ഹാനോയി: രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫു ക്വോക്ക് ദ്വീപിൽ വിനോദസഞ്ചാരികളെത്തി. കോവിഡ് മൂലം അടച്ചിട്ട ദ്വീപിലേക്ക് 200-ഓളം സഞ്ചാരികളാണ് ശനിയാഴ്ചയെത്തിയത്. തെക്കൻ കൊറിയയിൽ നിന്നെത്തിയ വാക്സിൻ നടപടികൾ പൂർത്തിയാക്കിയ സഞ്ചാരികളാണ് ദ്വീപിലെത്തിയത്. ഇവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ ആവശ്യമില്ല. രാജ്യത്തെത്തിയ സമയത്ത് നടത്തിയ പരിശോധനയിൽ നെ​ഗറ്റീവ് ഫലം ലഭിച്ച സഞ്ചാരികൾക്ക് ദ്വീപിലെ എല്ലാ വിനോദങ്ങളിലും ഏർപ്പെടാം.

വിയറ്റ്നാം ടൂറിസ്റ്റ് അഡ്മിനിസ്ട്രേഷൻ ചെയർമാൻ ​ഗുയെൻ ട്രങ് ഖാൻ സഞ്ചാരികളെ വിമാനത്താവളത്തിൽ സ്വീകരിച്ചു. വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കുന്നത് രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാ​ഗമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മേഖലയിൽ പ്രവർത്തിക്കുന്നവരും ദ്വീപിലെ 99 ശതമാനം മുതിർന്ന താമസക്കാരും എല്ലാ ഡോസ് വാക്സിനുമെടുത്തതാണ്. അടുത്തമാസത്തോടെ 12-നും 17നും ഇടയിൽ പ്രായമുള്ളവർക്ക് അടുത്തമാസം മുതൽ വാക്സിൻ നൽകാൻ അധികൃതർക്ക് പദ്ധതിയുണ്ട്. 

2020-ൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾത്തന്നെ രാജ്യം അടച്ചുപൂട്ടിയിരുന്നു. അന്നുമുതൽ ഏതാനും അന്താരാഷ്ട്ര വിമാനങ്ങൾക്ക് മാത്രമേ രാജ്യത്തിനകത്തേക്ക് വരാൻ അനുവാദമുണ്ടായിരുന്നുള്ളു.  നയതന്ത്രജ്ഞർ, വിയറ്റ്നാമിലേക്ക് തിരിച്ച് വരുന്ന തദ്ദേശീയർ എന്നിവരായിരുന്നു അതിലുണ്ടായിരുന്നത്. ഇവർ നിയുക്ത ഹോട്ടലുകളിലോ സർക്കാർ നടത്തുന്ന സൗകര്യങ്ങൾ ഉപയോ​ഗിച്ചോ നിർബന്ധമായും 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയണമായിരുന്നു.

വാക്സിൻ ഡോസുകൾ പൂർത്തിയാക്കിയ സഞ്ചാരികൾക്കായി പൂർണ്ണമായി തുറന്ന് തുടങ്ങുന്ന ഏറ്റവും പുതിയ ഏഷ്യൻ രാഷ്ട്രമാണ് വിയറ്റ്നാം. 

Content Highlights: Vietnam welcomes tourists to resort island after two years, Phu Quoc island