കഴിഞ്ഞ ക്ലാസ്സില്‍ പറഞ്ഞ വ്യത്യസ്ത ക്യാമറ മീറ്ററിങ് പാറ്റേണുകളെക്കുറിച്ച് എല്ലാവര്‍ക്കും നന്നായി മനസ്സിലായെന്ന് വിശ്വസിക്കുന്നു. ഇത്തവണ നമുക്ക് Exposure നെക്കുറിച്ചും ക്യാമറയിലെ വിവിധ exposure mode കളെക്കുറിച്ചും മനസ്സിലാക്കാം.

ക്യാമറയിലെ exposure meter എന്നത് ഏറെ പ്രയോജനകരമായ ഒന്നാണെന്ന് നാം മനസ്സിലാക്കി കഴിഞ്ഞു. ഇത് കുറ്റമറ്റരീതിയില്‍ കൃത്യത നമുക്ക് തരുന്നുണ്ടെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ നാം ഇതുവരെ കണ്ടുപോന്ന ഷൂട്ടിങ് അവസ്ഥകളില്‍ ഭൂരിഭാഗത്തിലും ഇത് ഉചിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പിക്കാം. ഒരു ദൃശ്യത്തിലേക്ക് ക്യാമറതുറക്കുമ്പോള്‍ ക്യാമറയ്ക്കുള്ളിലെ കംപ്യൂട്ടര്‍ ആ ദൃശ്യത്തിന് ഏറ്റവും അനുയോജ്യമായ exposure ലഭ്യമാക്കുന്നതിന് വേണ്ട പ്രകാശത്തിന്റെ അളവ് കണക്കാക്കുന്നു. കഴിഞ്ഞ ക്ലാസ്സില്‍ കണ്ടതു പോലെ നമ്മള്‍ ഏത് മീറ്ററിങ് പാറ്റേണ്‍ ആണോ ഉപയോഗിക്കുന്നത് (evaluative/center weighted/spot metering) അതിനനുസരിച്ച് മീറ്റര്‍ റീഡിങ്ങും മാറിക്കൊണ്ടിരിക്കും. കാര്യമെന്തായാലും മികച്ച exposure ലഭിക്കുന്നതിനായുള്ള aperture, shutter speed, ISO സങ്കലനം ഏതെന്ന് ക്യാമറയ്ക്ക് നന്നായാറിയാം. ക്യാമറയുടെ exposure mode കളുടെ അടിസ്ഥാനമെന്നത് മേല്‍ വിവരിച്ച കാര്യങ്ങളാണ്.

exposure modeകള്‍ ധാരാളമുണ്ടെങ്കിലും P (Program mode), Av (Aperture Priority mode), Tv(Shutter Priority mode) & M (Manual mode) എന്നിവയ്ക്കാണ് ഒരു ഉത്സാഹിയായ ഒരു ഫോട്ടോഗ്രാഫര്‍ പ്രാധാന്യം നല്‍കുക. മീറ്ററിങ് പാറ്റേണ്‍ ഉപയോഗിച്ച് ഒരു ദൃശ്യത്തിന്റെ (പ്രകാശ അവസ്ഥ ഒരേ പോലെയെങ്കില്‍) exposure reading ല്‍ കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ ഒരു ഷൂട്ടിങ്ങ് സാഹചര്യം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതില്‍ വിവിധ exposure modeകള്‍ ഉപയോഗിച്ചുള്ള ഷൂട്ടിങ്ങ് ഫോട്ടോഗ്രാഫര്‍ക്ക് തുണയാകുന്നു.

വ്യത്യസ്ത exposure mode കളെക്കുറിച്ച് നമുക്ക് അല്‍പ്പം വിശദമായി തന്നെ ചര്‍ച്ച ചെയ്യാം. അതിനുശേഷം അവയ്ക്ക് എന്താണിത്രയധികം പ്രാധാന്യമെന്നും പരിശോധിക്കാം. ഇവിടെ നാം ISO മാറ്റുന്നില്ല. Aperture, Shutter speed എന്നിവയെ അപേക്ഷിച്ച് ISO അത്രയൊന്നും മികച്ച സര്‍ഗ്ഗശേഷി പ്രകടിപ്പിക്കാവുന്ന സംവിധാനമല്ല. അതുകൊണ്ടു തന്നെ ഇനി പറയുന്ന കാര്യങ്ങളില്‍ ISO സ്ഥിരമായ ഒന്നാണ് എന്നു കരുതുക.


P (Program)mode:


program modeല്‍ ക്യാമറ ഒരു ദൃശ്യത്തില്‍ നിന്ന് മീറ്റര്‍ റീഡിങ് എടുത്ത് ഷൂട്ട് ചെയ്യാന്‍ മികച്ച aperture, shutter speed എന്നിവ ഏതെന്ന് തിരഞ്ഞെടുക്കുന്നു. വെറുതെ ഒരു ചിത്രമെടുക്കാന്‍ ഇതു മതി. പക്ഷെ program mode ല്‍ aperture, shutter speed എന്നിവയില്‍ ഫോട്ടോഗ്രാഫര്‍ക്ക് യാതൊരുവിധ നിയന്ത്രണവും ഉണ്ടാകില്ല. ഫോട്ടോ എടുക്കേണ്ട മുഴുവന്‍ ഉത്തരവാദിത്വവും ക്യാമറയെ ഏല്‍പ്പിക്കുന്നു. നാം വെറുതെ ക്ലിക്ക് ചെയ്താല്‍ മാത്രം മതി. എല്ലാം ക്യാമറ ചെയ്യാനാണെങ്കില്‍ നമ്മള്‍ എന്തിനാണ്?. ശരിയാണ് ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയ്ക്ക് ക്യാമറയുടെയും ചിത്രം പകര്‍ത്തുന്നതിന്റെയും പൂര്‍ണ നിയന്ത്രണം നമുക്കായിരിക്കണം. അതുകൊണ്ടു തന്നെ ഈ mode ഞാന്‍ ഉപയോഗിക്കലില്ല. Auto mode നേക്കാള്‍ നല്ലതാണിത്. പക്ഷെ ഒരു മികച്ച ഫോട്ടോഗ്രാഫര്‍ക്ക് അയാളുടെ സര്‍ഗ്ഗശേഷി പ്രകടിപ്പിക്കുവാന്‍ ഈ modeല്‍ പരിധികളുണ്ട്.


Aperture Priority Mode:

എനിക്കേറ്റവും ഇഷ്ടമുള്ളതും ഏതാണ്ട് എല്ലാ സമയത്തും ഞാന്‍ ഉപയോഗിക്കുന്നതും ഈ മോഡ് ആണ്. ഇതില്‍ Aperture ഏത് വേണമെന്ന് തിരഞ്ഞെടുക്കുന്നത് ഫോട്ടോഗ്രാഫറും അതിന് സമമായ ഷട്ടര്‍ സ്പീഡ് തിരഞ്ഞെടുക്കുന്നത് ക്യാമറയുമാണ്. ഒരു തരം കൊടുക്കല്‍ വാങ്ങലുകള്‍. ഓര്‍ക്കുക, Aperture ആണ് depth of field നെ നിയന്ത്രിക്കുന്നത്. എന്റെ ഷൂട്ടിങ്ങ് ശൈലിക്ക് depth of fieldന് ഏറെ പ്രാധാന്യമുള്ളതിനാല്‍ ഇത് വളരെ ഫലപ്രദമായ ഒന്നാണ്. ഉദാഹരണത്തിന് നിങ്ങളുടെ ക്യാമറ aperture priority mode ല്‍ ആണെന്ന് കരുതുക. നിങ്ങള്‍ ഷൂട്ട് ചെയ്യുന്നത് ഒരു പ്രകൃതിദൃശ്യവും.

മുന്‍ഭാഗവും പശ്ചാത്തലവും ഒരു പോലെ ഷാര്‍പ് ആയി കിട്ടണം. അതായത് depth of field കൂടുതല്‍ വേണം. അതിനായി ഏറ്റവും കുറഞ്ഞ aperture എടുക്കുക (eg: f/16). ഇതിന് അനുസൃതമായ ഷട്ടര്‍സ്പീഡ് ക്യാമറ തന്നുകൊള്ളും. നേരത്തെ പറഞ്ഞ രീതിയിലുള്ള ചിത്രവും ലഭിക്കും. മറ്റൊരു ഉദാഹരണം നോക്കാം. നിങ്ങള്‍ ഒരു സുഹൃത്തിന്റെ പോര്‍ട്രയിറ്റ് ആണ് പകര്‍ത്തുന്നത്. പശ്ചാത്തലം മങ്ങിയിരിക്കണം എന്നതാണ് നിങ്ങളുടെ ആവശ്യം. ഇതിനായി വലിയ aperture (eg: f/2.8) എടുക്കുക. ക്യാമറ തരുന്ന ഷട്ടര്‍ സ്പീഡില്‍ നിങ്ങളുടെ സുഹൃത്തിന്റെ ചിത്രം ഉദ്ദേശിച്ച രീതിയില്‍ ലഭിക്കും. വളരെ ലളിതവും എന്നാല്‍ ശക്തവുമായ ഒരു mode. ഒരു ദൃശ്യം കാണുമ്പോള്‍ തന്നെ എത്രമാത്രം ഭാഗം ഷാര്‍പ്പ് ആയി ഉണ്ടാകണമെന്ന് നാം മനസ്സില്‍ തീരുമാനിക്കുക. അതിനനുസരിച്ച് aperture തിരഞ്ഞെടുക്കുക.


Shutter Priority mode:

ഈ മോഡില്‍ ഫോട്ടോഗ്രാഫര്‍ ഷട്ടര്‍ സ്പീഡ് തിരഞ്ഞെടുക്കുകയും ക്യാമറ അതിനനുസൃതമായ aperture നല്‍കുകയും ചെയ്യുന്നു. ചലനാത്മകമായ ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ ഏറ്റവും മികച്ച മോഡ് ഇതാണ്. ഉദാഹരണത്തിന് നിങ്ങള്‍ ഒരു ഫുട്‌ബോള്‍ മത്സരം പകര്‍ത്തുകയാണ്. കളിക്കാരുടെ ചലനങ്ങള്‍ സ്വാഭാവികതയോടെ ഒപ്പിയെടുക്കണമെന്നു കരുതുക. അതിവേഗത്തിലുള്ള ചലനങ്ങള്‍ പകര്‍ത്തണമെങ്കില്‍ ഷട്ടര്‍ സ്പീഡ് 1/250 വേണമെന്നതാണ് പൊതുവായ തത്വം. അതുകൊണ്ട് തന്നെ shutter priority mode ല്‍ 1/250 എന്ന സ്പീഡ് തിരഞ്ഞെടുക്കുക. കൃത്യമായ exposure ലഭിക്കുന്നതിനുള്ള aperture ക്യാമറ തരും. ഇതും വളരെ ലളിതമാണ്. മറ്റൊരു ഉദാഹരണം: ഒരു വെള്ളച്ചാട്ടത്തിന്റെ ചലനാത്മകമായ ചിത്രമെടുക്കണം എന്നു കരുതുക. വേഗത കുറഞ്ഞ ഷട്ടര്‍ സ്പീഡ് എടുക്കുക (eg: 1/30). ഇനി ഷൂട്ട് ചെയ്‌തോളു. വെള്ളച്ചാട്ടത്തിലെ വെള്ളം പട്ടുപോലെ മൃദുലമായി തോന്നും. വെള്ളച്ചാട്ടം താഴേക്ക് പതിക്കാനൊരുങ്ങുന്നത് പോലെയാവണമെങ്കില്‍ വേഗതയാര്‍ന്ന ഷട്ടര്‍സ്പീഡ് തിരഞ്ഞെടുത്തോളു. പക്ഷെ ഇവിടെ ഒരു കുഴപ്പമുണ്ട്. പിന്നീട് പറഞ്ഞുതരാം.


Manual Mode:

ഇതാണ് മറ്റുള്ളവയേക്കാള്‍ ഏറ്റവും കാര്യപ്രാപ്തിയുള്ള മോഡ്. ഇവിടെ ഷട്ടര്‍ സ്പീഡും അപേര്‍ച്ചറും ഫോട്ടോഗ്രാഫര്‍ തന്നെയാണ് തിരഞ്ഞുടുക്കേണ്ടത്. മറ്റു മോഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ക്യാമറ നിങ്ങള്‍ക്ക് യാതൊന്നും തരുന്നില്ല. കൃത്യമായ exposure ലഭിക്കുക എന്നത് ഫോട്ടോഗ്രാഫറുടെ ഉത്തരവാദിത്വമാണ്. എങ്കിലും exposure indicator ലൂടെ നിങ്ങള്‍ തിരഞ്ഞെടുത്ത shutter speed, aperture എന്നിവ ശരിയാണോ എന്ന് അറിയാന്‍ കഴിയും. ഞാന്‍ പല അവസരങ്ങളിലും manuel mode ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് സ്‌പോട്ട് മീറ്ററിങ് ആണ് ഉപയോഗിക്കുന്നതെങ്കില്‍. മറ്റൊന്ന് ഫ്ലാഷ് ഫോട്ടോഗ്രാഫിയിലാണ്. ഇതിനെക്കുറിച്ച് വരും ക്ലാസ്സുകളില്‍ നമുക്ക് വിശദമായി പഠിക്കാം. ഇപ്പോള്‍ തത്ക്കാലം ഫോട്ടോഗ്രാഫറാണ് shutter speed, aperture എന്നിവ തിരഞ്ഞടുക്കുന്നത് എന്നത് എപ്പോഴും ഓര്‍ക്കുക.


ഞാന്‍ എടുത്ത ഒരു ചിത്രത്തിന്റെ ഷൂട്ടിങ് പ്രക്രിയയിലൂടെ ഒന്നു കടന്നു പോകാം. ഇതിലൂടെ നിങ്ങള്‍ക്ക് കാര്യങ്ങള്‍ ഒന്നു കൂടി വ്യക്തമാകുമെന്ന് കരുതുന്നു. താഴെ കാണുന്ന ചിത്രം ശ്രദ്ധിക്കുക.ഞാനും എന്റെ ഒരു സുഹൃത്തും കൂടി ഒരു പൂന്തോട്ടത്തില്‍ നില്‍ക്കുമ്പോഴാണ് ഈ തേനീച്ചയെ കണ്ടത്. ഒരു ചുള്ളി കൊമ്പില്‍ നിന്ന് അടുത്തതിലേക്ക് മാറി മാറി പറന്നു കളിക്കുകയായിരുന്നു അത്. നല്ലൊരു ഫോട്ടോയ്ക്കുള്ള സാധ്യതായായിരുന്നു അത്. തേനീച്ചയെ ശല്യപ്പെടുത്തേണ്ടെന്ന് കരുതി എന്റെ കയ്യിലെ പരമാവധി ഫോക്കല്‍ ലെങ്ത്തുള്ള 100þ400 mm ലെന്‍സ് ആണ് എടുത്തത്. 400mm തന്നെ സൂം ചെയ്തു. ആ ചുള്ളിക്കൊമ്പിന് പിന്നിലുള്ള കുറ്റിച്ചെടികള്‍ ചിത്രത്തെ ദോഷകരമായി ബാധിക്കുമെന്ന് മനസ്സിലാക്കി, ഡെപ്ത് ഓഫ് ഫീല്‍ഡ് കുറയ്ക്കാന്‍ തിരുമാനിച്ചു. aperture priority mode ല്‍ ആദ്യം ഞാന്‍ f5.6 ആണ് തിരഞ്ഞെടുത്തത്. കാരണം എന്റെ ലെന്‍സില്‍ ലഭിക്കുന്ന പരമാവധി aperture. പരീക്ഷണത്തിനായി രണ്ടുമൂന്ന് ക്ലിക്കുകള്‍ അടിച്ചു. തേനീച്ച ഷാര്‍പ്പാണ്. പക്ഷെ ചുള്ളിക്കമ്പ് ഷാര്‍പ്പ് അല്ല. അതുകൊണ്ട് ഞാനെന്റെ f stopല്‍ മാറ്റം വരുത്തി. ടെലിഫോട്ടോ ലെന്‍സ് ആണ് ഉപയോഗിക്കുന്നതിനാല്‍ f8 ആക്കി. ഞാന്‍ ചുള്ളിക്കമ്പിലേക്ക് ഫോക്കസ് ചെയ്തു. തേനീച്ച വരുന്നതും കാത്തിരുന്നു. തേനീച്ച വന്നു. നിരവധി ക്ലിക്കുകള്‍ അടിച്ചു. ഒന്നു രണ്ടെണ്ണം മാത്രമാണ് നല്ല ഫ്രെയിമായി കിട്ടിയത്. ഇതൊരു രഹസ്യമാണ്. നിങ്ങള്‍ക്ക് ഒരേ ദൃശ്യത്തിന്റെ നിരവധി ഫ്രെയ്മുകളെടുക്കേണ്ടിവരും നല്ല ഒന്ന് ലഭിക്കാന്‍. ചുരുക്കത്തില്‍ നല്ല ചിത്രം ലഭിക്കാന്‍ കുറുക്കുവഴികളില്ലെന്നത് മനസ്സില്‍ ഓര്‍ക്കണം എന്ന് സാരം. നല്ല പ്രകാശമാനമായ അന്തരീക്ഷമായിരുന്നു ആ ദിവസത്തേത്. എന്റെ ആ നല്ല ചിത്രത്തിന്റെ exposure reading ഇങ്ങനെയായിരുന്നു. f/5.6 & 1/1000 of a second. തേനീച്ചയുടെ ചലനത്തെ സെക്കന്‍ഡിന്റെ 1/1000 അംശത്തിലാണ് ഒപ്പിയെടുത്തത്. പക്ഷെ ക്യാമറ ഷട്ടര്‍ പ്രയോറിറ്റി മോഡില്‍ അല്ലെന്നത് ഓര്‍ക്കുക. ഞാന്‍ അപ്പേര്‍ച്ചര്‍ f/5.6 എടുത്തു. ക്യാമറ എനിക്ക് അതിന് ആനുപാതികമായ ഷട്ടര്‍സ്പീഡ് തന്നു. ഈ ദൃശ്യം ഷട്ടര്‍ പ്രയോറിറ്റി മോഡില്‍ എടുക്കാമായിരുന്നു. പക്ഷെ ചില കാരണങ്ങള്‍ കൊണ്ട് അത് ചെയ്തില്ല. അതിന്റെ കാരണങ്ങള്‍ വരും ക്ലാസ്സില്‍ പറയാം.

അതുവരെ
ഹാപ്പി ഷൂട്ടിങ്