കഴിഞ്ഞ ക്ലാസില്‍ ഓട്ടോ ഫോക്കസിനേയും മാനുവല്‍ ഫോക്കസിനേയും കുറിച്ചാണ് നമ്മള്‍ പഠിച്ചത്. ഇനി നമുക്ക് ബാക്ക് ബട്ടണ്‍ ഫോക്കസിങ്, എ.എഫ് ഏരിയ മോഡ് എന്നിവയെ കുറിച്ചൊരു ചര്‍ച്ചയാവാം. അതിന് മുന്‍പ് നിങ്ങള്‍ സ്‌കൂളില്‍ കേട്ടുതഴമ്പിച്ച ഒന്ന് ഞാനും ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ക്ലാസില്‍ പറഞ്ഞത് മുഴുവനായും മനസ്സിലാക്കിയെന്ന് ഉറപ്പുവരുത്തിയ ശേഷമേ നിങ്ങള്‍ ഈ ക്ലാസില്‍ ഇരിക്കാവൂ. ഇതൊരല്പം കുഴക്കുന്ന വിഷയമാണ്. എന്നാല്‍ പഠിച്ചെടുത്താല്‍ നിങ്ങള്‍ ഫോട്ടോഗ്രാഫിയുടെ പുതിയ തലത്തിലേയ്ക്ക് എത്തിപ്പെടുമെന്നുറപ്പ്. ആക്ഷന്‍ ഷൂട്ടേഴ്‌സിനും വൈല്‍ഡ്‌ലൈഫ് ഷൂട്ടേഴ്‌സിനുമാണ് ഈ വിദ്യ ഏറെ ഉപകാരപ്പെടുക.

തുടങ്ങുന്നതിന് മുന്‍പ് കഴിഞ്ഞ ക്ലാസില്‍ പഠിച്ച പ്രധാനപ്പെട്ട കാര്യങ്ങള്‍ നമുക്കൊന്ന് ഓര്‍ത്തുനോക്കാം

1. ഓട്ടോഫോക്കസ് മോഡുകളില്‍ നിക്കോണ്‍ AF-S, കനണ്‍ Single എന്നിവ സ്ഥായിയായ സബ്ജക്ടുകള്‍ ഷൂട്ടു ചെയ്യാന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നത്.
2. അതുപോലെ കനണ്‍ Al Servo, നിക്കോണ്‍ AF-C എന്നിവ ചലിച്ചു കൊണ്ടിരിക്കുന്നവയെ ഷൂട്ടു ചെയ്യുന്നതിന് ഉപയോഗിക്കുന്നു.
3. സബ്ജക്ടിന് അനുസരിച്ചാണ് ഫോട്ടോഗ്രാഫര്‍ ഓട്ടോഫോക്കസ് പോയിന്റുകള്‍ തിരഞ്ഞെടുക്കേണ്ടത്.
4. ഫോക്കസിങ് പോയിന്റുകളില്‍ മധ്യഭാഗത്തെ ഓട്ടോഫോക്കസ് പോയിന്റാണ് ഏറ്റവും കൃത്യതയാര്‍ന്നതായി കണക്കാക്കപ്പെടുന്നത്.


ഇനി ബാക്ക് ബട്ടണ്‍ ഫോക്കസിലേയ്ക്ക് കടക്കാം

നിങ്ങള്‍ക്ക് സ്ഥായിയായിട്ടുള്ള ഒരു സബ്ജക്ടിനേയും ചലിക്കുന്ന സബ്ജക്ടിനേയും ഒരേ സമയം ഷൂട്ട് ചെയ്യണമെന്ന് കരുതുക. ഉദാഹരണത്തിന് ഒരു പക്ഷിയുടെ ചിത്രമാണ് എടുക്കേണ്ടത്. അതില്‍ തന്നെ പക്ഷിയുടെ ചലനങ്ങളും നിശ്ചലാവസ്ഥയും നിങ്ങള്‍ക്ക് പകര്‍ത്തണം.

AF-S അല്ലെങ്കില്‍ സിംഗിള്‍ ഷോട്ട് മോഡ് ഉപയോഗിച്ചാല്‍ പക്ഷിയുടെ സ്ഥായിയായ നിമിഷങ്ങള്‍ മാത്രമേ നിങ്ങള്‍ക്ക് പകര്‍ത്താനാവൂ. ഇനി Al Servo അഥവാ AF-C ആണ് ഉപയോഗിക്കുന്നതെങ്കില്‍ പക്ഷിയുടെ ചലനങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളൂ. കാരണം

1. AF-S ഉം സിംഗിള്‍ ഷോട്ട് മോഡും സ്ഥായിയായ സബ്ജക്ടുകള്‍ക്ക് വേണ്ടി രൂപപ്പെടുത്തിയിട്ടുള്ളതിനാല്‍ പക്ഷി ചലിക്കുന്ന രംഗങ്ങള്‍ എടുക്കാന്‍ ഇവ സഹായകമല്ല.

2. Al Servo മോഡ് അല്ലെങ്കില്‍ AF-C മോഡ് ഉപയോഗിച്ചാല്‍ നിങ്ങള്‍ ഷട്ടര്‍ ബട്ടണ്‍ അമര്‍ത്തുന്നതോടെ ക്യാമറ ചലിച്ചുകൊണ്ടിരിക്കുന്ന സബ്ജക്ടുകളില്‍ ഫോക്കസ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. സബ്ജക്ട് ചലിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് വ്യക്തതയുള്ള ചിത്രം ലഭിക്കില്ല.

സബ്ജക്ട് സ്ഥായിയാണോ ചലിക്കുന്നുണ്ടോ എന്നതിനനുസരിച്ച് ഫോക്കസ് മോഡ് മാറ്റുക ശ്രമകരമാണ്. പ്രത്യേകിച്ചും പക്ഷികളേയോ മൃഗങ്ങളേയോ ഷൂട്ടു ചെയ്യുമ്പോള്‍. ഇവിടെയാണ് ബാക്ക് ബട്ടണ്‍ ഫോക്കസിങ് എന്ന സാങ്കേതികവിദ്യ സഹായകമാവുന്നത്. കനണും നിക്കോണും വ്യത്യസ്ത തരത്തിലാണ് ബാക്ക് ബട്ടണ്‍ ഫോക്കസിങ് സെറ്റപ്പ് ചെയ്തിരിക്കുന്നത്. ഇത് അറിയാനായി നിങ്ങള്‍ ക്യാമറ മാനുവല്‍ നോക്കണം. സാധാരണ ക്യാമറ മെനുവിലെ കസ്റ്റംസ് സെറ്റിംങ്‌സിലൂടെയാണ് ഇത് ചെയ്യുക.

ഷട്ടര്‍ ബട്ടണ്‍ ഓട്ടോഫോക്കസിങ്ങിനും (ഷട്ടര്‍ ബട്ടണ്‍ അമര്‍ത്തുന്നതിലൂടെ ഓട്ടോ ഫോക്കസ് ആക്ടിവേറ്റാകുമെന്ന് കഴിഞ്ഞ ക്ലാസില്‍ പറഞ്ഞത് ഓര്‍മ്മിക്കുക) ചിത്രമെടുക്കുന്നതിനും ഉപയോഗിക്കാം. ബാക്ക് ബട്ടണ്‍ ഫോക്കസിങ് ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ ഷട്ടര്‍ ബട്ടണില്‍ നിന്ന് ഓട്ടോഫോക്കസിങ് നീക്കുകയാണ് ചെയ്യുന്നത്. ചില ക്യാമറകളില്‍ AF-ON ബട്ടനാണ് ബാക്ക് ബട്ടണ്‍ ഫോക്കസിങ് ആയി ഉപയോഗിക്കുന്നത്. മറ്റു ചില ക്യാമറകളില്‍ AE-L, AF -L ബട്ടനുകള്‍ ഈ ദൗത്യം നിറവേറ്റുന്നു. എളുപ്പത്തിന് വേണ്ടി നമുക്കിതിനെ AF-ON ബട്ടനെന്ന് വിളിക്കാം.
ഇനി ഓട്ടോഫോക്കസിനായി നിങ്ങള്‍ AF-ON ബട്ടനും ചിത്രമെടുക്കുന്നതിനായി ഷട്ടര്‍ ബട്ടനും അമര്‍ത്തണം. നമുക്ക് പക്ഷിയുടെ ഉദാഹരണത്തിലേയ്ക്ക് തിരിച്ചു പോകാം.

തുടങ്ങുന്നതിന് മുന്‍പ് നിങ്ങളുടെ ക്യാമറയുടെ ഷട്ടര്‍ പ്രയോരിറ്റി റിലീസ് പ്രയോരിറ്റിയില്‍ സെറ്റ് ചെയ്യാന്‍ ശ്രദ്ധിക്കണം. ഫോക്കസ് പ്രയോരിറ്റിയില്‍ തിരഞ്ഞെടുക്കുന്നതിനേക്കാള്‍ റിലീസ് പ്രയോരിറ്റിയില്‍ സെറ്റ് ചെയ്യുന്നതാണ് നല്ലത്. കാരണം സബ്ജക്ട് ഫോക്കസില്‍ അല്ലെങ്കില്‍ പോലും ക്യാമറ ചിത്രങ്ങള്‍ എടുക്കണം. ഇന്‍ ഫോക്കസ് പ്രയോരിറ്റിയില്‍ സെറ്റ് ചെയ്താല്‍ സബ്ജക്ട് ഫോക്കസിലായിരിക്കുമ്പോള്‍ മാത്രമേ ക്യാമറ ചിത്രങ്ങളെടുക്കൂ. അതിവേഗം ചലിക്കുന്ന സബ്ജക്ടുകളെ പകര്‍ത്താന്‍ റിലീസ് പ്രയോരിറ്റി ആണ് അനുയോജ്യം. ക്യാമറയ്ക്ക് അനുസരിച്ച് ഇത് സെറ്റ് ചെയ്യുന്നത് വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ടു തന്നെ ക്യാമറ മാനുവല്‍ നോക്കി വേണം ഇത് മനസ്സിലാക്കാന്‍.


1. ആദ്യമായി നിങ്ങളുടെ ഓട്ടോ ഫോക്കസ് മോഡ് AF-C യിലോ Al -Servo യിലോ സെറ്റ് ചെയ്യുക.

2. ഇനി AF-ON ബട്ടണ്‍ ക്രമീകരിക്കുക.(നിങ്ങളുടെ ക്യാമറയുടെ മാനുവല്‍ നോക്കി വേണം ഇത് ചെയ്യാന്‍)

3. ഇപ്പോള്‍ പക്ഷി ചലിക്കുന്നില്ലെന്ന് കരുതുക. നിങ്ങള്‍ ഫോക്കസ് പോയന്റ് (കഴിഞ്ഞ ക്ലാസില്‍ പറഞ്ഞതോര്‍മ്മിക്കുക) തിരഞ്ഞെടുക്കുക. പക്ഷിയുടെ കണ്ണില്‍ ഫോക്കസ് ചെയ്തു കൊണ്ട് AF-ON ബട്ടണ്‍ അമര്‍ത്തുക. ഫോക്കസ് ലോക്ക് ചെയ്യുക. ഇനി ഷോട്ട് റീകംപോസ് ചെയ്യുക(സെന്റര്‍ ഓട്ടോഫോക്കസ് പോയന്റ് ഉപയോഗിച്ച്). ഷട്ടര്‍ ബട്ടണ്‍ ഉപയോഗിച്ച് ചിത്രമെടുക്കുക. എന്താ സംഗതി എളുപ്പമല്ലേ?

4. ഇനി പക്ഷി ചലിക്കുകയാണെന്ന് കരുതുക. നിങ്ങള്‍ ഓട്ടോഫോക്കസ് പോയന്റ് തിരഞ്ഞെടുക്കുകയോ AF-area(അടുത്ത ക്ലാസില്‍ നമ്മള്‍ ഇതെ കുറിച്ച് ചര്‍ച്ച ചെയ്യും) ഉപയോഗിക്കുകയോ ചെയ്യുക. ഇനി AF-ON ബട്ടണ്‍ അമര്‍ത്തി ഫോക്കസ് ആക്ടിവേറ്റ് ചെയ്യുക. ബട്ടണ്‍ അമര്‍ത്തി കൊണ്ടു തന്നെ ഫോക്കസ് പോയിന്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പക്ഷിയുടെ ചലനങ്ങളെ പിന്തുടരുക. നിങ്ങളുടെ ഫോക്കസിങ് പോയന്റ് പക്ഷിയ്‌ക്കൊപ്പം നീങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. എന്തു വന്നാലും AF-ON ബട്ടനില്‍ നിന്ന് കൈ എടുക്കരുത്. പക്ഷി നിങ്ങളുടെ ഷൂട്ടിങ് റേഞ്ചില്‍ വരുമ്പോഴൊക്കെ ഷട്ടര്‍ ബട്ടണ്‍ ഉപയോഗിച്ച് ചിത്രങ്ങളെടുക്കുക. ഫോക്കസിങ് പോയന്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് നിങ്ങള്‍ AF-ON ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുന്നതോടെ ക്യാമറ ചലിക്കുന്ന സബ്ജക്ടിന് പിന്നാലെ പോവുകയും ഷാര്‍പ് ആയ ചിത്രങ്ങള്‍ ലഭിക്കുകയും ചെയ്യും.

അനങ്ങാതെ നില്‍ക്കുകയും ചലിക്കുകയും ചെയ്യുന്ന സബ്ജക്ടുകളുടെ ഷാര്‍പ് ആയ ചിത്രങ്ങളെടുക്കാന്‍ AF-ON ബട്ടണ്‍ നിങ്ങളെ സഹായിക്കും(ഉദാഹരണം: കുട്ടികള്‍, പക്ഷികള്‍).

ബാക്ക് ബട്ടണ്‍ ഫോക്കസിങ് സെറ്റ് ചെയ്യുന്നത് ക്യാമറയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്ന് പറഞ്ഞല്ലോ. നിക്കോണ്‍ D90യില്‍ ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം.

1. റിലീസ് പ്രയോരിറ്റിയ്ക്കായി Set custom setting a1(Continuous Release Mode) സെറ്റ്് ചെയ്യുക.(D90യില്‍ നിങ്ങള്‍ continuous servo AF mode തിരഞ്ഞെടുക്കുമ്പോള്‍ തന്നെ ഇത് സെറ്റ് ചെയ്തിട്ടുണ്ടാവും)

2. നിക്കോണ്‍ D90യ്ക്ക് AF-ON ബട്ടണ്‍ ഇല്ല. അതിനാല്‍ നമ്മള്‍ AE/AF ലോക്ക് ബട്ടണ്‍ ഉപയോഗിക്കണം.

3. ഇനി കസ്്റ്റംസ് സെറ്റിങ്‌സ് f4ലേയ്ക്ക് സെറ്റ് ചെയ്യുക. സെറ്റിങ്‌സ് എല്ലാം പൂര്‍ത്തിയായി കഴിഞ്ഞു.

അടുത്ത ക്ലാസില്‍ നമുക്ക് AF-Area മോഡിനെ കുറിച്ച് പഠിക്കാം.ബാക്ക് ബട്ടണ്‍ ഫോക്കസിങ് ഒരു നൂതന സാങ്കേതികവിദ്യയാണ്. തീര്‍ച്ചയായും പരീക്ഷിച്ച് നോക്കണം. റിസള്‍ട്ട് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. സംശയങ്ങള്‍ പങ്കുവയ്ക്കാനും മടിക്കേണ്ടതില്ല.

Disclaimer: The techniques mentioned in the pages are applicable not only to macro photography but also for general photography -Ajith Aravind. (www.ajitharavind.com)