ഈ ക്ലാസില്‍ ഫോട്ടോഗ്രാഫിക്ക് ആവശ്യമായ ഉപകരണങ്ങളെ പരിചയപ്പെടാം. ഈ ലിസ്റ്റ് പൂര്‍ണ്ണമല്ല. പ്രത്യേക ആവശ്യത്തിനുള്ള ഫോട്ടോഗ്രാഫിക്ക് ചിലപ്പോള്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ഉപകരണങ്ങളും ആവശ്യമായി വന്നേക്കും. അതുപോലെ തന്നെ ഫോട്ടോ എടുക്കണമെങ്കില്‍ ലിസ്റ്റില്‍ പറയുന്ന എല്ലാം കയ്യിലുണ്ടായിരിക്കണമെന്നും നിര്‍ബന്ധമില്ല.


1. Camera bagനിങ്ങളുടെ ക്യാമറ കേടുകൂടാതെ കൊണ്ടുനടക്കാന്‍ നല്ലൊരു ക്യാമറ ബാഗ് ആവശ്യമാണ്. ക്യാമറയും അതിനൊപ്പമുള്ള മറ്റ് ഉപകരണങ്ങളും (ഉദാ. ലെന്‍സ്, ഫ്ലാഷ്, ഫില്‍റ്റര്‍, മെമ്മറി കാര്‍ഡ്) വയ്ക്കാനുള്ള സ്ഥലം ബാഗിലുണ്ടായിരിക്കണം. താത്കാലിക ആവശ്യത്തിന് ഇതു മതി എന്ന ചിന്തയോടെ ക്യാമറ ബാഗ് വാങ്ങുന്നവരുണ്ട്. പുതുതായി ഒരു സാധനം കൂടി ബാഗിലുള്‍പ്പെടുത്തേണ്ടി വരുമ്പോള്‍ അവര്‍ വീണ്ടും ബാഗ് തേടിയിറങ്ങും. ആദ്യം ബാഗ് വാങ്ങുമ്പോള്‍ അല്പം ശ്രദ്ധിച്ചാല്‍ ഇതൊഴിവാക്കാം. ഭാവിയില്‍ നിങ്ങള്‍ ബാഗില്‍ എന്തൊക്കെ വാങ്ങാനുദ്ദേശിക്കുന്നുവോ അവ കൂടി ഉള്‍ക്കൊള്ളിക്കാവുന്ന തരത്തിലുള്ള ബാഗാണ് വാങ്ങേണ്ടത്. നിങ്ങളൊരു ലാന്‍ഡ്‌സ്‌കേപ്പ് ഫോട്ടോഗ്രാഫറാണെങ്കില്‍ ബാഗില്‍ ട്രൈപോഡിനുള്ള സ്ഥലം കരുതണം.2. Tripodക്യാമറ ഇളകാതെ നിറുത്താന്‍ മാത്രമല്ല ചിത്രം കമ്പോസ് ചെയ്യാനും ട്രൈപോഡ് സഹായിക്കും. ക്യാമറ കൈയ്യില്‍ പിടിച്ച് ചിത്രമെടുക്കുമ്പോള്‍ ഷട്ടര്‍സ്പീഡ് 1/ focal length ആയിരിക്കണം. അതായത് നിങ്ങള്‍ 200mmല്‍ ആണ് ഷൂട്ട് ചെയ്യുന്നതെങ്കില്‍ മിനിമം 1/200 ഷട്ടര്‍ സ്പീഡ് വേണം. എന്നാല്‍ ലൈറ്റ് കുറയുമ്പോള്‍ high shutter speed പ്രായോഗികമല്ലാതെ വരും. അപ്പോഴാണ് ട്രൈപോഡിന്റെ ആവശ്യം. ലോ ലൈറ്റിലുള്ള Nature, Landscape, macro ഫോട്ടോഗ്രാഫിയ്ക്ക് ട്രൈപോഡ് ആവശ്യമാണ്. ട്രൈപോഡ് വാങ്ങുമ്പോള്‍ നീണ്ടകാലത്തേയ്ക്കുള്ള ഉപയോഗം മുന്നില്‍ കാണണം. കുറഞ്ഞ വിലയില്‍ കിട്ടുന്ന നിലവാരമില്ലാത്തവ വാങ്ങരുതെന്ന് അര്‍ഥം. എല്ലാ ട്രൈപോഡ് നിര്‍മ്മാതാക്കളും തങ്ങളുണ്ടാക്കുന്ന ട്രൈപോഡ് എത്ര ഭാരം വരെ താങ്ങും എന്ന കാര്യം വ്യക്തമാക്കിയിരിക്കും. വാങ്ങുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കാന്‍ മറക്കണ്ട.

പ്രധാനമായും രണ്ടു തരത്തിലുള്ള ട്രൈപോഡുകളാണ് വിപണിയിലുള്ളത്. അലുമിനം ഫൈബര്‍ ട്രൈപോഡും കാര്‍ബണ്‍ ഫൈബര്‍ ട്രൈപോഡും. കാര്‍ബണ്‍ ഫൈബര്‍ ട്രൈപോഡുകള്‍ ഉറപ്പുള്ളതും അധികം ഭാരമില്ലാത്തതുമാണ്. ട്രാവല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇത്തരം ട്രൈപോഡുകളാണ് നല്ലത്. ഇവയ്ക്ക് അലുമിനം ട്രൈപോഡുകളേക്കാള്‍ വിലയേറും. മാന്‍ഫ്രറ്റോ, വാന്‍ഗാര്‍ഡ്, വെല്‍ബോണ്‍മേക്ക്‌സ് എന്നിവ മികച്ച വിലയ്ക്ക് ലഭിക്കുന്ന എന്‍ട്രി ലെവല്‍ ട്രൈപോഡുകളാണ്. ഗിറ്റ്‌സോ പോലുള്ള ഗോള്‍ഡ് സ്റ്റാന്റേര്‍ഡ് ട്രൈപോഡുകളും വിപണിയില്‍ ലഭ്യമാണ്. ഇവയ്ക്ക് വില അല്പം കൂടുമെന്ന് മാത്രം. നിങ്ങള്‍ മാക്രോ ഫോട്ടോഗ്രാഫിയിലോ ഡിഎസ്എല്‍ആര്‍ വീഡിയോ മേക്കിങ്ങിലേക്കോ തിരിയാന്‍ ആലോചിക്കുന്നുവെങ്കില്‍ തറയില്‍ പതിഞ്ഞുകിടക്കത്തക്ക രീതിയിലുള്ള ട്രൈപോഡാണ് നല്ലത്്. നിങ്ങള്‍ക്ക് ലോ ആങ്കിള്‍ ഷോട്ടുകളെടുക്കാന്‍ ഇത് സഹായകമാവും. വിആര്‍(വൈബ്രേഷന്‍ റിഡക്ഷന്‍) അല്ലെങ്കില്‍ ഐഎസ്(ഇമേജ് സ്റ്റബിലൈസേഷന്‍) ലെന്‍സുകളോ ഐഎസ്ഒ capable ആയ ക്യാമറകളോ ഉപയോഗിക്കുന്നതു വഴി ട്രൈപോഡുകളെ ഒരു പരിധി വരെ മാറ്റി നിര്‍ത്താമെങ്കിലും ലാന്‍ഡ്‌സ്്‌കേപ്, നാച്വര്‍, മാക്രോ ഫോട്ടോഗ്രാഫികള്‍ക്ക് ട്രൈപോഡ് അനിവാര്യമാണ്. ബബിള്‍ ലെവല്‍ ഇന്‍ഡിക്കേറ്റര്‍ ഉള്ള ട്രൈപോഡ് നോക്കി വാങ്ങാന്‍ ശ്രദ്ധിക്കണം.

ക്യാമറയെ സ്ഥിരമായി ഒരു സ്ഥാനത്ത് നിലയുറപ്പിക്കാനും കമ്പോസിഷന്‍ അല്ലെങ്കില്‍ ഫ്രേയ്മിങ്ങില്‍ മികച്ച റിസള്‍ട്ട് കിട്ടാനും
ട്രൈപോഡ് സഹായിക്കുന്നു. ക്യാമറ കൈകളിലേന്തി ചിത്രമെടുക്കുമ്പോള്‍ ഷാര്‍പ്പ് ആയ ചിത്രം ലഭിക്കാന്‍ 1/focal length ആയിരിക്കണം
ഷട്ടര്‍ സ്പീഡ് എന്നാണ് പൊതുവിലുള്ള തത്വം.


3. Tripod head
മിക്ക എന്‍ട്രി ലെവല്‍ ട്രൈപോഡുകള്‍ക്കുമൊപ്പം ട്രൈപോഡ് ഹെഡും ഉണ്ടാകും. എന്നാല്‍ നിങ്ങള്‍ ഒരു പ്രൊഫഷണല്‍ ലെവല്‍ ട്രൈപോഡാണ് വാങ്ങിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ട്രൈപോഡും ട്രൈപോഡ് ഹെഡും പ്രത്യേകമായി വാങ്ങാനുള്ള അവസരമുണ്ടാകും. നിങ്ങളുടെ ഫോട്ടോഗ്രാഫി സ്റ്റൈലിനനുസരിച്ച് ഇഷ്ടമുള്ള ട്രൈപോഡ് ഹെഡ് തിരഞ്ഞെടുക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ മെച്ചം. രണ്ടു തരം ട്രൈപോഡ് ഹെഡുകള്‍ വിപണിയില്‍ കിട്ടും. ബാള്‍ ഹെഡും tilt & pan ടൈപ്പും. ആക്ഷന്‍, വൈല്‍ഡ്‌ലൈഫ്, മാക്രോ ഫോട്ടോഗ്രാഫികള്‍ക്ക് ബാള്‍ ഹെഡ് ട്രൈപോഡാണ് അനുയോജ്യം.വീഡിയോ വര്‍ക്കുകള്‍ക്ക് tilt & pan ടൈപ്പ് ട്രൈപോഡാണ് നല്ലത്. മാന്‍ഫോട്ടോ, കിര്‍ക്ക് തുടങ്ങിയവ മികച്ച ട്രൈപോഡ് ഹെഡ് നിര്‍മ്മാതാക്കളാണ്. മികച്ച ട്രൈപോഡ് വാങ്ങിയ ശേഷം ഗുണമേന്‍മ ഒട്ടുമില്ലാത്ത വിലകുറഞ്ഞ ട്രൈപോഡ് ഹെഡിന് പിറകെ പോകരുത്. നിങ്ങളുടെ ക്യാമറ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ ട്രൈപോഡ് ഹെഡിനുള്ള പങ്ക് വളരെ വലുതാണ്.


4. UV & Polarizer Filter


UV(അള്‍ട്രാവയലറ്റ്) ഫില്‍റ്ററുകള്‍ക്ക് രണ്ടു ജോലികളാണുള്ളത്. ക്യാമറ ലെന്‍സുകളെ സംരക്ഷിക്കുക. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നിങ്ങളേയും ക്യാമറ ലെന്‍സുകളേയും രക്ഷിക്കുക. അധികം കാശുമുടക്കാതെ സ്വന്തമാക്കാവുന്ന ഫില്‍റ്ററുകള്‍ പല അപകടഘട്ടങ്ങളിലും നമുക്ക് തുണയാകും. എന്റെ കയ്യില്‍ നിന്ന് വഴുതിവീണ ലെന്‍സുകള്‍ എത്രയോ തവണ ഫില്‍റ്റര്‍ രക്ഷിച്ചിരിക്കുന്നു. ടിഫെന്‍, ഹോയ, കെന്‍കോ എന്നിവ അറിയപ്പെടുന്ന ഫില്‍റ്റര്‍ നിര്‍മ്മാതാക്കളാണ്.
Polarizer ഫില്‍റ്ററുകള്‍ ലാന്‍ഡ്‌സ്‌കേപ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. അന്തരീക്ഷത്തിലെ മൂടലും ആവശ്യ
മില്ലാത്ത പ്രതിഫലനങ്ങളും (ഉദാ.വെള്ളത്തിലെ പ്രതിഫലനങ്ങള്‍)ഒഴിവാക്കാന്‍ ഫില്‍റ്ററുകള്‍
സഹായിക്കും. ആകാശത്തിന് കൂടുതല്‍ നീലനിറം പകരാന്‍ Polarizer ഫില്‍റ്ററുകള്‍ക്ക് കഴി
യും. ആകാശത്തിന് സാധാരണയില്‍ കവിഞ്ഞ നീലിമ പകരാന്‍ പോളാറൈസര്‍
ഫില്‍ട്ടറുകള്‍ക്ക് കഴിയും. സൂര്യന്‍ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ മികച്ച റിസള്‍ട്ട് ലഭിക്കാന്‍
പോളാറൈസര്‍ ഫില്‍ട്ടറുകളാണ് നല്ലത്.നീലാകാശം കിട്ടാനായി Polarizer ഫില്‍റ്ററുകള്‍ അമിതമായി ഉപയോഗിക്കപ്പെടുന്നില്ലെന്നും ഉറപ്പു വരുത്തേണ്ടതാണ്. ടിഫെന്‍, ഹോയ. മാര്‍മി, സിങ്‌റേ എന്നിവ മികച്ച Polarizer നിര്‍മ്മാതാക്കളാണ്.


5. Neutral Density filter
ഇതും ലാന്‍ഡ്‌സ്‌കേപ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറെ പ്രയോജനം നല്‍കുന്ന ഫില്‍റ്റര്‍ ആണ്. എക്‌സ്‌പോഷര്‍ കുറക്കാനായാണ് ന്യൂട്രല്‍ ഡെന്‍സിറ്റി ഫില്‍റ്റര്‍ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് നിങ്ങളൊരു വെള്ളച്ചാട്ടം പകര്‍ത്താനുദ്ദേശിക്കുന്നുവെന്ന് കരുതുക. നിങ്ങള്‍ക്ക് വെള്ളച്ചാട്ടത്തിന്റെ Silky smooth Effect ആണ് വേണ്ടത്. സാധാരണയായി 1/8 ഷട്ടര്‍സ്പീഡ് വേണ്ടിവരും ഈ ഇഫക്ട് ലഭിക്കാന്‍. എന്നാല്‍ കടുത്ത സൂര്യപ്രകാശത്തിലാണ് ഷൂട്ടിങ് നടത്തുന്നതെങ്കില്‍ സ്വാഭാവികമായും ഷട്ടര്‍സ്പീഡ് ഉയരും. തത്കാലം ഷട്ടര്‍സ്പീഡ് 1/60, ്‌ള/5.6, ISO 100 എന്നീ മോഡിലാണ് ക്യാമറ സെറ്റ് ചെയ്തിരിക്കുന്നതെന്ന് കരുതുക. നിങ്ങളുടെ ക്യാമറയുടെ ഏറ്റവും കുറഞ്ഞ ISO 100 ആണെന്ന് കരുതുക. ഷട്ടര്‍സ്പീഡ് 1/8 ആക്കി കുറയ്ക്കാനുള്ള ഏക മാര്‍ഗ്ഗം എക്‌സ്‌പോഷര്‍ സമയം ചുരുക്കുകയാണ്. ഇനി നമുക്ക് 3 stop ന്യൂട്രല്‍ ഡെന്‍സിറ്റി ഫില്‍റ്റര്‍ (1/60->1/30->1/15->1/8 is 3 stops)ഉപയോഗിക്കാം. ഫില്‍റ്റര്‍ മൂന്ന് stop ലൈറ്റ് കട്ട് ചെയ്യുന്നതിനാല്‍ നിങ്ങള്‍ക്ക് നേരത്തെ പറഞ്ഞ 1/8, f/5.6, ISO 100 എന്നീ മോഡിലുള്ള ചിത്രമാണ് കിട്ടുക. ലൈറ്റ് കട്ട് ചെയ്യാനാന്‍ സഹായിക്കുന്ന ചാരനിറത്തിലുള്ള കോട്ടിങ് ഫില്‍റ്ററുകളിലുണ്ടാകും. Variable ഡെന്‍സിറ്റി ഫില്‍റ്ററുകള്‍ (മള്‍ട്ടിപ്പിള്‍ സ്റ്റോപ്പുകളില്‍ ലൈറ്റ് കട്ട് ചെയ്യാന്‍ കഴിവുള്ളവ) വിപണിയില്‍ ലഭ്യമാണ്. ഇവയ്ക്ക് വില കൂടുതലാണ്. ടിഫന്‍, ഹോയ, സിങ്‌റേ എന്നിവ മികച്ച ND ഫില്‍റ്റര്‍ നിര്‍മ്മാതാക്കളാണ്.


6. Graduated Neutral Density Filter


'കണ്ണുകള്‍ കാണുന്നത് ക്യാമറ കാണില്ല' എന്നൊരു ചൊല്ലുണ്ട്. ഇതെന്തെന്ന് വ്യക്തമായി അറിഞ്ഞിരുന്നാല്‍ മാത്രമേ ക്യാമറ കൈകാര്യം ചെയ്യുന്നതില്‍ അനായാസത കൈവരിക്കാനാവു. വെളിച്ചം കൊണ്ടുള്ള എഴുത്താണ് ക്യാമറ ചെയ്യുന്നത് എന്ന കാര്യം വിസ്മരിക്കരുത്. Graduated Neutral Density Filter അഥവാ GNDയെക്കുറിച്ച് പറയുന്നതിന് മുമ്പ് ഇക്കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കണം എന്നെനിക്ക് നിര്‍ബന്ധമുണ്ട്.നമ്മുടെ കണ്ണുകളേക്കാള്‍ അഡ്വാന്‍സ്ഡ് ആയ ക്യാമറ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഒരു ദൃശ്യത്തിലെ ഇരുട്ടിന്റെ ആഴവും പ്രകാശത്തിന്റെ അതിപ്രസരവും നഗ്നനേത്രങ്ങള്‍ കൊണ്ട് ഒരേ സമയം കാണാം (around 11 to 13 stops of light). എന്നാല്‍ ക്യാമറ അത് കാണില്ല. ഒരു ദൃശ്യത്തിലെ ഒന്നുകില്‍ ഇരുട്ട് നിറഞ്ഞ ഭാഗം അല്ലെങ്കില്‍ പ്രകാശം കൂടിയ ഭാഗം മാത്രമേ ക്യാമറക്ക് ഒരേ സമയം പകര്‍ത്താനാവു. (അതായത് around 5 stops of light- - എന്നാല്‍ അഡ്വാന്‍സ്ഡ് ക്യാമറകളില്‍ കുറച്ചു കൂടി സാധ്യതകള്‍ ഇക്കാര്യത്തിലുണ്ട്).

ചിന്തിച്ച് തലപുകയ്‌ക്കേണ്ട, ഇതത്ര സങ്കീര്‍ണമായ സംഗതിയല്ല. അസ്തമനസൂര്യന്‍ പശ്ചാത്തലത്തില്‍ വരുന്ന നിറയെ പൂക്കളുള്ള പുല്‍ത്തകിടിയാണ് നമ്മള്‍ ക്യാമറയിലേക്ക് പകര്‍ത്തുന്നതെന്നിരിക്കട്ടെ. പ്രകാശവ്യതിയാനം ഏറെയുള്ള ദൃശ്യമാണ് ഇത്. പൂഷ്പങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അവിടുത്തെ വെളിച്ചം എത്രയെന്ന് കണക്കാക്കിയാണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ അസ്തമന ആകാശം മുഴുവന്‍ വെളുത്ത നിറമായിട്ടായിരിക്കും ചിത്രത്തില്‍ കാണുക. കാരണം പുഷ്പങ്ങളുള്ള ഇടത്തേക്കാള്‍ പ്രകാശം അവിടെ ഉണ്ട് എന്നതു തന്നെ. ഇനി തിരിച്ചാണെങ്കിലോ അസ്തമന ആകാശത്തിന് വേണ്ടി എക്‌സ്‌പോഷര്‍ നിര്‍ണയിക്കുമ്പോള്‍ പൂവുകള്‍ നിഴലുകളായോ തീരെ പ്രകാശമില്ലാതെയോ മാത്രമേ കാണാനാവു.

ഈ പ്രശ്‌നം പരിഹരിക്കാനാണ് GND ഫില്‍ട്ടറുകള്‍. നേരത്തെ പറഞ്ഞ Neutral Density Filter ന്റെ ഒരു വകഭേദമാണിത്. GND ഫില്‍ട്ടറുകളുടെ അര്‍ദ്ധവൃത്തം സാധാരണ ഫില്‍ട്ടറിന്റേത് പോലെ തെളിഞ്ഞും അടുത്ത അര്‍ദ്ധവൃത്തം ഗ്രേ നിറത്തിലുമായിരിക്കും. ഒന്നു കൂടി ലളിതമാക്കിയാല്‍ ഗ്രേ എന്നു പറയുന്ന ഭാഗത്തിന് ഒരു കൂളിംഗ് ഗ്ലാസ് ഇഫക്ട് ആയിരിക്കും. അതായത് പ്രസ്തുത ദൃശ്യം കൂളിംഗ് ഗ്ലാസിലൂടെ നോക്കുന്നത് പോലെയുണ്ടാകും ഗ്രേ അര്‍ദ്ധവൃത്തത്തിലൂടെ നോക്കിയാല്‍.

നമ്മള്‍ നേരത്തെ പറഞ്ഞ ഉദാഹരണത്തിലെ അസ്തമന ആകാശത്തിന്റെ എക്‌സ്‌പോഷര്‍ വാല്യു - 1/500, f/5.6, ISO 100 ആണ്. പുഷ്പങ്ങളുടേത് 1/4, f/5.6, ISO 100 ഉം. ഇവ തമ്മിലുള്ള വ്യത്യാസം 7 light stop ന്റേതാണ് (1/500>1/250>1/125>1/60>1/30>1/15>1/8>1/4). ഓര്‍ക്കുക ഇത് ക്യാമറയ്്ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രകാശ പ്രസരണമാണ് (around 5 stops of light ആണ് ക്യാമറക്ക് കൈകാര്യം ചെയ്യാവുന്നത്).

ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി നമ്മള്‍ 2 stop GND ഫില്‍ട്ടര്‍ ഉപയോഗിക്കുന്നു. കൂളിംഗ് ഇഫക്ട് നല്‍കുന്ന ഗ്രേ ഭാഗം മുകളിലും അതായത് അസ്തമന ആകാശം അവിടെ കിട്ടത്തക്ക രീതിയില്‍. തെളിഞ്ഞ ഭാഗം താഴെ പൂക്കള്‍ കിട്ടത്തക്ക രീതിയിലും ലെന്‍സില്‍ ക്രമീകരിക്കുന്നു. ഇപ്പോള്‍ അസ്തമന ആകാശത്തിന്റെ എക്‌സപോഷറില്‍ മാറ്റം വരുന്നു. ക്യാമറ നേരത്തെ കണ്ട പ്രകാശത്തിന്റെ അധികപറ്റ് ഇപ്പോഴില്ല. എക്‌സ്‌പോഷര്‍ വാല്യു 1/125(1/500>1/250>1/125 = 2 stops of light) ആകുന്നു. പുഷ്പങ്ങളുടെ എക്‌സ്‌പോഷര്‍ വാല്യുവില്‍ മാറ്റം വരുന്നുമില്ല.

അസ്തമന സൂര്യന്റെ പുതിയ എക്‌സ് പോഷര്‍ വാല്യു 1/125 ആണ്. പുഷ്പങ്ങളുടേത് 1/4 ആയി നിലനില്‍ക്കുകയും ചെയ്യുന്നു. ഇത് തമ്മിലുള്ള വ്യത്യാസം 5 stop of light ആണ്. ക്യാമറക്ക് കൈകാര്യം ചെയ്യാവുന്ന റേഞ്ചിലുള്ള പ്രകാശ വ്യതിയാനം എന്നു സാരം.

ഇനി ഇതല്ലാതെ ഒരു എളുപ്പപണിയുണ്ട്. ഫോട്ടോഷോപ്പില്‍ നല്ല പ്രാവീണ്യം വേണമെന്ന് മാത്രം. അസ്തമന ആകാശത്തിന്റെ
എക്‌സ്‌പോഷറില്‍ ഒരു ചിത്രവും പുഷ്പങ്ങളുടെ എക്‌സപോഷറില്‍ മറ്റൊരു ചിത്രവും എടുക്കുക. ഫോട്ടോഷോപ്പില്‍ ഇത്
കൂട്ടിച്ചേര്‍ത്താല്‍ മാത്രം മതി. ടിഫെന്‍, ഹോയ, കോകിന്‍, സിങ്‌റേ എന്നീ ബ്രാന്‍ഡുകളിലാണ് മികച്ച GND ഫില്‍ട്ടറുകള്‍ ലഭ്യമാവുക.7. External Flash Unitഫ്ലാഷിന്റെ ശരിയായ വിധത്തിലുള്ള ഉപയോഗം നിങ്ങളുടെ ഫോട്ടോഗ്രാഫിയെ മികച്ചതാക്കുമെന്നതില്‍ സംശയമില്ല. ഫ്ലാഷ് ഫോട്ടോഗ്രാഫി മറ്റൊരധ്യായമാണ്. കാനണും നിക്കണും External Flash unit നിര്‍മ്മിക്കുന്നുണ്ട്. നിസിനും മെറ്റ്‌സും External Flash unit നിര്‍മ്മാതാക്കളാണ്. ഇവക്ക് വില കുറവാണെങ്കിലും നിക്കണും കാനനും നല്‍കുന്ന ഏതാണ്ടെല്ലാ ഫീച്ചറുകളും നല്‍കുന്നു.


8. Extension tubesനിങ്ങള്‍ മാക്രോ ഫോട്ടോഗ്രാഫിയില്‍ താത്പര്യമുണ്ട് എന്നാല്‍ വലിയ ബജറ്റിലുള്ള മാക്രോ ലെന്‍സ് വാങ്ങാന്‍ താത്പര്യമില്ല. എങ്കില്‍ എക്‌സ്റ്റെന്‍ഷന്‍ ട്യൂബുകളെ ആശ്രയിക്കാം. ലെന്‍സിനും ക്യാമറയ്ക്കും ഇടയില്‍ സ്‌ക്രൂ ചെയ്യാവുന്ന തരത്തിലുള്ള ഈ ട്യൂബുകള്‍ അടുത്ത് ഫോക്കസ് ചെയ്യാന്‍ ക്യാമറയെ സഹായിക്കും. ഉള്ള് പൊള്ളയായ തരത്തിലുള്ള ഈ ട്യൂബുകള്‍ ഉപയോഗിക്കുമ്പോള്‍ ലെന്‍സിന്റെ ഒപ്റ്റിക്കല്‍ ക്വാളിറ്റിയ്ക്ക് കുറവൊന്നും സംഭവിക്കുന്നില്ല. പല സൈസുകളില്‍ ഇവ ലഭ്യമാണ് (ഉദാ കെന്‍കൊ 12mm, 20mm, 36mm എന്നിങ്ങനെ വ്യത്യസ്ത സൈസുകളിലുള്ള സെറ്റുകള്‍ നിര്‍മ്മിക്കുന്നു)

എക്‌സ്റ്റെന്‍ഷന്‍ ട്യൂബുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് അല്പം ലൈറ്റ് നഷ്ടമാകാനിടയുണ്ട്. എന്നാല്‍ ഏറ്റവും ചുരുങ്ങിയ ചെലവില്‍ മാക്രോ ഫോട്ടോഗ്രാഫി എന്നതാണ് എക്‌സ്റ്റെന്‍ഷന്‍ ട്യൂബിന്റെ മെച്ചം


9. Tele Extender/ Tele Convertersടെലി എക്‌സ്റ്റെന്റര്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ലെന്‍സിന്റെ ഫോക്കല്‍ ലെങ്ത് ഫലപ്രദമായ
രീതിയില്‍ കൂട്ടുന്നു. രണ്ട് തരത്തിലുള്ള ടെലി എക്സ്റ്റന്റുകളാണ് വിപണിയിലുള്ളത്. 1.4x ഉം
2x ഉം.

നിങ്ങള്‍ ഉപയോഗിക്കുന്നത് 300mm ലെന്‍സ് ആണെന്നിരിക്കട്ടെ. ഒരു 1.4x ടെലിഎക്‌സറ്റന്റര്‍ ഘ
ടിപ്പിച്ചാല്‍ ഫോക്കല്‍ ലെങ്ത് 420mm ആകുന്നു (300mm x 1,4 = 420mm). അതു പോലെ 2x എക്
സ്റ്റന്റര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഫോക്ക്ല്‍ ലെങ്ത് 300mm ല്‍ നിന്ന് 600mm ആകുന്നു
(300mm x 2 = 600mm).

എന്നാല്‍ ടെലി എക്‌സ്റ്റന്റര്‍ നിങ്ങളുടെ ലെന്‍സിന്റെ അപ്പേര്‍ച്ചര്‍ കുറയ്ക്കുന്നു എന്നൊരു പ്ര
ശ്‌നമുണ്ട്. ഉദാഹരണത്തിന് 1.4x എക്‌സറ്റന്റര്‍ 1 stoplight കുറയ്ക്കും. 2x ആകട്ടെ 2 stop ഉം. പ്രാ
യോഗിക തലത്തില്‍ പറഞ്ഞാല്‍; നിങ്ങള്‍ ഉപയോഗിക്കുന്നത് 300mm f/4 ലെന്‍സ് ആണെന്നിരി
ക്കെ ഒരു 1.4x എക്‌സ്റ്റന്റര്‍ ഘടിപ്പിച്ചാല്‍, നിങ്ങളുടേത് 420mm f/5.6 ലെന്‍സ് ആയി മാറും. അതു
പോലെ 2x എക്‌സ്റ്റന്റര്‍ ആണ് ഘടിപ്പിക്കുന്നതെങ്കില്‍ നിങ്ങളുടെ 300 mm f/4 ലെന്‍സ് 600mm f/8
ലെന്‍സ് ആകും.

ടെലി എക്‌സറ്റന്റര്‍ ഉപയോഗിക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍:

a) ലെന്‍സിന്റെ ഗുണനിലവാരം കുറയുന്നു. 1.4x കണ്‍വെര്‍്ട്ടറിനേക്കാള്‍ 2x കണ്‍വെര്‍ട്ടര്‍ ഇമേജ് ക്വാളിറ്റി വല്ലാതെ കുറയ്ക്കുന്നു.

b) ടെലി എക്‌സ്റ്റന്റര്‍ ഉപയോഗിക്കുന്ന ചില ക്യാമറകള്‍ ഫോക്കസ് ചെയ്യുന്നതില്‍ പ്രശ്‌നങ്ങള്‍ കാണിക്കാറുണ്ട്. (ഓട്ടോ ഫോക്കോസിങ് സ്പീഡ് കുറയ്ക്കുന്നു)


10. Cable Release


ഷട്ടര്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ചെറിയ വൈബ്രേഷന്‍ ഉണ്ടാവുകയും അത് ചിത്രത്തിന്റെ sharpness കുറയ്ക്കുകയും ചെയ്യുന്നു. ട്രൈപോഡിനോ മറ്റേതെങ്കിലും സ്ഥിരതയാര്‍ന്ന പ്രതലത്തിനൊപ്പമോ ഉപയോഗിക്കാന്‍ പറ്റിയവയാണ് Cable Release. Time lapse ഫോട്ടോഗ്രാഫിയിലും remote ഫോട്ടോഗ്രാഫിയിലും ഇവ ഏറെ ഉപയോഗിക്കുന്നു.