ലോക്ക്ഡൗണ്‍ രാഹുലിന്റെ ജീവിതക്രമമാകെ തെറ്റിച്ചിരുന്നു. ചിട്ടയില്‍ പോയികൊണ്ടിരുന്ന പല ജീവിതരീതികളും താളം തെറ്റുകയാണുണ്ടായത്. എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി രാഹുല്‍ ഇന്ന് ഒരു യാത്രയ്ക്കുള്ള ഒരുക്കമായി രാവിലെ തന്നെ എഴുന്നേറ്റിരുന്നു. യാത്രകളെ എന്നും പ്രണയിക്കുന്ന രാഹുല്‍ ഏറെ നാളായി യാത്രയ്ക്കും മറ്റും പോയിട്ട്. ടൂറിസം മേഖലയില്‍ വീണ്ടും ഉണര്‍വുണ്ടായത് രാഹുലിന്റെ യാത്രാ സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചിറകേകി.

സംസ്ഥാനത്ത് നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ടൂറിസം കേന്ദ്രങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കുകയാണ്.  ഇതാണ് യാത്രയെ സ്‌നേഹിക്കുന്ന പലര്‍ക്കും വീണ്ടും ഉണര്‍വും ഉന്മേഷവുമേകിയത്.  ടൂറിസം കേന്ദ്രങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കുമ്പോഴും ഒഴിയാത്ത കുറെ ആശങ്കകളും അവയ്ക്ക്  ഒപ്പം ഉടലെടുത്തിട്ടുണ്ട്. 

നിറം മങ്ങിയ ടൂറിസം മേഖല

2018 മുതലാണ് കേരളത്തിലെ ടൂറിസം രംഗത്തില്‍ ഇടിവ് രേഖപ്പെടുത്തുകയാണുണ്ടായത്.  2018-ലെ പ്രളയവും തുടര്‍ച്ചയായി വന്ന ദുരന്തങ്ങളും  എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുകയായിരുന്ന ടൂറിസം മേഖലയുടെ നിറം കെടുത്തി. അന്നുതൊട്ടു ഇന്ന് വരെ മഴകാത്തിരിക്കുന്ന വേഴാമ്പലിനെപോലെയാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍.  വരുമാനത്തിലുണ്ടായ ഇടിവ് മൂലം പലതിന്റെയും പരിപാലനവും മറ്റും ദുരിതത്തിലായി. 

tourist
ഫോട്ടോ:ബിജു.സി| മാതൃഭൂമി

സന്ദര്‍ശകരുടെ കുറവ്
കേരളത്തില്‍ 2020-ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 73 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.  2019-ല്‍ 1.83 കോടിയായിരുന്ന ആഭ്യന്തര സന്ദര്‍ശകര്‍ 2020-ഓടെ 49.88 ലക്ഷമായി. വിദേശസന്ദര്‍ശകരില്‍ ഇത് യഥാക്രമം 11.89 ലക്ഷവും 3.4 ലക്ഷവുമാണ്.  എന്നാല്‍ ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളും വന്നതോടെ ആഭ്യന്തരസന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. പ്രാദേശികനിയന്ത്രണങ്ങളിലുണ്ടായിരുന്ന ഇളവാണ് ഇതിന് കാരണം. 

മുഖം തിരിച്ച് ബാങ്കുകള്‍
നിലവിലുള്ള സാഹചര്യത്തില്‍ ടൂറിസം മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ലോണ്‍ നല്‍കാന്‍ ബാങ്കുകള്‍ വിമുഖത കാട്ടുന്നുണ്ട്.  ബാങ്കുകള്‍ ടൂറിസത്തെ നെഗറ്റീവ് ലിസ്റ്റില്‍  ഉള്‍പ്പെടുത്തിയതാണ് ഇതിന് കാരണം. എന്നാല്‍ ഇതില്‍ നടപടിയെടുക്കേണ്ട കേന്ദ്ര ഗവണ്‍മെന്റ്  മൗനം തുടരുകയാണ്. ഇതോടെ ടൂറിസം മേഖലയ്ക്കും മറ്റും കിട്ടികൊണ്ടിരുന്ന ആനുകൂല്യങ്ങളും മറ്റും നിന്നുപോയിരുന്നു. കേരളത്തില്‍ ടൂറിസം വകുപ്പ് ബാങ്കുകളുമായി നടത്തിയ ചര്‍ച്ചയില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്.  ടൂറിസം മേഖലയെ പരിപോഷിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ കര്‍മ്മപദ്ധതികള്‍ അവതരിപ്പിക്കുന്ന സാഹചര്യമാണുള്ളത്.  

 

bank
ഫോട്ടോ:സജീവന്‍ എന്‍ എന്‍| മാതൃഭൂമി

വരുമാനത്തിലെ ഇടിവ്
45,000 കോടിയോളം വരുമാനമുണ്ടായിരുന്ന കേരളത്തിലെ ടൂറിസം മേഖലയില്‍ 2019 മുതലായിരുന്ന ഇടിവ് രേഖപ്പെടുത്തിയത്. 2020-ല്‍ വരുമാനം 11,000 കോടിയായി കുറഞ്ഞു. വിദേശസന്ദര്‍ശകരുടെ എണ്ണത്തിലുള്ള കുറവ് വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്താനുള്ള പ്രധാനഘടകങ്ങളില്‍ ഒന്നായി മാറി.

സുപ്രധാന പ്രഖ്യാപനം
2018-ല്‍ കേരളത്തിലെ ടൂറിസം മേഖല ഒരു സുപ്രധാന പ്രഖ്യാപനം നടത്തി.  അടുത്ത് മൂന്ന് വര്‍ഷത്തിനുള്ളില്‍ ടൂറിസം മേഖലയില്‍ 5 ലക്ഷം തൊഴില്‍ അവസരങ്ങള്‍ കേരളത്തില്‍ സ്യഷ്ടിക്കപ്പെടുമെന്നായിരുന്നു ആ സുപ്രധാന പ്രഖ്യാപനം. പ്രളയത്തില്‍ തകര്‍ന്ന് കേരളത്തെ കരകയറ്റാന്‍ കൂടിയായിരുന്നു പ്രഖ്യാപനം.  എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ കോവിഡ് പോലെയുള്ള പ്രതികൂല ഘടകങ്ങള്‍ മൂലം ഇത് നടപ്പാകുമോ എന്നത് സംശയമാണ്. 
ടൂറിസം മേഖലയിലെ പല സ്ഥാപനങ്ങളും  50 ശതമാനത്തോളം വരുന്ന ജീവനക്കാരെ പിരിച്ചുവിട്ടു.  വരുമാനത്തില്‍ കനത്ത ഇടിവുണ്ടായത് മൂലം പ്രവര്‍ത്തനങ്ങള്‍ക്കും  തൊഴില്‍വേതനത്തിനും സ്ഥാപനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. 

പ്രത്യാശയുടെ തീരം
ടൂറിസത്തെ പഴയ പടിയാക്കുന്നതിന് നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് സംസ്ഥാന റെസ്പോണ്‍സബിള്‍ ടൂറിസം കോ-ഓര്‍ഡിനേറ്ററായ  രൂപേഷ് കുമാര്‍ പറയുന്നു. സെപ്റ്റംബര്‍ 14-ആം തീയതി സംസ്ഥാനത്തെ കാര്‍ഷിക മേഖലയെയും ടൂറിസം മേഖലയെയും സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്ക് തുടക്കമാകും.  ഫാം ടൂറിസമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഫാം ടൂറിസത്തിനുള്ള പരിശീലനത്തിന് നിലവില്‍ 800-പേര്‍ രജിസ്റ്റര്‍ ചെയ്തത് പദ്ധതിക്ക് ലഭിച്ച മികച്ച തുടക്കം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. എക്സ്പീരിയന്‍സ് ടൂറിസമാണ് നിലവില്‍ പ്രമോട്ട് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്. വെറുതെ കണ്ടുപോകുകയല്ല, ടൂറിസം അനുഭവിച്ചറിയുകയാണ് ഇതിന്റെ ലക്ഷ്യം. പരമ്പരാഗത തൊഴില്‍, കല എന്നിവയിലെല്ലാം സഞ്ചാരികള്‍ക്ക്‌ പങ്കു കൊള്ളാന്‍ കഴിയും. ഇതുവരെ കേരളം ഫോക്കസ് ചെയ്യാത്ത ഒരു മേഖലയാണ് ഫാം ടൂറിസമെന്നത് ഇതിന്റെ സാധ്യതയെ തുറന്നുകാട്ടുന്നു. നിലവില്‍ ചെറിയ അളവില്‍ ഇത് കേരളത്തില്‍ നടപ്പാക്കുന്നുണ്ടെങ്കിലും, ഇത് സംസ്ഥാനത്തലത്തില്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ആഭ്യന്തര സന്ദര്‍ശകരെ ഉന്നം വെച്ചാണ് ഫാം ടൂറിസത്തിന് ഊന്നല്‍ നല്‍കുന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: will the tourism sector in kerala can be revived; the current situation