അടുത്തവരി വായിച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ ആശ്ചര്യപ്പെടും. എല്ലാ ക്യാമറകളും (കോംപാക്ട് ഡിജിറ്റല്‍ ക്യാമറകള്‍ മുതല്‍ വളരെ വിലപിടിപ്പുള്ള DSLR കള്‍) എല്ലായിപ്പോഴും നിങ്ങള്‍ക്ക് കൃത്യമായ exposure reading അല്ല തരുന്നത്. നിങ്ങളുടെ കൈവശമുള്ളത് Nikon D3s ഓ Canon 1d Mark IV ആവട്ടെ ഈ പ്രസ്താവനയ്ക്ക് മാറ്റമില്ല. ഈ ക്യാമറകള്‍ മികച്ചതാണ് പക്ഷെ നൂറു ശതമാനം കൃത്യത തരില്ല. ഈ വാചകത്തിന് പിന്നില്‍ നല്ലൊരു പാഠമുണ്ട് ഈ ക്ലാസ്സില്‍ നമുക്ക് അതു പഠിക്കാം.

എല്ലാ DSLR കളും exposure കണ്ടെത്തുന്നതിന് reflective metering ന്റെ തത്വമാണ് പ്രയോഗിക്കുന്നത്. അതായത് സബ്ജക്ടില്‍ നിന്ന് പ്രതിഫലിക്കുന്ന വെളിച്ചമെന്താണോ അതാണ് ക്യാമറ read ചെയ്യുക അല്ലെങ്കില്‍ മനസ്സിലാക്കുക. സബ്ജക്ടില്‍ വീഴുന്ന പ്രകാശമല്ല ക്യാമറ മനസ്സിലാക്കുന്നത് എന്ന് സാരം (reading light falling on the subject is called Incident metering).

ഇവിടെയാണ് വലിയൊരു പ്രശ്‌നമുദിക്കുന്നത്. പ്രപഞ്ചത്തിലെ വ്യത്യസ്തങ്ങളായ സബ്ജക്ടുകള്‍ വ്യത്യസ്ത തോതിലുള്ള പ്രകാശമാണ് പുറപ്പെടുവിക്കുക. ക്യാമറയുടെ ആംഗിളില്‍ പറഞ്ഞാല്‍, ക്യാമറയിലേക്ക് വരുന്ന പ്രകാശം ഓരോ സബ്ജക്ടുകള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് ഒരു ലോഹപ്പാത്രത്തില്‍ നിന്ന് പുറപ്പെടുന്ന വെളിച്ചത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ഒരു കറുത്ത തുണിയില്‍ നിന്ന് വരുന്ന വെളിച്ചത്തിന്റ അളവ്. ഇതാണ് സ്ഥിരമായി ഒരേ exposure തരുന്നതിന് ക്യാമറയ്ക്ക് തടസ്സമാകുന്നത്. അതു കൊണ്ട് തന്നെ എല്ലാ ക്യാമറ നിര്‍മ്മാതാക്കളും തങ്ങളുടെ ക്യാമറകള്‍ കാലിബറേറ്റ് ചെയ്തിരിക്കുന്നത് പ്രകാശപ്രതിഫലനത്തിന്റെ മധ്യമാനം കണക്കാക്കുന്ന രീതിയിലാണ്. അതായത് 18 ശതമാനം ചാരനിറമായോ ചാരനിറത്തോട് ഏതാണ്ട് അടുത്തു നില്‍ക്കുന്നതായോ ആണ് പ്രതിഫലനം മനസ്സിലാക്കുക (cameras to meter medium reflectivity or 18% gray or middle gray). ഇത് ശരിക്കും മണ്ടത്തരമായി തോന്നാം. പക്ഷെ യഥാര്‍ത്ഥത്തില്‍ ലോകത്തെ 90 ശതമാനം വസ്തുക്കളും അതില്‍ വീഴുന്ന പ്രകാശത്തിന്റെ 18 ശതമാനം മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളു. ഉദാഹരണത്തിന് നീല ആകാശം, പച്ച ഇലകള്‍, ചുവന്ന ഇഷ്ടികകള്‍....അതു കൊണ്ട് ഏതാണ്ട് കൃത്യമായ exposure ആണ് മിക്ക സമയത്തും ക്യാമറ തരുന്നത്. എന്നാല്‍ ചില വസ്തുക്കള്‍ 18 ശതമാനത്തിന് കൂടുതലോ കുറവോ പ്രകാശം പ്രതിഫലിപ്പിക്കുമ്പോള്‍ ക്യാമറ കണ്‍ഫ്യൂഷനിലാകും. പ്രതിഫലനത്തിന്റെ മധ്യമാനമാണ് ക്യാമറ കണക്കാക്കുക എന്നതിനാല്‍ അതിനു മുന്നിലുള്ള എല്ലാ വസ്തുക്കളുടെയും പ്രതിഫലനം മധ്യമാനത്തില്‍ ആക്കാന്‍ ക്യാമറ സ്വാഭാവികമായി ശ്രമിക്കും. ഇതുകൊണ്ടാണ് ശുഭ്രനിറം ഉള്‍ക്കൊള്ളുന്ന എന്തും ഷൂട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചാരനിറമായി ക്യാമറകാണിക്കുന്നത്. മഞ്ഞു വീണുറഞ്ഞ പ്രതലം ഷൂട്ട് ചെയ്താല്‍ അതിന്റെ യഥാര്‍ത്ഥ നിറമല്ല പകരം ചാരനിറത്തിനോടടുത്തായിരിക്കും അതിന്റെ നിറം കാണപ്പെടുക. അതു പോലെ തന്നെ കറുത്ത നിറത്തിലുള്ള എന്തിനെ ഷൂട്ട് ചെയ്താലും അതും ചാരനിറത്തോടടുത്ത് നില്‍ക്കും. ഉദാഹരണത്തിന് കറുത്ത പൂച്ചയുടെ ചിത്രമെടുത്താല്‍ അതിന് ചാരനിറമായിരിക്കും.

ക്യാമറയെന്നത് കേവലം ഒരു യന്ത്രം മാത്രമാണ്. ഓരോ സാഹചര്യങ്ങള്‍ ചെയ്യേണ്ട ഓരോ കാര്യങ്ങള്‍ അതിന്റെ പ്രോഗ്രാമില്‍ കുറിക്കപ്പെട്ടിട്ടുണ്ട്. അതിനപ്പുറത്തേക്ക് ആ യന്ത്രത്തില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കരുത്. ഈ അവസ്ഥ മറികടക്കുന്നതിനാണ് ഒരു ഫോട്ടോഗ്രാഫര്‍ക്ക് ക്യാമറയുടെ മേല്‍ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെടുന്നത്. അത് അടുത്ത ക്ലാസ്സില്‍ പഠിക്കാം. ഇത്തവണ ക്യാമറയുടെ വ്യത്യസ്ത metering mode കളെക്കുറിച്ച് പഠിക്കാം.


Evaluative Metering or Matrix Metering
ഓരോ ക്യാമറയിലും സെറ്റിങ്‌സ് വ്യത്യസ്തമാണ് എന്നതിനാല്‍, നിങ്ങളുടെ ക്യാമറയുടെ മാനുവല്‍ എടുക്കുക. അതില്‍ നിന്ന് എങ്ങനെയാണ് മീറ്ററിങ് മോഡ് തിരഞ്ഞെടുക്കുക എന്ന് കണ്ടെത്തു.

Evaluative Metering (Canon)/Matrix Metering (Nikon) ഇതാണ് exposure calculation വേണ്ടി നിങ്ങളുടെ ക്യാമറയില്‍ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സംവിധാനം. മിക്ക ക്യാമറകളിലേയും default-metering mode ഇതായിരിക്കും. evaluative metering ല്‍ മുന്നിലുള്ള ദൃശ്യത്തെ കണ്ട്, അതിലെ വിവിധ പ്രകാശങ്ങളെ ആണ് ക്യാമറ read ചെയ്യുന്നത്. അതിനു ശേഷം സങ്കീര്‍ണമായ കണക്കുകൂട്ടലിലൂടെയാണ് ക്യാമറ സ്വയം exposure value തീരുമാനിക്കുന്നത്. ക്യാമറയുടെ പ്രോഗ്രാമില്‍ നേരത്തെ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് ദൃശ്യങ്ങളിലൂടെ സഞ്ചരിച്ച ശേഷമാണ് exposure value തീരുമാനക്കപ്പെടുന്നത് എന്നും പറയാം. (ഉദാഹരണത്തിന് ഒരു ദൃശ്യത്തിന്റെ മുകള്‍ തലം വളരെ പ്രകാശമാനമായും കീഴ്ഭാഗം ഇരണ്ടുതുമായി കാണപ്പെടുകയാണെങ്കില്‍ അത് ആകാശവും ഭൂമിയുമാണെന്ന് ക്യാമറ മനസ്സിലാക്കുന്നു). അത്യുജ്ജലമായ യന്ത്രവൈദഗ്ധ്യമാണ് ഇവിടെ ദര്‍ശിക്കാനാവുക. ഇക്കാരണം കൊണ്ടാണ് വളരെ over exposure അല്ലെങ്കില്‍ under exposure ആയ ചിത്രങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. വ്യത്യസ്ത metering mode കളെക്കുറിച്ച് മനസ്സിലാക്കാന്‍ താഴെക്കാണുന്ന ചിത്രം നോക്കുക.
Center weighted metering
ഈ metering modeല്‍ ക്യാമറ റീഡിങ് എടുക്കുന്നത് ഫ്രെയിമിന്റെ മധ്യഭാഗത്ത് നിന്നാണ്. അതായത് ഫ്രെയ്മിന്റെ മറ്റുഭാഗങ്ങളെ ക്യാമറ ബോധപൂര്‍വ്വം തമസ്‌ക്കരിക്കുന്നു. മധ്യഭാഗമാണ് ഏറ്റവും പ്രാധന്യമര്‍ഹിക്കുന്നതെന്ന് ക്യാമറ കാണുന്നു. ഫ്രെയിമിന്റെ മധ്യഭാഗത്ത് ഒരു വ്യക്തി നില്‍ക്കുകയാണെങ്കില്‍ ഈ metering mode ആണ് നല്ലത്. ആ വ്യക്തിക്കു വേണ്ടിയായിരിക്കും ക്യാമറ exposse ചെയ്യുന്നത്. പശ്ചാത്തലവും ഇതോടൊപ്പം സ്വീകരിക്കപ്പെടുമെങ്കിലും അത്രയ്ക്ക് പ്രാധാന്യം നല്‍കില്ല.

Partial Metering

ഈ മോഡില്‍ ഫ്രെയിമിന്റെ മധ്യഭാഗത്തെ 9 ശതമാനം റീഡിങ് ആണ് ക്യാമറ സ്വീകരിക്കുക. നിങ്ങള്‍ പകര്‍ത്താന്‍ ഉദ്ദേശിക്കുന്ന സബ്ജക്ടിന്റെ ചുറ്റുപാട് നല്ല പ്രകാശമാനമായതോ ഇരുണ്ടതോ ആയതാണെങ്കില്‍ ഈ മോഡ് നല്ലതാണ്. partial metering ന്റെ ഉദാഹരണത്തിനായി താഴെ കാണുന്ന ചിത്രം നോക്കുക.


സൂര്യപ്രകാശം മേഘങ്ങള്‍ക്കിടയിലൂടെ വരുമ്പോഴുള്ള പ്രകാശമാണ് ഈ ചിത്രത്തിലെ പൂക്കളില്‍ വീഴുന്നത്. പൂക്കളുടെ ചുറ്റുപാട് വളരെ ഇരുണ്ടതാണ്. Exposure കൃത്യമാക്കുന്നതിനായി എന്റെ ക്യാമറ partial metering mode ലേക്ക് മാറ്റി (എന്റെ ക്യാമറയ്ക്ക് സ്‌പോട്ട് മീറ്ററിങ് ഇല്ലാത്തതുകൊണ്ടാണ് ഇപ്രകാരം ചെയ്തത്. ഈ ചിത്രത്തിന് നല്ലത് സ്‌പോട്ട് മീറ്ററിങ് ആയിരുന്നു). പൂക്കളിലേക്ക് സൂം ചെയ്തു. ഫ്രെയ്മിന്റെ 9 ശതമാനം മാത്രമേ റീഡ് ചെയ്യുകയുള്ളു എന്നത് ഉറപ്പ് വരുത്തി. അതിനു ശേഷം മീറ്റര്‍ റീഡിങ് AE Lock button ഉപയോഗിച്ച് ലോക്ക് ചെയ്തു (അതിനെക്കുറിച്ച് ഭാവിയില്‍ പഠിക്കാം). വീണ്ടും കംപോസ് ചെയ്ത് ചിത്രമെടുത്തു. ഇവിടെ Evaluative metering ആണ് ഉപയോഗിച്ചിരുന്നതെങ്കില്‍ പൂക്കളുടെ ചുറ്റുമുള്ള ഇരുണ്ട ഭാഗങ്ങള്‍ കൂടി ക്യാമറ പരിഗണിച്ചേനെ. അങ്ങനെയെങ്കില്‍ പ്രകാശം വീഴുന്ന പൂക്കളുടെ ഭാഗം over exposed ആയി പോയെനെ (അതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കു എന്തുകൊണ്ടാണെന്ന് മറുപടി തരാന്‍ മറക്കില്ലല്ലോ).

Spot Metering

ഈ മോഡില്‍ exposure value കിട്ടുന്നതിനായി ഫ്രേയമിന്റെ മധ്യഭാഗത്തുള്ള 1 മുതല്‍ 5 ശതമാനം ഭാഗത്തെ മാത്രമെ ക്യാമറ റീഡ് ചെയ്യു. ഇതാണ് ഏറ്റവും കൃത്യതയുള്ള meter reading. താഴെ ഇതിന് അനുയോജ്യമായ ഒരു ചിത്രം കൊടുത്തിട്ടുണ്ട്. അങ്ങേയറ്റത്തെ പ്രകാശപൂരിതവും നീഴലുകളും കലര്‍ന്നൊരു അവസ്ഥയായിരുന്നു അത്. ആ സ്ത്രീയുടെ മുഖത്ത് വീഴുന്ന ഇളം പ്രകാശം പകര്‍ത്തുകയായിരുന്നു എന്റെ ഉദ്ദേശ്യം. ആ മുഖത്തേക്ക് ക്യാമറ സൂം ചെയ്തു. മുഖത്തെയല്ലാതെ മറ്റൊരു പ്രകാശവും ക്യാമറ റീഡ് ചെയ്യരുത് എന്നതായിരുന്നു എന്റെ കണക്കുകൂട്ടല്‍. Exposure value, AE ബട്ടണ്‍ ഉപയോഗിച്ച് ലോക്ക് ചെയ്തു. വീണ്ടും കംപോസ് ചെയ്ത് ചിത്രം പകര്‍ത്തി.


വിവിധതരം metering mode കളെക്കുറിച്ച് നിങ്ങള്‍ക്ക് മനസ്സിലായി എന്നു വിശ്വസിക്കുന്നു. എങ്കില്‍ ഒരു ഗൃഹപാഠം എന്ന് കണക്കാക്കി. ഒരു ദൃശ്യത്തിന്റെ വിവധ മീറ്ററിങ് മോഡിലുള്ള ചിത്രങ്ങളെടുത്തു നോക്കു. ഇത് നിങ്ങള്‍ക്ക് ഒട്ടേറെ പ്രയോജനപ്പെടും.

വിവധ ഷൂട്ടിങ് മോഡുകളില്‍ (Program mode, Aperture priority, Shutter priority& Manual mode) എങ്ങനെയാണ് മീറ്ററിങ് മോഡുകള്‍ വര്‍ത്തിക്കുക എന്ന് നമുക്ക് അടുത്ത ക്ലാസ്സില്‍ നോക്കാം.

Happy shooting!