Making of Photo Stories

യാത്ര തുടങ്ങുമ്പോഴുള്ള മനുഷ്യനല്ല യാത്രകഴിഞ്ഞ് തിരികെ വരുന്നതെന്ന് അര്‍ഥമുള്ള ഒരു യാത്രാ പഴമൊഴിയുണ്ട്. യാത്രകളിലെ ഉള്ളുരുക്കുന്ന, ഉള്ളുനിറയ്ക്കുന്ന അനുഭവങ്ങള്‍ നമ്മെ മറ്റൊരു മനുഷ്യനാക്കി തീര്‍ക്കും എന്നതാണ് ഇതിന്റെ സാരം. ആല്‍ബര്‍ട്ടോ ഗ്രനേഡോ എന്ന സുഹൃത്തിനോടൊപ്പം ലാറ്റിനമേരിക്കയിലൂടെ മോട്ടോര്‍സൈക്കിളില്‍ ഏണസ്‌റ്റോ ചെഗുവേര എന്ന യുവ ഡോക്ടര്‍ നടത്തിയ യാത്ര അദ്ദേഹത്തെ മറ്റൊരു മനുഷ്യനാക്കി. വിപ്ലവത്തിന്റെ ആകാശത്തിലേക്ക് 'ചെ' എന്ന ചുവന്ന നക്ഷത്രമുദിക്കുന്നത് ഈ യാത്രയിലൂടെയായിരുന്നു. യാത്രകള്‍ കവികള്‍ക്കും കലാകാരന്‍മാര്‍ക്കും സര്‍ഗാത്മകതയുടെ നിലയ്ക്കാത്ത ഊര്‍ജ്ജ ഖനികളൊരുക്കുന്നു.

ഒരു സഞ്ചാരിക്ക് തന്റെ അനുഭവങ്ങള്‍ അനശ്വരമാക്കാനുള്ള ഉപാധിയാണ് ക്യാമറ. യാത്രയിലെ അനുഭവങ്ങള്‍..അനുഭൂതികള്‍..ആല്‍ബങ്ങളിലൂടെ, ലാപ്‌ടോപ്പിലെ ചിത്രസഞ്ചയങ്ങളിലൂടെ നമ്മെ വീണ്ടും വീണ്ടും പലതും ഓര്‍മ്മിപ്പിക്കുന്നു. ഫോട്ടോഗ്രാഫി ഗൗരവമായി എടുക്കുന്നവര്‍ക്ക് ഓരോ യാത്രയും അനുഭൂതികളോടൊപ്പം വെല്ലുവിളിയും നല്‍കുന്നു. ഒറ്റച്ചിത്രത്തിന്റെ നാലു ചുവരുകളില്‍ നിന്ന് ഒരു യാത്രാനുഭവം വിവരണാതീതമാകുന്നു. ഇത്തരം ഘട്ടങ്ങളിലാണ് Picture story കള്‍ നമുക്ക് തുണയായെത്തുന്നത്. ഇഷ്ടപ്പെട്ടവരോടൊപ്പമുള്ള നല്ല നിമിഷങ്ങള്‍, യാത്രയിലെ നുറുങ്ങ് തമാശകള്‍, കാണാന്‍ വീണ്ടും ആഗ്രഹിക്കുന്ന-ആഗ്രഹിക്കാത്ത കാഴ്ചകള്‍, യാത്രയിലെ പുതിയ കണ്ടെത്തലുകള്‍... ഇവയെല്ലാം കൊച്ച് Picture story കളിലൂടെ ഓര്‍മ്മയുടെ വലിയ ക്യാന്‍വാസില്‍ നമുക്ക് അടയാളപ്പെടുത്താന്‍ പറ്റുന്നു.
Picture story കളുടെ വിഷയം ചിലപ്പോള്‍ വൈയക്തികമോ, സാമൂഹ്യാനുഭവമോ ആകാം. എന്നാല്‍ ഈ അനുഭവങ്ങള്‍ പകര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ സൂക്ഷിക്കുന്നത് നന്നാകും. നിങ്ങള്‍ പകര്‍ത്തുന്ന ചിത്രസന്ദര്‍ഭത്തിനെ സൗകര്യാര്‍ഥം ഒരു സ്റ്റോറി എന്നു വിളിക്കാം. സ്‌റ്റോറി തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Picture storyയില്‍ നൈരന്ത്യരം(continuity) നിലനിര്‍ത്തുക

storyയെ സമഗ്രതയിലും(Visual context) സൂക്ഷ്മതയിലും(Closeup) അവയ്ക്കിടയിലെ Medium angle perceptionലും പകര്‍ത്തുക.


മേല്‍പറഞ്ഞ മൂന്നു ഘട്ടങ്ങള്‍ക്ക് വൈഡ് ആംഗിള്‍(24mm)Closeup(80-200mm) മീഡിയം റേഞ്ച്(24-70mm) ലെന്‍സുകള്‍ ഉണ്ടാകുന്നത് നല്ലതാണ്. ഇവ സ്റ്റോറികള്‍ക്ക് പൂര്‍ണത നല്‍കുന്നു. പ്രഫഷണല്‍ ക്യാമറകളില്‍ ഈ ലെന്‍സുകള്‍ അറ്റാച്ച് ചെയ്യാവുന്നതാണ്. സെമി പ്രൊഫഷണല്‍ അമച്വര്‍ ക്യാമറകളില്‍ ഇതിനോടുത്ത് ഫോക്കല്‍ ലെങ്തുകളില്‍ ലെന്‍സ് സെറ്റ് ചെയ്യാന്‍ പറ്റും.


ഏതാനും പിക്ചര്‍ സ്റ്റോറികള്‍ നമുക്കിനി കാണാം.


Story No 1

സംഗീത ജീവിതം


തിരുവയ്യാര്‍, എന്നാല്‍ നഗരം ചുററിയുള്ള അഞ്ചാറുകള്‍ എന്നാണര്‍ഥം. കാവേരിയാണ് ഇതില്‍ പ്രധാനം. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ ചെറുയൊരു പഞ്ചായത്താണ് തിരുവയ്യാര്‍ എങ്കിലും, പെരുമയുടെ ലോകത്ത് ഇതൊരു 'ക്യാപ്പിറ്റല'ാണ്. കര്‍ണാടിക് സംഗീതത്തിന്റെ സമസ്തസൗരഭ്യവും ഇഴചേരുന്ന ലോക പ്രശസ്തമായ ത്യാഗരാജ സംഗീതോത്സവം വര്‍ഷംതോറും നടക്കുന്നത് ഈ ചെറുനഗരത്തിലാണ്. സംഗീതത്തിലെ ത്രിമൂര്‍ത്തികളായ ത്യാഗരാജസ്വാമികള്‍, മുത്തുസ്വാമിദീക്ഷിതര്‍, ശ്യാമശാസ്ത്രികള്‍ എന്നിവരുടെ നാട്. തിരുവയ്യാറിലെ ശിവക്ഷേത്രത്തിനടുത്തുള്ള കൊച്ചുവീട്ടില്‍ നിന്നാണ് ത്യാഗരാജ സ്വാമികള്‍ കീര്‍ത്തങ്ങളുടെ കീര്‍ത്തി ചൊരിഞ്ഞത്.
ശിലകള്‍ പോലും പാടുന്ന നാട്ടില്‍, തിരുവയ്യാറമ്പലത്തിന് മുമ്പിലാണ് വെയില്‍ കൊള്ളുന്ന കളിമണ്‍ വളയങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. ശിലകള്‍ കൊണ്ടുണ്ടാക്കിയ കവിതകളാണ് തിരുവയ്യാര്‍ ക്ഷേത്രത്തിനകത്ത്. ആ കവിതകള്‍ക്കു മുന്നില്‍ സംഗീതത്തിന്റെ ത്രിമൂര്‍ത്തികള്‍ കൃതികളും കീര്‍ത്തനങ്ങളും ചൊരിഞ്ഞു. ആ പാരമ്പര്യം ഒരു നാട് ഇന്നും മുറിയാതെ കാക്കുന്നു... വളയങ്ങള്‍ക്കു സമീപമുള്ള വീട്ടില്‍, സംഗീതോപകരണമായ തകിലിന്റെ തട്ട് തയ്യാറാക്കുകയാണ് ഒരു സ്ത്രീ... കുഴമണ്ണില്‍ വളയങ്ങള്‍ രുപപ്പെടുന്നു... തകില്‍തട്ട്, എന്നും തകില്‍തുട്ടി എന്നുമാണ് ഈ വളയത്തെ പറയുക. സംഗീതവും സംഗീതോപകരണവും ഉപജീവനമാക്കുന്ന അനവധി പേരില്‍ ഒരുവളാണ് ഈ സ്ത്രീയും. കേവലം ഒരു തൊഴിലിനുപരി ഒരു സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ് ഈ കുഴമണ്ണില്‍ ഇവര്‍ കാത്തുസൂക്ഷിക്കുന്നത്.


TIPS

ദൃശ്യങ്ങള്‍ Long, medium, closeup shotകളായി ക്രമീകരിച്ചിരിക്കുന്നത് സൂക്ഷിക്കുക.

ഇതില്‍പെടാത്ത ഫ്രെയിമുകളും Compose ചെയ്യാവുന്നതാണ്. ഓരോ ചിത്രവും സ്‌റ്റോറിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതാവണം. ഫ്ലാഷ്‌ലൈറ്റ് ഉപയോഗിക്കാതെ ലഭ്യമായ day light ല്‍ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.