ചാരുംമൂട്: രണ്ടരവര്‍ഷം മുന്‍പു കൊട്ടിഘോഷിച്ചു തുടങ്ങിയ വെട്ടിക്കോട്ടുചാല്‍ ടൂറിസംപദ്ധതി പാതിവഴിയില്‍ 'വെള്ളത്തിലായി'. പ്രാരംഭനിര്‍മാണത്തിനിടെ 2019 മേയ് 11-നു ചാലിന്റെ കരിങ്കല്‍ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. ഇതേത്തുടര്‍ന്നു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. സംരക്ഷണഭിത്തിയോടുചേര്‍ന്ന ഭാഗത്തുനിന്ന് യന്ത്രമുപയോഗിച്ചു ചളി നീക്കിയപ്പോഴാണ് ഇടിഞ്ഞുവീണത്.

അന്നു സംഭവം വിവാദമായതിനെത്തുടര്‍ന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചാലില്‍ കൊടികുത്തി തുടര്‍പണികള്‍ തടഞ്ഞു. മഴപെയ്തതോടെ ചാലില്‍ വെള്ളംപൊങ്ങി കല്‍ക്കെട്ടുകള്‍ വെള്ളത്തിനടിയിലായി. ആലപ്പുഴ എല്‍.എസ്.ജി.ഡി. എക്സിക്യുട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇവിടെനിന്നുള്ള ചളിയുടെ സാംപിള്‍ പരിശോധനയ്ക്കെടുത്തു. കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മാണം പുനരാരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും പണികള്‍ നടന്നില്ല. ഇപ്പോള്‍ ചാലില്‍ വെള്ളം പൊങ്ങിക്കിടക്കുകയാണ്.

വെട്ടിക്കോട്ടുചാല്‍ ടൂറിസംപദ്ധതി വെട്ടിക്കോട്ടുചാല്‍ ടൂറിസംപദ്ധതിക്ക് 1.39 കോടി രൂപയാണനുവദിച്ചിട്ടുള്ളത്. ഇതില്‍ 99 ലക്ഷം രൂപ ടൂറിസംവകുപ്പും 40 ലക്ഷം രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണു ചെലവഴിക്കുന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപയും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയും ചുനക്കര ഗ്രാമപ്പഞ്ചായത്ത് അഞ്ചുലക്ഷം രൂപയുമാണു നല്‍കുന്നത്. 40 ലക്ഷം രൂപ ചെലവഴിച്ചു ജലസംഭരണിയുടെ സംരക്ഷണമതില്‍നിര്‍മാണം നടന്നുവരവേയാണ് ഇടിഞ്ഞുവീണത്. ടൂറിസംവകുപ്പിന്റെ 99 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ രണ്ടാംഘട്ടത്തിലാണുള്ളത്.

ഹാബിറ്റാറ്റാണു പദ്ധതി തയ്യാറാക്കിയത്. വിശ്രമകേന്ദ്രം, ജലസംഭരണിക്കുചുറ്റും നടപ്പാത, കുട്ടികളുടെ പാര്‍ക്ക്, ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ടോയ്ലറ്റ് ബ്ലോക്ക്, നടപ്പാതയിലൂടെ സൈക്ലിങ് എന്നിവയാണു പദ്ധതിയിലുള്ളത്. ഓണാട്ടുകരയിലെ പ്രധാന ജലസ്രോതസ്സാണു വെട്ടിക്കോട്ടുചാല്‍. കായംകുളം-പുനലൂര്‍ റോഡരികില്‍ ചുനക്കര, ഭരണിക്കാവ് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ വെട്ടിക്കോട് ക്ഷേത്രം ജങ്ഷനിലാണു ചാല്‍ സ്ഥിതിചെയ്യുന്നത്.

പുതുക്കിയ എസ്റ്റിമേറ്റനുസരിച്ചു പണിയും

പുതിയ എസ്റ്റിമേറ്റു തയ്യാറാക്കി മാര്‍ച്ചില്‍ പണി പുനരാരംഭിച്ചെങ്കിലും ചില പ്രശ്നങ്ങളാല്‍ മുടങ്ങി. ചാലിലെ ചളിപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ഇടിഞ്ഞുവീണ പാര്‍ശ്വഭിത്തി പൊളിച്ചുനീക്കും. കരിങ്കല്ലുകൊണ്ട് അടിത്തറയിട്ടാണു പുതിയ നിര്‍മാണം. ചാലിലെ വെള്ളംവറ്റിയശേഷം തദ്ദേശസ്ഥാപനങ്ങള്‍ അനുവദിച്ച 40 ലക്ഷം രൂപയുടെ പണികള്‍ തുടങ്ങും. പണികള്‍ തീര്‍ത്തശേഷമേ കരാറുകാരനു പണം നല്‍കൂ

അഡ്വ. കെ.ആര്‍. അനില്‍കുമാര്‍,

പ്രസിഡന്റ്, ചുനക്കര ഗ്രാമപ്പഞ്ചായത്ത്

Content Highlights: vettikottuchal tourism project stopped in halfway