ഹാനോയി: പൂച്ചയിറച്ചിയും പട്ടിയിറച്ചിയും വില്ക്കുന്നത് ഘട്ടംഘട്ടമായി നിര്‍ത്താനൊരുങ്ങി ഒരു വിനോദസഞ്ചാരനഗരം. വിയറ്റ്‌നാമിലെ ഹോയി ആന്‍ നഗരമാണ് ചരിത്രപരമായ നീക്കത്തിനൊരുങ്ങുന്നത്. വെള്ളിയാഴ്ചയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. പൂച്ചയിറച്ചിയും പട്ടിയിറച്ചിയും വിശിഷ്ടമെന്ന് കരുതുന്ന രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.

മൃഗങ്ങളുടെ അവകാശങ്ങള്‍ക്കും സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഫോര്‍ പോസ് ഇന്റര്‍നാഷണലുമായി ഹോയി ആന്‍ അധികൃതര്‍ കരാറൊപ്പിട്ടു. പ്രതിവര്‍ഷം അഞ്ച് മില്ല്യണ്‍ നായ്ക്കളെയാണ് വിയറ്റ്‌നാമില്‍ ഭക്ഷണമാക്കുന്നത്. ഇവയെ കഴിച്ചാല്‍ ദോഷങ്ങള്‍ മാറുമെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. നായ്ക്കളെ ഭക്ഷണമാക്കുന്നതില്‍ ഒന്നാം സ്ഥാനം ചൈനയ്ക്കാണ്. രണ്ടാമതായാണ് വിയ്റ്റ്‌നാമിന്റെ സ്ഥാനം.

പേവിഷബാധ നിര്‍മാര്‍ജനം ചെയ്യുന്നതിലൂടെ മൃഗക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും പട്ടിയുടെയും പൂച്ചയുടെയും മാംസക്കച്ചവടം ഘട്ടംഘട്ടമായി നിര്‍ത്തലാക്കി, നഗരത്തെ ഒരു പ്രീമിയര്‍ വിനോദസഞ്ചാര കേന്ദ്രമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മേയര്‍ ന്യൂയെന്‍ ദ ഹങ് പറഞ്ഞു. വിയറ്റ്‌നാമിലെ മറ്റുപ്രദേശങ്ങള്‍ക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്ന കാര്യമാണിതെന്ന് ഫോര്‍ പോസ് ഇന്റര്‍നാഷണല്‍ പ്രതിനിധി ജൂലി സാന്‍ഡേഴ്‌സ് പറഞ്ഞു.

രാജ്യത്തെ മൃഗാവകാശ സംഘടന ഈ വര്‍ഷം 600 വിയറ്റ്‌നാം പൗരന്മാര്‍ക്കായി ഒരു സര്‍വേ നടത്തിയിരുന്നു. ഇതില്‍ 88 ശതമാനം പേരും വളര്‍ത്തുമൃഗങ്ങളെ കഴിക്കുന്നത് തടയണം എന്ന അഭിപ്രായമുള്ളവരായിരുന്നു. 2018-ല്‍ നായ മാംസം കഴിക്കുന്നത് നിര്‍ത്തണമെന്ന് അധികൃതര്‍ ജനങ്ങളോടാവശ്യപ്പെട്ടിരുന്നു. നാടിന്റെ പ്രശസ്തിക്ക് ഹാനികരമാവുമെന്നതും പേവിഷബാധയിലേക്ക് നയിച്ചേക്കാം എന്നതുമായിരുന്നു അതിന് കാരണം.

Content Highlights: Vietnam Tourist City, Banning dog and cat meat, Four Paws International