കൊച്ചി: മഴത്തുള്ളികൾ കുടഞ്ഞെറിഞ്ഞ് കടയിലേക്ക് കയറുന്നവർ. ആവി പറക്കുന്ന ചായഗ്ലാസുകൾ അവർക്കു മുന്നിലേക്ക് നീട്ടി ലോകസഞ്ചാരി വിജയൻ. ‘ലണ്ടനിലെ തേംസ് നദിക്കരയിലിരുന്ന പോലെ ഇനി റഷ്യയിലെ വോൾഗാ നദിക്കരയിലിരിക്കണം. എത്ര നാളായി പുറംലോകമൊന്നു കണ്ടിട്ട്’ - യാത്രകൾക്ക് കോവിഡിട്ട പൂട്ട് അഴിക്കുകയാണ്‌ ചായ വിറ്റ്‌ ലോകംചുറ്റുന്ന കെ.ആർ. വിജയനും മോഹനയും. എറണാകുളം ഗാന്ധിനഗറിലെ ശ്രീ ബാലാജി കോഫി ഹൗസിനു മുന്നിൽ ഒരു നോട്ടീസ് പതിച്ചിട്ടുണ്ട്, ‘റഷ്യൻ സന്ദർശനം പ്രമാണിച്ച് 21 മുതൽ 28 വരെ കട മുടക്കം’.

റഷ്യൻ വർത്തമാനം അറിയാൻ ‘സോവിയറ്റ്‌ നാട്’ മാസിക വായിച്ച കാലത്തേ മോസ്കോയിലേക്കുള്ള യാത്രാഭാണ്ഡം മനസ്സിലേറ്റിയതാണു വിജയൻ. 14 വർഷമായി തുടരുന്ന ലോകയാത്രയ്ക്ക്‌ കോവിഡ് പൂട്ടിട്ടില്ലായിരുന്നെങ്കിൽ കഴിഞ്ഞ വർഷം തന്നെ വിജയനും മോഹനയും ചായക്കടയിലിരുന്ന്‌ സെയ്‌ന്റ് പീറ്റേഴ്‌സ് ബർഗിന്റെയും മോസ്കോയുടെയും ക്രെംലിൻ കൊട്ടാരത്തിന്റെയുമെല്ലാം കഥകൾ പറഞ്ഞേനെ.

21-ന് വെളുപ്പിനു നാലരയ്ക്ക്‌ കൊച്ചി വിമാനത്താവളത്തിൽനിന്ന്‌ ഷാർജ, അവിടെ നിന്ന്‌ സെയ്‌ന്റ് പീറ്റേഴ്‌സ് ബർഗിലേക്ക്. പിന്നെ മോസ്കോയിലേക്കു പറക്കും. വിജയനും മോഹനയും മാത്രമല്ല, ഇത്തവണ മക്കളും പേരക്കുട്ടികളുമടക്കം കുടുംബത്തോടെയാണ് യാത്ര. വിജയനു മാത്രം ഒരു ട്രാവൽ ഏജൻസിയുടെ സ്പോൺസർഷിപ്പുണ്ട്.

‘മക്കളോടെല്ലാം സ്വർണമൊക്കെ പണയം വെച്ചിട്ട്‌ യാത്ര വരാൻ പറഞ്ഞു. എനിക്ക്‌ ഫെയ്‌സ്‌ ബുക്കുമില്ല സ്മാർട്‌ ഫോണുമില്ല. നാട്ടുകാർ അറിയണ്ടേ കടയില്ലെന്ന്, അല്ലെങ്കിൽ ചായ കുടിക്കാൻ വന്ന്‌ നിരാശരാകില്ലേ’ - ചായയടിക്കുന്നതിനിടെ നോട്ടീസിൽ ചൂണ്ടി വിജയൻ ചിരിച്ചുകൊണ്ടു പറയുന്നു.

ചായവിറ്റ കാശുകൊണ്ട് ആറ്‌ ഭൂഖണ്ഡങ്ങളിലായി 25 രാജ്യങ്ങൾ കണ്ടുകഴിഞ്ഞു ഈ കൊങ്കണി ദമ്പതിമാർ. ഇവരുടെ ആദ്യ വിദേശയാത്ര 56-ഉം 55-ഉം വയസ്സുള്ളപ്പോഴായിരുന്നു.

ഇപ്പോൾ എഴുപതും അറുപത്തിയൊൻപതുമാണ് പ്രായം. ‘2019-ൽ ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലും പോയി വന്നപ്പോൾ തീരുമാനിച്ചതാണ്‌ റഷ്യൻ യാത്ര.

വിജയന്റെ സ്പോൺസർഷിപ്പൊഴിച്ചാൽ ട്രാവൽ ഏജൻസികളിൽ കടം പറഞ്ഞു പോകുന്ന മൂന്നാമത്തെ ലോക യാത്രയാണിത്. പോയിവന്ന ശേഷം മാസം 15,000-20,000 രൂപ വീതം അടച്ചുതീർക്കും.

ലോക സഞ്ചാരത്തെക്കുറിച്ച്‌ വിജയൻ പറയുന്നതിങ്ങനെ, ‘പണം വരും പോകും, യാത്രകൾ എനിക്കൊരു ഭ്രാന്താണ്. ആ ഓർമകൾ തലച്ചോർ മരിക്കുംവരെയുണ്ടാകും, അതു മതി. റഷ്യയിൽ പോയി വന്നാൽ ജപ്പാനിലുമൊന്നു പോകണം...’

Content Highlights: Vijayan Mohana travelling Couples Goes to Russia