വിനോദ സഞ്ചാരവും തീര്‍ഥാടനവും ഒരുപോലെ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യന്‍ സഞ്ചാരികള്‍. ഇവ രണ്ടും സമന്വയിപ്പിച്ചുകൊണ്ടുള്ള പല യാത്രകളും ഇന്ത്യയിലുണ്ട്. ചാര്‍ധാം യാത്രയാണ് അതിനേറ്റവും വലിയ ഉദാഹരണം. ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിലേക്ക് സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ നല്ലൊരു സഞ്ചാരി കൂടിയായിരിക്കണം.

ഇന്ത്യയില്‍ ഹിമാലയ ക്ഷേത്രങ്ങള്‍ ഒരുപാടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രം ഏതാണെന്നറിയാമോ? ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന യുള്ള കണ്ഡയിലാണ് ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കിന്നൗര്‍ മലയിലൂടെ 12 കിലോമീറ്റര്‍ ട്രെക്കിങ് നടത്തിയാല്‍ മാത്രമേ ഈ ക്ഷേത്രത്തിലെത്താനാകൂ.

വലിയൊരു തടാകത്തിന്റെ നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാണ്ഡവന്മാരാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടത്തെ ജന്മാഷ്ടമി പൂജകളും ഉത്സവവും അതിപ്രശസ്തമാണ്. മഞ്ഞ് പുതച്ചു നില്‍ക്കുന്ന ഈ ക്ഷേത്രം സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 4000 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

മേയ് മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുക. ബാക്കിയുള്ള മാസങ്ങളില്‍ ക്ഷേത്ര പരിസരം മഞ്ഞിനാല്‍ മൂടപ്പെടും. ലിസ്റ്റിഗരാഞ്ച് പാസിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ ക്ഷേത്രത്തില്‍ എത്താനാകൂ. സഞ്ചാരികളും തീര്‍ഥാടകരും ഇവിടം ഒരുപോലെ സന്ദര്‍ശിക്കുന്നു.

Content Highlights: A trek to the highest Lord Krishna Temple in India