ല്പറ്റ: കോവിഡ് നിയന്ത്രണങ്ങളിൽ പാടെ തകർന്ന വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാനൊരുങ്ങി ടൂറിസം വകുപ്പ്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ സാമ്പത്തിക വർഷംതന്നെ ടൂറിസം വരുമാനം നേർപകുതിയായി കുറഞ്ഞിരുന്നു. 2019-2020 സാമ്പത്തിക വർഷത്തിൽ ഡി.ടി.പി.സി.ക്ക് (ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ) 7.09 കോടി രൂപയുടെ വരുമാനം ലഭിച്ച സ്ഥാനത്ത് 2020-2021 സാമ്പത്തികവർഷം 3.85 കോടി രൂപയുടെ വരുമാനമേയുള്ളൂ. ഈ സാമ്പത്തിക വർഷമാകട്ടെ ഏപ്രിലിൽ മാത്രമാണ് ടൂറിസം കേന്ദ്രങ്ങൾ തുറന്നത്. ആ മാസം 48 ലക്ഷം രൂപയുടെ വരുമാനംമാത്രം. രണ്ടു സാമ്പത്തിക വർഷത്തെ വരുമാനങ്ങൾ തമ്മിലുള്ള താരതമ്യത്തിൽ 3.24 കോടി രൂപയുടെ നഷ്ടമാണ് ഡി.ടി.പി.സി.ക്ക് ഉണ്ടായിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് ടൂറിസം മേഖലയിലെ സമ്പൂർണ നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനൊരുങ്ങുന്നത്.

വയനാടിനെ മൊത്തമായി ഒരു ടൂറിസം കേന്ദ്രമായി കണ്ടുള്ള വികസനപ്രവർത്തനങ്ങളാണ് ആവിഷ്കരിക്കുന്നത്. ആദ്യപടിയായി മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. നിലവിലുള്ള പദ്ധതികളുടെ സമയബന്ധിത പൂർത്തീകരണവും പുതിയ പദ്ധതികളുടെ ആലോചനയും യോഗത്തിൽ നടന്നു. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ മന്ത്രി കളക്ടറോട് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങളിൽ ഇളവനുവദിച്ച് ടൂറിസം കേന്ദ്രങ്ങൾ എപ്പോൾ തുറക്കാമെന്നത് യോഗത്തിലും വ്യക്തമായില്ല. ടൂറിസം കേന്ദ്രങ്ങൾ തുറന്നാലും ആദ്യഘട്ടത്തിൽ ആഭ്യന്തര സഞ്ചാരികളേ എത്തുകയുള്ളൂവെന്നും അവരെ ആകർഷിക്കാനുതകും വിധമുള്ള പദ്ധതികളാണ് ആവിഷ്കരിക്കേണ്ടതെന്നും യോഗം വിലയിരുത്തി.

കളക്ടർ ഡോ. അദീല അബ്ദുള്ള, ടൂറിസം വകുപ്പ് ഡയറക്ടർ കൃഷ്ണ തേജ, ജോയന്റ് ഡയറക്ടർ സി.എൻ. അനിതകുമാരി, എ.ഡി.എം. എൻ.ഐ. ഷാജു, ടൂറിസം ഇൻഫർമേഷൻ ഓഫീസർ മുഹമ്മദ് സലിം, ഡി.ടി.പി.സി. മുൻ സെക്രട്ടറി ബി. ആനന്ദ് എന്നിവർ പങ്കെടുത്തു.

സർക്യൂട്ടുകൾമുതൽ സാഹസികംവരെ

ഓരോ പഞ്ചായത്തിലും ഓരോ പദ്ധതി വീതമെങ്കിലും കണ്ടെത്തി റിപ്പോർട്ട് നൽകാൻ മന്ത്രി കളക്ടറെ ചുമതലപ്പെടുത്തി. ചരിത്രപരമായും സാംസ്കാരികമായും പ്രാധാന്യമുള്ളവക്ക് മുൻഗണന നൽകണം. പുതിയ പദ്ധതി നിർദേശങ്ങൾ പരിഗണിക്കുകയും അവ നടപ്പാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാനും ടൂറിസം ഡയറക്ടറെ ചുമതലപ്പെടുത്തി.

ജില്ലയുടെ ബുദ്ധ-ജൈന വിശ്വാസ പാരമ്പര്യം പ്രയോജനപ്പെടുത്തി ബുദ്ധ-ജൈന സർക്യൂട്ടുകൾ വികസിപ്പിക്കുന്നതിനുള്ള വിശദാംശം സമർപ്പിക്കാനും മന്ത്രി നിർദേശിച്ചു. ബുദ്ധ, ജൈന ക്ഷേത്രങ്ങൾ, വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങൾ, പുരാവസ്തുപ്രാധാന്യമുള്ള ഇടങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ നൽകണം.

wyanad tourism

ആഭ്യന്തര സഞ്ചാരികളെ ഊന്നി തീർഥാടന സഞ്ചാര പദ്ധതി നടപ്പാക്കാനും ശ്രമം. ഉത്തര രാമായണം സർക്യൂട്ട് എന്ന നിലയിലായിരിക്കും ഊന്നൽ. രാമായണത്തിലെ ഉത്തരകാണ്ഡത്തിൽ പരാമർശിക്കുന്ന സീതയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളാണ് വയനാട്ടിൽ പ്രചാരത്തിലുള്ളത്. അതുമായി ബന്ധപ്പെട്ട ആശ്രമംകൊല്ലി, മുനിപ്പാറ, ജഡയറ്റകാവ്, സീതാലവകുശ ക്ഷേത്രം, പൊൻകുഴി ഇവയെല്ലാം ഉൾപ്പെടുത്തിയുള്ള സഞ്ചാരപഥമാണ് ആലോചിക്കുന്നത്.

സാഹസികപ്രിയർക്കായി അഡ്വഞ്ചർ ടൂറിസം പദ്ധതികളും വരും. റോക്ക് ക്ലൈമ്പിങ് പദ്ധതികളാണ് ആദ്യമെത്തുക. കൊളഗപ്പാറ, ചീങ്ങേരിമല, ആറാട്ടുപാറ, പൊഴുതന വലിയപാറ എന്നിവയെല്ലാം റോക്ക് ക്ലൈമ്പിങ്ങിന് അനുയോജ്യമാണ്. ഇന്ത്യൻ മൗണ്ടനറി ഫെഡറേഷനെ ജില്ലയിലെത്തിച്ച് സ്ഥലങ്ങളുടെ റേറ്റിങ് നടത്തും.

17 പദ്ധതികൾ എവിടെയെത്തി

ജില്ലയുടെ സമഗ്ര ടൂറിസം വികസനത്തിനായി കഴിഞ്ഞ സർക്കാർ അനുവദിച്ച 17 പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ മന്ത്രി നിർദേശിച്ചു. പൂക്കോട് നവീകരണം, കർളാട് നവീകരണം, തിരുനെല്ലി പാപനാശിനി നവീകരണം, തിരുനെല്ലി പൈതൃക സംരക്ഷണ പദ്ധതി, പ്രിയദർശിനി എസ്റ്റേറ്റ് ടൂറിസം വികസനം, തൃശ്ശിലേരി അമ്പലം നവീകരണം, വള്ളിയൂർക്കാവ് ആഴ്ചച്ചന്ത, വള്ളിയൂർക്കാവ് സ്ട്രീറ്റ് സ്കേപ് പദ്ധതി, മൾട്ടിപർപ്പസ് ഹാൾ, മാവിലാംതോട് പഴശ്ശിരാജ മ്യൂസിയം നവീകരണം, ലാൻഡ്സ്കേപിങ്, പനമരം തലയ്ക്കൽ ചന്തു സ്മാരക നവീകരണം, കാരാപ്പുഴ പാർക്ക് രണ്ട്, മൂന്നുഘട്ട വികസനം, ബത്തേരി ടൗൺ സ്ക്വയർ നവീകരണം, പ്രളയത്തെ തുടർന്നുള്ള അറ്റകുറ്റപ്പണികൾ, അംഗപരിമിതർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയ പദ്ധതികളാണ് ചർച്ചചെയ്തത്. ഈ പദ്ധതികൾ നടപ്പാക്കുന്നതിന് എന്തെങ്കിലും തടസ്സം നേരിടുന്നുണ്ടെങ്കിൽ അതു ശ്രദ്ധയിൽപ്പെടുത്താനും മന്ത്രി നിർദേശിച്ചു.

അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടണം

അഞ്ചുവർഷംകൊണ്ട് വയനാട് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു പദ്ധതിയെങ്കിലും ഉണ്ടാകണം. ജില്ലയുടെ പ്രത്യേകതയായ കാടും നാടും ഒന്നിച്ചുള്ള പ്രദേശങ്ങളിൽ അവയുടെ തനിമ നിലനിർത്തി ടൂറിസം വികസനം വേണം.

(മന്ത്രി പി.എ. മുഹമ്മദ് റിയാസ്)

Content highlights :wayand tourism economic growth during covid 19and make internationally acclaimed tourism destination