കൊച്ചി:അറബികടലിന്റെ റാണിക്ക് കൂടുതല്‍ അഴകേകാന്‍ ജലമെട്രൊ ഡിസംബറില്‍ സര്‍വ്വീസ് ആരംഭിച്ചേക്കും. ഫെബ്രുവരിയില്‍ ഉദ്ഘാടനം നടത്തിയെങ്കിലും ജലമെട്രൊ സര്‍വീസ് തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഒരു ബോട്ടുപയോഗിച്ച് സര്‍വീസിന് തുടക്കമിടാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, മൂന്ന് ബോട്ടുകള്‍ കൂടി സജ്ജമാക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) കൊച്ചി കപ്പല്‍ശാലയ്ക്ക് നിര്‍ദേശം നല്‍കി.

ഡിസംബര്‍ 25-ഓടെ സര്‍വീസ് തുടങ്ങാനാണ് ലക്ഷ്യം. ഒരു ബോട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.മറ്റുള്ളവയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്ന് അധികൃതര്‍ പറയുന്നു. വൈറ്റില-കാക്കനാട് റൂട്ടില്‍ ആദ്യ സര്‍വീസ് എന്നായിരുന്നു ലക്ഷ്യം. എന്നാല്‍, ഇതിനൊപ്പം വൈപ്പിന്‍, ബോള്‍ഗാട്ടി, ഹൈക്കോടതി, ചേരാനല്ലൂര്‍ മേഖലകളിലേക്കും സര്‍വീസ് ലക്ഷ്യമിടുന്നുണ്ട്.

എറണാകുളം-ഫോര്‍ട്ടുകൊച്ചി റൂട്ടും ജലമെട്രോ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതാണ്. ഈ റൂട്ടില്‍ യാത്രക്കാര്‍ ഏറെയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഹൈക്കോടതിയില്‍ നിന്ന് വൈപ്പിന്‍ മേഖലയിലേക്കുള്ള സര്‍വീസിലും യാത്രക്കാരെ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ബോട്ടുകള്‍ക്ക് പേരിടുന്നതും കെ.എം.ആര്‍.എല്ലിന്റെ പരിഗണനയിലുണ്ട്.

യാത്രാക്കൂലി കൂടുതലാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. എല്ലാ വിഭാഗത്തിനും സൗകര്യപ്രദമായ രീതിയിലായിരിക്കും ടിക്കറ്റ് നിരക്കെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നഗരത്തോട് ചേര്‍ന്നുകിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള ജലമെട്രോ പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജര്‍മന്‍ ബാങ്കായ കെ.എഫ്.ഡബ്ല്യു.വിന്റെ വായ്പയോടെയാണ് പദ്ധതി പൂര്‍ത്തിയാക്കുക. 38 ടെര്‍മിനലുകളുണ്ടാകും. 78 ബോട്ടുകളും ഘട്ടങ്ങളായി സര്‍വീസിനെത്തും.

Content Highlights: water metro service to start by december 25