ഴക്കാലത്ത് നമ്മള്‍ക്ക് നനഞ്ഞ മണ്ണില്‍നിന്നു തുടങ്ങാം. പുഴു മുതല്‍ പുലി വരെ എന്തും സമാനതയോടെ ഫ്രെയിമിലാകുമ്പോഴാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലൂടെ കാടിനെ സൂക്ഷ്മതയോടെ അറിയാനാകുകയെന്നാണ് എനിക്ക് തോന്നുന്നത്.

25 വര്‍ഷം മുന്‍പാണ് മൂന്നാറിലെ പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിനുള്ളില്‍ (അന്നവിടം നാഷണല്‍ പാര്‍ക്ക് ആയിട്ടില്ല, വന്തറവുകാട് എന്നായിരുന്നു വിളിച്ചുപോന്നിരുന്നത്) ഒരു അപൂര്‍വ കൂണിനെ കണ്ടെത്തുന്നത്. അന്നത് സ്ലൈഡ് ഫിലിമില്‍ പകര്‍ത്തിയെങ്കിലും കാലപ്പഴക്കംകൊണ്ട് മോശമായിപ്പോയി. പിന്നീട് വനയാത്രകളിലൊക്കെ കൂണുകള്‍ കാണുമ്പോള്‍ പഴയ ആ കാഴ്ച ഓര്‍മവരും.

N A Naseer

2017-ല്‍ കൊടൈക്കനാല്‍ ട്രക്കിങ്ങില്‍ കൂട്ടുകാര്‍ക്കൊപ്പം വീണ്ടും ഈ കൂണ്‍ കണ്ടെത്താനായത് സന്തോഷനിമിഷമായി. അതിനുശേഷം പാമ്പാടുംചോലയില്‍നിന്നു രണ്ടാമതും പകര്‍ത്തുവാനായി. തെക്കെ അമേരിക്ക, ഓസ്ട്രേലിയ, പാപ്പുവാ ന്യൂഗിനി എന്നീ രാജ്യങ്ങളുടെ ചില പ്രദേശങ്ങളില്‍ ഇത്തരം കൂണുപോലുള്ളവയുണ്ട് എന്ന് ചില പുസ്തകങ്ങള്‍ പരതിയപ്പോള്‍ തിരിച്ചറിഞ്ഞു.

ഈ ചെറിയൊരു കൂണ്‍ കഥ ഇവിടെ സൂചിപ്പിക്കുവാന്‍ കാരണം കാടകങ്ങള്‍ക്കടിത്തട്ടിലും വന്‍ വൃക്ഷശാഖകളിലും മലമുഴക്കികളെ തേടുന്നതുപോലെയോ സന്ദര്‍ശകര്‍ക്കുനേരെ മുഖം തിരിക്കുന്ന ഒരു കടുവയെ ഫ്രെയിമിലാക്കുന്നപോലെയോ ആസ്വാദനവും ആഹ്ലാദവും ഇത്തരം ചെറു ഫ്രെയിമുകളും നല്കും എന്നതാണ്.

N A Naseer

 

ക്ലോസപ്പ് വൈഡാങ്കിള്‍ ലെന്‍സുകളും (.03) മാക്രോലെന്‍സുകളും ടെലി കണ്‍വര്‍ട്ടുകളും എക്സ്റ്റന്‍ഷന്‍ റ്റിയൂബുകളും ടെലിഫോട്ടോലെന്‍സുകള്‍ കരുതുന്നതുപോലെ ഓരോ കാടുകയറ്റങ്ങള്‍ക്കും നമ്മുടെ ക്യാമറാബാഗില്‍ കരുതുന്നത് നല്ലതായിരിക്കും. മുന്‍പ് സൂചിപ്പിച്ചപോലെ കാട്ടില്‍ എന്തും ഏതും ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വിഷയമാണ്. മാക്രോ ഫോട്ടോഗ്രാഫിക്ക് മഴക്കാലവും നനഞ്ഞ മണ്ണും ചെടികളുമൊക്കെ ജീവസ്സുറ്റ ചിത്രങ്ങള്‍ നല്കും.

N A Naseer

അതുപോലെ ഫ്രെയിമുകളിലെ വ്യത്യസ്തതയും ശ്രദ്ധിക്കണം. സാധാരണ ഒരു കടുവയൊ മാനൊ മലമുഴക്കിയൊ നമ്മള്‍ക്ക് നല്കുന്ന ഒരു നിശ്ചിത പോസുകള്‍ ഉണ്ട്. അതിനിടയില്‍ നമ്മള്‍ ശ്രദ്ധിക്കാതെ കടന്നുപോകുന്ന ചില ഫ്രെയിമുകളും. അത് വീണുകിട്ടുമ്പോള്‍ അതുവരെയുള്ള കാഴ്ചകളില്‍നിന്നും വ്യത്യസ്തമായിരിക്കും. അതിനായി കുറച്ചെങ്കിലും വന്യജീവികളുടെ സ്വഭാവങ്ങളും കാടിനെയും തിരിച്ചറിയുവാനും ശ്രമിക്കണം നാം.

N A Naseer

ഇവിടെ ഉപയോഗിച്ചിരിക്കുന്നത് കാനണ്‍, നിക്കോണ്‍ എന്നീ ക്യാമറകളുടെ 7D, 70D, 5D Mark 2, D 500, D 6000, D 750 എന്നീ ക്യാമറാ ബോഡികളും 17-40, 28, 100 Macro, 100-400, 200-500, 400 എന്നീ ലെന്‍സുകളൊക്കെയാണ്. ചില ചിത്രങ്ങള്‍ക്കായി ട്രൈപോഡ് ഉപയോഗിച്ചിട്ടുണ്ട്. അതുപോലെ ബീന്‍ബാഗും മോണോപാഡും ഉപയോഗിച്ചിരുന്നു.

അതുപോലെ കാടിനേല്‍ക്കുന്ന ക്ഷതങ്ങളും നഷ്ടങ്ങളുംകൂടി നാം ശ്രദ്ധിക്കണം. കിഴക്ക് പശ്ചിമഘട്ടവും അതില്‍ പച്ചപ്പും നിലനിന്നാലെ നല്ല വായു, ശുദ്ധജലം, നല്ല മണ്ണ് എന്നിവ നമ്മുടെ ജീവിതത്തിന് ലഭിക്കൂ. അതുപോലെ വന്യജീവി ഫോട്ടോഗ്രാഫി സാധ്യമാകൂ എന്നത് ഓരോ ഫ്രെയിമുകളുടെയും അടിസ്ഥാനചിന്തയാകണം.