1ഒരു നിമിഷം. ആ പക്ഷി തല ഒരു പ്രത്യേക രീതിയില്‍ ചരിച്ചുപിടിച്ച്, ചെറിയ കുഞ്ഞുങ്ങള്‍ കൗതുകപൂര്‍വം നോക്കുന്നപോലെ എന്റെ ക്യാമറയിലേക്ക് നോക്കി. ഞാന്‍ അതുവരെ കാത്തിരുന്നതും അതാകാം! തുടര്‍ന്നങ്ങോട്ട് ഓരോ ചലനങ്ങളും ഓരോ ഫ്രെയിമുകളായി. സര്‍വസാധാരണമായ ഒരു ജീവിയെ ഏറെ നേരം ശ്രദ്ധിച്ചുകൊണ്ടിരുന്നാല്‍ അസാധാരണമായ ചില ഫ്രെയിമുകള്‍ വീണുകിട്ടും. ഒരുപാട് ഷൂട്ട് ചെയ്ത വന്യജീവിയെ കാണുമ്പോള്‍ പലപ്പോഴും ഫോട്ടോഗ്രാഫര്‍മാര്‍ അവഗണിക്കാറാണ് പതിവ്. ഉള്ളില്‍ ഒരു നിരീക്ഷക കുതുകി ഉണ്ടെങ്കില്‍ ഒരു ജന്തുജാലവും നമ്മെ ബോറടിപ്പിക്കില്ല; ഓരോ പ്രാവശ്യവും അവ നമ്മള്‍ക്കായി എന്തൊക്കെയോ പുതിയ ഭാവങ്ങള്‍ കരുതിവെച്ചിരിക്കുന്നത് തിരിച്ചറിയുവാനാകും.

മൂങ്ങകളെക്കുറിച്ചോര്‍മിക്കുമ്പോള്‍ അസാധാരണമായ ആ കണ്ണുകളാണ് പൊടുന്നനെ മനസ്സില്‍ തെളിയുക. പക്ഷികളില്‍ തന്നെ രൂപത്തിലും ഭാവത്തിലും ഏറെ വ്യത്യസ്തതയാര്‍ന്നവയാണ് മൂങ്ങകള്‍. വലിപ്പമുള്ള തലയും മനുഷ്യരുടേതുപോലെ മുന്നോട്ട് തുറന്ന കണ്ണുകളും തടിച്ച ദേഹവും ചെറിയ വാലും പറക്കുമ്പോഴുള്ള ശബ്ദമില്ലായ്മയുമൊക്കെക്കൊണ്ട് ഈ പക്ഷികള്‍ പക്ഷിനിരീക്ഷകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഏറെ പ്രിയപ്പെട്ടവരാണ്.

ബാല്യത്തിലെ അമ്മൂമ്മക്കഥകളിലും ചില അന്ധവിശ്വാസങ്ങളിലും ഈ സാധുപക്ഷികള്‍ ഭീകര രൂപികളാണ്. ഇവയുടെ ശബ്ദം മരണത്തോടു ചേര്‍ത്തും കെട്ടുകഥകള്‍ ധാരാളം പിറന്നിട്ടുണ്ട്. മൂങ്ങകളില്‍ ഏറെ സുന്ദരന്മാരും സുന്ദരികളും വെള്ളിമൂങ്ങകള്‍ ആണെന്ന് തോന്നുന്നു. ഹൃദയാകൃതി പൂണ്ട മുഖം നമ്മുടെ ഹൃദയത്തില്‍ നിന്നും മായില്ല. ഇവയാണെങ്കില്‍ മനുഷ്യവാസമുള്ള ഇടങ്ങളിലാണ് കാണാറുള്ളതും. പ്രകൃതിക്കറിയാം ഈ ഭൂമിയെ മാലിന്യക്കൂമ്പാരമാക്കുന്ന ഒരേ ഒരു ജീവി മനുഷ്യനാണെന്ന്. അതുകൊണ്ട് എലികള്‍ക്ക് യാതൊരു പഞ്ഞവുമില്ല നമ്മുടെ നാട്ടില്‍. വെള്ളിമൂങ്ങയും ചേരകളുമാണ് എലികളെ കൊന്നൊടുക്കുന്നതില്‍ മുന്നില്‍. മാര്‍ദവമേറിയ പൂടകളും തൂവലുകളും വെള്ളിമൂങ്ങയുടെ രാത്രി സഞ്ചാരത്തിനു സഹായകരമാണ്. അതുകൊണ്ട് ചിറകുകള്‍ ചലിപ്പിക്കുമ്പോള്‍ ശബ്ദങ്ങള്‍ ഉണ്ടാകാറില്ല. നിശ്ശബ്ദമായി ഇരകള്‍ക്കുനേരെ പറന്നെത്തുവാന്‍ കഴിയുന്നു.

പഴയ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍, ദേവാലയങ്ങളുടെ മച്ചില്‍, ഫഌറ്റുകളുടെ ഇരുണ്ട സണ്‍ഷേഡുകളിലൊക്കെ ഇവ കൂടു വെക്കുന്നു. പകല്‍ നിശ്ശബ്ദമായി കഴിയും. സന്ധ്യമയങ്ങുമ്പോള്‍ ഇലക്ട്രിക് പോസ്റ്റുകളിലും കെട്ടിടങ്ങള്‍ക്കുമീതെയുമൊക്കെ ഒരു സൂക്ഷ്മനിരീക്ഷകനെപ്പോലെ നിശ്ശബ്ദമായി ഇരിപ്പുറപ്പിക്കും. രാത്രിയില്‍ പറക്കുന്ന പ്രാണിവര്‍ഗങ്ങളെയും എലികളെയും വേട്ടയാടുന്നു. കര്‍ഷകരുടെ അടുത്ത ബന്ധു എന്നും ഇവയെ വിളിക്കാം. എലികള്‍ വസിക്കുന്ന മാളങ്ങളും പൊന്തകളും ഇവയുടെ ഇഷ്ടപ്രദേശങ്ങളാണ്. വിളഞ്ഞുനില്‍ക്കുന്ന നെല്‍പ്പാടങ്ങളുടെ കാവല്‍ക്കാരന്‍.

2

'പത്തായപ്പക്ഷി' എന്നൊരു പേരും ഇവയ്ക്കുണ്ട്. ഏറെ നേരം ഇവയെ നിരീക്ഷിച്ചാല്‍ ഒരു നര്‍ത്തകിയുടെ താളാത്മകമായ ചലനങ്ങള്‍ ഇവയില്‍ കാണാം. ഞാന്‍ നിരീക്ഷിച്ച വെള്ളിമൂങ്ങകള്‍ ഒക്കെതന്നെ ഓരോ വ്യത്യസ്തമായ അനുഭവങ്ങളും കാഴ്ചയും ആയിരുന്നു. പലവിധ ശബ്ദങ്ങള്‍ പുറപ്പെടുവിപ്പിക്കുന്ന ഇവയുടെ ''ഷിര്‍..ര്‍...ര്‍...ര്‍...''എന്ന ശബ്ദം തൊട്ടരുകില്‍ മറ്റൊരു വെള്ളിമൂങ്ങ ഉണ്ടെങ്കില്‍ അവയ്ക്കുള്ള സന്ദേശമാണ്.

വെള്ളിമൂങ്ങയുടെ പേരില്‍ നമ്മുടെ നാട്ടില്‍ തട്ടിപ്പ് കച്ചവടം ധാരാളം നടക്കുന്നുണ്ട്. അടുത്തിടെ ഒരു സിനിമയ്ക്കും വെള്ളിമൂങ്ങ എന്ന പേരു വന്നു. രാത്രി സഞ്ചാരികളായ ഈ പക്ഷികളെ പകല്‍ വെളിച്ചത്തിലാണ് ഞാന്‍ പലപ്പോഴും ഷൂട്ട് ചെയ്തിട്ടുള്ളത്. 400 f  2.8 mm ലെന്‍സിലാണ് ഇതിലെ ചിത്രങ്ങള്‍ ഷൂട്ട് ചെയ്തത്. ഓര്‍മിക്കുക. ക്ഷമയോടെ ഓരോ ജീവിയെയും ഏറെ നേരം നിരീക്ഷിച്ചാല്‍ പ്രതീക്ഷിക്കാത്ത ഫ്രെയിമുകള്‍ ലഭിക്കും.