വയനാട്ടില്‍ പെരുന്നാള്‍ 'പൊളിച്ചു; ആകെ എത്തിയ സഞ്ചാരികള്‍ 84,500, ആകെ വരുമാനം 32 ലക്ഷം


പെരുന്നാളിനോട് ചേര്‍ന്നുള്ള അവധിദിവസങ്ങളിലായി ആയിരക്കണക്കിന് പേരാണ് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തിയത്. ഏപ്രില്‍ 30, മേയ് ഒന്ന്, രണ്ട്, മൂന്ന്, നാല് തീയതികളിലായി 84,500 പേര്‍ ഡി.ടി.പി.സി.ക്ക് കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ മാത്രമെത്തി.

ബാണാസുരസാഗർ ഡാം

കോവിഡില്‍ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കു ആഴ്ന്നുപോയ വയനാട്ടിലെ വിനോദസഞ്ചാരമേഖലയ്ക്ക് പുത്തനുണര്‍വേകി പെരുന്നാള്‍ക്കാലം. പെരുന്നാളിനോട് ചേര്‍ന്നുള്ള അവധിദിവസങ്ങളിലായി ആയിരക്കണക്കിന് പേരാണ് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തിയത്. ഏപ്രില്‍ 30, മേയ് ഒന്ന്, രണ്ട്, മൂന്ന്, നാല് തീയതികളിലായി 84,500 പേര്‍ ഡി.ടി.പി.സി.ക്ക് കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ മാത്രമെത്തി. ബാണാസുരസാഗര്‍ ഡാംപരിസരവും കാരാപ്പുഴ ഡാം പരിസരവും സഞ്ചാരികളെക്കൊണ്ടു നിറഞ്ഞു. അവധിദിവസങ്ങളും കഴിഞ്ഞ് ഞായറാഴ്ചവരെ നല്ല തിരക്ക് തന്നെയാണ് അനുഭവപ്പെട്ടത്. വേനലവധിക്കാലം മുഴുവന്‍നീളുന്ന സീസണ് മികച്ച തുടക്കമായിരുന്നു പെരുന്നാള്‍ക്കാലമെന്നാണ് മേഖലയിലുള്ളവരുടെ അഭിപ്രായം.

സഞ്ചാരികളെല്ലാം നമ്മുടെ നാട്ടുകാര്‍

പെരുന്നാളിനോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ ജില്ല സന്ദര്‍ശിച്ചവരേറെയും കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ സമീപജില്ലകളില്‍ നിന്നുള്ളവരും ബെംഗളൂരു, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങളുമാണെന്നാണ് വിനോദസഞ്ചാരമേഖലയിലുള്ളവര്‍ പറയുന്നത്. !ഡി.ടി.പി.സി.ക്ക് കീഴിലുള്ള കേന്ദ്രങ്ങളില്‍ നിരക്ക് ഉയര്‍ത്തിയിരുന്നെങ്കില്‍പോലും സഞ്ചാരികളുടെ വരവിന് അതു തടസ്സമായില്ല. നിരക്ക് ഉയര്‍ന്നതിനെ സംബന്ധിച്ച് പരാതികളും ഉണ്ടായില്ലെന്ന് ഡി.ടി.പി.സി. അധികൃതര്‍ പറഞ്ഞു.

ജില്ലയില്‍ ബാണാസുരസാഗര്‍ കേന്ദ്രത്തില്‍ തന്നെയാണ് കൂടുതല്‍ പേരെത്തിയത്. പൂക്കോടും കാരാപ്പുഴയിലും നല്ല തിരക്ക് അനുഭവപ്പെട്ടു. സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുന്ന കുറുവ ദ്വീപിലും എടയ്ക്കല്‍ ഗുഹയില്‍ എത്തിയവരില്‍ ഭൂരിഭാഗംപേര്‍ക്കും അനുമതി ലഭിക്കാതെ മടങ്ങേണ്ടിവന്നു. ടൂറിസം കേന്ദ്രങ്ങളോട് അനുബന്ധിച്ചുള്ള കച്ചവടസ്ഥാപനങ്ങളിലും തിരക്ക് പ്രകടമായി. റിസോര്‍ട്ട്, ഹോട്ടല്‍ വ്യവസായമേഖലയും സജീവമായി.

പ്രതീക്ഷയായി വിദഗ്ധരുടെ സന്ദര്‍ശനം

പെരുന്നാള്‍ അവധികളില്‍ സജീവമായ സീസണ്‍ വേനലവധിക്കാലമുടനീളം നിലനില്‍ക്കുമെന്നാണ് പ്രതീക്ഷ. കൊച്ചിയില്‍ചേരുന്ന കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഭാഗമായി ദേശീയ, അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഘം 11, 12 തീയതികളില്‍ ജില്ലയിലെത്തും. ജില്ലയിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം സാധ്യതകള്‍ ചര്‍ച്ചചെയ്യും. ഇത് അന്തര്‍ദേശീയ തലത്തിലേക്കും വയനാടിനെ പരിചയപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഡി.ടി.പി.സി.യുടെ പ്രതീക്ഷ. മേയ് അവസാനവാരത്തോടെ മെട്രോ നഗരങ്ങളില്‍നിന്നും ഉത്തരേന്ത്യന്‍ സഞ്ചാരികളും ജില്ലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡി.ടി.പി.സി.യുടെ കേന്ദ്രങ്ങളില്‍ ക്യാമറാ ഫീസ് നിരക്ക് വേണ്ടെന്നുവെച്ചതും മാര്‍ക്കറ്റിങ്ങില്‍ അനുകൂലതരംഗം ഉണ്ടാക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സഞ്ചാരികള്‍ പങ്കുവെക്കുന്ന ഫോട്ടോകളിലൂടെയും നവമാധ്യമങ്ങളിലെ റീലുകളിലൂടെയും വയനാട്ടിലെ കേന്ദ്രങ്ങള്‍ കൂടുതല്‍പേരിലെത്തുമെന്നും ഇതു പുതിയ പ്രചാരണത്തിന് വഴിയൊരുക്കുമെന്നും അധികൃതര്‍ പ്രത്യാശിക്കുന്നു.

പഴി കേള്‍പ്പിക്കും റോഡുകള്‍

പെരുന്നാള്‍ അവധിക്കാലത്ത് ജില്ലയിലെത്തിയ സഞ്ചാരികളും നാട്ടുകാരും ഒരുപോലെ പഴിപറഞ്ഞത് കുത്തഴിഞ്ഞ ഗതാഗതസംവിധാനത്തെ തന്നെയാണ്. വയനാട് ചുരത്തില്‍ തുടങ്ങുന്ന ഗതാഗതക്കുരുക്ക് ജില്ലയിലെ പ്രധാനനഗരങ്ങളിലെല്ലാം നീണ്ടു. മണിക്കൂറുകളോളമാണ് മിക്കവരും റോഡില്‍ കുടുങ്ങിയത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ തകര്‍ന്നുകിടക്കുന്നതും വിനയായി. കല്പറ്റ ബൈപ്പാസ് തകര്‍ന്നുകിടക്കുന്നത് കല്പറ്റ നഗരത്തില്‍ മണിക്കൂറുകളുടെ ഗതാഗതതടസ്സമുണ്ടാക്കി. വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനത്തിനൊപ്പം ജില്ലയിലൊന്നാകെ മികച്ച ഗതാഗതസംവിധാനവും റോഡുകളും ഉണ്ടാവേണ്ടതും അത്യാവശ്യമാണ്. പൊതുശൗചാലയങ്ങള്‍, നല്ല ഭക്ഷണശാലകള്‍ എന്നിവയും ഉണ്ടാവേണ്ടതുണ്ട്.

തിരുവനന്തപുരത്തുനിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതും അമ്പലവയലില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം നടന്നതും ആശങ്കയുയര്‍ത്തുന്നതാണ്. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്കരിക്കാതെ കൃത്യമായ നടപടികളെടുക്കാന്‍ അധികൃതരും തയ്യാറാവണമെന്നാണ് ആവശ്യമുയരുന്നത്.

Content Highlights: wayanad tourism dtpc

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented