കല്ലുകള്‍ കഥപറയുന്ന തമിഴ്‌നാടന്‍ തീരഭൂമിയാണ് മഹാബലിപുരം. ചുറ്റോടുചുറ്റും കല്ലില്‍ വിരിഞ്ഞ മനോഹാരിതകള്‍. ഇവിടെ അത്ഭുതം കല്ലില്‍ വിരിയുന്നു എന്ന് ചുരുക്കം. മഹാബലിപുരത്തെ ശില്‍പ്പങ്ങളുടെ നിമ്‌ന്നോതങ്ങളിലൂടെ ക്യാമറക്കണ്ണുകള്‍ ഒഴുകുമ്പോളാണ് അത് ശ്രദ്ധയില്‍പ്പെട്ടത്. കൊത്തുപണികളൊന്നുമില്ലെങ്കിലും ചെരിഞ്ഞ പ്രതലത്തില്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ചുകൊണ്ട് ഉറച്ചു നിലക്കുന്ന കൂറ്റന്‍ പാറ. ഫോട്ടോയെടുക്കാന്‍ മത്സരിക്കുന്നവരുടെ തിരക്കാണവിടെ. ഇപ്പോ ഉരുണ്ടു വീഴുമെന്ന് തോന്നിപ്പിക്കുന്ന പാറയെ, താങ്ങി നില്‍ക്കുന്നത് പോലെ പോസ് ചെയ്ത് വിനോദസഞ്ചാരികള്‍ ചിത്രങ്ങളെടുക്കുന്നു. ഇവിടുത്തുകാര്‍ ഇതിനിട്ടിരിക്കുന്ന പേരാണ് 'Krishna's butter ball'. അതെ, കൃഷ്ണന്റെ കയ്യില്‍ നിന്ന് വീണ വെണ്ണയുരള പോലെ ഗോളാകൃതിയുടെ ഏറ്റക്കുറച്ചിലുകളുമായി ഈ വലിയ പാറ കാലങ്ങളായി ഇവിടെയുണ്ടത്രെ! പല്ലവന്‍മാരുടെ ഭരണകാലത്ത് ആനകളെ ഉപയോഗിച്ച് ഈ പാറ നീക്കം ചെയ്യാന്‍ ശ്രമങ്ങള്‍ നടന്നിരുന്നതായി ഇവിടുത്തുകാര്‍ പറയുന്നു. ആന പിടിച്ചിട്ടും പോരാത്ത ഈ വിസ്മയത്തെ വിവിധങ്ങളായ ആംഗിളുകളിലൂടെ ക്യാമറയിലേക്ക് പകര്‍ത്തുമ്പോള്‍, വ്യത്യസ്തങ്ങളായ ഫോട്ടോഗ്രാഫുകളിലേക്ക് നമുക്ക് ചെന്നെത്തുവാന്‍ കഴിയും.

ഇനി ചിത്രങ്ങളിലേക്ക്:

Rock-1


ഇത് പാറയുടെ ഒരു വിദൂരദൃശ്യമാണ്. വൈഡ്്-ആംഗിള്‍ ലെന്‍സ് ഉപയോഗിച്ചാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. പൂക്കളും മരങ്ങളും ഫ്രെയിമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതു കൊണ്ട് ഭൂപ്രകൃതിയും പശ്ചാത്തലവും വ്യക്തമാക്കുവാന്‍ ഈ ഫ്രെയിമിന് സാധിക്കുന്നു.

Rock 2

പാറയുടെ വലതു വശത്തു നിന്നുള്ള ചിത്രം. ഫ്രെയിമില്‍ പാറയുടെ ആകൃതി ഉരുണ്ടതാണ്. പാറയുടെ നിഴല്‍ അത് കൂടുതല്‍ വ്യകതമാക്കുന്നു. മുകളിലേക്ക് കയറിപ്പോകാന്‍ ശ്രമിക്കുന്ന കുട്ടികള്‍ പ്രതലത്തിന്റെ ചെരിവ് വ്യക്തമാക്കുന്നു.

Rock 3

പാറയുടെ ഇടത്‌വശത്തു നിന്നുള്ള ദൃശ്യത്തില്‍ ആകൃതിയ്ക്ക് ചെറിയ മാറ്റം കാണാം. പാറയുടെ ഉയരം വ്യക്തമാക്കുവാന്‍ ചിത്രം വെര്‍ട്ടിക്കല്‍ ഫ്രെയിമില്‍ എടുത്തിരിക്കുന്നത് കൂടുതല്‍ സഹായകമാകുന്നു.

Rock 4

മീഡിയം വൈഡ് ആംഗിള്‍ ഉപയാഗിച്ചുള്ള പാറയുടെ ലോ ആംഗിള്‍ ചിത്രം. പാറയുടെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് ഉപരിതലത്തില്‍ സ്പര്‍ശിച്ചിരിക്കുന്നതെന്ന് ഈ ചിത്രം വ്യക്തമാക്കുന്നു.

Rock 5

മുമ്പ് കണ്ട ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു കാഴ്ചയാണ് 5-ാമത്തെ ചിത്രം. ഉരുണ്ടതെന്ന് തോന്നിയ പാറയുടെ ശരിയായ ആകൃതി ഒരു ബുള്ളറ്റിനോട് സാമ്യമുള്ളതാണ്. ഡിസ്‌ട്രോഷന്‍ കുറവുള്ള വൈഡ് അംഗിള്‍ ലെന്‍സാണ് ഇങ്ങനെയുള്ള അവസരങ്ങളില്‍ അനുയോജ്യം.

Rock 6

പാറയുടെ അതേ ഉയരത്തില്‍ കുറച്ചകലെ നിന്ന് ടെലിഫോട്ടോ ലെന്‍സില്‍ എടുത്ത ചിത്രമാണിത്. പാറയുടെ വലുപ്പം കാഴ്ചയില്‍ ഉണ്ടാക്കുന്ന അത്ഭുതം ചിത്രത്തില്‍ പ്രതിഫലിക്കുന്നത് ഈ ഫ്രെയിമിലാണ് എന്നാണ് എന്റെ അഭിപ്രായം. മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വിഷ്വല്‍ ഇഫക്ട് തോന്നിപ്പിക്കുന്നതും ഇതിനു തന്നെയല്ലേ?