അനുപമമായ കലാചാതുര്യത്തിന്റെ കേദാരമാണ് സോമനാഥപുര. ശിലയില്‍ അംഗോപാംഗം കവിത വിരിയുന്ന വിസ്മയം...

സോമനാഥപുര സുന്ദരിയായ ഒരു മദനികയെപ്പോലെയാണ്. എത്ര കണ്ടാലും, എത്ര ആസ്വദിച്ചാലും മതിവരാത്ത, അറിയും തോറും അത്ഭുതം തരുന്ന അംഗോപാംഗ സൗകുമാര്യം. ബേലൂരിനും, ഹലെബീഡുവിനും ഒപ്പം ചേര്‍ത്തുവായിക്കേണ്ട സൗന്ദര്യകാവ്യം.  ഉത്തുംഗഗാഭീര്യം വഴിയുന്ന ചോളപാണ്ഡ്യ കലാനിര്‍മ്മിതികള്‍ക്കും പല്ലവരുടെ രഥശില്‍പ്പശൈലികള്‍ക്കും കാഴ്ച്ചവെക്കാനാവാത്ത അനുപമവും അതേ സമയം സങ്കീര്‍ണ്ണവുമായ ഹോയ്‌സാല കലാശൈലി. കല്ലിന്റെ ഓരോ മാത്രയിലും കവിത ചാലിക്കുന്ന ശില്‍പ്പമഞ്ജരി.

 

Somanathapura

 

സൂക്ഷ്മ ശില്‍പ്പകലയുടെ സൗന്ദര്യശാസ്ത്രം രചിക്കപ്പെട്ടത് സഹ്യാദ്രിയുടെ പടവുകളിലുറങ്ങുന്ന ദക്ഷിണ കാനറയിലാണെന്ന് പറയാം. പ്രായേണ ശാന്തി നിറഞ്ഞ ഹൊയ്‌സാലരുടെ ഭരണകാലത്ത് (1026-1343), ബൃഹത്തല്ലെങ്കിലും അടിമുടി ശില്‍പ്പാഭരണസമൃദ്ധമായ ക്ഷേത്രങ്ങള്‍ അവിടെ ഉയര്‍ന്നു .  ചോളനാട്ടില്‍ നിന്നും  ബാദാമിയില്‍ നിന്നും വന്ന് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച ദേവശില്‍പ്പികള്‍ ആ രാജപരമ്പരയുടെ യശ്ശസ്സ് അനശ്വരമാക്കി. എന്നാല്‍ മറ്റു ശില്‍പ്പികളെ പോലെ  അവര്‍  അജ്ഞാതരായി മറഞ്ഞു പോയില്ല. 

Somanathapura

കല്ലില്‍ ഉളികൊണ്ടു തീര്‍ത്ത കവിതകള്‍ക്കു താഴെ അവര്‍ സ്വന്തം പേരുകള്‍ കോറിയിട്ടു. നിരവധി ക്ഷേത്രങ്ങള്‍. അമൃതപുര, സോമനാഥപുര, അരലഗുപ്പെ, ബസരാലു, അര്‍സികരെ, ബേലൂര്‍, ബെലവാടി, ദൊഡ്ഡഗഡ്ഡാവാലി, ഹലെബീഡു, ഹാരനഹള്ളി, ഹൊസഹോലലു, ജവഗല്ലു, കൊറവാങ്കള, മൊസാലെ, നുഗ്ഗെഹള്ളി.  മിക്കവയും വൈഷ്ണവ ക്ഷേത്രങ്ങള്‍. ജൈനവിശ്വാസികളായ ഹൊയ്‌സാലര്‍ വിഷ്ണുവര്‍ദ്ധന്റെ (ഏ.ഡി. 1117) കാലം മുതലാണ് രാമാനുജന്റെ സ്വാധീനം മൂലം വൈഷ്ണവമതം സ്വീകരിച്ചതെന്നു കരുതുന്നു. ക്ഷേത്രങ്ങളില്‍ ലക്ഷണസമ്പൂര്‍ണ്ണമായത് ബേലൂര്‍, ഹലെബീഡു, സോമനാഥപുര എന്നീ  ക്ഷേത്ര ത്രയങ്ങളാണെന്ന് കലാനിരൂപകര്‍ പറയുന്നു.

മൈസൂരിനടുത്ത് കാവേരിയുടെ പടിഞ്ഞാറെ തീരത്താണ് സോമനാഥപുര കേശവ ക്ഷേത്രം. 1268 ല്‍ നരസിംഹ മൂന്നാമന്റെ ദണ്ഡനായകനായ സോമനാഥനാണ് തന്റെ പ്രജാപതിയുടെ ആശീര്‍വാദത്തോടെ കാവേരിയുടെ തീരത്ത് ക്ഷേത്രം നിര്‍മ്മിച്ചത്. സ്ഥലത്തിനും ക്ഷേത്രത്തിനും അദ്ദേഹം തന്റെ പേരു തന്നെ നല്‍കി. വിശ്രുതനായ ശില്‍പ്പി ജനകാചാരിയാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടം നിര്‍വഹിച്ചതെന്നു കരുതുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പേര് എവിടേയും കാണാനില്ല. രുവാരി മല്ലിതമ്മ എന്ന രാജശില്‍പ്പിയാണ് ക്ഷേത്രനിര്‍മ്മാണ മേല്‍നോട്ടം വഹിച്ചത് എന്ന് അനുമാനിക്കാം. 

 

Somanathapura

 

നാല്‍പ്പതോളം ശില്‍പ്പങ്ങള്‍ക്കു താഴെ അദ്ദേഹം തന്റെ പേര് കോറിയിട്ടിട്ടുണ്ട്. 'മല്ലി''എന്നും ചിലതിനു താഴെ''മ' എന്നു മാത്രവും. ശില്‍പാലങ്കാരങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ മികവ്്. കാല്‍ച്ചിലമ്പുകള്‍, ഒഢ്യാണങ്ങള്‍, ഹാരപംക്തികള്‍, അംഗുലീയങ്ങള്‍ എന്നിവയുടെ സൂക്ഷ്മവും, സചേതനമെന്നു തോന്നിപ്പിക്കുന്നതുമായ ആവിഷ്‌കാരങ്ങള്‍. മല്ലിതമ്മക്കു പുറമെ ചെല്ലയ്യ, ചൗഡയ്യ, ഭാരയ്യ, കാമയ്യ, നാഞ്ചയ്യ തുടങ്ങിയ തദ്ദേശീയരും ചോളദേശക്കാരായ പല്ലവാചാരി, ചോളവാചാരി എന്നിവരും നിര്‍മ്മാണത്തില്‍ പങ്കാളികളായി. കാകതീയരില്‍ നിന്നും ചാലൂക്യരില്‍ നിന്നും വികസിച്ചുണ്ടായ രചനാരീതിയായിരുന്നു ഹൊയ്‌സാലരുടേത് എന്നനുമാനിക്കണം. 

 

Somanathapura

 

സോമനാഥപുരയിലെ വൈഷ്ണവ ക്‌ഷേത്രത്തില്‍ മൂന്നു പ്രതിഷ്ഠകളുണ്ട്. മുഖ്യദേവന്‍ ചെന്നകേശവന്‍ തന്നെ. സുന്ദരനായ കേശവന്‍ എന്നര്‍ഥം വരുന്ന ചെന്നകേശവന്റെ വിഗ്രഹം പക്ഷെ നഷ്ടപ്പെട്ടു പോയിരിക്കുന്നു. പകരം മറ്റൊരു ഹൊയ്‌സാല വിഗ്രഹം തല്‍സ്ഥാനത്തുണ്ട്. വേണുഗോപാലനും, ജനാര്‍ദ്ദനനുമാണ് മറ്റു രണ്ടു മൂര്‍ത്തികള്‍. ത്രികൂടവിമാനം എന്ന  മണ്ഡപത്തിലൂടെയാണ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കേണ്ടത്.  ചുറ്റു മതിലിനോടു ചേര്‍ന്ന്, ക്ഷേത്രത്തെ പൊതിയുന്ന തൂണുകള്‍ നിറഞ്ഞ അറുപത്തനാലു തളങ്ങളുള്ള മണ്ഡപങ്ങള്‍ ഇപ്പോള്‍ പൊളിച്ചിട്ടിരിക്കുകയാണ്. 

ദീര്‍ഘചതുരാകൃതിയിലുള്ള വിശാലമായ തളത്തിനു നടുവില്‍ മൂന്നടിയോളം ഉയരത്തിലുള്ള ജഗതി എന്ന വിതാനത്തിലാണ് ക്ഷേത്രം. പതിനാറു ശിഖകളുള്ള ഈ പ്രദക്ഷിണവഴിയെ താഴെ നിന്ന് ഗജങ്ങള്‍ താങ്ങുന്നപോലെയാണ് നക്ഷത്രാകൃതിയിലുള്ള  ഈ പ്ലാറ്റ്‌ഫോമിന്റെ 'നിര്‍മാണം. നക്ഷത്രക്കാലുകള്‍ പോലെ തള്ളി നില്‍ക്കുന്ന രീതിയിലാണ് ചുമരുകളുടേയും രൂപകല്‍പ്പന.  ക്ഷേത്രച്ചുമരുകള്‍ ഉയരുന്നത് ശില്‍പ്പങ്ങളുടെ നിരവധി ശിലാതലങ്ങളിലൂടെയാണ്. ആദ്യപാളികളില്‍ ശക്തിയുടെ പ്രതീകമായ ഗജവീരന്‍മാര്‍, പീന്നീട് ശൗര്യപ്രതീകമായ ആശ്വാരൂഢരായ പോരാളികള്‍ അതിനു മുകളില്‍ പിണഞ്ഞു നീളുന്ന ശിലാലതകള്‍. പിന്നീട് രാമായണ മഹാഭാരത ദൃശ്യങ്ങള്‍ അതിനുമുകളില്‍ യാളീമൃഗങ്ങള്‍ പിന്നെ മയിലുകള്‍.. 

 

Somanathapura

 

ഈ ആറു ശില്‍പ്പബന്ധങ്ങള്‍ക്കു മീതെ ദേവീദേവന്‍മാരുടെ മനോജ്ഞങ്ങളായ ശില്‍പ്പങ്ങളാണ്.  ലംബമായി, ദീര്‍ഘചതുരാകൃതിയിലുള്ള കല്‍പ്രതലത്തിലാണ് ഓരോ ശില്‍പ്പവും. സര്‍വാഭരണഭൂഷിതങ്ങളാണ് രൂപങ്ങള്‍. ആഭരണങ്ങളിലും വസ്ത്രപല്ലവങ്ങളിലും  സൂക്ഷമമായ അലങ്കാരവേലകള്‍ നിറയുന്നു. ഓരോന്നിനു മുകളിനും സമൃദ്ധമായ തോരണങ്ങള്‍ കാണാം. നൃത്ത്യ സരസ്വതി, ഗായത്രി,  മഹിഷാസുരമര്‍ദ്ദിനി, നൃത്ത്യ ഗണപതി, ലളിതാസനത്തിലിരിക്കുന്ന വിഷ്ണു, ഐരാവത്തിലേറിയ ഇന്ദ്രന്‍, എന്നീ ശില്‍പ്പങ്ങള്‍ എടുത്തു പറയേണ്ടവയാണ്. ശില്‍പ്പങ്ങള്‍ക്കു മുകളില്‍ കൊത്തിയ  ചെറിയഗോപുരങ്ങള്‍ക്കു മുകളിലാണ് ത്രികൂടാചലം എന്നു വിഖ്യാതമായ, താരാകൃതിയില്‍  കൊത്തു പണികള്‍ നിറഞ്ഞ മുകളിലേക്കുയരുന്ന മൂന്നു വിമാനങ്ങള്‍.

 

Somanathapura

 

ക്ഷേത്രത്തിനുള്ളില്‍, കടഞ്ഞെടുത്ത തൂണുകള്‍ താങ്ങുന്ന മണ്ഡപത്തിന്റെ മൂന്നരികുകളിലായാണ് മൂന്നു മൂര്‍ത്തികള്‍ക്കുമുള്ള പ്രത്യേക കോവിലുകള്‍. തൂണുകള്‍ കടഞ്ഞിരിക്കുന്നത് മരത്തിലാണോ കല്ലിലാണോ എന്നത്ഭുതപ്പെട്ടുപൊകും. മുകളില്‍ സഹസ്രദളങ്ങളുള്ള പദ്മത്തിന്റെയും  തൂങ്ങി നില്‍ക്കുന്ന വാഴക്കൂമ്പുകളുടേയും സങ്കീര്‍ണ്ണമായ ആവിഷ്‌കാരങ്ങള്‍.  വൃന്ദാവനത്തില്‍ കാല്‍പിണച്ച് കുഴലൂതുന്ന വേണുഗോപാലന്റെ സുന്ദരമായ വിഗ്രഹമാണ് മൂര്‍ത്തികളില്‍ ഏറ്റവും മനോജ്ഞം.