞ്ഞുള്ള ശുഭദിനത്തിലാകും ക്ഷേത്രം തുറക്കുക.

ബദരിയിലെ പ്രതിഷ്ഠക്ക് വിശേഷതകള്‍ ഏറെയാണ്. മഹാപത്മാസനത്തില്‍ നാല് കൈകളോടെയാണ് നാരായണരൂപം. രണ്ട് കൈകള്‍ പത്മാസനത്തില്‍, ഒരു കൈയില്‍ ജപമാല, മറ്റൊന്നില്‍ കമണ്ഡലു. ഓരോ ദര്‍ശനവും പൂജയും പകര്‍ന്നു നല്‍കുന്നത് അനര്‍വജനീയമായ അനുഭൂതിയാണെന്ന് റാവല്‍ വര്‍ണിക്കുന്നു.

പുലര്‍ച്ചെ 3.30-ന് നടതുറക്കും. നാലു മണിക്ക് അഭിഷേകം. തുടര്‍ന്ന് ഉഷ പൂജ, 12 മണിക്ക് ഉച്ച പൂജ. വൈകിട്ട് വിശേഷാല്‍ അര്‍ച്ചന, അഞ്ചു മണിക്ക് ദീപാരാധന, രാത്രി പത്ത് മണിയോടെ ശയനാര്‍ത്തി. ഗീതാഗോവിന്ദം ചൊല്ലിയാണ് ഭഗവാനെ ഉറക്കുന്നത്. എല്ലാം ശങ്കരാചാര്യര്‍ ചിട്ടപ്പെടുത്തിയത് അനുസരിച്ചു തന്നെ.

റാവല്‍ എന്നാണ് ക്ഷേത്രത്തിലെ പ്രധാനപൂജാരി അറിയപ്പെടുന്നത്. കണ്ണൂര്‍ പിലാത്തറ വടക്കേചന്ദ്രമന ഇല്ലത്തെ ഈശ്വര പ്രസാദ് നമ്പൂതിരിയാണ് ബദരിനാഥിലെ റാവല്‍.