ചാറ്റല്‍മഴ ആരംഭിക്കുകയായി. ഞാന്‍ മെല്ലെ മുളങ്കൂട്ടങ്ങള്‍ക്കിടയിലേക്ക് മാറി. അത്തരം മഴകളെ മുളയിലകള്‍ ഒരു പരിധിവരെ തടുത്തുനിര്‍ത്തും. ഏറെനേരമായി നിരീക്ഷിച്ചുകൊണ്ടിരുന്ന ആ പുള്ളിമാന്‍കൂട്ടമിപ്പോള്‍ ഏറെ ആഹ്ലാദത്തിലാണെന്നു തോന്നുന്നു. ചാറ്റല്‍മഴയില്‍ കുതിര്‍ന്ന ഇളംപുല്ലുകളും ചെറുചെടികളുടെ തളിരിലകളും അവയ്ക്ക് ഏറെ സ്വാദിഷ്ടമായി തോന്നിയിരിക്കാം. പ്രകാശത്തിന്റെ വ്യത്യാസങ്ങള്‍ക്കനുസൃതമായി മാനുകളില്‍ മിന്നിമറയുന്ന ചില ഭാവങ്ങള്‍, പ്രത്യേക രീതിയില്‍ നോക്കുന്ന മാന്‍മിഴികള്‍...

NANaseer

പിന്നെ ഒട്ടും താമസിച്ചില്ല. സാധാരണമായി കാണുന്ന പുള്ളിമാനുകളില്‍നിന്ന് അസാധാരണമായി വീണുകിട്ടുന്ന അത്തരം ഭാവമാറ്റങ്ങള്‍ പകര്‍ത്താന്‍ ക്യാമറ സജ്ജമാക്കി. അപ്പോഴേക്കും അത് തിരിച്ചറിഞ്ഞപോലെ ചില മാനുകള്‍ ദ്രുതഗതിയില്‍ കാതരമിഴികളോടെയും രൗദ്രമിഴികളോടെയുമൊക്കെ പോസുകള്‍ നല്‍കിത്തുടങ്ങി. ലളിതമനോഹരവും ചിലപ്പോള്‍ അനന്യസാധാരണവുമായ അത്തരം കാഴ്ചകള്‍ ഞാനാസ്വദിച്ചു.

കൂട്ടത്തില്‍നിന്ന് പൊടുന്നനെ രണ്ട് മാനുകള്‍ രണ്ടു കാലുകളില്‍ നിന്ന് ചില ബലപരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടുതുടങ്ങി. ആദ്യമാദ്യം ഞാന്‍ കരുതിയത് അത് പ്രണയസല്ലാപമായിരിക്കാം എന്നായിരുന്നു. പക്ഷേ, പിന്നീട് തിരിച്ചറിഞ്ഞു. അവ മുന്‍കാലുകളിലെ കുളമ്പുകളും പല്ലുകളുമുപയോഗിച്ച് ശണ്ഠകൂടുകയാണെന്ന്. അത് അധികനേരം തുടര്‍ന്നില്ല. അവ കൂട്ടത്തിലേക്ക് മറഞ്ഞു. ഏതാനും നിമിഷങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും പോരില്‍ മുഴുകുകയും ചെയ്തു. അതങ്ങനെ കുറച്ചുസമയം തുടര്‍ന്നപ്പോള്‍ എന്റെ ക്യാമറയ്ക്കാവശ്യമായ ഫ്രെയിമുകള്‍ കിട്ടിക്കഴിഞ്ഞിരുന്നു.

NANaseer

ഒരു ആണ്‍മാന്‍ കൂട്ടംവിട്ട് അവന്റെ സ്വസ്ഥതയില്‍ വളരെ ആലസ്യത്തില്‍ ചാറ്റല്‍മഴയെ ആസ്വദിച്ചും ചില തളിരിലകള്‍ ഭക്ഷിച്ചും അങ്ങനെ നില്‍ക്കുന്നു. അവന്‍ തിരിഞ്ഞൊന്ന് ക്യാമറയിലേക്ക് നോക്കി. പിന്നെ മുതുകിലേക്ക് മുഖംതിരിച്ച് പുള്ളിക്കുത്തുകളാല്‍ മനോഹരമായ തന്റെ ചെങ്കല്‍കുപ്പായത്തില്‍ തങ്ങിനില്‍ക്കുന്ന മഴത്തുള്ളികളെ നക്കിയെടുക്കാന്‍തുടങ്ങി. അതത്ര പ്രത്യേകതയുള്ള ഫ്രെയിമൊന്നുമല്ല. എങ്കിലും ഞാന്‍ ക്യാമറയുമായി അതിനരികിലേക്ക് കുറെക്കൂടി അടുത്തപ്പോള്‍ വളരെ ടൈറ്റായ ഒരു ഫ്രെയിം കമ്പോസ് ചെയ്യാനായി. അതിനെന്തൊക്കെയോ ചാരുത ഉണ്ടെന്നു തോന്നി. ആ കൊമ്പുകളും മുഖത്തെ ഭാവവും ഫ്രെയിമില്‍ നിറഞ്ഞ ചെറുവാലും...

സൗന്ദര്യംകൊണ്ട്് ഓരോ ജീവിയും ഏറെ വ്യത്യസ്തരാണ്. ചില ചെറുചലനങ്ങളോ മിഴികളില്‍ നിറയുന്ന ഭാവങ്ങളോ അവയെ കൂടുതല്‍ സുന്ദരമാക്കും. ചിലപ്പോള്‍ നമുക്കു മുന്നില്‍ ഒരു മരം മാത്രമേ ഉണ്ടാകുകയുള്ളൂ. പക്ഷേ, മരത്തിന്റെ അസാധാരണമായ സൗന്ദര്യം കണ്ടെത്താനുള്ള കണ്ണുകളും വേണ്ടിവരും ക്യാമറക്കണ്ണുകള്‍ക്കൊപ്പം.

NANaseer

ചാറ്റല്‍മഴയിലേക്ക് ശിരസ്സ് ഉയര്‍ത്തുന്ന പുള്ളിമാനെ നോക്കിനില്‍ക്കുമ്പോഴായിരിക്കും അത് കണ്ണിലെ ഒരു ചെറുചലനംകൊണ്ട് നമ്മുടെ ഫ്രെയിമുകളെ ധന്യമാക്കുന്നത്. അത്തരം ദൃശ്യചാരുതയൊരുക്കുന്ന സാധാരണ വന്യജീവികളെ നാം സൂക്ഷ്മനിരീക്ഷണം നടത്താറില്ല. കണ്ടപാടെ ഒരു ഫ്രെയിം പകര്‍ത്തുന്ന യാന്ത്രികതയിലേക്ക് നാം ചെന്നെത്തും.
 
സാധാരണ ഫ്രെയിമുകളില്‍നിന്ന് കുറച്ച് വ്യത്യസ്തമായ ഫ്രെയിമുകള്‍ കണ്ടെത്താന്‍ വന്യജീവികളുടെയും കാടിന്റെയും സ്വഭാവം കുറച്ചൊക്കെ അറിഞ്ഞേതീരൂ. കാട് പകര്‍ത്താനുള്ളതിനെക്കാള്‍ പഠിക്കാനും നിരീക്ഷിക്കാനുമുള്ളതാണ് എന്ന് വന്യജീവി ഫോട്ടോഗ്രാഫര്‍ ആദ്യമേ തിരിച്ചറിയണം. അതില്‍നിന്നേ വനസംരക്ഷണം എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് ചെന്നെത്തുകയുള്ളൂ. വനത്തില്‍ അരുതാത്തത് സംഭവിക്കുമ്പോള്‍ അധികാരികളോട് 'അരുതേ...' എന്നു പറയാനുള്ള മനസ്സ് അതില്‍നിന്നേ രൂപംകൊള്ളുകയുള്ളൂ. അല്ലെങ്കില്‍  വെറും ചിത്രപ്രദര്‍ശനങ്ങളിലും വാചകക്കസര്‍ത്തുകളിലും മാത്രം ഒതുങ്ങിപ്പോകുന്ന 'കണ്‍സര്‍വേഷനിസ്റ്റു' കളായിപ്പോകും വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍.

NANaseer

ഒരു സ്റ്റുഡിയോ ഫ്‌ളോര്‍ ഇല്ലെങ്കില്‍ ഒരു ഫോട്ടോഗ്രാഫറില്ല. കേരളത്തിലെ വന്യജീവി ഫോട്ടോഗ്രാഫിയുടെ ഏറ്റവും വലിയ ഫ്‌ളോറാണ് പശ്ചിമഘട്ട മലനിരകള്‍. അതവിടെ നിലനിന്നേ ഒക്കൂ. ഫോട്ടോഗ്രാഫിക്കായി മാത്രമല്ല, നമുക്കും ഭാവിതലമുറയ്ക്കും ശ്വസിക്കാനും ദാഹമകറ്റാനും ചവിട്ടിനില്‍ക്കാനുമുള്ള മണ്ണിനുവേണ്ടി അതവിടെ ഉണ്ടായിരിക്കണം എക്കാലത്തും.

ഒരു സാധാരണ പുള്ളിമാനില്‍ വ്യത്യസ്ത ഫ്രെയിമുകള്‍ കണ്ടെത്തുമ്പോള്‍, ഒരു ചാറ്റല്‍മഴയിലൂടെയോ മലകള്‍ക്കപ്പുറം ചായുന്ന സൂര്യന്റെ സ്വര്‍ണപ്രഭകള്‍കൊണ്ടോ ഇളകിയാടുന്ന വൃക്ഷച്ചില്ലകള്‍ വീഴ്ത്തുന്ന നിഴലുകളുടെ മനോഹാരിതകള്‍കൊണ്ടോ അത് സമ്പന്നമാകുന്നുണ്ടെങ്കില്‍ നാം പശ്ചിമഘട്ട മലനിരകളോട് കടപ്പെട്ടിരിക്കുന്നുണ്ട്.

നമ്മുടെ ഓരോ ഫ്രെയിമുകളും ചുറ്റുപാടുമുള്ള ചെറുജീവസസ്യജാലങ്ങളെ ഏറെ മനോഹരമാക്കുന്നതോടൊപ്പം അവയുടെ സംരക്ഷണവും ഉറപ്പുവരുത്തട്ടെ ഇനി. ഈ ചിത്രങ്ങള്‍ പകര്‍ത്തിയത് Canon 7D ക്യാമറയിലും Canon  400 mm F 2.8, 300 mm F4 ലെന്‍സുകളിലുമാണ്. അപ്പര്‍ച്ചര്‍ പ്രയോറിറ്റിയിലാണ് പ്രവര്‍ത്തിപ്പിച്ചിരിക്കുന്നത്. ബെന്‍ബോ (Benbo) ട്രൈപോഡ് ചില ഫ്രെയിമുകള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച എന്‍.എ. നസീറിന്റെ പുസ്തകങ്ങള്‍ വാങ്ങാം