നിശ്ശബ്ദമായി ഞാന്‍ ആ കയറ്റം കയറി. താഴ്‌വരയില്‍നിന്ന് കര്‍ഷകരുടെ ഉച്ചത്തിലുള്ള സംസാരങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്നില്ല. നീലഗിരി മലനിരകളിലെവിടെയോ ഒളിച്ചിരുന്ന തണുത്തകാറ്റ് എന്നെ തഴുകി കടന്നുപോയി. മുകളിലെത്തിയാല്‍ അപ്പുറം താഴ്‌വരയില്‍ മസനഗുഡിയുടെ മനോഹരദൃശ്യം കാണാം. മഞ്ഞില്ലാത്ത പ്രഭാതത്തില്‍ ചിലപ്പോള്‍ മലയുടെ ഉച്ചയില്‍ നാം എത്തുമ്പോള്‍ താഴ്‌വരയാകെ വെള്ളിമേഘങ്ങള്‍ ഉറങ്ങിക്കിടക്കുന്നതുകാണാം. നല്ലൊരു വൈഡ് ആങ്കിള്‍ ലെന്‍സുണ്ടെങ്കില്‍ പിന്നെ ആ മനോഹരദൃശ്യത്തില്‍നിന്ന് തിരിച്ചുപോരാന്‍ ക്യാമറ അനുവദിക്കില്ല.

പൊടുന്നനെയാണ് എന്റെ മുന്നിലുള്ള പാറയ്ക്ക് പിന്നില്‍നിന്നും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരു വലിയ കടുവ പ്രത്യക്ഷപ്പെട്ടത്. ഒരുനിമിഷം മാത്രം അത് മിന്നല്‍പിണറിന്റെ വേഗത്തോടെ താഴ്‌വരയിലേക്ക് മറയുകയും ചെയ്തു. അതിനിടയില്‍ ക്യാമറ എങ്ങനെ പ്രവര്‍ത്തിച്ചു എന്ന് എനിക്കുതന്നെ അറിയില്ല. 400 എം.എം. ലെന്‍സില്‍ നല്ലൊരു ചിത്രം കിട്ടാന്‍ സാധ്യതയില്ലായിരുന്നു അവിടെ. കാരണം ഞാനും ആ കടുവയും തമ്മില്‍ അത്രമാത്രം അടുത്തായിരുന്നല്ലൊ.

kadine chennu thodumpolആ ഭാഗത്ത് രണ്ട് കടുവകളെ ഇടയ്ക്കിടെ കാണാറുണ്ട് എന്ന് ഗ്രാമീണരും നീലഗിരിമലകളുടെ സൗന്ദര്യം ദര്‍ശിക്കാന്‍ എത്തുന്നവരും പറഞ്ഞിരുന്നു. കൂടാതെ വലിയൊരു കാട്ടുപോത്തിനെ ഒരു മാസം മുമ്പായിരുന്നു അവ ഇരയാക്കിയതും. കടുവയുടെയും കരടിയുടെയുമൊക്കെ ഏറെ അരികില്‍ പലപ്പോഴും ചെന്നിട്ടുണ്ട്. പക്ഷേ, അതെല്ലാം ബോധപൂര്‍വം അവധാനതയോടെ ആയിരുന്നു. അവയാണെങ്കില്‍ എന്റെ ഫോട്ടോ ഷൂട്ടിനോട് തികച്ചും സഹകരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തനിച്ചുള്ള അത്തരം സഞ്ചാരങ്ങളില്‍ ഒരിക്കല്‍പോലും അവയെയൊന്നും ആക്രമണ മനസ്സോടെ കണ്ടിട്ടില്ല. സൗമ്യവും ഏറെ മനോഹരവുമായ ഫ്രെയിമുകള്‍ക്ക് പോസ് നല്‍കുകയായിരുന്നു. അരികിലെത്തുന്നവരെ തിരിച്ചറിയാനുള്ള അവയുടെ മനസ്സ് വായിക്കുവാന്‍ കാട്ടില്‍ പോകുന്നവരെല്ലാം ഇനിയും ശീലിക്കേണ്ടിയിരിക്കുന്നു.

vreanam pootha chanthamഈ കടുവ പൊടുന്നനെയാണ് എന്റെ സാന്നിധ്യം അറിഞ്ഞത്. എന്നിട്ടും ആ പ്രദേശത്ത് നിന്നും അല്പം മാറിനില്‍ക്കുവാനാണ് ശ്രമിച്ചത്. കടുവകളെ ദേശീയ മൃഗമായി സംരക്ഷിക്കുമ്പോള്‍തന്നെ അവയുടെ നേരെ നിറയൊഴിക്കുന്നതും ഏത് സംരക്ഷണത്തിന്റെ ഭാഗമാണെന്ന് തിറിച്ചറിയുവാനാകുന്നില്ല. ഇന്ന് വന്യ ജിവികളൊക്കെ അവയുടെ ഗതികെട്ട കാലത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കയാണ്. 

എന്റെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളില്‍ രണ്ട് കണ്ണുകളും കുറച്ചു വരകളും മാത്രമായിരുന്നു. അത്രമാത്രം അരികിലെത്തിയ ആ സന്ദര്‍ഭത്തില്‍ ഇതേ പ്രതീക്ഷിക്കാവൂ. ഞാനതില്‍നിന്നും മഞ്ഞയില്‍ കറുത്ത വരകളുടെ ഒരു ഫ്രെയിം തീര്‍ത്തു. പിന്നീട് പല വന്യജീവികളുടെയും കാട്ടിലെ മറ്റു ദൃശ്യങ്ങളുടെയും വ്യത്യസ്തതയാര്‍ന്ന കാഴ്ചകള്‍ക്കത് ഒരു പുതിയ തുടക്കമാണ് നല്‍കിയതെനിക്ക്.

N A Naseer

ഒഴുകുന്ന നദിയില്‍നിന്നും നിശ്ചലമായ തടാകത്തില്‍നിന്നും കാറ്റില്‍ പാറുന്ന ഇലകളില്‍നിന്നും കാട്ടുവള്ളിയില്‍നിന്നും പൂക്കളുടെ അന്തര്‍ഭാഗത്തെ ശോഭകളില്‍ നിന്നുമൊക്കെ നമ്മള്‍ക്ക് വ്യത്യസ്തമായ ഫ്രെയിമുകള്‍ കുരുങ്ങികിടക്കുന്നുണ്ട്. നമ്മള്‍ ഏറെ അരികിലേക്ക് ചേര്‍ന്നുനില്‍ക്കണം എന്നുമാത്രം. ധ്യാനാത്മകമായ മനസ്സോടെ. 

N A Naseer

ഇവിടെ ഉപയോഗിച്ചിരുന്ന ക്യാമറകള്‍ കാനണ്‍ 7D, 70Dയും 400 F2.8, 300 F4, 100-400 F5, 20-40 F4 എന്നീ ലെന്‍സുകളാണ്. എല്ലാം ട്രൈപോഡുകള്‍ ഉപയോഗിക്കാതെ എടുത്തവയാണ്. ട്രൈപോഡുകളൊ മോണൊപോഡുകളൊ ഉപയോഗിച്ചാല്‍ കുറെക്കൂടി മനോഹരമായ ഫ്രെയിമുകള്‍ തീര്‍ക്കാനാകും.

N A Naseer

തനിച്ച് കാട് കയറുമ്പോള്‍ അതുവരെ കണ്ട കാടല്ല നമ്മള്‍ക്ക് മുന്നില്‍ തുറക്കപ്പെടുന്നത്. ശ്വാസഗതിയും പാദ ചലനങ്ങളും നാമറിയാതെ നിയന്ത്രിക്കപ്പെടും. ക്യാമറ കിറ്റില്‍ ടെലി ലെന്‍സുകള്‍ക്കൊപ്പം എല്ലായ്‌പ്പോഴും നല്ലൊരു വൈഡാങ്കിള്‍ ലെന്‍സുകൂടി കരുതുവാന്‍ മറക്കരുത്. വലിയ സസ്തനികളെ തിരയുമ്പോള്‍ ചെറിയ പുല്‍ച്ചെടികളെപ്പോലും ശ്രദ്ധിക്കണം. എല്ലാം മനോഹരമാക്കിത്തീര്‍ക്കുവാന്‍ സാധ്യമാകും.