അതിരപ്പിള്ളി: വിനോദസഞ്ചാര മേഖലയിലെ വ്യൂ പോയിന്റില്‍നിന്ന് ഇനി അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്‍കുളിര്‍ക്കെ കാണാം. സഞ്ചാരികളെ നിരാശരാക്കി വെള്ളച്ചാട്ടത്തിന്റെ കാഴ്ച മറച്ച മരച്ചില്ലകള്‍ മുഴുവനും മുറിച്ചുനീക്കി. ആറ് മരങ്ങളുടെ ചില്ലകള്‍ വെട്ടിമാറ്റിയാണ് മനോഹരമായ കാഴ്ചയൊരുക്കിയത്.

ഭിന്നശേഷിക്കാര്‍ക്കും വയോധികര്‍ക്കും വെള്ളച്ചാട്ടത്തിന്റെ മുകളിലേക്കു പോകുന്നത് ബുദ്ധിമുട്ടായതിനാല്‍ അവര്‍ക്കും മറ്റു സഞ്ചാരികള്‍ക്കും വെള്ളച്ചാട്ടം മുഴുവനായി കണ്ട് ആസ്വദിക്കാനുള്ള ഏക സ്ഥലമാണ് വ്യൂ പോയിന്റ്.

വ്യൂ പോയിന്റിന് താഴെയുള്ള സ്വകാര്യ റിസോര്‍ട്ട് ഉടമകളുടെ പറമ്പില്‍ നില്ക്കുന്ന മരങ്ങള്‍ വളര്‍ന്നാണ് വെള്ളച്ചാട്ടത്തിന്റെ കാഴ്ച മറച്ചിരുന്നത്. മരച്ചില്ലകള്‍ മൂലം വെള്ളച്ചാട്ടം ഭാഗികമായാണ് കാണാനായിരുന്നത്.

വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ച മറഞ്ഞത് ഇവിടെയെത്തുന്ന എല്ലാ സഞ്ചാരികളെയും നിരാശരാക്കിയിരുന്നു.സഞ്ചാരികള്‍ വനപാലകരോടും വനസംരക്ഷണസമിതി അംഗങ്ങളോടും പരാതിപ്പെടുന്നതും പതിവായിരുന്നു.സഞ്ചാരികളുടെ ആവശ്യപ്രകാരമാണ് വനസംരക്ഷണസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മരച്ചില്ലകള്‍ വെട്ടിമാറ്റിയത്.

Content Highlights: visitors can easily see athirapalli waterfalls from now onwards