കാട്ടിലേക്കുള്ള ഏകാന്തയാത്രകളിലാണ് പലപ്പോഴും അവിസ്മരണീയമായ ചില ഫ്രെയിമുകള്‍ക്കുമുന്നിലെത്തിപ്പെടുക. ഒരിക്കല്‍ വേനല്‍ചൂടിന്റെ കാഠിന്യത്തില്‍ മുതുമല ടൈഗര്‍ റിസര്‍വിലൂടെ അലഞ്ഞുതിരിയുമ്പോഴാണ് പ്രത്യേകരീതിയിലുള്ള ഒരു ശബ്ദം കാതുകളില്‍ പതിഞ്ഞത്. അതിന്റെ ഉറവിടം തേടി കരുതലോടെ മുളംകാട്ടിലൂടെ നീങ്ങുമ്പോള്‍ ശബ്ദത്തിന്റെ പ്രത്യേകത ശ്രദ്ധിച്ചിരുന്നു. ആരോഹണ അവരോഹണക്രമത്തില്‍ ഒരു മുക്കലോ മൂളലോ...

നടന്നെത്തിയതോ ഒരു വിസ്മയക്കാഴ്ചയിലേക്കും. മുള്ളിലകളാല്‍ തീര്‍ത്ത കാട്ടുമെത്തയില്‍, ഇളംകാറ്റിന്റെ തലോടലില്‍ മുളംകാടുകള്‍ മൂളുന്ന താരാട്ടില്‍ വലിയൊരു കൊമ്പനാന ശയിക്കുന്നു! ഞാനും എന്റെ ക്യാമറയും അവിടെ എത്ര സമയം തങ്ങി എന്നറിയില്ല. 'ഞാന്‍ ഉറക്കത്തിലും ഉണര്‍വിലാണ്' എന്ന മട്ടില്‍ ഇടയ്ക്കിടെ അവന്‍ ചെവികളും വാലും ചലിപ്പിക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഷോളയാര്‍ കാടിന്റെ കടുംപച്ചയില്‍ പുഴയുടെ സംഗീതത്തില്‍ നിലകൊള്ളുന്ന ഒരു കടുവയുടെ അരികില്‍ എത്തിയത് ഓര്‍ത്തു. കുറേ ഫ്രെയിമുകള്‍ നിറഞ്ഞപ്പോള്‍ കടുവ വാല്‍ മുകളിലേക്ക് ചുഴറ്റി എന്നെ ഓര്‍മപ്പെടുത്തി. ''നീ അത്ര അടുത്താല്‍ മതി. ഞാന്‍ ഉറക്കത്തിലും ഉണര്‍വിലാണ!''

എന്‍.എ. നസീര്‍

കടുവകള്‍ ഇത്തരം സന്ദേശങ്ങള്‍ ചെറുചലനങ്ങളിലൂടെയോ മര്‍മരങ്ങളിലൂടെയോ നമ്മള്‍ക്കെത്തിച്ചുതരുന്നുണ്ട്. അവ തിരിച്ചറിയാനാകണം. നട്ടുച്ചയ്ക്കാണ് വരണ്ട കാട്ടിലൂടെ നടന്നത്. മുന്നിലെന്തോ ഉണ്ട്... അവിടെത്തന്നെനിന്ന് ചുറ്റിലും നോക്കി. പിന്നെ സാവകാശം നിലത്തിരുന്നു. തറയിലൊക്കെ നോക്കിയപ്പോള്‍ ഒരു കൈയകലത്തില്‍ പാറയുടെയും മണ്ണിന്റെയും നിറം ശരീരത്തില്‍ ചൂടിയ ഒരു രാക്കിളി. തിരിച്ചറിയാന്‍ ഏറെ പ്രയാസം. ശബ്ദം ഉണ്ടാക്കാതെയും അനങ്ങാതെയും ക്യാമറയിലേക്ക് പകര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ ആ പക്ഷി നിദ്രയിലാണ്ട മിഴികള്‍ തുറന്ന് എന്നെ നോക്കി. ''ഉറക്കത്തിലും ഉണര്‍വിലാണ് ഞാന്‍.'' 

പഴുത്തുതുടുത്ത കാട്ടാല്‍പഴങ്ങളുടെ സമൃദ്ധിയില്‍ നില്ക്കുന്ന ഒരു വൃക്ഷത്തിനരികില്‍ എത്തിച്ചേര്‍ന്നത് ചില കാട്ടുപ്രാവുകളുടെ ചിത്രങ്ങള്‍ എടുക്കാനായിരുന്നു. അപ്പോഴാണ് മുന്നിലെ പൊന്തയില്‍ നിന്നും തിരക്കിട്ട് ഒരു കരടി പുറത്തേക്കിറങ്ങിയത്. തറയില്‍ വീണുകിടന്ന ആലിന്‍പഴങ്ങളൊക്കെ ഭക്ഷിച്ചതിനുശേഷം അത് ആ വൃക്ഷത്തിലേക്ക് തന്നെ കയറി. അനായാസേന ഓരോ ശാഖകളിലും കയറിച്ചെന്ന് പഴങ്ങള്‍ തിന്നാന്‍ തുടങ്ങി.

എന്‍.എ. നസീര്‍

കുറച്ചുകഴിഞ്ഞപ്പോള്‍ കരടി നല്ലൊരു ശാഖനോക്കി തിരഞ്ഞെടുത്ത് അവിടെ കിടന്ന് സുഖമായി ഉറങ്ങി. ഞാനും തൊട്ടരികിലുള്ള മറ്റൊരു വൃക്ഷത്തില്‍ കയറി. അവിടെ ഇരുന്ന് 'ഐ ലെവല്‍' ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങി. കരടി കണ്ണുകള്‍ തുറന്നു വെറുതെ തല ഉയര്‍ത്തി, പിന്നെ വീണ്ടും ഉറക്കത്തിലേക്കുപോയി. പക്ഷേ, അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതുണരുകയും വീണ്ടും പഴങ്ങള്‍ തിന്നുകയും തിരികെ അതേ ശാഖയില്‍ വന്ന് നിദ്രകൊള്ളുകയും ചെയ്തു. ഇടയ്ക്ക് ഉണരുകയും പഴങ്ങള്‍ ഭക്ഷിക്കുകയും ചെയ്തു. ഏകദേശം മൂന്നുമണിക്കൂര്‍ ഞാനും അടുത്ത മരത്തില്‍ ഉറക്കത്തിലും ഉണര്‍ന്നിരിക്കുന്ന സുഹൃത്തിനെ നിരീക്ഷിച്ചുകൊണ്ടിരുന്നു.

 

എന്‍.എ. നസീര്‍കാടിനെ അറിയുക എന്നതുതന്നെയാണ് ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ച് ഒന്നാമത്തെ പാഠം എന്ന സന്ദേശമാണ് ഇത്തരം ചിത്രങ്ങള്‍ തരുന്നത്. കാട്ടില്‍ നിശ്ശബ്ദതയോട് ലയിച്ചുവേണം വന്യജീവികളുടെ മനസ്സ് തിരിച്ചറിയാന്‍ ക്യാമറാക്കണ്ണുകള്‍ക്കൊപ്പം നമ്മുടെ മനസ്സും ഒരുങ്ങണം. 

എന്‍.എ. നസീര്‍

ഈ ചിത്രങ്ങളൊക്കെ തന്നെ Canon 300 f 4 IS, 100 - 400, 400 f 2.8  എന്നീ ലെന്‍സുകളില്‍ പകര്‍ത്തിയവയാണ്. ക്യാമറാബോഡി, Canon 50D, 7D എന്നിവയാണ് ഉപയോഗിച്ചത്.

എന്‍.എ. നസീറിന്റെ കാടും ക്യാമറയും എന്ന പുസ്തകം വാങ്ങാം

എന്‍.എ. നസീറിന്റെ കാടിനെ ചെന്നു തൊടുമ്പോള്‍ എന്ന പുസ്തകം വാങ്ങാം