നിലമ്പൂർ: നിലമ്പൂരിൽനിന്ന് ഇനി കെ.എസ്.ആർ.ടി.സി. ബസിൽ വയനാടിലേക്ക് ഉല്ലാസയാത്ര പോകാം. കെ.എസ്.ആർ.ടി.സി.യുടെ ഉല്ലാസയാത്ര ശനിയാഴ്ച തുടങ്ങും. കെ.എസ്.ആർ.ടി.സി. നിലമ്പൂർ ഡിപ്പോയുടെ ആദ്യ ഉല്ലാസയാത്രയാണ് നിലമ്പൂർ-വയനാട് സർവീസ്. 

താമരശ്ശേരി ചുരംവഴി വയനാട്ടിലെത്തുന്ന യാത്രയിൽ പൂക്കോട് തടാകം, ബാണാസുരസാഗർ ഡാം, കർലാട് തടാകം, ടീ മ്യൂസീയം തുടങ്ങിയ കേന്ദ്രങ്ങളിലെ കാഴ്ചകൾ കാണാം. ഒരാൾക്ക് നാലുനേരം ഭക്ഷണം അടക്കം 1,000 രൂപയാണ് നിരക്ക്. 

മലപ്പുറം, പെരിന്തൽമണ്ണ ഡിപ്പോകളിൽനിന്ന് ശനിയാഴ്ച തന്നെ വയനാട് യാത്ര നടത്തുന്നുണ്ട്. ശനിയാഴ്ച രാവിലെ അഞ്ചിന് കെ.എസ്.ആർ.ടി.സി. നിലമ്പൂർ ഡിപ്പോയിൽനിന്ന് പുറപ്പെടുന്ന യാത്ര രാത്രി പത്തുമണിയോടെ തിരിച്ചെത്തും.

നിലമ്പൂർ-വയനാട് യാത്രയ്ക്ക് നല്ല പ്രതികരണമാണെന്നും ബുക്കിങ് തുടരുകയാണെന്നും കോ-ഓർഡിനേറ്റർ കെ.വി. ഗിരീഷ് പറഞ്ഞു. 

കൂടുതൽ വിവരങ്ങൾക്ക്  04931 223929, 7736582069, 9745047521, 9447436967 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Content Highlights: wayanad travel in ksrtc bus, nilambur to wayanad tour in ksrtc, ksrtc tourism package