പുതുവർഷത്തിൽ പ്രതീക്ഷയുടെ ചിറകിലാണ് വിളപ്പിൽശാലയും. ശാസ്താംപാറ ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസനം, നിർദിഷ്ട സാങ്കേതിക സർവകലാശാല ആസ്ഥാനം, പോളിടെക്‌നിക് കോളേജ് എന്നിവയാണ് വിളപ്പിൽശാലയുടെ പ്രതീക്ഷയ്ക്ക് ചിറക് നൽകുന്നത്.

ശാസ്താംപാറ വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിന് സർക്കാർ ഒരു കോടി രൂപ അനുവദിച്ചതായി ഐ.ബി.സതീഷ് എം.എൽ.എ. പറഞ്ഞു. കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് വിനോദസഞ്ചാരവകുപ്പ് പണം അനുവദിച്ചിട്ടുള്ളത്. സാങ്കേതിക സർവകലാശാല ആസ്ഥാനത്തിനായി തിരഞ്ഞെടുത്ത വിളപ്പിൽശാലയിൽ നൂറേക്കറാണ് കണ്ടത്തേണ്ടത്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുതുവർഷത്തിൽ തുടങ്ങും.

വിളപ്പിൽശാല നെടുങ്കുഴിയിലെ മാലിന്യസംസ്‌കരണ കേന്ദ്രം പൂട്ടിയതിനാൽ അവിടത്തെ ഭൂമി സർവകലാശാല ആസ്ഥാനത്തിന് ഉപയോഗിക്കണമെന്ന നിർേദശവും സർക്കാരിനു മുന്നിലുണ്ട്. വിളപ്പിൽശാലയ്ക്കനുവദിച്ച പോളിടെക്‌നിക് കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമം പൂർണമായി വിജയിച്ചിട്ടില്ല.

 എന്നാൽ, പുതുവർഷത്തിൽ ഭൂമി കണ്ടെത്താനുള്ള ശ്രമം വിജയിക്കുമെന്ന പ്രതീക്ഷ എം.എൽ.എ. പങ്കുെവച്ചു. കുന്നുംപാറയിലെ ഭൂമി കോടതി വ്യവഹാരത്തിലുൾപ്പെട്ട സാഹചര്യത്തിൽ ഇത് ഒഴിവാക്കി ശാന്തിനികേതൻ സ്കൂളിനു സമീപത്ത് മൂന്നേക്കർ സ്ഥലം കണ്ടെത്താനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്. പോളിടെക്‌നിക്കിനായി പുതുതായി സ്പെഷ്യൽ ഓഫീസറെ നിയമിച്ചതും പ്രതീക്ഷയ്ക്ക് കരുത്തുപകരുന്നു.