യാത്രയുടെ ഭാഗമാണ് ഹോട്ടലുകളിലെ താമസവും. ഓരോരുത്തരും അവരവരുടെ ബഡ്ജറ്റിനനുസരിച്ചുള്ള ഹോട്ടല്‍ മുറികളാണ് തെരെഞ്ഞെടുക്കാറ്. എന്നാലും ഒരു ദിവസമെങ്കിലും ഏതെങ്കിലുമൊരു വലിയ ഹോട്ടല്‍ റൂമില്‍ കിടന്നുറങ്ങണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികളുണ്ടാകില്ല. സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വില കൂടിയ മൂന്ന് ഹോട്ടല്‍ മുറികളെ പരിചയപ്പെടാം.

ദ പാംസ് എംപതി സ്യൂട്ട്, ലാസ് വേഗസ്

ലാസ് വേഗസില്‍ സ്ഥിതി ചെയ്യുന്ന ദ പാംസ് എംപതി സ്യൂട്ടാണ് ലോകത്തിലെ ഏറ്റവും വിലപിടിച്ച മുറികളിലൊന്ന്. ഇവിടെ ഒരു രാത്രി തങ്ങാന്‍ 1 ലക്ഷം ഡോളറാണ് (ഏകദേശം 72 ലക്ഷം രൂപ) മുടക്കേണ്ടത്. ബ്രിട്ടീഷുകാരനായ ഡാമിയന്‍ ഹേസ്റ്റാണ് ഈ സ്യൂട്ട് റൂം രൂപകല്‍പ്പന ചെയ്തത്. ഇവിടെ മറ്റൊരു പ്രത്യേകത കൂടെയുണ്ട്. ഒരു രാത്രി തങ്ങാന്‍ ഹോട്ടല്‍ അധികൃതര്‍ സമ്മതിക്കാറില്ല. ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും താമസിക്കുന്നവര്‍ക്ക് മാത്രമേ ഈ റൂം ബുക്ക് ചെയ്യാനാകൂ. 9000 സ്‌ക്വയര്‍ഫീറ്റാണ് റൂമിന്റെ വലുപ്പം.

ഹോട്ടല്‍ പ്രസിഡന്റ് വില്‍സണ്‍, ജനീവ

ജനീവയിലുള്ള ഹോട്ടല്‍ പ്രസിഡന്റ് വില്‍സണിലാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ സ്യൂട്ട് റൂമുള്ളത്. ഇതിന്റെ പേര് റോയല്‍ പെന്ത്ഹൗസ് സ്യൂട്ട് എന്നാണ്. 18083 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള ഈ ഹോട്ടലില്‍ താമസിക്കാന്‍  80000 ഡോളര്‍ (ഏകദേശം 57 ലക്ഷം രൂപ) ചെലവിടണം. ആല്‍പ്‌സ് പര്‍വതനിരയും ജനീവ തടാകവും റൂമിലിരുന്ന് കാണാനാകും. 

ഹോട്ടല്‍ ഫോര്‍ സീസണ്‍സ്, ന്യൂയോര്‍ക്ക്

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഫോര്‍ സീസണ്‍സ് ഹോട്ടലിലെ ടൈ വാര്‍ണര്‍ പെന്ത്ഹൗസ് എന്ന സ്യൂട്ട് റൂം ലോകപ്രശസ്തമാണ്. ഇവിടെ ഒരു രാത്രി തങ്ങാന്‍ 34000 ഡോളറാണ് (ഏകദേശം 24 ലക്ഷം രൂപ) ചെലവാക്കേണ്ടത്. ഈ ഹോട്ടലില്‍ തങ്ങിയാല്‍ പുറത്ത് ആവശ്യത്തിനെങ്ങാനും പോകേണ്ടി വന്നാല്‍ ഹോട്ടല്‍ അധികൃതര്‍ തന്നെ കാര്‍ നല്‍കും. അതും റോള്‍സ് റോയ്‌സ്! ഹണിമൂണിനായാണ് ഹോട്ടലുടമകള്‍ സഞ്ചാരികളെ പ്രധാനമായും ഇങ്ങോട്ട് ക്ഷണിക്കുന്നത്.

Content Highlights: World's most expensive gotel rooms