സൂചിപ്പാറ വെള്ളച്ചാട്ടം
കൽപറ്റ: കോവിഡ് രണ്ടാംതരംഗത്തിനുശേഷം സംസ്ഥാനത്താദ്യം തുറക്കുന്ന വയനാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ വൈത്തിരി, മേപ്പാടി പഞ്ചായത്തുകളിലേതാവും. സന്ദർശകരുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായ മേപ്പാടിയിലെ സൂചിപ്പാറ വെള്ളച്ചാട്ടവും സന്ദർശകരെ വരവേൽക്കാൻ ഒരുങ്ങുകയാണ്. സുരക്ഷാകാരണങ്ങളാൽ രണ്ടുവർഷത്തോളം അടച്ചിടുകയും നിയമപോരാട്ടങ്ങൾക്കൊടുവിൽ തുറക്കുകയുംചെയ്ത സൂചിപ്പാറ വെള്ളച്ചാട്ടം സഞ്ചാരികളുടെ വരവിനായി കാത്തിരിക്കുകയാണിപ്പോൾ.
വനംവകുപ്പിനുകീഴിലുള്ള സൂചിപ്പാറ വെള്ളച്ചാട്ടം സുരക്ഷാകാരണങ്ങളാൽ രണ്ടുവർഷത്തോളമാണ് സന്ദർശകരിൽനിന്ന് അകന്നത്. കോടതിയുത്തരവിനെത്തുടർന്ന് രണ്ടരമാസംമുമ്പാണ് വീണ്ടും തുറന്നത്. കോവിഡ് രണ്ടാംതരംഗം രൂക്ഷമായതോടെ വീണ്ടും അടച്ചു. വാക്സിനേഷൻ ഉൾപ്പെടെയുള്ള മുൻകരുതലുകളെടുത്ത് മേപ്പാടി, വൈത്തിരി പഞ്ചായത്തുകളിൽ ടൂറിസം അനുവദിക്കാനുള്ള ആലോചനയാണ് ഇപ്പോൾ പ്രതീക്ഷനൽകുന്നത്. വിനോദസഞ്ചാരികളെ ആശ്രയിച്ചുകഴിയുന്ന പ്രദേശത്തെ കച്ചവടസ്ഥാപനങ്ങളും സൂചിപ്പാറയിലെ തൊഴിലാളികളുമെല്ലാം പ്രതീക്ഷയിലാണ്. മഴയെത്തിയതോടെ കരുത്താർജിച്ച വെള്ളച്ചാട്ടത്തിന്റെ അതിമനോഹരകാഴ്ചയാണ് സൂചിപ്പാറയിൽ പ്രകൃതി ഒരുക്കുന്നത്.
പച്ചപുതച്ച മലഞ്ചെരുവുകളിൽനിന്ന് ഒഴുകിയിറങ്ങുന്ന ജലധാര സന്ദർശകരുടെ മനംനിറയ്ക്കും. സന്ദർശകരുടെ വരവുനിലച്ചെങ്കിലും കാട്ടുചോലകളെ തഴുകി ഹുങ്കാരശബ്ദത്തോടെ പതഞ്ഞൊഴുകുകയാണിപ്പോൾ. സന്ദർശകരുടെ ഇഷ്ടകേന്ദ്രമായ ചെമ്പ്രമലയിൽ പ്രവേശനമില്ലാത്തതിനാൽ മേപ്പാടിയിലെ പ്രധാന ശ്രദ്ധാകേന്ദ്രം സൂചിപ്പാറയാണ്. വൈകാതെ തുറക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് ജീവനക്കാരനായ മനു എബ്രഹാം പറഞ്ഞു.

Content highlights :wayand soochipara waterfalls major tourist destination in state open soon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..