വാതിൽ തുറന്നിട്ട് വിനോദസഞ്ചാരകേന്ദ്രങ്ങൾ വിളിക്കുമ്പോൾ പോകാതിരിക്കുന്നതെങ്ങനെ? പോകാം വയനാട്ടിലേക്ക്


ഷാൻ ജോസഫ്

കോവിഡിനെ പേടിച്ച് എത്രനാൾ വീട്ടിലിരിക്കാനാകും? വാതിൽ തുറന്നിട്ട് വിനോദസഞ്ചാരകേന്ദ്രങ്ങൾ വിളിക്കുമ്പോൾ പോകാതിരിക്കുന്നതെങ്ങനെ? ദുരിതങ്ങളുടെ പെരുമഴ പെയ്ത 2020 വിടപറയുമ്പോൾ പുതുവർഷത്തെ വരവേൽക്കാൻ വയനാട്ടിലേക്ക് വണ്ടിവിടാം. കാട്ടിലൂടെ ഒരു സവാരിയും അണക്കെട്ടിലൂടെ ബോട്ടുയാത്രയും കുറുവയിലെ ചങ്ങാടയാത്രയും ആസ്വദിച്ച് കാന്തൻപാറയിൽ ഒരു മുങ്ങിക്കുളിയും കഴിഞ്ഞ് മടങ്ങാം. വയനാട് വിളിക്കുന്നു...

തോല്പെട്ടി വന്യജീവി സങ്കേതത്തിൽ നിന്ന് | ഫോട്ടോ: മാതൃഭൂമി

അമ്പലവയൽ : കോവിഡിനെ അതിന്റെ പാട്ടിനുവിട്ട് സന്ദർശകർ ചുരംകയറുകയാണ്. മഞ്ഞും തണുപ്പുമുള്ള ഡിസംബർ വയനാട്ടിൽ ആസ്വദിക്കാൻ. കോവിഡ് കാരണം അടച്ചിട്ട കേന്ദ്രങ്ങൾ തുറന്നതോടെയാണ് വയനാടൻ വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവുണ്ടായത്. ഒരുവർഷത്തോളമായി അനക്കമില്ലാതിരുന്ന ടൂറിസ്റ്റ് ടാക്സി, റിസോർട്ട്, വ്യാപാരമേഖലകൾ ചലിച്ചുതുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അതിഥികൾ വരുമ്പോൾ മുൻകരുതൽ ഉറപ്പാക്കി കാത്തിരിക്കുകയാണ് വിനോദ സഞ്ചാരമേഖല.

Kanthanpara
കാന്തൻപാറ വെള്ളച്ചാട്ടത്തിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: മാതൃഭൂമി

കാടും മലയും കയറാം...നീന്തിക്കുളിക്കാം

ടൂറിസം വകുപ്പിന് കീഴിലുള്ള കേന്ദ്രങ്ങളെല്ലാം തുറന്നതോടെയാണ് സന്ദർശകരുടെ വരവുതുടങ്ങിയത്. ബാണാസുരസാഗർ, പൂക്കോട്, കാന്തൻപാറ, എടക്കൽഗുഹ എന്നിവിടങ്ങളിലാണ് സന്ദർശകർ കൂടുതലെത്തുന്നത്. കുറുവയിലെ ചങ്ങാടസവാരി, കറളാട് തടാകം, തൊള്ളായിരംകണ്ടി എന്നീ സ്ഥലങ്ങളും സന്ദർശകർക്ക് പ്രിയപ്പെട്ടതാണ്. ബോട്ടിങ്, കുതിരസവാരി, സ്വീപ്പ് ലൈൻ, ഇലക്‌ട്രിക് കാർ, അമ്പെയ്ത്തുകേന്ദ്രം, കുട്ടികളുടെ പാർക്ക് എന്നിവയെല്ലാമാണ് ബാണാസുരയിലുള്ളത്. കാന്തൻപാറ വെള്ളച്ചാട്ടത്തിനടുത്ത് കുളിക്കാനുള്ള സൗകര്യമുണ്ട്. വയനാട്ടിൽ പ്രവേശനമുള്ള ഏക വെള്ളച്ചാട്ടമാണ് കാന്തൻപാറ. മഴയിൽ പച്ചപുതച്ച കാടിനുള്ളിലൂടെയുള്ള യാത്ര ആസ്വദിക്കാൻ മുത്തങ്ങയിലും തോല്പെട്ടിയിലും എല്ലാദിവസവും സന്ദർശകരുണ്ട്. പഴശ്ശിമ്യൂസിയം, പഴശ്ശിസ്മാരകം, ഫാന്റംറോക്ക്, ചീങ്ങേരിമല, പ്രിയദർശിനി ടീ എസ്റ്റേറ്റ് എന്നിവിടങ്ങളിലും പ്രവേശനമുണ്ട്.

വയനാട് ചുറ്റിക്കാണാനൊത്തില്ലെങ്കിലും ശാന്തമായൊരിടത്ത് രണ്ടുനാൾ ചെലവഴിക്കാമെന്ന കണക്കുകൂട്ടലിലാണ് സഞ്ചാരികൾ എത്തുന്നത്. കോവിഡ് രോഗികളുടെ എണ്ണം മറ്റ് ജില്ലകളെക്കാൾ കുറവായതും വയനാട് തിരഞ്ഞെടുക്കാൻ കാരണമാണ്. പുതുവത്സരാഘോഷം പഴയതുപോലെ കളർഫുളാവില്ലെങ്കിലും റിസോർട്ടുകളിലും ഹോംസ്റ്റേകളിലുമെല്ലാം ബുക്കിങ് തകൃതിയാണ്. അതിഥികളില്ലാതെ വിഷമവൃത്തത്തിലായ വിനോദസഞ്ചാരമേഖലയ്ക്ക് ഡിസംബർ ഉയിർത്തെഴുന്നേൽപ്പ് നൽകുമെന്നാണ് ഈ മേഖലയിലുള്ളവർ വിശ്വസിക്കുന്നത്.

Kuruva
കുറുവാദ്വീപിൽ വിനോദത്തിലേർപ്പെട്ട സഞ്ചാരികൾ | ഫോട്ടോ : മാതൃഭൂമി

മുഖംതിരിച്ച് ചെമ്പ്രയും സൂചിപ്പാറയും

സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്രപീക്ക്, മീൻമുട്ടി വെള്ളച്ചാട്ടം എന്നിവ രണ്ടുവർഷത്തോളമായി അടഞ്ഞുകിടക്കുകയാണ്. വനംവകുപ്പിന് കീഴിലുള്ള ഈ കേന്ദ്രങ്ങളുടെ പ്രവർത്തനം പരിസ്ഥിതിക്ക് ദോഷമാണെന്ന് കാണിച്ച് പ്രകൃതിസംരക്ഷണസമിതി നൽകിയ കേസ് കോടതിയിലാണ്. ഈ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള നൂറുകണക്കിന് കുടുംബങ്ങളാണ് കോടതിയുടെ അനുകൂലവിധി കാത്തിരിക്കുന്നത്. വയനാടിന്റെ മുഖമായ ഈ കേന്ദ്രങ്ങളിലേക്ക് പ്രവേശനമില്ലാത്തത് വിനോദസഞ്ചാരമേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. നീളമേറിയ സ്വീപ്പ്‌ലൈനും ആകർഷകമായ സാഹസിക റൈഡുകളുമുള്ള കാരാപ്പുഴ അണക്കെട്ടിലും കോവിഡിനുശേഷം സന്ദർശകരെ പ്രവേശിപ്പിച്ചിട്ടില്ല. ജലസേചനവകുപ്പിന്റെ അനുമതി കിട്ടാത്തതിനാലാണിത്. ജലസമൃദ്ധമായ കാരാപ്പുഴ അണക്കെട്ട് കാണാൻ അവസരമില്ലാത്തതും സന്ദർശകർക്ക് നഷ്ടമാണ്.

ഒന്നുമില്ലായ്മയിൽനിന്ന് തുടക്കം

Vancheeswaran
ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാനെത്തുന്നവർ സാധാരണ നവംബറിലേ താമസസൗകര്യം തരപ്പെടുത്തും. ചെറിയ ഹോംസ്റ്റേകൾ ഉൾപ്പെടെ എല്ലാം കാലിയാകും. പക്ഷേ, ഇക്കുറി ഡിസംബറിലാണ് ബുക്കിങ് തുടങ്ങുന്നത്. ഒന്നുമില്ലായ്മയിൽ നിന്നുള്ള തുടക്കമെന്ന രീതിയിൽ ഇപ്പോഴത്തെ അവസ്ഥയിൽ സന്തുഷ്ടരാണ്. കോവിഡ് കഴിഞ്ഞ് തുറക്കാനാകാത്ത നിരവധി സ്ഥാപനങ്ങൾ ഇനിയുമുണ്ട്. അറ്റകുറ്റപ്പണികൾ നടത്താതെ ഇവയൊന്നും തുറക്കാനാകില്ല. നഷ്ടത്തിന്റെ ശരിയായ തോത് മനസ്സിലാകണമെങ്കിൽ ഇനിയും സമയമെടുക്കും. ഡിസംബർ മുതൽ വലിയ പ്രതീക്ഷയാണ് വിനോദസഞ്ചാരമേഖലയിൽ ആകെയുള്ളത്.

- കെ.ആർ. വാഞ്ചീശ്വരൻ, ഡബ്ല്യു.ടി.ഒ. പ്രസിഡന്റ്

പുറത്തിറങ്ങാൻ താത്‌പര്യമില്ല

LA Solomon
ടൂറിസം കേന്ദ്രങ്ങൾ തുറന്നതോടെ സഞ്ചാരികൾ കൂടുതലെത്തുന്നുണ്ട്. കുടുംബസമേതമെത്തുന്നവരാണ് അധികം. സുരക്ഷാ കാരണങ്ങളാൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ കാണാൻ കൂടുതൽപേർക്കും താത്‌പര്യമില്ല. റിസോർട്ടുകളിലുള്ള വിനോദങ്ങളിൽ തൃപ്തിപ്പെടുകയാണ്. 10 വയസ്സിനുതാഴെയും 65-ന് മുകളിലും പ്രായമുള്ളവർക്ക് നിയന്ത്രണങ്ങൾ ഉള്ളതും സഞ്ചാരികളുടെ വരവ് കുറയ്ക്കുന്നുണ്ട്. വിദേശികളുടെ വരവ് പൂർണമായി നിലച്ചതും പ്രതിസന്ധിയാണ്. പഠനയാത്രകൾ, കമ്പനി ടൂറുകൾ തുടങ്ങി വലിയ സംഘങ്ങൾ എത്താത്തതിനാൽ ടൂറിസ്റ്റ് ഗൈഡുകൾക്കോ ചെറുകിട കച്ചവടസ്ഥാപനങ്ങൾക്കോ ഗുണമില്ല.

- എൽ.എ. സോളമൻ, ടൂറിസ്റ്റ് ഗൈഡ്

വണ്ടി ഉരുണ്ടുതുടങ്ങുന്നു

Ajesh
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നശേഷം ചെറിയതോതിൽ ഓട്ടം കിട്ടാൻ തുടങ്ങി. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ സ്വന്തം വാഹനത്തിലാണ് ഏറെപ്പേരും വരുന്നത്. സുരക്ഷ കണക്കിലെടുത്ത് വിനോദസഞ്ചാരികൾ റിസോർട്ടുകളിൽ ചെലവഴിച്ച് മടങ്ങുകയാണ്. മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള യാത്രകളും കുറവാണ്. വാഹനവായ്പയും ഇൻഷുറൻസും ടാക്സും എല്ലാം അടച്ചിട്ടാണ് കഴിഞ്ഞ ഒരുവർഷം ഓട്ടമൊന്നുമില്ലാതെ കിടന്നത്. പുതുവർഷത്തോടെ ഈ സ്ഥിതിയിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

- അജേഷ് വി. ജെയിംസ്, മേരിമാത ടൂറിസ്റ്റ് ടാക്സി ഉടമ

കടുത്ത നിബന്ധനകൾ

Shaju
മാസങ്ങളോളം അടഞ്ഞുകിടന്ന റിസോർട്ടിൽ ഇപ്പോൾ അതിഥികൾ വന്നുതുടങ്ങി. വർഷാവസാനത്തെ ദിവസങ്ങളിലേക്ക് അന്വേഷണം വരുന്നുണ്ട്. സഞ്ചാരികൾക്ക് പ്രിയമുള്ള കാരാപ്പുഴ, സൂചിപ്പാറ, ചെമ്പ്രപീക്ക് എന്നിവ തുറക്കാത്തത് അമ്പലവയൽ, വടുവൻചാൽ, മേപ്പാടി മേഖലകളിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ലോക്ഡൗൺ കാലത്തെ വൈദ്യുതി കുടിശ്ശിക 34,000 രൂപയാണ്. പഞ്ചായത്ത് ലൈസൻസ് പുതുക്കണമെങ്കിൽ 27,000 രൂപവേണം. ബുക്കിങ് തുടങ്ങിയെങ്കിലും ആകെ ശേഷിയുടെ പകുതി സന്ദർശകരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ. ഒരു മുറി ഉപയോഗം കഴിഞ്ഞാൽ അണുമുക്തമാക്കിയശേഷം പിന്നീട് 24 മണിക്കൂറിന് ശേഷമേ മറ്റൊരാൾക്ക് നൽകാനാകൂ. കടുത്ത നിബന്ധനകളാണുളളത്. പാലിക്കാതെ തരമില്ല.

- ഷാജു ഗ്രീൻപാർക്ക്, റിസോർട്ട് ഉടമ

പുതിയ തുടക്കം

Thomas
മാസങ്ങളോളം അടച്ചിട്ടതിനാൽ ഒട്ടുമിക്ക സാധനങ്ങളും കേടായി. കട നവീകരിച്ചതിന് ശേഷമാണ് തുറക്കാനായത്. പുതിയ സ്റ്റോക്ക് കൊണ്ടുവന്നു. കൂടുതൽ ആളുകളെത്തുന്ന സീസണാണ് വരുമാനമൊന്നുമില്ലാതെ കടന്നുപോയത്. എടക്കൽ ഗുഹാപരിസരത്ത് വിനോദസഞ്ചാരമേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നൂറിലധികം കുടുംബങ്ങളുണ്ട്. കച്ചവടം കൊണ്ടുമാത്രം ജീവിക്കുന്നവർക്ക് കോവിഡ് വലിയ തിരിച്ചടിയായി. ഒരുമാസമായി സഞ്ചാരികൾ വന്നുതുടങ്ങിയിട്ടുണ്ട്. എല്ലാം പഴയതുപോലെയാകുമെന്ന പ്രതീക്ഷയിലാണ്.

- തോമസ് മുള്ളൻമടയ്ക്കൽ, ഷോപ്പുടമ, എടക്കൽ

Content Highlights: Wayanad Tourism, Kanthanpara, Edakkal Caves, Pookode Lake, 900 Kandy, Kerala Tourism

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
priya-varghese

1 min

പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented