മതയുടെ മണം സിരകളില്‍ അലിയും അഗ്രഹാര വീഥികളിലൂടെ പതിയെ നടന്നാല്‍... ദേവന്റെ കഴുത്തിലെ മണിമാല മുത്തുകള്‍ പോലെ കൈകോര്‍ത്ത് അങ്ങനെയങ്ങനെ.. ബ്രാഹ്മണ ശരീര ഭാഷകള്‍ പോലെ തന്നെ കിടക്കുന്ന പഴമയുടെ കഥകള്‍ പറയാനുണ്ട് പല വീടുകള്‍ക്കും.. കൂടുതലും തമിഴ് ബ്രാഹ്മണ കുടുംബങ്ങള്‍.. അയിത്തം ഇല്ലാത്തവര്‍.. അതിഥികളെ ദേവതുല്യം കാണുന്നവര്‍..പ്രഭാതം മുതല്‍ പ്രദോഷം വരെ പല കോലങ്ങളിലും കളമെഴുതുന്ന സ്ത്രീകള്‍. ഒരു കുഞ്ഞ് സിമന്റ് തിണ്ണയാണെങ്കില്‍ പോലും വീടിനു മുന്നില്‍ സരസ്വതി സങ്കല്‍പ്പങ്ങള്‍ ആ ഇളം കൈകളില്‍ നിന്ന് നല്ല ഒരു ചിത്രകൂട്ടുള്ള കളമാകുന്നു. കര്‍മ്മഫലങ്ങളുടെയും കാലത്തിന്റെയും കഥകള്‍ കൊത്തിവെച്ച കല്‍പ്പാത്തി തേരുകള്‍ രണ്ട് വലിയ മുഴം കയറില്‍ വിശ്രമിക്കുന്നു.. ഇടതും വലതുമായി ഒട്ടിച്ചു വച്ച അഗ്രഹാര വീടുകള്‍ക്കു മുന്നിലും കച്ചവടക്കാര്‍.

kalpathi ratholsavam

 കച്ചവടക്കാഴ്ച്ചകള്‍ നോക്കി വെള്ളമിറക്കുന്ന കാഴ്ച്ചക്കാര്‍, നന്നായി വിലപേശുന്ന നിറഭേദങ്ങള്‍ കൊണ്ട് ധാവണിയുടുത്ത പെണ്‍കൊടികള്‍, പരസ്പരം കണ്ട് ആലിംഗനം ചെയ്യുന്ന മുതുമുത്തച്ഛന്‍മാര്‍, വെയില്‍ നാളമേറ്റും തേരിനെ വരവേല്‍ക്കാന്‍ തളികയില്‍ തേങ്ങയും കര്‍പ്പൂരവുമായി നില്‍ക്കുന്ന മുത്തശ്ശിമാര്‍, സ്ത്രീകള്‍.. അഗ്രഹാര വീഥികള്‍ തടിച്ചുകൊഴുക്കുമ്പോഴും മെലിഞ്ഞ് ഉണങ്ങി ഒഴുകുന്ന കല്‍പ്പാത്തിപ്പുഴ. അവിടെ ആല്‍മരച്ചുവട്ടില്‍ വിശ്രമിക്കുന്ന നാഗകന്യകാരും അശ്വനീ ദേവഗണങ്ങളും. ഗ്രാമത്തിന്റെ മറ്റൊരു ഭാഗത്ത് ചെന്നപ്പോള്‍ അന്നദാന മണ്ഡത്തിന്റെയും സംഗീതക്കച്ചേരി നടന്ന സ്ഥലത്തെ പന്തല്‍പണികളിലാണ് ചിലര്‍. 

kalpathi ratholsavam

ഗജവീരന്റെ നെറ്റിയില്‍ ഇരുന്ന് ഊറിച്ചിരിയ്ക്കുന്ന ദേവന്‍! തേരലങ്കാരങ്ങള്‍ ദേവനെ വണങ്ങുന്നു... ചെണ്ടമേളം മുറുകുന്നു. തിടമ്പേറിയ ദേവന്‍ തേരിനുള്ളിലേയ്ക്ക്... കണ്ണിമ ചിമ്മാതെ കാത്ത് ആര്‍പ്പ് വിളികള്‍. കരഘോഷങ്ങള്‍ക്കിടയില്‍ എല്ലാവരും ഒരുമിച്ച് രഥം വലിയ്ക്കുന്നു... ജയ് ശങ്കരാ... ജയ ജയ മഹാദേവാ... ഒരു ഭാഗത്ത് നിന്ന് കണ്ണടച്ച് പ്രാര്‍ത്ഥിച്ച് ആ തിരക്കിലെ ഒരു ഭാഗത്ത് ഞാനും കൂടി...കാഴ്ച്ചകള്‍ ഓരോ ദിവസവും ഏറെയുണ്ട് അഗ്രഹാരത്തിന്... പഴങ്കഥകളും..... ഇത്  ഉത്സവത്തിന്റെ ഒരു നാളത്തെ എന്റെ കാഴ്ച്ചകള്‍ മാത്രം....

kalpathi ratholsavam

Content highlights : annual temple festival kalpathi ratholsavam travelling experience