പ്രളയത്തിനുശേഷം കനത്ത മാന്ദ്യത്തിലായിരുന്ന വിനോദസഞ്ചാരമേഖല ഇപ്പോള്‍ തിരിച്ചുവരികയാണ്. ഞായറാഴ്ച പൂക്കോടും കുറുവ ദ്വീപിലും സന്ദര്‍ശകരുടെ വന്‍തിരക്ക് അനുഭവപ്പെട്ടു. കുറുവ ദ്വീപില്‍ പരാമവധി സന്ദര്‍ശകരെ പ്രവേശിപ്പിക്കാനായി. പഴശ്ശി പാര്‍ക്കിലെ അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലെത്തി.

ജില്ലയിലെ മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും ഈമാസം അവസാനത്തോടെ സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കുമെന്ന് കളക്ടര്‍ എ.ആര്‍. അജയകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം പതിനഞ്ചോടെ ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന, പശ്ചാത്തല സൗകര്യങ്ങള്‍ സജ്ജമാക്കും.

ടൂറിസംമേഖല സജീവമാക്കുന്നതിന്റെ മുന്നോടിയായി മൗണ്ടെയ്ന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കും. വയനാട് സ്ഥിരംവേദിയാക്കാനാണ് ശ്രമം. പ്രിയദര്‍ശിനി സൊസൈറ്റിയുടെ ടൂറിസം പദ്ധതികള്‍ ഡി.ടി.പി.സി. ഏറ്റെടുക്കുന്നതിനും തീരുമാനമായിട്ടുണ്ട്.

ടൂറിസം കേന്ദ്രങ്ങളിലെ പശ്ചാത്തലവികസന സൗകര്യത്തിനാണ് പ്രഥമപരിഗണന നല്‍കുന്നത്. കല്പറ്റ നഗരത്തിലുള്‍പ്പെടെ ശൗചാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കും. പുതിയ ടൂറിസം കേന്ദ്രങ്ങള്‍ ഏറ്റെടുക്കുന്നതും പരിഗണനയിലുണ്ട്. കുറുമ്പാലക്കോട്ടയില്‍ റവന്യൂഭൂമി അളന്ന് തിരിക്കേണ്ടതുണ്ട്. അതിനുശേഷംമാത്രമേ ഡി.ടി.പി.സി. ഏറ്റെടുക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതവരുത്തൂ. പത്രസമ്മേളനത്തില്‍ സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ഡി.ടി.പി.സി. സെക്രട്ടറി ബി. ആനന്ദ് എന്നിവര്‍ പങ്കെടുത്തു.

മൗണ്ടെയ്ന്‍ സൈക്ലിങ് ഏഴിനും എട്ടിനും

അന്താരാഷ്ട്ര മൗണ്ടെയ്ന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് വെള്ളി, ശനി ദിവസങ്ങളില്‍ മാനന്തവാടി പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ നടക്കും. അന്താരാഷ്ട്ര ക്രോസ്‌കണ്‍ട്രി മത്സരവിഭാഗത്തില്‍ 11 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ദേശീയ തലമത്സരങ്ങളില്‍ ആര്‍മി, റെയില്‍വേ, വിവിധ സംസ്ഥാനങ്ങള്‍ എന്നിവയില്‍ നിന്നുള്ള 40 സൈക്ലിസ്റ്റുകള്‍ മത്സരിക്കും. വനിതകള്‍ക്കായി കേരളത്തില്‍ ആദ്യമായി നടത്തുന്ന സൈക്ലിങ് മത്സരത്തില്‍ 20 പേര്‍ പങ്കെടുക്കും.

അന്താരാഷ്ട്ര മത്സരത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 1,50,000, 1,00,000, 50,000, 25,000, 20,000 എന്നിങ്ങനെ സമ്മാനത്തുക ലഭിക്കും. ദേശീയതലത്തില്‍ പുരുഷവിഭാഗത്തില്‍ ആദ്യ നാലുസ്ഥാനക്കാര്‍ക്ക് 1,00,000, 50,000, 25,000, 20,000 രൂപയും വനിതാവിഭാഗത്തില്‍ 50,000, 25,000, 20,000, 15,000 രൂപയും സമ്മാനമായി ലഭിക്കും.

സമാപനസമ്മേളനവും സമ്മാനദാനവും ശനിയാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി എന്നിവര്‍ ചേര്‍ന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിന്റെ പ്രചാരണാര്‍ഥം ചൊവ്വാഴ്ച കല്പറ്റയിലും ബുധനാഴ്ച ബത്തേരിയിലും വ്യാഴാഴ്ച മാനന്തവാടിയിലും സൈക്കിള്‍ റാലി സംഘടിപ്പിക്കും.

Content Highlights: Wayanadu Tourism, Wayanadu Tourism Spots