ഹുപ്പു എന്ന പക്ഷിയുടെ രൂപംതന്നെ അതിമനോഹരമാണ്. അല്പം നീണ്ടുനില്‍ക്കുന്ന കൊക്കും ശിരസ്സിലെ തൂവല്‍ കിരീടവും തറയിലൂടെയുള്ള ആ നടത്തവും, ചെങ്കല്‍, കറുപ്പ്, വെളുപ്പ് നിറങ്ങള്‍ നിറഞ്ഞ ശരീരവും... ചിലപ്പോഴൊക്കെ തലയിലെ തൂവലുകള്‍ വിടര്‍ത്തുമ്പോള്‍ ആ ചന്തമേറിവരും.

ഹുപ്പു (Hoopoe)വിന്റെ ചിത്രങ്ങള്‍ ലഭിക്കുക അത്ര പ്രയാസമുള്ള കാര്യമല്ല. പക്ഷേ, എന്റെ മുന്നിലുള്ള ഹുപ്പുവിനുനേരെ ക്യാമറയുമായി പുല്‍പ്പരപ്പില്‍ കിടക്കുവാന്‍ തുടങ്ങിയിട്ട് ഒന്നര മണിക്കൂറെങ്കിലും ആയിക്കാണും. ചിത്രങ്ങള്‍ ഒട്ടനവധി ലഭിച്ചു. ആ പക്ഷി അതിന്റെ താളാത്മകമായ ചലനങ്ങള്‍കൊണ്ടും നിര്‍ഭയമായി എന്റെ സാമീപ്യം അവഗണിച്ചതുകൊണ്ടും സുഖകരമായ എന്തൊക്കെയൊ അനുഭവങ്ങളില്‍ ഞാന്‍ മുഴുകി.

naseer

 

buy

അതിനിടയില്‍ ആ പക്ഷി പുല്‍പ്പരപ്പില്‍നിന്ന് തന്റെ നീണ്ട കൊക്കുകൊണ്ട് ചെറുപ്രാണികളെയും പുഴുക്കളെയുമൊക്കെ കൊത്തി എടുക്കുന്നുണ്ടായിരുന്നു. മലമുഴക്കി വേഴാമ്പലുകളെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് അവയെ ഭക്ഷിക്കുന്നത്. കൊക്കിന്റെ അഗ്രഭാഗംകൊണ്ട് എടുത്ത ഇരയെ പൊടുന്നനെ വായുവിലേക്കെറിയുന്നു. അതായിരുന്നു ഞാന്‍ ക്യാമറയിലേക്കു പകര്‍ത്തിയതും. ചില ഫ്രെയിമുകള്‍ക്കായുള്ള നമ്മുടെ കാത്തുനില്‍പ്!

naseer

മ്ലാവിന്റെ അപകടസൂചന നല്‍കുന്ന ശബ്ദം കേട്ടപ്പോഴേ അവിടെ കാട്ടുനായ്ക്കള്‍ കാണും എന്ന് ഞാനുറപ്പിച്ചിരുന്നു. മൂന്ന് വലിയ മാനുകളും ഒരു കുട്ടിയും എട്ടോളം കാട്ടുനായ്ക്കളും. നിമിഷനേരംകൊണ്ടാണ് അതിലൊരു കാട്ടുനായ് മാന്‍കുട്ടിയുടെ കഴുത്തിന് കൃത്യമായി കടിച്ചുപിടിച്ചത്. അതവിടെ വീഴുകയും ചെയ്തു. അതിനിടയില്‍ കാട്ടുനായ്ക്ക് വലിയ മാനിന്റെ ശക്തമായ തൊഴി കിട്ടിയിരുന്നു. കഴുത്തിലെ പിടുത്തം വിട്ട അത് മുടന്തിയാണ് മാറിയത്. തീരെ അവശതയിലായ മാന്‍കുട്ടി എഴുന്നേറ്റുനിന്നെങ്കിലും മറ്റൊരു കാട്ടുനായ് പിന്നിലൂടെ ആക്രമിച്ച് അതിനെ വീഴ്ത്തി. ഒടുവില്‍ മാന്‍കുട്ടിയെ കാട്ടുനായ്ക്കള്‍ക്ക് കൊടുത്ത് മൂന്നുമാനുകളും അവിടെനിന്ന് രക്ഷപ്പെട്ടു. കാരണം കാട്ടുനായ്ക്കളുടെ വിശപ്പ് ആ ചെറുമാനിന്റെ ശരീരംകൊണ്ട് തീരില്ലെന്നും അടുത്ത ഇര അവരില്‍ ഒരാളാകാം എന്നും അവര്‍ തിരിച്ചറിഞ്ഞു. അവ വേഗം അവിടെനിന്ന് രക്ഷപ്പെട്ടു.

naseer

പക്ഷേ, എനിക്കായി മറ്റൊരു കാഴ്ചയും കുറച്ചുകഴിഞ്ഞ് സംഭവിച്ചു. രണ്ട് കാട്ടുപന്നികള്‍ ആ മാന്‍കുട്ടിയുടെ ശരീരഭാഗങ്ങളുമായി മറ്റൊരു ഭാഗത്ത് എത്തിയിരിക്കുന്നു! അതിനര്‍ത്ഥം കാട്ടുനായ്ക്കള്‍ വലിയ മാനുകള്‍ക്കു പിന്നാലെയാണ് എന്നാണ്. കാട്ടുപന്നികള്‍ മാന്‍കുട്ടിയുടെ അവശിഷ്ടങ്ങള്‍ ഭക്ഷിക്കുന്നതിന്റെ പങ്കുപറ്റുവാന്‍ ഒരു കാക്കയും എത്തിച്ചേര്‍ന്നു. പന്നികളുടെ കണ്ണുവെട്ടിച്ച് കാക്ക അതില്‍ നിന്നും അതിന്റെ അന്നം കണ്ടെടുക്കുകയായിരുന്നു.

naseer

buy2

കാട്ടിലെ നീതിയും ഓരോ ജീവികളുടെയും ആഹാര സമ്പാദന രീതികളും എത്ര മാത്രം പാരസ്പര്യത്തോടെയാണ് നിലനില്‍ക്കുന്നത്! ഒരു ജീവി അതിന്റെ ആഹാരം കണ്ടെത്തുമ്പോള്‍ അത് മറ്റുള്ള പല ജീവികള്‍ക്കും കൂടി ആഹാരമായിത്തീരുന്നു.

ചിത്രശലഭങ്ങളെ തേടിയാണ് വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലെത്തിയത്. നഗരജീവിതത്തിനുള്ളിലെ സര്‍പ്പക്കാവ്. പക്ഷികളെക്കൊണ്ടും പൂമ്പാറ്റകളെക്കൊണ്ടും നഗരത്തിന് അന്യംവന്ന ചില അപൂര്‍വ സസ്യങ്ങളെക്കൊണ്ടുമൊക്കെ ആ ചെറുസര്‍പ്പക്കാവ് സമ്പന്നമാണ്. സുഹൃത്തായിരുന്ന രവിച്ചേട്ടന്റെയും മീനയുടെയുമൊക്കെ സ്വപ്നവും സമ്പാദ്യവുമൊക്കെയാണ് ആ സര്‍പ്പക്കാവ്.

naseer

ഇലയില്‍ തന്റെ ഇരയെ പ്രതീക്ഷിച്ചിരുന്ന ഒരു ചെറു ചിലന്തി വേട്ടാളന്‍ എന്ന പ്രാണിയുടെ ഇരയായി മാറിയത് ഞൊടിയിടകൊണ്ടാണ്. ചിത്രശലഭത്തില്‍നിന്നും തൊട്ടടുത്ത ആ ചെറു ചലനങ്ങളിലേക്ക് എന്റെ ക്യാമറയും തിരിഞ്ഞു. രക്ഷപ്പെടുവാന്‍ പഴുതുകള്‍ ഏതുമില്ലാതെ ആ ചിലന്തി ഇരയായി ജീവിതം പൊലിച്ചു.

ഈ ചിത്രങ്ങളൊക്കെ പകര്‍ത്തിയത് Canon 7D Camara, 400mm F2.8, 100400mm F5.6, 90mm F2.8 ലെന്‍സുകള്‍ ഉപയോഗിച്ചാണ്. പലപ്പോഴും അപ്പര്‍ച്ചര്‍ പ്രയോറിട്ടിയിലും ഷട്ടര്‍ പ്രയോറിട്ടിയിലുമാണ് ക്യാമറ പ്രവര്‍ത്തിപ്പിച്ചത്. കണ്ടിന്യൂസ് ഷട്ടര്‍ സ്പീഡും, ISO 400, 640യിലുമായിരുന്നു.

ഒരു വന്യജീവി ഫോട്ടോഗ്രാഫര്‍ ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ മനസ്സും ശരീരവും ക്യാമറയും ഒന്നായിത്തീരണം. ആലോചനകള്‍ക്ക് അവിടെ സ്ഥാനമില്ല. നിരന്തരം കാടിനെ അറിഞ്ഞും ക്യാമറ പ്രവര്‍ത്തിപ്പിച്ചുമാണ് അത്തരം സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കേണ്ടത്. അത് വര്‍ഷങ്ങളുടെ പരിചയംകൊണ്ട് സ്വായത്തമായിത്തീരുന്ന ഒരവസ്ഥയാണ്. ഓരോ നിമിഷവും അനുഭവസമ്പന്നമായിരിക്കും കാട്ടിലൂടെയുള്ള യാത്രകള്‍. അത് സൂക്ഷ്മമായി തിരിച്ചറിയുമ്പോള്‍ കാടും ക്യാമറയും മനസ്സുമൊന്നാകുന്ന പാതയിലേക്കായിരിക്കും പ്രവേശിക്കുക.