നാട്ടില്‍ അത്യുഷ്ണത്തില്‍ എല്ലാം സഹിച്ച് നില്‍ക്കുന്ന ആനകളെ കണ്ടപ്പോള്‍ മഴക്കാലം കാട്ടിലിവര്‍ എത്രമാത്രം ആഘോഷിച്ചിരിക്കാം എന്നോര്‍ത്തു. വേനല്‍ മാറി മഴമേഘങ്ങള്‍ ആകാശം നിറഞ്ഞപ്പോള്‍ മഴച്ചിത്രങ്ങളെക്കുറിച്ച് പലരും ഓര്‍മിപ്പിച്ചു. ആനകള്‍ അപ്പോഴും മനസ്സില്‍നിന്ന് പോയില്ല. വനപാലകര്‍ വണ്ടും വീണ്ടും ആനക്കൊമ്പുകള്‍ കണ്ടെടുത്തുകൊണ്ടിരുന്നു. പ്രതികള്‍ എന്നുപറയുന്ന ചിലരെയും. അതോടെ ആനകള്‍ക്ക് പിന്നാലെ പോകാമെന്നു കരുതി. മഴയുടെ കൂടെ. മഴയിലും മണ്ണിലും ഒന്നാകുന്ന ആനകള്‍...

NA Naseer

ഏഷ്യന്‍ ആനകളെ ഏറ്റവും കൂടുതല്‍ കാണുന്ന മുതുമല കടുവസങ്കേതം തന്നെയാണ് എനിക്കെപ്പോഴും കൊമ്പന്മാരുടെ വ്യത്യസ്തമായ ഭാവങ്ങള്‍ നല്‍കിയിട്ടുള്ളത്. അതുകഴിഞ്ഞ് മൂന്നാറും പമ്പിക്കുളവും ചിന്നാറും. മഴയിലെ കൊമ്പന്മാരുടെ അനേകം നല്ല ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മഴക്കാലം, മണ്ണ്, പുഴയോരം എല്ലാം അവര്‍ എത്രമാത്രം ആസ്വദിക്കുന്നുണ്ടായിരിക്കും എന്ന ചിന്തയുംകൊണ്ട് കാടുകയറിയപ്പോള്‍ നീലഗിരി മലനിരകള്‍ക്കു താഴെ ചാറ്റല്‍മഴയും ആനിമാസത്തെ ശക്തമായ കാറ്റും കാത്തുനില്പുണ്ടായിരുന്നു.

NA Naseer

 

കാടിനു മധ്യേയുള്ള സുഹൃത്തിന്റെ വീട്ടില്‍ കുറച്ചുദിവസം തനിച്ച്. ആദ്യദിനങ്ങളില്‍ കരടികളുടെ പിന്നാലെ അലഞ്ഞു. പിന്നീട് കൊമ്പന്മാരുടെ കൂടെ കൂടി. ചാരനിറം പൂണ്ട ആകാശം. ചാരനിറവും വെളുപ്പും കലര്‍ന്ന പുകമഞ്ഞും ചാറ്റല്‍മഴയും. മഴക്കോട്ടില്‍ ക്യാമറയും ലെന്‍സും ഭദ്രമായി പൊതിഞ്ഞു. മഴ നനഞ്ഞ് ആനച്ചൂരും കാട്ടുപോത്തിന്‍ചൂരും ശ്വസിച്ച് കറങ്ങിത്തിരിയുമ്പോള്‍ മുന്നിലൂടെ കടന്നുപോയി ഒരു പുള്ളിപ്പുലി. അത് അത്രമാത്രം വ്യക്തതയാര്‍ന്ന ഒരു ചിത്രം നല്‍കിയില്ല. തിരിച്ചുവരുന്നതിനിടയില്‍ ഒരു മോഴയാന (കൊമ്പില്ലാത്ത ആണ്‍ ആന) ഉള്‍പ്പെടെ ആറ് കൊമ്പന്മാരെ കണ്ടുമുട്ടി.

NA Naseer

അടുത്ത നാള്‍ പുതിയൊരു കൊമ്പനാന ഞാന്‍ താമസിക്കുന്ന ഇടത്തു വന്നുചേര്‍ന്നു. മാനുകളും കാട്ടുപോത്തുകളും ചവിട്ടിക്കുഴച്ച ചേറില്‍ അവന്‍ ആഹ്ലാദപൂര്‍വം നിലകൊണ്ടു. ക്യാമറയുമായി മെല്ലെ ഞാന്‍ അവനരികിലേക്കും. അപ്പോഴേക്കും മുളകളില്‍ നേര്‍ത്ത സംഗീതം തീര്‍ത്ത് മഴ വന്നു. പിന്നീടാണ് മഴയും മണ്ണും ആനയും ഒന്നായിത്തീര്‍ന്നത്. കറുത്ത ചേറിന്റെ നിറം ആനയിലേക്ക് പടര്‍ന്നു. മഴ അത് കഴുകിക്കളയാന്‍ ശ്രമിക്കുന്തോറും ആന മണ്ണിനോട് ചേര്‍ന്നുകിടന്നു. 

അതിനിടയില്‍ എന്റെ സാന്നിധ്യം അറിഞ്ഞിരിക്കാം. ശിരസ്സ് ഉയര്‍ത്തി കണ്ണുകള്‍ നല്ലവണ്ണം തുറന്ന് ജാഗ്രതയോടെ എന്നെ നോക്കി. കുഴപ്പക്കാരനല്ല എന്നു കണ്ടിട്ടാകാം വീണ്ടും കുഴമ്പുപരുവത്തിലുള്ള മണ്ണുമായി രമിച്ചു. കുറച്ചുകഴിഞ്ഞ് രാജകീയ ഭാവത്തോടെ മെല്ലെ മഴയിലൂടെ നടന്നുവന്നു. ഏറെനേരം എന്നെ നോക്കിനിന്നു. ഞാനോ... അതില്‍ ലയിച്ചു. പിന്നെ ആ വലിയ ചെവികള്‍ ആട്ടി ശിരസ്സ് മെല്ലെ കുലുക്കി സൗഹൃദത്തിന്റെ സന്ദേശം നല്‍കി മുളംകാടുകള്‍ക്കരുകിലേക്ക് അവന്‍ നടന്നുപോയി.

എത്രമാത്രം ആനന്ദത്തോടെയാണവന്‍ മഴയെ സ്വീകരിച്ചിരിക്കുന്നത്. അതില്‍ സൗഹൃദവും ആര്‍ദ്രതയുമൊക്കെയുണ്ട്. കാടു നല്‍കിയ സ്വാതന്ത്ര്യവും- നാട്ടിലെ ആനകള്‍ക്ക് നാം നിഷേധിച്ചവ. മഴക്കാലം കാടിന്റെ ഓരോ ഇഞ്ചിലും ജീവന്‍ തുടിക്കുന്നത് അനുഭവിക്കാനാകും. ക്യാമറ വെക്കുന്ന ഇടമെല്ലാം ജീവനുള്ള ഫ്രെയിമുകള്‍ നിറയ്ക്കാം. പൂര്‍ണമായ ഉണര്‍വോടെ നാം കാട്ടില്‍ നടക്കണം. 

NA Naseer

ക്യാമറയും ലെന്‍സും മഴനനയാതെ സൂക്ഷിക്കാന്‍ പറ്റുന്ന പോളിത്തീന്‍ കവറുകള്‍ മാര്‍ക്കറ്റില്‍ ഇന്ന് സുലഭമാണ്. ലെന്‍സിലും മറ്റും പൂപ്പല്‍ പിടിക്കാന്‍ സാധ്യതയേറും. 'ഹെയര്‍ ഡ്രയര്‍' ഒന്ന് വാങ്ങി സൂക്ഷിക്കുന്നത് നല്ലതാണ്. കാടിറങ്ങുമ്പോള്‍ മുറിയില്‍ എത്തി, ക്യാമറയ്ക്ക് ചെറുചൂടു കൊള്ളിക്കുക. എക്‌സ്ട്രാ ബാറ്ററിയും മെമ്മറി കാര്‍ഡുകളും മഴക്കാലത്ത് കരുതുക.

ഈ ചിത്രങ്ങള്‍ എടുത്തത് കാനണ്‍ന്റെ ഏറ്റവും താഴെയുള്ള മോഡലായ 1100 D ക്യാമറയിലാണ്. ലെന്‍സ് - 400 mm P 5.6. ക്യാമറയിലല്ല ശ്രദ്ധിക്കേണ്ടത്. അതിന്റെ പിന്നിലുള്ള മനസ്സിലാണ്. കാടിനെ അറിഞ്ഞ മനസ്സായിത്തീരണം നമ്മുടെ ഓരോ ഫ്രെയിമും.