തലേന്നത്തെ രാവില്‍ കാട് ശബ്ദമുഖരിതമായിരുന്നു. മുളം കാടുകള്‍ക്കിടയില്‍നിന്നും ആനകള്‍ ആരെയോ തുരത്തുന്ന ശബ്ദമായിരുന്നു നിറയെ. രണ്ടുദിവസമായി ഒരാനക്കൂട്ടം അവിടെത്തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട്. സമൃദ്ധമായ മുളങ്കൂട്ടങ്ങളും കാട്ടരുവിയുമാണ് അവയെ അവിടെ തങ്ങുവാന്‍ പ്രേരിപ്പിച്ചതെന്നാണ് ഞാനാദ്യം കരുതിയത്. അടുത്ത ദിവസമാണ് കാര്യം വ്യക്തമായത്. അവിടെ ഒരാനക്കുഞ്ഞ് ജനിക്കുകയായിരുന്നു.
പുലരിവെയില്‍ പരക്കുമ്പോള്‍ ആനക്കൂട്ടം പുഴയോരത്തേക്കു നീങ്ങി. അവയ്ക്ക് പിന്നാലെ ഞാനും. വലിയ പിടിയാനകളുടെ തൂണുപോലുള്ള കാലുകള്‍ക്കിടയില്‍ ആനക്കുഞ്ഞ്! ഏതാനും ചിത്രങ്ങള്‍ പകര്‍ത്തി ഞാന്‍ തിരികെ പോന്നു.
പിന്നീടും കുട്ടിയാനകളെ പിന്തുടരുകതന്നെ ചെയ്തു എന്റെ ക്യാമറ. ഫോണില്‍വരെ ക്യാമറയുള്ള ഇക്കാലത്ത് ആനച്ചിത്രങ്ങള്‍ എടുക്കാത്തവര്‍ വിരളം. ചലിച്ചുകൊണ്ടിരിക്കുന്ന ഉറച്ച പേശികളാല്‍ ദൃഢമായ വലിയ തൂണുകള്‍ക്കും നീളമേറിയ തുമ്പിക്കൈകള്‍ക്കുമിടയില്‍ കുസൃതി ഒളിപ്പിച്ചുവെച്ച കണ്ണുകളും ഭാവങ്ങളുമായി കുട്ടി ഗണപതിമാര്‍!
ഒരിക്കല്‍ മുളംചുവട്ടില്‍ പാതി മറഞ്ഞും മറയാതെയും ക്യാമറയുമായി കുറച്ചപ്പുറമുള്ള പുല്‍പ്പരപ്പില്‍ മേയുന്ന ആനക്കൂട്ടത്തെ നോക്കിയിരിക്കുമ്പോഴാണ് കൂട്ടത്തില്‍നിന്നും ഒരു കുട്ടിക്കുറുമ്പന്‍ ഞാനിരിക്കുന്ന വശത്തേക്ക് ഓടി എത്തിയത്. ഞാനൊന്ന് പരിഭ്രമിച്ചൊ? അതെന്റെ തൊട്ടുമുന്നില്‍ വിടര്‍ത്തിപ്പിടിച്ച ചെവികളുമായി നിന്നു. പിന്നെ ആ കൊച്ചു തുമ്പിക്കൈ നീട്ടി ഗന്ധം പിടിച്ചു.
അപ്പോഴേക്കും ആനക്കൂട്ടത്തില്‍നിന്നും ഒരു ശാസനരൂപത്തില്‍ ശബ്ദം ഉയര്‍ന്നതും കുട്ടിയാന പിന്തിരിഞ്ഞു പാഞ്ഞതും ഒന്നിച്ചായിരുന്നു. ആനക്കൂട്ടം എന്നെ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. അല്ലെങ്കിലവ വലിയ കോലാഹലമുണ്ടാക്കി വന്നേനെ.
ഇത്തരം കുട്ടിയാനകളെ കൂട്ടത്തിലുള്ള എല്ലാ ആനകളും ഓമനിക്കുന്നതും സംരക്ഷിക്കുന്നതും കാണാം. ഒരിക്കല്‍ ആനക്കൂട്ടം കാട്ടിലേക്കു പിന്തിരിയുകയാണ്. ഒരു കുട്ടിയാന മണ്ണിലങ്ങനെ എല്ലാം മറന്ന് കളിക്കുന്നു. വലിയ ആന ആദ്യം ചെറുശബ്ദത്താല്‍ അവനെ വിളിച്ചു. അവനത് കേള്‍ക്കാതെ കളിയില്‍ മുഴുകി. അപ്പോള്‍ ആനക്കൂട്ടത്തിലെ തലമുതിര്‍ന്ന പിടിയാന വന്നു അവനു നേരെ പിന്തിരിഞ്ഞു നിന്നിട്ട് വാലുവെച്ച് രണ്ട് തട്ട്. കുട്ടിയാന ഉടനെ കളി നിര്‍ത്തി ആനക്കൂട്ടത്തിനിടയിലേക്ക് ഓടി.
പുസ്തകം വാങ്ങാം: കാടിനെ ചെന്നു തൊടുമ്പോള്‍
പുസ്തകം വാങ്ങാം: കാടും ക്യാമറയും
ചിലപ്പോള്‍ മുന്‍കാലുകള്‍കൊണ്ട് തട്ടിയും തുമ്പിക്കൈകൊണ്ട് തോണ്ടിയുമൊക്കെ കുഞ്ഞുങ്ങളോട് വലിയ ആനകള്‍ സംവദിക്കുന്നതുകാണാം. ചെറിയ ശബ്ദങ്ങളിലെ വ്യത്യാസങ്ങള്‍ വാല്‍ ആട്ടുന്ന രീതികള്‍ ഒക്കെ ശ്രദ്ധിച്ചാല്‍ അത് തിരിച്ചറിയുവാനാകും.
കടുവയുടെ സാന്നിധ്യം അറിയുമ്പോഴായിരിക്കും കുഞ്ഞുങ്ങള്‍ക്ക് വലിയ ആനകളില്‍നിന്നും ശാസനകള്‍ കൂടുതല്‍ കിട്ടുക. കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ അടങ്ങി നില്‍ക്കാനാകില്ല. അവ വഴിയില്‍ കണ്ടതൊക്കെ തൊട്ടും മണത്തും പിടിച്ചുവലിച്ചും ഓടി നടക്കും. രാത്രികാലങ്ങളില്‍ വലിയ ആനകള്‍ ചിഹ്നം വിളികളോടെ കടുവയെ തുരത്താന്‍ ശ്രമിക്കുന്നതു കേള്‍ക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ വലിയ കൊമ്പന്മാര്‍ ആനക്കൂട്ടത്തിനരികിലേക്ക് ചെല്ലുന്നതും കാണാം. അവ രണ്ടുമൂന്നുദിവസം കൂട്ടത്തോടൊപ്പം സശ്രദ്ധം നടക്കുന്നു. പിന്നെ കടുവയുടെ നിഴല്‍പോലും ആ ഭാഗത്ത് കാണില്ല.
മുതുമല വനാന്തരത്തില്‍ താമസിച്ചിരുന്ന പ്രസിദ്ധ ഗവേഷകനും എഴുത്തുകാരനും വന്യജീവി ഫോട്ടോഗ്രാഫറുമായ ഇ.ആര്‍.സി. ദാവിദാര്‍ എപ്പോള്‍ കാണുമ്പോഴും പറയുന്ന ഒരു ഓര്‍മയുണ്ട്. ''ചീതള്‍വാക്ക്'' എന്ന ആ കാനനഗൃഹത്തിനു ചുറ്റും എല്ലായ്‌പ്പോഴും വന്യജീവികളാല്‍ സമ്പന്നമാണ്. ആനക്കൂട്ടങ്ങള്‍ സാധാരണവും. അവിടെ എത്തുന്ന ഒരാനക്കൂട്ടത്തില്‍നിന്നും ഒരു കുട്ടിക്കുറുമ്പന്‍ ചീതള്‍വാക്കിന്റെ വരാന്തയിലേക്ക് എല്ലായ്‌പ്പോഴും ഓടിക്കയറുമത്രേ. തുമ്പിക്കൈയില്‍ കിട്ടുന്ന കസേരയും മറ്റും പുറത്തേക്ക് കൊണ്ടുപോയി കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ ഉപയോഗിക്കും. ഇത് എല്ലാ വരവിലും അവന്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അവന് അദ്ദേഹം ഒരു പേരും നല്‍കി ''വരാന്തബോയ്''. അത് വലുതായപ്പോഴും അത്തരം രസകരമായ കളികള്‍ തുടര്‍ന്നു.
ഇ.ആര്‍.സി. ദാവിദാറിന്റെ മകന്‍ മാര്‍ക്ക് ദാവിദാര്‍ അവന് മറ്റൊരു പേരാണ് നല്‍കിയത്. പഴയ ബ്രസിലിയന്‍ ഫുട്‌ബോള്‍ ടീമിലെ ''റോബര്‍ട്ടോ കാര്‍ലോസ്''. മാര്‍ക്ക് വിളിച്ചാല്‍ വരും. അവര്‍ തമ്മിലുള്ള ആത്മബന്ധം നമ്മെ അദ്ഭുതപ്പെടുത്തുമായിരുന്നു. പിന്നീട് ആനയ്ക്ക് എങ്ങനെയോ മുന്‍പാദങ്ങളില്‍ മുറിവുണ്ടായി. വെടിയേറ്റതാണെന്നും കേട്ടു. റോബര്‍ട്ടോ കാര്‍ലോസ് ചരിഞ്ഞു.
മനുഷ്യസാന്നിധ്യമുള്ള ഇടങ്ങളിലൂടെ ആനക്കൂട്ടം കടന്നുപോകുമ്പോള്‍ കുഞ്ഞുങ്ങളെ ഏറ്റവും സുരക്ഷിതരായി കൊണ്ടുപോകുന്നതു കാണാം. അവയും ഭയന്നായിരിക്കും കടന്നുപോകുക. ഭൂമിയിലെ ഏറ്റവും വലിയ സസ്തനിയുടെ ഏറ്റവും വലിയ ശത്രു എല്ലാക്കാലത്തും മനുഷ്യന്‍ തന്നെ.
കാനോണ്‍ ക്യാമറയും 300mm f4, 100mm, 100mm - 400mm ലെന്‍സുകളുമാണ് ഇത്തരം ചിത്രങ്ങള്‍ക്കായി ഞാനുപയോഗിച്ചിരിക്കുന്നത്. എപ്പോഴും ആനക്കൂട്ടങ്ങളുടെ അരികിലേക്ക് നടന്നടുക്കുമ്പോള്‍ നാം തനിച്ചായിരിക്കുവാന്‍ ശ്രദ്ധിക്കുക. ഭയാലുക്കളുമായി അവയ്ക്കരികിലേക്ക് പോകാതിരിക്കുക. കുഞ്ഞിനൊപ്പമുള്ള ഏതു ജീവിയും തികഞ്ഞ ജാഗ്രതയിലായിരിക്കും എന്ന് ഓര്‍മിക്കുക. അവയുടെ മുന്നറിയിപ്പുകള്‍ തിരിച്ചറിയുക.