തു ജീവിയെ ഫോക്കസ് ചെയ്യുമ്പോഴും കണ്ണുകള്‍ക്ക് ഏറെ പ്രാധാന്യം നല്കാറുണ്ട്. കണ്ണുകളിലേക്ക് നോക്കിയാല്‍ ഒരു വ്യക്തിയെ ഏറെക്കുറെ മനസ്സിലാക്കാനാവും എന്നൊരു തത്ത്വവുമുണ്ട്.
കഴിഞ്ഞ ലക്കങ്ങളില്‍ കരിങ്കുരങ്ങുകളുടെയും മാനുകളുടെയും മുഖഭാവങ്ങളെക്കുറിച്ച് ചിത്രങ്ങള്‍ സഹിതം വിവരിച്ചിരുന്നു. അതില്‍ കണ്ണുകളുടെ പ്രത്യേകതകളെക്കുറിച്ചും സൂചിപ്പിച്ചു. ഒരു കഥകളി കലാകാരന്റെ നവരസങ്ങള്‍ കണ്ണുകളിലൂടെയാണ് മുഖത്തേക്ക് പടരുന്നത്. നര്‍ത്തകരുടെയും ഭാവങ്ങളില്‍ കണ്ണുകള്‍ക്കുള്ള സ്ഥാനം ഏറെ പ്രധാനമാണ്. അതുപോലെത്തന്നെയാണ് നമ്മള്‍ ക്യാമറയുമായി കാട്ടിലേക്ക് വരുമ്പോഴും. 

naseer

ഒരു വന്യജീവിയുടെ പോര്‍ട്രെയിറ്റിലേക്ക് ശ്രദ്ധിക്കുമ്പോള്‍ അവിടെയും കണ്ണുകള്‍ക്കുതന്നെ പ്രാധാന്യം. എനിക്ക് എല്ലായ്‌പ്പോഴും വന്യജീവികളുടെ പോര്‍ട്രെയിറ്റുകളോട് വല്ലാത്തൊരു അടുപ്പമുണ്ട്. അവയെ സൂക്ഷ്മമായി നിരീക്ഷിക്കാനും മുഖഭാവങ്ങള്‍ കണ്ണുകളിലൂടെ ആദ്യം മിന്നിമറയുന്നത് തിരിച്ചറിയാനുമുള്ള ആഗ്രഹംകൊണ്ടാണ് അത്.

naseer

പൊടുന്നനെ മുന്നില്‍ വന്നുചേര്‍ന്ന കരടിയുടെ മുഖത്തെ കൗതുകം, നിസ്സംഗത, ഇരയെ സമീപിക്കുന്ന കടുവയുടെയോ പുള്ളിപ്പുലിയുടെയോ ഭയലേശമില്ലാത്തതും തീക്ഷ്ണമായതുമായ കണ്ണുകള്‍, പുള്ളിമാന്റെ ജഡത്തിനരികെ എത്തുന്ന കാട്ടുനായയുടെ കണ്ണുകള്‍, പുഴുക്കളുമായി കൂട്ടിലേക്കു പറക്കാന്‍ തയ്യാറായ കോഴിവേഴാമ്പലിന്റെ കണ്ണുകളിലെ കരുതല്‍, ചെമ്പന്‍ കീരിയുടെ കണ്ണുകള്‍, ശാന്തമായ ആനയുടെ കണ്ണുകള്‍...

naseer

വന്യജീവിയുടെ കണ്ണുകളെ പകര്‍ത്തുമ്പോള്‍ മിനിമം 400mm ലെന്‍സെങ്കിലും ഉണ്ടായിരിക്കണം. നമ്മള്‍ അവയുടെ ഏറെ അരികിലേക്ക് ഒരു സ്റ്റാന്‍ഡേര്‍ഡ് ലെന്‍സുമായി (നോര്‍മല്‍ ലെന്‍സ്) പോയാല്‍ അവ നമ്മളില്‍ നിന്നും മാറിപ്പോകും. ചിലപ്പോള്‍ നമ്മളെ അപകടകരമായ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. ടെലിഫോട്ടോ ലെന്‍സുകളാണ് നാം ഉപയോഗിക്കുന്നതെങ്കില്‍ ആ വന്യജീവിയെ വലുതായി കാണാനും അകലം പാലിക്കാനും കഴിയും.

നല്ല പ്രകാശമുള്ള ഒരു ദിനമാണെങ്കില്‍ അപ്പര്‍ച്ചര്‍ (Aperture) f8, f11, f16, f22 എന്നീ നമ്പറുകളില്‍ ഏറെ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താനാകും. അപ്പര്‍ച്ചര്‍ എത്രത്തോളം കൂടുന്നുവോ അത്രമാത്രം ലെന്‍സിന്റെ ഓപ്പണിങ് ചെറുതായിക്കൊണ്ടിരിക്കും. ചിത്രത്തിന്റെ ഷാര്‍പ്പിലും ആ ഉയര്‍ച്ച തിരിച്ചറിയാനാകും.

naseer

ഷെയിഡില്‍ നില്ക്കുന്ന ഒരു ജീവിയുടെ കണ്ണുകളിലേക്കാണ് നാം ക്യാമറ തിരിക്കുന്നതെങ്കില്‍, ഉദാഹരണം f16, f22 എന്നീ അപ്പര്‍ച്ചര്‍ സെറ്റുചെയ്യുമ്പോള്‍ ഷട്ടര്‍സ്പീഡ് ഏറെ താഴേക്കുപോകാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ക്യാമറ അനങ്ങാനും ചിത്രം മോശമാകാനും ഇടയുണ്ട്. കൂടാതെ ആ ജീവി ആ നിമിഷം നീങ്ങിയാലും നല്ല ചിത്രം ലഭിക്കില്ല. നിശ്ചലമായി നില്ക്കുന്ന ഒരു ജീവിയാണെങ്കില്‍ അപ്പോള്‍ നമുക്ക് ട്രൈപോഡ് ഉപയോഗിക്കാം. ഇതൊന്നുമല്ലെങ്കിലും ISO കൂട്ടിവെയ്ക്കാനാകും. ഉയര്‍ന്ന ISO-യില്‍ ഇപ്പോള്‍ മികച്ച ചിത്രങ്ങള്‍ പല ക്യാമറകളും നല്കുന്നുണ്ട്. സെന്റര്‍ ഫോക്കസ് പോയന്റില്‍ ക്യാമറ പ്രവര്‍ത്തിപ്പിച്ചാല്‍ ഇത്തരം ഫോട്ടോഷൂട്ടുകള്‍ക്ക് ഏറെ നല്ലതായിരിക്കും.

സൂര്യപ്രകാശവും വന്യജീവികളും അവയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതും ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. സൂര്യപ്രകാശത്തില്‍ നില്ക്കുന്ന ഒരു ജീവിയോ ഒരു ചെറു പുല്‍നാമ്പോ, നിഴലില്‍ നില്ക്കുമ്പോള്‍ ഏറെ വ്യത്യസ്തമായി കാണപ്പെടും. ഉദാഹരണം നിഴലില്‍ നില്‍കുന്ന കടുവ സൂര്യപ്രകാശത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആ ശരീരമാകെ ഒരു ഗോള്‍ഡന്‍ യെല്ലോ നിറമായി മാറുന്നതു കാണാം. അപ്പോള്‍ ആ മനോഹരമായ മുഖത്തെ കണ്ണുകളുടെ തിളക്കവും വ്യത്യസ്തമായിരിക്കും. 

naseer

ഇതൊരു 'വൈറ്റ് ഐ' (വെള്ളക്കണ്ണന്‍ കുരുവി) എന്ന ചെറു പക്ഷിയില്‍പോലും കാണാനാകും. പുലരിവെയിലിലും സായാഹ്ന വെയിലിലും ആണ് ഇത്തരം ചിത്രങ്ങള്‍ പകര്‍ത്താന്‍ നല്ലത്. അവയുടെ കണ്ണുകള്‍ 'സോഫ്റ്റ് ലൈറ്റില്‍' ഏറെ മനോഹരമായിരിക്കും. മധ്യാഹ്നത്തിലൊക്കെ ആന, കാട്ടുപോത്ത്, കരടി, എന്നിവയുടെ കണ്ണുകള്‍ ചെറുതായും കണ്‍തടങ്ങള്‍ വീര്‍ത്തും ഇരിക്കുന്നതുകാണാം. അപ്പോള്‍ ഒരു നല്ല മുഖഭാവം പകര്‍ത്താനാവില്ല. നല്ല വെയിലില്‍ നില്ക്കുമ്പോള്‍ നമ്മുടെ കണ്ണുകള്‍ എപ്രകാരമാണ് ചുരുക്കി പിടിക്കുന്നത്, അത്തരം ഒരവസ്ഥയിലായിരിക്കും വന്യജീവികളും. സസ്യങ്ങളില്‍പോലും അത്തരം വ്യത്യാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ തിരിച്ചറിയാനാകും.

naseer

അപ്പോള്‍ കാടിനെക്കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണങ്ങളും പഠനവും ഒരു വന്യജീവി ഫോട്ടോഗ്രാഫറെ സംബന്ധിച്ച് ഏറെ പ്രധാനമാണെന്ന് സാരം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ക്യാമറകള്‍ Canon 350 D, 40 D, 50 D, 7 D എന്നിവയും ലെന്‍സുകള്‍ 300 f4, 70-200 f2.8, 100-400 f5.6 400 f2.8 എന്നിവയുമാണ്.