ടക്കര: ലോക്ഡൗണായതോടെ ആളൊഴിഞ്ഞു. ഇപ്പോൾ നാടുകാണിച്ചുരത്തിന് പ്രകൃതിയുടെ തനിമ മാത്രം. വാഹനഗതാഗതം അപൂർവമായതോടെ ചുരവും പരിസരവനവും ഇപ്പോൾ കൂടുതൽ മനോഹരം. കോവിഡിന്റെ നിയന്ത്രണങ്ങളിൽപ്പെട്ട് യാത്രക്കാർക്ക് ഇതുവഴി പ്രവേശനമില്ല. ചരക്കു ഗതാഗതവും അടിയന്തര സാഹചര്യങ്ങളിലുള്ള യാത്രയും മാത്രം. അതിർത്തി മുതൽ താഴോട്ടുള്ള റോഡിന്റെ നിർമാണം പൂർത്തിയായതോടെ യാത്ര അനുഭൂതി ദായകം. നിരനിരയായി വാഹനം ഒഴുകിയ കാലത്ത് ചുരംനിറയെ ശബ്ദവും ബഹളവും നിറഞ്ഞിരുന്നു. ഇപ്പോൾ എല്ലാം നിശബ്ദം.

വ്യു പോയിന്റിൽനിന്നുള്ള കാഴ്ചയിൽ വഴിക്കടവ് മുതൽ പാതാർ വരെയും പന്തല്ലൂർ മുതൽ മൂത്തേടം വരെയും പച്ചപ്പിന്റെ മഹാസമുദ്രം. മുളങ്കൂട്ടങ്ങൾ ഉണങ്ങിപ്പോയ വഴിയരികിൽനിന്നുള്ള ആകാശക്കാഴ്ചകളിൽ കാർമേഘങ്ങൾ വരച്ച ചിത്രങ്ങൾ. വിവിധ വർണക്കൂട്ടുകളുടെ ചാരുത സന്ധ്യാകാശത്തിന്.

മലമുഴക്കി വേഴാമ്പൽ, സിംഹവാലൻ കുരങ്ങ്, കുട്ടിത്തേവാങ്ക് തുടങ്ങിയവയ്ക്ക് വഴിയോരങ്ങളിൽ സൈ്വര്യവിഹാരം. സമുദ്രനിരപ്പിൽനിന്ന് 800 മീറ്റർ ഉയരമുള്ള ചുരത്തിൽ കാലാവസ്ഥയുടെ ഭേദങ്ങൾ സഞ്ചാരികൾക്ക് നഷ്ടമായിരിക്കുന്നു. പരമ്പരാഗത ആനത്താരകളുടെ പശ്ചിമഘട്ട മലനിരകൾ, ആർദ്ര ഇലകൊഴിയും കാടുകൾ, ഈറ്റക്കാടുകൾ, അർധനിത്യ ഹരിതവനങ്ങൾ, നിത്യഹരിതവനങ്ങൾ, മഴയുടെ തുടക്കത്തിൽത്തന്നെ ഒഴുകാൻ തുടങ്ങിയ ചോലകൾ. ലോക്ഡൗണിൽ ആളുകൾക്ക് നഷ്ടമായത് കാഴ്ചയുടെ വസന്തം.

Content highlights :wayanad nadukani churam view point without tourists