സന്ദര്‍ശകര്‍ക്ക് വെനീസ് ഒരു പറുദീസയായിരിക്കും. എന്നാല്‍ വെനീസുകാര്‍ക്ക് സന്ദര്‍ശകര്‍ വലിയ ശല്യമായിരിക്കുകയാണ്. വിനോദസഞ്ചാരം തങ്ങളുടെ ജീവിതനിലവാരം തകര്‍ക്കുന്നുവെന്ന് ആരോപിച്ച് വെനീസ് ജനത രംഗത്തിറങ്ങിയിരിക്കുകയാണ്.

രണ്ടായിരത്തോളം ആളുകളാണ് കഴിഞ്ഞദിവസം വിനോദസഞ്ചാര വ്യവസായത്തിന് എതിരെ പ്രതിഷേധവുമായി വെനീസിലെ തെരുവില്‍ അണിനിരന്നത്. 

വര്‍ധിച്ചുവരുന്ന വിനോദസഞ്ചാരികള്‍ പരിസ്ഥിതിയെ നശിപ്പിക്കുന്നുവെന്നും ഇക്കാരണത്താല്‍ പ്രദേശവാസികള്‍ക്ക് വീട് പോലും ഉപേക്ഷിച്ച് മറ്റുസ്ഥലങ്ങളിലേക്ക് പോകേണ്ട അവസ്ഥ ഉണ്ടാകുന്നുവെന്നുമാണ് പരാതി. പ്രതിവര്‍ഷം രണ്ടായിരം ആളുകളെങ്കിലും വെനീസ് ഉപേക്ഷിച്ചുപോകുന്നു. ഇക്കണക്കിന് പോകുകയാണെങ്കില്‍ ഏതാനും നാളുകള്‍ക്കു ശേഷം ഇവിടെ വിനോദസഞ്ചാരികള്‍ മാത്രമാകും ഉണ്ടാവുക. സാമൂഹികവും ചരിത്രപരവുമായ ഒരു ദുരന്തത്തിലേക്കാണ് ഈ അവസ്ഥ ചെന്നെത്തുക - പ്രതിഷേധപ്രകടനത്തിന്റെ സംഘാടകനും ഹ്യൂമാനിറ്റി ഗവേഷകനുമായ കാര്‍ലോ ബെല്‍ട്രേം അഭിപ്രായപ്പെട്ടു.

പഴയ നഗരത്തിന്റെ നിഴലാണ് ഇന്ന് വെനീസെന്ന് പ്രദേശവാസിയായ വെനേസ അഭിപ്രായപ്പെടുന്നു. ഹോട്ടല്‍ വ്യവസായികള്‍ വ്യാപകമായി ഇവിടെ കെട്ടിടങ്ങളും സ്ഥലങ്ങളും വാങ്ങിക്കൂട്ടുന്നു. പ്രദേശവാസികളുടെ എണ്ണം കുറഞ്ഞുവരുന്നു. വെനീസില്‍ ഹോട്ടലുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ധാരാളമുണ്ടെങ്കിലും ഒരു പച്ചക്കറി കട കണ്ടെത്താന്‍ വളരെ പ്രയാസമാണ്. ഒരു പക്ഷേ വെനീസില്‍ താമസിക്കുന്ന അവസാന തലമുറ ഞങ്ങളുടേതാകുമെന്നും വെനേസ പറയുന്നു.

വെനീസ്

വടക്കന്‍ ഇറ്റലിയിലെ വെനെറ്റോ പ്രദേശത്തിന്റെ തലസ്ഥാമാണ് വെനീസ് നഗരം. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമെന്ന് വിശേഷിപ്പിക്കുന്ന വെനീസിന്, 'ജലനഗരം', 'പാലങ്ങളുടെ നഗരം', 'പ്രകാശത്തിന്റെ നഗരം' എന്നീ വിശേഷണങ്ങളും സ്വന്തം.