Making of Photo Stories


യാത്ര തുടങ്ങുമ്പോഴുള്ള മനുഷ്യനല്ല യാത്രകഴിഞ്ഞ് തിരികെ വരുന്നതെന്ന് അര്‍ഥമുള്ള ഒരു യാത്രാ പഴമൊഴിയുണ്ട്. യാത്രകളിലെ ഉള്ളുരുക്കുന്ന, ഉള്ളുനിറയ്ക്കുന്ന അനുഭവങ്ങള്‍ നമ്മെ മറ്റൊരു മനുഷ്യനാക്കി തീര്‍ക്കും എന്നതാണ് ഇതിന്റെ സാരം. ആല്‍ബര്‍ട്ടോ ഗ്രനേഡോ എന്ന സുഹൃത്തിനോടൊപ്പം ലാറ്റിനമേരിക്കയിലൂടെ മോട്ടോര്‍സൈക്കിളില്‍ ഏണസ്‌റ്റോ ചെഗുവേര എന്ന യുവ ഡോക്ടര്‍ നടത്തിയ യാത്ര അദ്ദേഹത്തെ മറ്റൊരു മനുഷ്യനാക്കി. വിപ്ലവത്തിന്റെ ആകാശത്തിലേക്ക് 'ചെ' എന്ന ചുവന്ന നക്ഷത്രമുദിക്കുന്നത് ഈ യാത്രയിലൂടെയായിരുന്നു. യാത്രകള്‍ കവികള്‍ക്കും കലാകാരന്‍മാര്‍ക്കും സര്‍ഗാത്മകതയുടെ നിലയ്ക്കാത്ത ഊര്‍ജ്ജ ഖനികളൊരുക്കുന്നു.

ഒരു സഞ്ചാരിക്ക് തന്റെ അനുഭവങ്ങള്‍ അനശ്വരമാക്കാനുള്ള ഉപാധിയാണ് ക്യാമറ. യാത്രയിലെ അനുഭവങ്ങള്‍..അനുഭൂതികള്‍..ആല്‍ബങ്ങളിലൂടെ, ലാപ്‌ടോപ്പിലെ ചിത്രസഞ്ചയങ്ങളിലൂടെ നമ്മെ വീണ്ടും വീണ്ടും പലതും ഓര്‍മ്മിപ്പിക്കുന്നു. ഫോട്ടോഗ്രാഫി ഗൗരവമായി എടുക്കുന്നവര്‍ക്ക് ഓരോ യാത്രയും അനുഭൂതികളോടൊപ്പം വെല്ലുവിളിയും നല്‍കുന്നു. ഒറ്റച്ചിത്രത്തിന്റെ നാലു ചുവരുകളില്‍ നിന്ന് ഒരു യാത്രാനുഭവം വിവരണാതീതമാകുന്നു. ഇത്തരം ഘട്ടങ്ങളിലാണ് Picture story കള്‍ നമുക്ക് തുണയായെത്തുന്നത്. ഇഷ്ടപ്പെട്ടവരോടൊപ്പമുള്ള നല്ല നിമിഷങ്ങള്‍, യാത്രയിലെ നുറുങ്ങ് തമാശകള്‍, കാണാന്‍ വീണ്ടും ആഗ്രഹിക്കുന്ന-ആഗ്രഹിക്കാത്ത കാഴ്ചകള്‍, യാത്രയിലെ പുതിയ കണ്ടെത്തലുകള്‍... ഇവയെല്ലാം കൊച്ച് Picture story കളിലൂടെ ഓര്‍മ്മയുടെ വലിയ ക്യാന്‍വാസില്‍ നമുക്ക് അടയാളപ്പെടുത്താന്‍ പറ്റുന്നു.
Picture story കളുടെ വിഷയം ചിലപ്പോള്‍ വൈയക്തികമോ, സാമൂഹ്യാനുഭവമോ ആകാം. എന്നാല്‍ ഈ അനുഭവങ്ങള്‍ പകര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ സൂക്ഷിക്കുന്നത് നന്നാകും. നിങ്ങള്‍ പകര്‍ത്തുന്ന ചിത്രസന്ദര്‍ഭത്തിനെ സൗകര്യാര്‍ഥം ഒരു സ്റ്റോറി എന്നു വിളിക്കാം. സ്‌റ്റോറി തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Picture storyയില്‍ നൈരന്ത്യരം(continuity) നിലനിര്‍ത്തുക

storyയെ സമഗ്രതയിലും(Visual context) സൂക്ഷ്മതയിലും(Closeup) അവയ്ക്കിടയിലെ Medium angle perceptionലും പകര്‍ത്തുക.
മേല്‍പറഞ്ഞ മൂന്നു ഘട്ടങ്ങള്‍ക്ക് വൈഡ് ആംഗിള്‍(24mm)Closeup(80-200mm) മീഡിയം റേഞ്ച്(24-70mm) ലെന്‍സുകള്‍ ഉണ്ടാകുന്നത് നല്ലതാണ്. ഇവ സ്റ്റോറികള്‍ക്ക് പൂര്‍ണത നല്‍കുന്നു. പ്രഫഷണല്‍ ക്യാമറകളില്‍ ഈ ലെന്‍സുകള്‍ അറ്റാച്ച് ചെയ്യാവുന്നതാണ്. സെമി പ്രൊഫഷണല്‍ അമച്വര്‍ ക്യാമറകളില്‍ ഇതിനോടുത്ത് ഫോക്കല്‍ ലെങ്തുകളില്‍ ലെന്‍സ് സെറ്റ് ചെയ്യാന്‍ പറ്റും.


ഏതാനും പിക്ചര്‍ സ്റ്റോറികള്‍ നമുക്കിനി കാണാം.
മരുഭൂമിയിലെ സ്വര്‍ഗം


ലോക ടൂറിസത്തിന്റെ പറുദീസയായ ദുബായ്, അമ്പതു വര്‍ഷം മുമ്പ് വെറും ഒരു മരുഭൂമി മാത്രമായിരുന്നു. 60കളില്‍ അബുദാബിയില്‍ എണ്ണ കണ്ടെത്തുന്നതോടെ ദുബായ് അടക്കമുള്ള ഏഴ് എമിറേറ്റുസുകളുടെ സമുച്ചയമായ യു.എ.ഇയുടെ മുഖം തന്നെ മാറി. മനുഷ്യാധ്വാനം ഉരുക്കിയൊഴിച്ച് മരുഭൂമിയില്‍ പണിത അത്ഭുതനഗരത്തിന്റെ സൃഷ്ടിക്കു പിന്നില്‍ ആധുനിക യു.എ.ഇയുടെ ശില്‍പ്പി എന്നു വിശേഷിപ്പിക്കുന്ന ഷെയ്ഖ് സയ്യിദ് ബിന്‍ സുല്‍ത്താന്‍ എന്ന ഭരണാധികാരിയായിരുന്നു. അബുദാബിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ലോക ടൂറിസത്തിലെ അത്ഭുതമാകാന്‍ പോകുന്ന വന്‍ മ്യൂസിയത്തിലായിരുന്നു പഴയ യു.എ.ഇയുടെ ആ ചിത്രങ്ങള്‍ കണ്ടത്. പത്തേമാരികള്‍ മാത്രമുള്ള ഒഴിഞ്ഞ തീരങ്ങള്‍..പനകളുടെ മാത്രം തണലുള്ള മരുപ്രദേശം..അഞ്ചു പതിറ്റാണ്ടു കൊണ്ട് വന്ന മാറ്റത്തിന് മുന്നില്‍ നാം അത്ഭുത പരതന്ത്രരാവും. യു.എ.ഇയിലെ ദുബായിയാണ് ഇന്ന് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത്. വിനോദസഞ്ചാരവും ബിസിനസുമാണ് ദുബായിയുടെ വരുമാനമാര്‍ഗം. സുഖം തേടി ലോകത്തിന്റെ ഏത് മൂലയില്‍ നിന്ന് വരുന്നവരെയും ഉള്ളം നിറച്ച് മാത്രമേ ദുബായി യാത്രയാക്കൂ. മുപ്പതിലേറെ വന്‍ മാളുകള്‍. രാജകീയ ഹോട്ടല്‍ ശൃംഖലകള്‍, ബോട്ടിക്കുകള്‍, മ്യൂസിയങ്ങള്‍, തീംപാര്‍ക്കുകള്‍, കരയിലും കടലിലും സഞ്ചാരിക്ക് വിസ്മയം പകര്‍ന്ന് ഒരുങ്ങി നില്‍ക്കുകയാണ്.. ജലാശയങ്ങളില്‍ ഒഴുകി നടക്കുന്ന ഉല്ലാസനൗകകള്‍... നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് മരുഭൂമി പിളര്‍ന്ന് പായുന്ന പാതകള്‍...മരുജീവിതത്തിന്റെ ലഹരിയില്‍ ഡസേര്‍ട്ട് സഫാരികള്‍...സഫാരിയിലെ വിരുന്നുകള്‍..മിഡില്‍ ഈസ്റ്റിന്റെ താളവും കൊഴുപ്പും നിറഞ്ഞ ബെല്ലിഡാന്‍സുകള്‍...

ദുബായിയുടെ ചില ദൃശ്യങ്ങള്‍ കൊണ്ടുള്ള ഒരു പിക്ചര്‍ സ്റ്റോറി ഇതാ..


അബുദാബിയിലെ മ്യൂസിയത്തിലെ പഴയ ചിത്രങ്ങള്‍. ഷെയ്ഖ് സായിദിന്റെ ഛായചിത്രവും കാണാംദുബായ് നഗരത്തിന്റെ നിശാ ദൃശ്യംദുബായ് ക്രീക്കിലെ 'ദൗ ഡിന്നര്‍'മധുചഷകം പോലെ ദുബായ്മരുഭൂമിയിലൂടെ നീളുന്ന പാതഡെസേര്‍ട്ട് സഫാരിയുടെ ഭാഗമായി മരുഭൂമിയിലെ ബെല്ലി ഡാന്‍സ്Tips
ദുബായിയിലെ കരയിലേയും കടലിലേയും മരുഭൂമിയിലേയും ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അബുദാബിയിലെ മ്യൂസിയത്തില്‍ ഷെയ്ഖ് സയ്യിദിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തിലുള്ള പഴയ യു.എ.ഇയുടെ ചിത്രങ്ങള്‍ ശ്രദ്ധിക്കുക. ചിത്രത്തിലെ കടലോരവും ഒറ്റപത്തേമ്മാരികളും ഇപ്പോള്‍ ദുബായിയിലെ ക്രീക്കുകളില്‍ അലസയാനം നടത്തുന്ന നൗകകളുമായി മനസ് താരതമ്യം ചെയ്യാന്‍ അവസരം നല്‍കുന്നു. അതുപോലെ മരുഭൂമിയിലെ, പഴയ സുല്‍ത്താന്റെ കൊട്ടാരവും ദീപാലംകൃതമായ പുതിയ കെട്ടിട സമുച്ചയവും മാറ്റത്തിന്റെ വലുപ്പം നമ്മെ അനുഭവിപ്പിക്കുന്നു. കരയിലെ മോഹിപ്പിക്കുന്ന സിറ്റിസ്‌കേപ്പുകള്‍ പകര്‍ത്തിയിരിക്കുന്നത് ശ്രദ്ധിക്കുക. സന്ധ്യ ഇരുളിലേക്ക് മായുന്നതിനു മുമ്പുള്ള നേരമാണ് ഇത്തരം ചിത്രങ്ങള്‍ എടുക്കുന്നതിന് നല്ലത്. ഉല്ലാസനൗകകളിലെ 'ദൗഡിന്നര്‍' വര്‍ണശബളമാണ്. പളുങ്കുപാത്രങ്ങളില്‍ അവ പ്രതിഫലിക്കുന്നു. മരുക്കാഴ്ചകളിലെ ആനന്ദമാണ് ഒട്ടകങ്ങള്‍. ഒറ്റയ്ക്കും കൂട്ടമായും അവ നമ്മുടെ കാഴ്ചകളെ പിന്തുടരുന്നു. മരുഭൂമിയിലൂടെയുള്ള പാതകള്‍ തെറ്റിച്ചാണ് ഡെസേര്‍ട്ട് സഫാരി. സഫാരിയുടെ ഭാഗമായ ഡിന്നറില്‍ ബെല്ലിഡാന്‍സിന്റെ താളക്കൊഴുപ്പില്‍ സ്വയം മറന്നാടുന്ന സര്‍പ്പസുന്ദരി... സന്ധ്യ മയങ്ങിയതിനാല്‍ ഫ്ലാഷിന്റെ വെളിച്ചത്തില്‍ അവളുടെ ഉടല്‍ തിളങ്ങി...