സുല്‍ത്താന്‍ബത്തേരി: അധിനിവേശ സസ്യങ്ങള്‍ക്ക് പിന്നാലെ അധിനിവേശ മത്സ്യങ്ങളും വയനാട് വന്യജീവി സങ്കേതത്തിലെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുന്നു.

കേരളത്തില്‍ നിരോധിച്ചിട്ടുള്ള ആഫ്രിക്കന്‍ മുഷികളാണ് വന്യജീവി സങ്കേതത്തിലെ ജലാശയങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. ജില്ലയിലെ പുഴകളിലും തോടുകളിലും ആഫ്രിക്കന്‍ മുഷികളുടെ സാന്നിധ്യം നേരത്തെയുണ്ടായിരുന്നെങ്കിലും ആദ്യമായാണ് വനത്തിനുള്ളിലെ ജലാശയങ്ങളില്‍ ഇവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വന്യജീവി സങ്കേതത്തിലെ തദ്ദേശീയമായ മത്സ്യ സമ്പത്തിനെക്കുറിച്ച് പഠിക്കാനൊരുങ്ങിയപ്പോഴാണ് മുത്തങ്ങ വനത്തിനുള്ളിലെ കുളങ്ങളില്‍ ആഫ്രിക്കന്‍ മുഷികളുണ്ടെന്ന് ആദിവാസികളില്‍നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുത്തങ്ങ റെയ്ഞ്ചിലെ രണ്ടു കുളങ്ങളില്‍നിന്നായി നല്ല തൂക്കമുള്ള 73 ആഫ്രിക്കന്‍ മുഷികളെ പിടികൂടി. ഇതോടെ മറ്റ് ജലസ്രോതസുകളിലും പരിശോധന നടത്തി, ഇവയെ ഉന്‍മൂലനം ചെയ്യാന്‍ വനംവകുപ്പ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, കുറിച്യാട്, ബത്തേരി, തോല്‍പ്പെട്ടി റെയ്ഞ്ചുകളിലായി തടയണകളടക്കം 217 സ്വാഭാവിക ജലസ്രോതസുകളാണുള്ളത്. കഴിഞ്ഞ രണ്ടു തവണയുണ്ടായ പ്രളയസമയത്തായിരിക്കാം ആഫ്രിക്കന്‍ മുഷികള്‍ വന്യജീവി സങ്കേതത്തിലെ ജലസ്രോതസുകളിലേക്ക് എത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

ചെറുമത്സ്യങ്ങളെയും ജലജീവികളെയും കൊന്നൊടുക്കുന്ന ആഫ്രിക്കന്‍ മുഷികള്‍ വനത്തിനുള്ളിലെ കുളങ്ങളിലും വെള്ളക്കെട്ടുകളിലുമുണ്ടായിരുന്ന നാടന്‍ മത്സ്യങ്ങള്‍ക്കും ജലജീവികള്‍ക്കും ഭീഷണിയാണ്.

പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്ക്കും നാശംവിതയ്ക്കുന്ന ആഫ്രിക്കന്‍ മുഷിയെ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതും വളര്‍ത്തുന്നതും വര്‍ഷങ്ങള്‍ക്ക് മുമ്പേ നിരോധിച്ചിട്ടുള്ളതാണ്.

Content Highlights: Wayanad wildlife sanctuary facing threats