ബുർജ് ഖലീഫ
2011ല്‍ മിഷന് ഇംപോസിബിള്‍ഗോസ്റ്റ് പ്രോട്ടോകോള്‍ എന്ന സിനിമയിലെ ടോം ക്രൂസിന്റെ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളില്‍ ബുര്‍ജ് ഖലീഫ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ ലോകം കൈയടിച്ചു. ബുര്‍ജ് ഖലീഫ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്ത് കൃത്യം ഒരുവര്‍ഷം പിന്നിടുമ്പോഴായിരുന്നു അത്. അതിസാഹസിക അഭിനയത്തിന് പേരുകേട്ട ഹോളിവുഡ് താരം ടോം ക്രൂസിന്റെ വൈറലായ അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് അന്ന് ബുര്‍ജ് ഖലീഫയ്ക്കുമുകളില്‍ ലോകംകണ്ടത്. മിഷന് ഇംപോസിബിള്‍ ആക്ഷന്‍ ത്രില്ലര്‍ പരമ്പരയുടെ നാലാംഭാഗത്തില്‍ ഏറ്റവും അവിസ്മരണീയമായ രംഗങ്ങളിലൊന്ന്. ടോംക്രൂസിന്റെ കഥാപാത്രമായ രഹസ്യ ഏജന്റ് ഏഥന് ഹണ്ട് ബുര്‍ജ് ഖലീഫയുടെ 130ാമത് നിലയിലേക്ക് കയറുന്ന രംഗങ്ങള്‍. അതിനുശേഷം എത്രയോ വൈറല്‍ നിമിഷങ്ങള്‍ക്ക് ലോകത്തെ ഏറ്റവും ഉയരംകൂടിയ ഈ അദ്ഭുതകെട്ടിടം സാക്ഷ്യംവഹിച്ചു.
ഭീമന് കെട്ടിടത്തിന്റെ ഉദ്ഘാടനദിവസമായ 2010 ജനുവരി നാലും ലോകചരിത്രത്തില്‍ അടയാളപ്പെട്ടിരുന്നല്ലോ.
ഓരോനിമിഷവും വിസ്മയം
ഒട്ടേറെ ലോകറെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ബുര്‍ജ് ഖലീഫ, സ്ഥാപിതമായി 13 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇതിനിടയില്‍ പെരുമഴയില്‍ രണ്ടായിപ്പിളര്ന്നും അദ്ഭുതവളയം തീര്ക്കാനൊരുങ്ങിയുമെല്ലാം ഈ കൂറ്റന്‍കെട്ടിടം വിസ്മയപ്പെരുമഴ തീര്‍ത്തു. അടുത്തിടെ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ബുര്‍ജ് ഖലീഫയുടെ കംപ്യൂട്ടര്‍ അനിമേറ്റഡ് വീഡിയോ ഏറെ വൈറലായിരുന്നു. ബുര്‍ജ് ഖലീഫ പകുതിക്ക് മുകളില്‍വെച്ച് രണ്ടായി പിളരുന്നതും ഒരുകുട അതിനകത്തുനിന്ന് പുറത്തുവരുന്നതുമാണ് വീഡിയോ. പെരുമഴയില്‍ ദുബായ് നഗരത്തിന് കുടയൊരുക്കുന്ന ബുര്‍ജ് ഖലീഫയുടെ ഈ വീഡിയോ ഒറ്റക്കാഴ്ചയില്‍തന്നെ മനസ്സ് കീഴടക്കും. ദുബായ് ഡെസ്റ്റിനേഷന്‍ എന്ന ഹാഷ്ടാഗോടെയാണ് ശൈഖ് ഹംദാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ പങ്കുവെച്ചത്. ശൈഖ് ഹംദാന്‍ പങ്കുവെച്ച വീഡിയോ എന്നതിലപ്പുറം മഴക്കാലത്തെ ഒരു കൗതുകക്കാഴ്ചയ്ക്ക് കിട്ടുന്ന പ്രാധാന്യംകൊണ്ടുകൂടി സെക്കന്‍ഡുകള്‍ മാത്രമുള്ള ആ വീഡിയോ ക്ലിപ്പ് വൈറലായി.
ദുബായുടെ ആകാശംമാത്രം പശ്ചാത്തലത്തില്‍ നില്‍ക്കെ എമിറേറ്റ്സ് എയര്‍ലൈനിന്റെ പരസ്യ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്ന എമിറേറ്റ്സ് എയര്‍ ഹോസ്റ്റസിന്റെ വീഡിയോയും ആഗോളതലത്തില്‍ വന്‍പ്രചാരം നേടി. യു.എ.യിലേക്കുള്ള യാത്രാവിലക്കില്‍ ബ്രിട്ടന് ഇളവുകള്‍ അനുവദിച്ചതിന്റെ ആഘോഷംകൂടി പങ്കുവെക്കുന്നതായിരുന്നു ആ പരസ്യചിത്രം. സ്കൈ ഡൈവിങ് താരമായ നിക്കോളെ ലുഡ്വിക് സ്മിത്താണ് പരസ്യചിത്രത്തില്‍ എയര്‍ ഹോസ്റ്റസായി അഭിനയിച്ചത്. 828 മീറ്റര്‍ അടി ഉയരമുള്ള ബുര്‍ജ് ഖലീഫയുടെ മുകളില്‍നിന്ന്, എമിറേറ്റ്സിന്റെ പരമ്പരാഗത കാബിന് ക്രൂ വേഷം അണിഞ്ഞെത്തിയ ഇവര്‍ 'ലോകത്തിന്റെ മുകളില്‍ ഫ്ളൈ എമിറേറ്റ്സ്' എന്ന സന്ദേശമായിരുന്നു പ്ലക്കാര്‍ഡിലൂടെ പങ്കുവെച്ചത്. ബുര്‍ജ് ഖലീഫയുടെ 160ാമത്തെ നിലയില്‍നിന്ന് ഒരു മണിക്കൂര്‍ സമയമെടുത്ത് കോണിപ്പടികള്‍ കയറിയാണ് അവര്‍ മുകളിലെത്തിയത്.
കൗതുകക്കാഴ്ചകള്കൊണ്ട് ലോകത്തെ എന്നുംവിസ്മയിപ്പിച്ച ബുര്‍ജ് ഖലീഫയ്ക്കുചുറ്റും ഇനിയൊരു വിസ്മയാകാശവളയംകൂടി തീര്‍ക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ത്തന്നെ വൈറലാണ്. 'ഡൗണ്ടൗണ് സര്‍ക്കിള്‍' എന്ന പേരിലാണ് ഈ വലയത്തിന്റെ രൂപകല്‍പ്പന. 500 മീറ്റര്‍ ഉയരത്തിലായിരിക്കും വലയം നിര്‍മിക്കുക. ദുബായിലെ ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ സ്നേറ സ്പേസ് ആണ് മൂന്നുകിലോമീറ്റര്‍ ചുറ്റളവിലുള്ള ആകാശവലയം എന്ന ആശയം മുന്നോട്ടുവെച്ചിരിക്കുന്നത്. ദുബായില്‍ ഇപ്പോഴുള്ള ഒട്ടേറെ കെട്ടിടങ്ങള്‍ രൂപകല്‍പ്പനചെയ്ത നജ്മുസ് ചൗധരി, നീല്‍സ് റെമെസ് എന്നിവരാണ് ഇത്തരത്തിലൊരു ആശയവുമായി മുന്നോട്ടുവന്നിരിക്കുന്നത്. അഞ്ച് തൂണുകളിലായാണ് ഈ വലയം നിര്‍മിക്കുക. ഇതിനകത്തുകൂടി സഞ്ചരിക്കാനാവും. ഇതോടെ ഡൗണ്ടൗണിനുമുകളില് മറ്റൊരു അദ്ഭുതലോകമാണ് ഒരുങ്ങുന്നത്. ഇതിലൂടെ നഗരത്തിന്റെ 360 ഡിഗ്രി ദൃശ്യാനുഭവവും ലഭ്യമാകും. എന്നാല്‍ പദ്ധതി എന്നുതുടങ്ങും എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആറുവര്‍ഷത്തിലേറെ സമയമെടുത്ത് 1.5 ബില്യന്‍ ഡോളര്‍ ചെലവില്‍ നിര്‍മിച്ച 828 മീറ്റര്‍ ഉയരമുള്ള ഈ കൂറ്റന്‍കെട്ടിടം വിനോദസഞ്ചാരകേന്ദ്രം എന്നതിലുപരി കലയ്ക്കും ആഘോഷത്തിനുമുള്ള ഇടംകൂടിയാണ്.
എണ്ണമറ്റ സിനിമകള്‍ക്കും സംഗീത ചിത്രങ്ങള്‍ക്കും ഇവിടം വേദിയായി. ദുബായ് രാജകുമാരന് 37 മിനിറ്റെടുത്ത് ബുര്‍ജ് ഖലീഫയുടെ 160 നിലകളും നടന്നുകയറിയും പ്രമുഖവ്യക്തികളുടെ പിറന്നാള്‍ ആഘോഷവും ഓര്‍മപുതുക്കലും, വിവിധ രാജ്യങ്ങളുടെ ആഘോഷവേളകളില്‍ പ്രകാശിച്ചും ലോകകപ്പ് വിജയം ആഘോഷിക്കാനുമെല്ലാമായി ഒട്ടനവധി വൈറല്‍ നിമിഷങ്ങള്‍ക്കും ഈ ഭീമന്കെട്ടിടം സാക്ഷ്യംവഹിച്ചു.
മികച്ച സ്വപ്നങ്ങള്‍ കാണുക, ആ സ്വപ്നങ്ങളെ വിടാതെ പിന്തുടരുക, പ്രതിജ്ഞാബദ്ധമായി നിലകൊള്ളുക, എങ്കില്‍ സ്വപ്നം പൂവണിയുകതന്നെ ചെയ്യുമെന്നാണ് അറബ് ലോകത്ത് തലയുയര്‍ത്തി നില്ക്കുന്ന ബുര്‍ജ് ഖലീഫയെന്ന 'ചില്ലുകൊട്ടാരം' ഓര്‍മപ്പെടുത്തുന്നത്. ബുര്‍ജ് ഖലീഫ ഒരു പ്രചോദനമാണ്, ആവേശമാണ്, വിജയത്തിന്റെ പ്രതീകംകൂടിയാണ്.
Content Highlights: World’s tallest building Dubai’s Burj Khalifa turns 13
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..