വിതുര: കോവിഡ് കാലം കഴിയാന്‍ കാത്തിരിക്കുകയാണ് മലയടി വിനോബനികേതനിലെ പുരാവസ്തു മ്യൂസിയം. ഭൂദാനപ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ആചാര്യ വിനോബഭാവെയുടെ സ്മരണയിലാണ് ആശ്രമത്തിന്റെയും മ്യൂസിയത്തിന്റെയും പ്രവര്‍ത്തനം. ആചാര്യയുടെ പ്രിയശിഷ്യ പരിവ്രാജക രാജമ്മയുടെ മേല്‍നോട്ടത്തിലാണ് മ്യൂസിയം. ഭൂദാനപ്രസ്ഥാനത്തിന്റെ പ്രചാരണാര്‍ഥം വിനോബഭാവെ നടത്തിയ യാത്രകളുടെ ചിത്രങ്ങളാണ് മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണം. ഇന്ത്യയൊട്ടാകെ 11000 കിലോമീറ്റര്‍ യാത്രാരേഖകള്‍ സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നു. ഭരണാധികാരികളും ആധ്യാത്മിക നേതാക്കളുമുള്‍പ്പെടെയുള്ളവര്‍ ആശ്രമത്തില്‍ നടത്തിയ സന്ദര്‍ശനങ്ങളുടെ ചിത്രങ്ങളുടെ വലിയ ശേഖരവും ഇവിടെ കാണാം. ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ ശേഖരമാണ് മറ്റൊരു കാഴ്ച. 

അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍, ക്യാമറ, ചെരുപ്പ്, ഡയറി തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. യാത്രകളിലുപയോഗിച്ചിരുന്ന ചെറിയ ചര്‍ക്കകള്‍, പ്രാര്‍ഥനാസദസ്സുകളില്‍ കൂട്ടായിരുന്ന കരതാളം, ദില്‍റുബാ തുടങ്ങിയ വാദ്യോപകരണങ്ങളും മ്യൂസിയത്തിലുണ്ട്. സ്ഥിരമായുപയോഗിച്ചിരുന്നതു കേടാകുമ്പോള്‍ താത്കാലികമായി ഉപയോഗിച്ചിരുന്ന വാച്ചും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. കേന്ദ്ര മന്ത്രിയായിരുന്ന സുശീല നയ്യാരില്‍ നിന്ന് പരിവ്രാജക ഏറ്റുവാങ്ങിയ ഗാന്ധിജിയുടെ ചിതാഭസ്മവും മ്യൂസിയത്തില്‍ സൂക്ഷിക്കുന്നുണ്ട്. ആചാര്യ വിനോബഭാവെ ഉപയോഗിച്ചിരുന്ന വസ്തുക്കളും ആശ്രമശേഖരത്തിലുണ്ട്. യാത്രകളിലുപയോഗിച്ചിരുന്ന പാത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ ഇക്കൂട്ടത്തിലുണ്ട്. വായിച്ചിരുന്ന വിഷ്ണുസഹസ്രനാമം, രചിച്ച ഗീതാപ്രവചനങ്ങള്‍ എന്നിവയും സൂക്ഷിച്ചിരിക്കുന്നു. അദ്ദേഹം പതിവായി ധരിച്ചിരുന്ന കറുത്തകണ്ണട ഏറെപ്പേരെ ആകര്‍ഷിക്കുന്നു. വിപുലമായ പുസ്തകശേഖരവും മ്യൂസിയത്തിലൊരുക്കിയിട്ടുണ്ട്. 

vinobha nikethan
വിനോബഭാവെ ഉപയോഗിച്ചിരുന്ന വസ്തുക്കൾ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു

വിവിധ ഭാഷകളിലായി 20,000 ത്തിലധികം പുസ്തകങ്ങള്‍ ഇവിടെയുണ്ട്. നൂറ്റാണ്ടു പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങളും കൂട്ടത്തില്‍ കാണാം. മാതൃഭൂമി ഉള്‍പ്പെടെയുള്ള ആഴ്ചപ്പതിപ്പുകളുടെ പഴയ കോപ്പികളും ശേഖരത്തിലുണ്ട്. 1967ല്‍ ഗ്രാമ വിദ്യാലയമായി തുടങ്ങിയ കെട്ടിടം 92 മുതലാണ് മ്യൂസിയമായി മാറിയത്. നിരവധി വിശിഷ്ട വ്യക്തികള്‍ സന്ദര്‍ശനം നടത്തി. 2005 ല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് ആശ്രമവും മ്യൂസിയവും സന്ദര്‍ശിച്ചിരുന്നു. ദേശീയനേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങി സാധാരണ ജനങ്ങളുള്‍പ്പെടെ സന്ദര്‍ശകര്‍ ഏറെയാണ്. വിവിധ സ്‌കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്നതു പതിവാണ്. പ്രൈമറി വിഭാഗം വരെ പ്രവേശനം സൗജന്യം. ഹൈസ്‌കൂള്‍ തലം മുതല്‍ ഒരാള്‍ക്ക് 10 രൂപയാണ് പ്രവേശന ഫീസ്. മലയോരമേഖലക്ക് അഭിമാനമായ വിനോബനികേതനിലെ പുരാവസ്തു മ്യൂസിയം ആചാര്യവിനോബഭാവെ നട്ട മാവിന്റെ തണലില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

Content highlights : vinobha nikethan historical museum waiting for visitors with many attarctive things