ര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയായതുകൊണ്ടാകണം കാസര്‍കോട്ടെ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പ്രത്യേകതകളേറെയാണ്. കന്നട സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന നിരവധി ക്ഷേത്രാങ്കണങ്ങളുണ്ട് കാസര്‍കോട്ട്. അഡൂരിലെ മഹതോഭാര ശ്രീ മഹാലിംഗേശ്വര മഹാവിഷ്ണു വിനായകക്ഷേത്രവും അത്തരത്തിലൊന്നാണ്. ക്ഷേത്രഗോപുരത്തെക്കാള്‍ ഉയരമുണ്ട് ഇവിടത്തെ ചരിത്ര-ഐതിഹ്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും. അഡൂര്‍ ക്ഷേത്രത്തിലെ ശിവലിംഗം പഞ്ചപാണ്ഡവരില്‍ മധ്യമനായ അര്‍ജുനന്‍ സ്ഥാപിച്ചതാണത്രേ. 

ശിവനും വിഷ്ണുവും ഗണപതിയും തുല്യ പ്രാധാന്യത്തോടെ ഇവിടെ കുടികൊള്ളുന്നു. കാസര്‍കോട്ടുകാരനായ അടുത്ത സുഹൃത്ത് പവിയേട്ടന് ജില്ലയിലെ മിക്ക ക്ഷേത്രങ്ങളുടെയും പ്രത്യേകതകളറിയാം. അതിരാവിലെ എത്തിയാലേ ക്ഷേത്രത്തിലെ കാഴ്ചകള്‍ മാറ്റ് കുറയാതെ കാണാനാകൂ എന്ന് നേരത്തേത്തന്നെ അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ട് സൂര്യനുണരും മുന്‍പ് പുറപ്പെട്ടു. അതുവരെ രൗദ്രഭാവത്തില്‍ പെയ്ത മഴ ശാന്തസ്വരൂപിണിയായി ഒപ്പം കൂടി. 

കാസര്‍കോട്ടുനിന്ന് സുള്ള്യയ്ക്കുള്ള റോഡിലൂടെയാണ് യാത്ര. റോഡിനിരുവശത്തുമുള്ള പച്ചപ്പ് കാറിന്റെ ഫോഗ് ലാമ്പിന്റെ മഞ്ഞ വെളിച്ചത്തിന്റെ സുവര്‍ണശോഭയില്‍ തിളങ്ങി. കൊട്യാടിയില്‍നിന്ന് വണ്ടി വലത്തേക്ക് തിരിഞ്ഞു. ഇനി കുറച്ച് ദൂരമേയുള്ളൂ. അകലെനിന്നുതന്നെ ക്ഷേത്രഗോപുരം ദൃശ്യമായിത്തുടങ്ങി. ചരിത്രപരമായി നിരവധി പ്രത്യേകതകളുള്ള മണ്ണാണ് അഡൂര്‍. 

1

പ്രൗഢവും ഒറ്റ നോട്ടത്തില്‍ മനസ്സ് കീഴടക്കുന്നതുമാണ് ക്ഷേത്രാങ്കണം. മൂന്നുനിലകളോടുകൂടിയ ഗജപൃഷ്ടാകൃതിയിലുള്ള ക്ഷേത്രമാണ് അഡൂരിലേത്. അര്‍ജുന തീര്‍ഥവും ഫാല്‍ഗുണി തീര്‍ഥവും ക്ഷേത്രക്കുളവും താണ്ടിവേണം ക്ഷേത്രാങ്കണത്തിലേക്ക് കടക്കാന്‍. പഴയൊരു കോളാമ്പിയില്‍നിന്ന് ശിവസ്തുതികള്‍ പുറത്തേക്ക് ഒഴുകിപ്പരക്കുന്നു. ചുണ്ടില്‍ പഞ്ചാക്ഷരീമന്ത്രവുമായി ജഗദ്പിതാവിനെ വണങ്ങാനെത്തുന്ന ഭക്തര്‍. പടികളോരോന്നായി കയറി പ്രധാന ഗോപുരവാതില്‍ കടന്ന് ഉള്ളിലേക്ക് നടന്നു. ശിവമന്ത്രം പ്രവഹിക്കുന്ന ഗോപുരത്തിനകത്ത് വിളക്കുകള്‍ ഇമചിമ്മാതെ പ്രാര്‍ഥനാനിരതരായി നില്‍ക്കുന്നു.ദേവന് ധാരയെന്നോണം പുറത്ത് മഴ പതിഞ്ഞതാളത്തില്‍ പെയ്യുന്നു. ആലിലകളുടെ മഴനൃത്തം. സര്‍വം ശിവമയം.

കുമ്പള സീമയിലുള്ള നാല് പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് പയസ്വിനി നദിക്കരയില്‍ സ്ഥിതിചെയ്യുന്ന അഡൂര്‍ മഹതോഭാര ശ്രീ മഹാലിംഗേശ്വര മഹാവിഷ്ണു വിനായക ക്ഷേത്രം. മധൂര്‍, കാവു (മുജംഗാവു), കണിപുര (കുമ്പള) എന്നിവയാണ് മറ്റ് മൂന്ന് ക്ഷേത്രങ്ങള്‍. മഹതോഭാര മഹാലിംഗേശ്വരനായ പരമശിവനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. അനുഗ്രഹം പ്രവഹിക്കുന്ന മഹാദേവന്റെ ശിവലിംഗത്തില്‍ മനസ്സര്‍പ്പിച്ച് പ്രാര്‍ഥിച്ചു. ഇളനീരാണ് ഇവിടത്തെ പുണ്യാഹം. മറ്റ് ശിവക്ഷേത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി വിഷ്ണുവും ഗണപതിയും തുല്യ പ്രാധാന്യത്തില്‍ ക്ഷേത്രത്തിനകത്ത് നിലകൊള്ളുന്നു. ഗണപതി ഉപദേവതയാണെങ്കിലും നമസ്‌കാരമണ്ഡപത്തോടുകൂടിയുള്ള ക്ഷേത്രമാണുള്ളത്. അതും അഡൂരിന്റെ പ്രത്യേകതയാണ്. 

നാലമ്പലം ചുറ്റുന്നതിനിടെ ശ്രീ രക്തേശ്വരി അമ്മയുടെ പ്രതിഷ്ഠശ്രദ്ധയില്‍പ്പെട്ടു. പാര്‍വതീദേവി ഇവിടെ രക്തേശ്വരി അമ്മയായി കുടികൊള്ളുന്നു. തൊഴുതിറങ്ങിയപ്പോഴാണ് ക്ഷേത്രത്തിന്റെ പ്രധാന കാര്യക്കാരിലൊരാളായ ഗംഗാധരനെ പരിചയപ്പെട്ടത്. അദ്ദേഹം ക്ഷേത്രമുണ്ടായതിന്റെ കഥ രസകരമായി വിവരിച്ചു.

2

ദ്വാപരയുഗത്തില്‍ പാണ്ഡവര്‍ വനവാസത്തിലിരിക്കുന്ന സമയം ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോട് തപസ്സിലൂടെ പരമേശ്വരന്റെ അനുഗ്രഹം തേടുവാന്‍ പറഞ്ഞു. ശ്രീകൃഷ്ണന്റെ ആജ്ഞപ്രകാരം അര്‍ജുനന്‍ തപസ്സിനായി പ്രകൃതിസുന്ദരമായ കപര്‍ദികാനം എന്ന കൊടുംവനം തിരഞ്ഞെടുത്തു. അഡൂര്‍ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായി പടര്‍ന്ന് കിടക്കുന്നതാണ് ഈ കൊടുംകാട്. ആ പ്രദേശം ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി കണക്കാക്കുന്നു. കപര്‍ദികാനം ഇന്ന് കവടിക്കാന എന്ന പേരില്‍ അറിയപ്പെടുന്നു.

അര്‍ജുനന്റെ തപസ്സിന്റെ ശക്തി പരീക്ഷിക്കാനായി പരമശിവന്‍ പാര്‍വതീദേവിയൊടൊപ്പം കുണ്ടംകുഴി എന്നയിടത്ത് വന്നെത്തി. അവിടെനിന്ന് യാത്ര തുടങ്ങി വേടടുക്കം എന്ന സ്ഥലത്തെത്തിയപ്പോള്‍ പാര്‍വതീപരമേശ്വരന്മാര്‍ വേടന്റെയും വേടത്തിയുടെയും രൂപം സ്വീകരിച്ച് വേട്ടയാടുവാന്‍ തുടങ്ങി. അതിനിടെ ശാപഗ്രസ്ഥമൂകന്‍ എന്ന രാക്ഷസന്‍ പന്നിരൂപത്തില്‍ അതിലെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി ഭഗവാനറിഞ്ഞു. രാക്ഷസന് ശാപമോക്ഷമേകാന്‍ അദ്ദേഹം പന്നിയടുക്ക എന്ന സ്ഥലത്തുവെച്ച് പന്നിയ്ക്കുനേരെ അമ്പെയ്തു. അങ്ങനെ ശാപഗ്രസ്ഥമൂകന് ശാപമോക്ഷം ലഭിച്ചു. ഈ പ്രദേശം പില്‍ക്കാലത്ത് ബന്ദടുക്ക എന്ന പേരില്‍ അറിയപ്പെട്ടു.

ശരംകൊണ്ട വേദനയാല്‍ കാട്ടില്‍നിന്ന് ഓടിയൊളിച്ച പന്നി അര്‍ജുനന്‍ തപസ്സുചെയ്യുന്ന കവടിക്കാനയില്‍ പ്രവേശിച്ച് തപസ്സിന് ഭംഗമുണ്ടാക്കി. ഇതില്‍ ദേഷ്യം പൂണ്ട അര്‍ജുനന്‍ അമ്പെയ്ത് പന്നിയെ കൊന്ന് വലിച്ചെറിഞ്ഞു.ഇതറിഞ്ഞ കാട്ടാളന്‍ പന്നിയെക്കൊന്നതിന്റെ പേരില്‍ അര്‍ജുനനുമായി വഴക്കിടുകയും ഇരുവരും തമ്മില്‍ മല്‍പ്പിടിത്തം നടത്തുകയും ചെയ്തു. അര്‍ജുനന്‍ കിരാതവേഷം പൂണ്ട ശിവനുമായി യുദ്ധം ചെയ്ത പ്രദേശമാണ് പില്‍ക്കാലത്ത് അഡൂരായി മാറിയത്. മുഷ്ടിയുദ്ധത്തിലും മല്ലയുദ്ധത്തിലും അര്‍ജുനന് വേടനെ കീഴ്പ്പെടുത്താനായില്ല. 

3
ക്ഷേത്രപുഷ്കരിണി

അതുവരെ തോല്‍വിയെന്തെന്നറിയാത്ത അര്‍ജുനന് അത് വലിയ അപമാനമായി. തന്റെ തെറ്റ് മനസ്സിലാക്കി അര്‍ജുനന്‍ ഉടന്‍ അവിടെയുള്ള ഒരു കുളത്തില്‍നിന്ന് മണല്‍ വാരിയെടുത്ത് ഭയഭക്തിയോടെ ശിവലിംഗം നിര്‍മിച്ച് കുളത്തിലെ വെള്ളംകൊണ്ട് അഭിഷേകം നടത്തുകയും കൂവള മാലയുണ്ടാക്കി ശിവലിംഗത്തില്‍ ചാര്‍ത്തുകയും ചെയ്തു. എന്നാല്‍ ജലവും കൂവളമാലയും ശിവലിംഗത്തില്‍നിന്ന് അപ്രത്യക്ഷമായി വേടന്റെ ശരീരത്തില്‍ പതിച്ചു. ഇതുകണ്ട അര്‍ജുനന്‍ അത് വേടനല്ല മറിച്ച് പരമശിവനാണെന്ന് മനസ്സിലാക്കി ഓടിവന്ന് പാദങ്ങളില്‍ വീണ് മാപ്പുചോദിച്ചു. 

അര്‍ജുനന്റെ പരിശുദ്ധമായ ഭക്തിയില്‍ സന്തുഷ്ടനായ പരമശിവന്‍ ശാന്തസ്വരൂപനായി പാര്‍വതിയ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ശിവന്‍ പാശുപതാസ്ത്രവും പാര്‍വതീദേവി അഞ്ജനാസ്ത്രവും നല്‍കി അര്‍ജുനനെ അനുഗ്രഹിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ ബലിക്കല്ലില്‍ ഈ കഥ കൊത്തിവെച്ചിരിക്കുന്നതായി കാണാനാകും. പില്‍ക്കാലത്ത് ഒരു ആദിവാസി അര്‍ജുനന്‍ നിര്‍മിച്ച ശിവലിംഗം കണ്ടെത്തുകയും അത് ബ്രാഹ്മണവിഭാഗക്കാരോട് പറയുകയും ചെയ്തു. അവര്‍ അവിടെ ക്ഷേത്രം പണിതു. അതേ ശിവലിംഗമാണ് ഇപ്പോഴും ക്ഷേത്രത്തിലുള്ളതത്രേ. അര്‍ജുന നിര്‍മിതമായ മൂലക്കുഴിയിലെ അര്‍ജുനതീര്‍ഥത്തില്‍നിന്ന് വെള്ളമെടുത്താണ് തന്ത്രിമാര്‍ ഭഗവാന് അഭിഷേകം ചെയ്യാറ്.

കാസര്‍കോട്ടെ പ്രധാന ക്ഷേത്രങ്ങള്‍ക്കൊപ്പം നിര്‍ബന്ധമായും ചേര്‍ക്കേണ്ട പേരാണ് അഡൂരിന്റെത്. അതിശ്രേഷ്ഠമാണ് ക്ഷേത്രത്തിലെ ആചാരങ്ങളും പുരാണങ്ങളും നിര്‍മാണരീതികളും. കാടകത്ത് തലയുയര്‍ത്തി നില്‍ക്കുന്ന അഡൂര്‍ക്ഷേത്രം പകരുന്ന ഉന്മേഷം വാക്കുകളാല്‍ കോറിയിടാനാകില്ല. ഇപ്പോള്‍ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചുറ്റുമതിലിന്റെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. കേരളത്തിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും കന്നടയും തുളുവുമൊക്കെയാണ് ഇവിടത്തുകാര്‍ പ്രധാനമായും ഉപയോഗിക്കുന്നത്. അത് കേള്‍ക്കാനും രസമാണ്. നിരവധി കൊത്തുപണികളാലും എണ്ണച്ഛായക്കൂട്ടുകള്‍കൊണ്ട് വരച്ച ചിത്രങ്ങളാലും സമ്പന്നമാണ് ക്ഷേത്രം.

ക്ഷേത്രത്തിന്റെ പ്രധാന ഉത്സവം മകരസംക്രമണമാണ്. ഓരോ പന്ത്രണ്ട് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കവടിക്കാനയിലേക്ക് ക്ഷേത്രതന്ത്രിമാര്‍ നോമ്പെടുത്ത് പോകുകയും അവിടെനിന്ന് മൂലമൃത്തിക(ദേവീചൈതന്യം) യെ കൊണ്ടുവന്ന് ബ്രഹ്മകലശാഭിഷേകം നടത്തുകയും ചെയ്യുന്ന ആചാരമുണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഇതിന് ഭംഗം വന്നു. അതെപ്പറ്റി ഒരു കഥയുണ്ട്. ഏകദേശം 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ രീതിയില്‍ കവടിക്കാനയിലേക്ക് യാത്രപോയ ക്ഷേത്രാചാര്യന്‍ മടങ്ങുമ്പോള്‍ തന്റെ കൈപാത്രം മൂലസ്ഥാനത്ത് വെച്ചുമറന്നുവത്രേ. ക്ഷേത്രാചാര്യന്മാര്‍ക്ക് മാത്രമേ കവടിക്കാനയുടെ മൂലസ്ഥാനത്തേക്ക് കടക്കാനുള്ള അനുമതിയുള്ളൂ. അതിനാല്‍ ആചാര്യന്‍ മടങ്ങി വരാന്‍ താമസിച്ചപ്പോള്‍ മറ്റുള്ളവര്‍ തിരിച്ച് അമ്പലത്തിലേക്ക് നടന്നു. 

4
ടിപ്പുവിന്റെ പീരങ്കികൾ

പിന്നീട് ഒരു വര്‍ഷക്കാലം ആചാര്യനെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം ക്ഷേത്രത്തിലേക്ക് മടങ്ങിവന്നു. താന്‍ ഒരു വര്‍ഷക്കാലം കണ്ട കാഴ്ചകള്‍ ആരോടും പുറത്തുപറയരുത് എന്നായിരുന്നു ദൈവാജ്ഞ. അദ്ദേഹം അത് പാലിക്കുകയും ചെയ്തു. എന്നാല്‍ ഭാര്യ അതറിയാന്‍ ശാഠ്യം പിടിച്ചപ്പോള്‍ ആചാര്യന്‍ മൂലസ്ഥാനത്ത് ഇരിക്കുന്ന പാര്‍വതി പരമേശ്വരന്മാരെ കണ്ടുവെന്നും അവരുടെ കൂടെ കഴിഞ്ഞ ഒരു നിമിഷമാണ് ഒരു വര്‍ഷമായി ഇവിടെ അനുഭവപ്പെട്ടതെന്നും പറഞ്ഞു. അതിനുപിന്നാലെ ആചാര്യന്‍ മരണപ്പെട്ടു. ഇതിനുശേഷം ബ്രഹ്മകലശാഭിഷേകം നടക്കാറില്ലായിരുന്നു. 

എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം അഷ്ടമംഗലപ്രശ്‌നം നടത്തിയപ്പോള്‍ കവടിക്കാന യാത്ര പുനരാരംഭിക്കണമെന്നാണ് ദൈവഹിതമെന്ന് തെളിഞ്ഞു. അങ്ങനെ 2013-ല്‍ അതിഗംഭീരമായി ക്ഷേത്രത്തില്‍ ബ്രഹ്മകലശാഭിഷേകം നടത്തുകയുണ്ടായി. വലിയ ജനപങ്കാളിത്തമുണ്ടായ ഉത്സവം കര്‍ണാടകയില്‍പ്പോലും വലിയ ചര്‍ച്ചാവിഷയമായി. ഭക്തര്‍ ഉത്സവസമയത്ത് ക്ഷേത്രത്തില്‍ത്തന്നെ കഴിയുകയും സദാസമയം ശിവസ്തുതികള്‍ പാടി ക്ഷേത്രാങ്കണം ഭക്തിസാന്ദ്രമാക്കുകയും ചെയ്തു. ഇനി 2025-ലാണ് അടുത്ത ഉത്സവം കൊടിയേറുന്നത്. അതുപോലെ ശിവരാത്രി ദിവസത്തിലും ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കാറുണ്ട്. അന്നേ ദിവസം ക്ഷേത്രത്തില്‍ പരമശിവന് രാത്രിയില്‍ പ്രത്യേകമായി അഭിഷേകം നടത്താറുമുണ്ട്. എല്ലാ ചൊവ്വാഴ്ചകളിലും വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. 

അഭിഷേകപ്രിയനായ പരമേശ്വരന് ഇവിടെ ശതരുദ്രാഭിഷേകം, രുദ്രാഭിഷേകം എന്നിവയാണ് പ്രധാന വഴിപാടുകള്‍. പൂജകളില്‍ സോമവാര പൂജയും വലിയ സോമവാര പൂജയുമാണ് പ്രധാനം. പദകാണിക്കയാണ് പ്രധാന കാണിക്ക വഴിപാട്. മറുനാടന്‍ ഭക്തരുടെ വീടുകളില്‍ ഏതൊരു ശുഭകാര്യം നടക്കുമ്പോഴും അഡൂരിലേക്ക് പദകാണിക്ക എന്നുപറഞ്ഞ് എടുത്തുവയ്ക്കുന്ന പണമാണിത്. ഇങ്ങനെ കൂട്ടിവെക്കുന്ന പണം ഒരുമിച്ച് ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിക്കുന്നു. ഒറ്റക്കോല, ചിങ്ങ സംക്രമണം, നാഗപഞ്ചമി, ഗണേശ ചതുര്‍ഥി, തുലാം സംക്രമണം, മഹാ ചതുര്‍ഥി എന്നീ ദിനങ്ങളിലും അഡൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കാറുണ്ട്. 

5
ശാസ്താവ് കുടികൊള്ളുന്ന ഇടം

ചുറ്റമ്പലം കാണാനായി പുറത്തേക്കിറങ്ങി. പ്രദക്ഷിണവഴിയിലൂടെ നടക്കുമ്പോള്‍ രണ്ട് പീരങ്കികള്‍ കാണാം. അതുവഴി പോയ ക്ഷേത്രത്തിലെ കാര്യക്കാരിലൊരാള്‍ ആ കഥ വിശദമായി പറഞ്ഞുതന്നു. പരമശിവന്റെ മുഖാമുഖമായി നന്ദിയുടെ ഏകശില വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടാണ് പീരങ്കി ക്ഷേത്രത്തിലെത്തുന്നത്.

1763-ല്‍ ടിപ്പുസുല്‍ത്താന്റെ പടയോട്ടകാലത്ത് അദ്ദേഹം അഡൂരിലെത്തി ക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ടു. ക്ഷേത്രത്തിനകത്ത് പരിവാരങ്ങളോടൊപ്പം കയറിയ ടിപ്പു നന്ദിയുടെ പ്രതിഷ്ഠകണ്ട് ആ വിഗ്രഹത്തില്‍ ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. അതിനായി നന്ദിയുടെ വിഗ്രഹത്തിനുമുന്നില്‍ കുറച്ചു വൈക്കോല്‍ വിതറി. നന്ദിക്ക് ശക്തിയുണ്ടെങ്കില്‍ അത് കഴിക്കട്ടെ എന്ന് പരിഹസിച്ചു. എന്നാല്‍ ടിപ്പു നോക്കിനില്‍ക്കെ വൈക്കോല്‍ ജീര്‍ണിക്കുകയും അത് ഉടനടി ചാണകമാകുകയും ചെയ്തു. ഇതുകണ്ട് ഭയന്ന ടിപ്പുസുല്‍ത്താന്‍ ക്ഷേത്രത്തെ ആക്രമിക്കാതെ പെട്ടെന്ന് തടിതപ്പി. ക്ഷേത്രം പൊളിക്കാനായി കൊണ്ടുവന്ന പീരങ്കികള്‍ ഉപേക്ഷിച്ചാണ് ടിപ്പു ജീവനുംകൊണ്ടോടിയത്. അദ്ദേഹം ക്ഷേത്രത്തില്‍ വന്നതിന്റെ അടയാളമായി ആ പീരങ്കികള്‍ ഇന്നും സൂക്ഷിച്ചിരിക്കുന്നു.

അഡൂരിന്റെ ഐതിഹ്യപ്പെരുമ തീരുന്നതേയില്ല. ശാസ്താവിന്റെ ഒരു പ്രതിഷ്ഠ ക്ഷേത്രത്തിനടുത്തുള്ള കാട്ടിലുണ്ടത്രേ. പരമശിവന്‍ അഡൂരില്‍ എത്തുന്നതിനുമുന്‍പ് ഇവിടം ശാസ്താവിന്റെ തേജസ്സ് വിളങ്ങിയിരുന്ന ഇടമായിരുന്നു. എന്നാല്‍ പരമശിവന്റെ ജ്യോതി എത്തിയതോടെ ഈ പുണ്യഭൂമിയെ പരമശിവന്റെ ആവാസസ്ഥാനത്തിനായി വിട്ടുകൊടുക്കുകയും ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള ഒരു ഗുഹയില്‍ ശാസ്താവ് കുടികൊള്ളുകയും ചെയ്തു. ആ ഗുഹയിലേക്കാണ് ഇനി നടക്കാനുള്ളത്. 

ആത്തച്ചക്കകള്‍ പൊഴിഞ്ഞ ഇടവഴിയിലൂടെ, കൊലുസ്സില്‍ കിലുക്കത്തോടെ കുണുങ്ങിയൊഴുകുന്ന അരുവിക്കരയിലൂടെ നഗ്‌നപാദരായി നടന്ന് ഗുഹയ്ക്കടുത്തെത്തി. അവിടെ ഒരു ചെറിയ ഗുഹയും അതിനുള്ളിലായി ശാസ്താവിന്റെ പ്രതിഷ്ഠയുമുണ്ട്. ഇരുഭാഗത്തും പ്രതീകാത്മകമായി രണ്ട് പുലികളുടെ കാവല്‍പ്രതിമകള്‍ നിര്‍മിച്ചിട്ടുണ്ട്. അഡൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ ശാസ്താവിന്റെ അനുഗ്രഹം സ്വീകരിക്കാതെ മടങ്ങരുത്. അതിരാവിലെ ഇവിടം സന്ദര്‍ശിക്കുന്നതാണ് ഉചിതം. 

രാജദൈവങ്ങള്‍ എന്നറിയപ്പെടുന്ന ശ്രീ കിന്നിമാണി-പൂമാണി ദൈവങ്ങളുടെ സാന്നിധ്യമാണ് അഡൂരിലെ മറ്റൊരു ആകര്‍ഷണം.ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി കിന്നിമാണി- പൂമാണി ദൈവങ്ങളുടെ ചാവടിയും തൊട്ടടുത്ത് ദൈയ്യറെ കാനത്തില്‍ ദൈയ്യറെ ദൈവത്തിന്റെ കോട്ടയുമുണ്ട്. എല്ലാവര്‍ഷവും ഉത്സവത്തിന് ഈ ദൈവങ്ങളുടെ തെയ്യങ്ങള്‍ ആടാറുണ്ട്. നാഗാഭരണനായ പരമേശ്വരന്റെ അടുത്ത് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി നാഗദേവന്റെ വനവും നാഗത്തറയുമുണ്ട്.

6
അർജുനതീർത്ഥവും ഫാൽഗുണി തീർത്ഥവും

ക്ഷേത്രക്കുളത്തിനും ഇവിടെ ഏറെ പ്രാധാന്യമുണ്ട്. ക്ഷേത്ര പുഷ്‌കരിണി എന്നറിയപ്പെടുന്ന കുളം ക്ഷേത്രപുരോഹിതന്മാര്‍ക്കും തന്ത്രിമാര്‍ക്കും മാത്രം കുളിക്കാനുള്ളതാണ്. അതിരാവിലെ ഈ കുളത്തില്‍ കുളിച്ച് ഈറനോടെ വന്നാണ് പുരോഹിതന്മാര്‍ പൂജകള്‍ ചെയ്യാറ്. കുളത്തിനടുത്തായി കുമ്പള സീമയുടെ സത്യപ്രമാണകല്ല് സ്ഥാപിച്ചിരിക്കുന്നു. പണ്ടുകാലത്ത് ആളുകള്‍ ഈ കുളത്തില്‍ കുളിച്ച് ഈറനോടെ കല്ലിന്റെമേലെനിന്നുകൊണ്ട് ദൈവം സാക്ഷിയായി സത്യപ്രമാണം ചെയ്യുമായിരുന്നു. പിന്നീട് അത് നിര്‍ത്തലാക്കി. 

കാസര്‍കോട് ഭാഗത്തുനിന്നും വരുന്നവര്‍ മുള്ളേരിയ വഴി അഡൂരിലേക്കുള്ള ബസ്സില്‍ കയറണം. അല്ലെങ്കില്‍ സുള്ള്യ ബസ്സില്‍ കയറി കൊട്യാടി എന്ന സ്റ്റോപ്പിലിറങ്ങി അവിടെ നിന്നും ഒരു ഓട്ടോ പിടിച്ചും ക്ഷേത്രത്തിലെത്താം. മഹാദേവന്റെ മണ്ണിലെ കാഴ്ചകള്‍ കണ്ടുമതിവരില്ല. അഡൂരിലെ ഓരോ മണ്‍തരിയും പറയുന്ന ശിവകഥകള്‍ കേട്ടു കൊതിതീരില്ല. 

 

Adoor Temple
Sree Mahalingeswara Temple located at Adoor in the Kasaragod district of Kerala is one of the most popular Shiva temples in the state. According to legend, it was the place where the battle, 'Kiratha Yudham' took place between Lord Shiva and Arjuna. This beautiful shrine is believed to be built by Arjuna, one of the Pandava brothers. But this ancient temple was relocated on the southern banks of Payaswini River in the 13th century. One of the great attractions of Adoor Sree Mahalingeswara Temple is that it has eye catching paintings and intricate carvings from the holy scripts.

Getting There

By Air- Mangaluru International Airport (90 km). By Rail- Kasaragod railway station (41 km). By Road- Get Sullia bus from Kasaragod town and get down at Kottiyadi. From there you can hire an auto to temple.
Sights Around : Ananthapura Lake    Madhur Temple    Malik Dinar Mosque    Maipady Palace    Ranipuram Hillstation    Bekal Fort    Chandragiri Fort    Posadi Gumbe
Stay : Hotel City Tower, MG Road, Kasaragod. Ph: 9847366851, 04994230562     The Thalathoor Heritage, Kasaragod. & 04994237794, 9447489949
Contact: Prasanth, Tourist Guide  Ph- 9961101031, Gangadharan, Adoor Temple  Ph- 6282274795
Useful link: www.kasargod.gov.in

Content Highlights: Adoor lord siva temple Kasaragod Mathrubhumi yathra