കോവിഡ് 19 വ്യാപനത്തോടെ ഓഫീസിലിരുന്ന് ജോലി ചെയ്യുക എന്നത് പലര്‍ക്കും ഒരു സ്വപ്‌നമായിരിക്കും. വര്‍ക്ക് ഫ്രം ഹോം ആദ്യ ദിവസങ്ങളില്‍ വലിയ ആവേശം സമ്മാനിച്ചെങ്കിലും പതിയെ ആ ആവേശം കെട്ടടങ്ങി എങ്ങനെയെങ്കിലും ഒന്ന് ഓഫീസില്‍ പോയാല്‍ മതി എന്ന അവസ്ഥയിലെത്തി. ഇന്റര്‍നെറ്റിന്റെ ലഭ്യതക്കുറവും വീട്ടിലെ മറ്റു ജോലികളും പലരെയും ഇതിനോടകം തളര്‍ത്തിയിട്ടുണ്ട്. 

ഈ സമയത്താണ് പുതിയൊരു ആശയവുമായി റിസോര്‍ട്ട് ഉടമകള്‍ എത്തുന്നത്. 'വര്‍ക്ക് ഫ്രം റിസോര്‍ട്ട്.' കോവിഡ് 19 കാരണം സഞ്ചാരികളെത്താതായതോടെ മിക്ക റിസോര്‍ട്ടുകളും വരുമാനം മുട്ടി അടച്ചിടേണ്ട ഗതികേടിലാണ്. ഈ പുതിയ ആശയത്തിലൂടെ റിസോര്‍ട്ട്  ഉടമകള്‍ക്ക് കുറച്ച് വരുമാനവും ലഭിക്കും വീട്ടിലിരുന്ന് ജോലി ചെയ്ത് മടുത്തവര്‍ക്ക് ജോലി ചെയ്യാന്‍ ഊര്‍ജവും ലഭിക്കും.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുപകരം ഏതെങ്കിലും റിസോര്‍ട്ടിലിരുന്ന് ജോലി ചെയ്യുക എന്ന പദ്ധതിയാണ് ഇപ്പോള്‍ ടൂറിസം രംഗത്ത് ട്രെന്‍ഡിങ്ങായി നില്‍ക്കുന്നത്. വര്‍ക്ക് ഫ്രം റിസോര്‍ട്ട് എന്ന ടാഗ്ലൈനോടെയാണ് പുതിയ ആശയം എത്തുന്നത്. 

സ്വച്ഛമായ ചുറ്റുപാടും സൗജന്യ വൈഫൈ സൗകര്യവും ആസ്വദിച്ച് നീന്തല്‍കുളത്തിന്റെ അടുത്തിരുന്നോ പുറത്തെ പച്ചപ്പിലിരുന്നോ ജോലി ചെയ്യാം. ആകര്‍ഷകമായ പാക്കേജാണ് റിസോര്‍ട്ട് ഉടമകള്‍ നല്‍കുന്നത്. ഒരാഴ്ചത്തേക്ക് 7000 രൂപയോളമാണ് വര്‍ക്ക് ഫ്രം റിസോര്‍ട്ടിന് ഇടാക്കുക. 

കേരളത്തിലെ പല റിസോര്‍ട്ടുകളും ഈ പാക്കേജുമായി രംഗത്തെത്തുന്നുണ്ട്. കഴിഞ്ഞ മൂന്നുമാസങ്ങളോളം പല റിസോര്‍ട്ടുകളും അടച്ചിട്ടിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് ചില റിസോര്‍ട്ട് ഉടമകള്‍. വര്‍ക്കം ഫ്രം റിസോര്‍ട്ട് എന്ന ആശയത്തിലൂടെ കൂടുതല്‍ പേരെ റിസോര്‍ട്ടിലേക്ക് ആകര്‍ഷിക്കാനാകും എന്ന പ്രതീക്ഷയിലാണ് റിസോര്‍ട്ട് ഉടമകള്‍.

Content Highlights: work from home professionals can relax now and they can work from a resort